Saturday, July 13, 2013

ആഭ്യന്തരമന്ത്രിയെ പുറത്താക്കണം: കോടിയേരി

സരിതാ എസ് നായരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ പൊലീസിലെ ഉന്നതന്‍ പ്രേരിപ്പിച്ചെന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജി ടി ജെ ജോസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഐജിയെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ കള്ളപ്പരാതി കൊടുപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജിവയ്ക്കണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഐജിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞില്ലെങ്കില്‍ കേസ് എടുക്കുമെന്ന് പൊലീസിലെ ഉന്നതന്‍ ഐജിയെ ഭീഷണിപ്പെടുത്തിയത് സോളാര്‍ കേസ് അന്വേഷണം അട്ടിമറിക്കാനാണെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെ ഒളിപ്പിച്ചിരിക്കുന്നത് എം എം ഹസനാണ്. ഫിറോസിനെ പിആര്‍ഡി ഡയറക്ടര്‍ ആക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എം എം ഹസന്‍ മന്ത്രിയായിരിക്കുമ്പോഴാണ് ഫിറോസിനെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത്. ഹസ്സന്റെ പങ്കും അന്വേഷിക്കണം. ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഏത് അന്വേഷണവും ആകാമെന്നും കോടിയേരി പറഞ്ഞു. സോളാര്‍ തട്ടിപ്പിനെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മന്ത്രി കെ സി ജോസഫിന് പോലും ബോധ്യമായിരിക്കുന്നു. അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

തടിയൂരാന്‍ മനോരമയും

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകാരും "മലയാള മനോരമ"യും തമ്മിലുള്ള രഹസ്യബന്ധം ചര്‍ച്ചയാകുന്നു. ആരോപണത്തിന്റെ മുന തങ്ങള്‍ക്കെതിരെയും തിരിയുന്നത് മനസിലാക്കിയതോടെയാണ് മനോരമ ഭരണപക്ഷത്തെ സംരക്ഷിക്കാനുള്ള ദൗത്യം സജീവമാക്കിയത്. സര്‍ക്കാരിനെ രക്ഷപ്പെടുത്തുന്നതിനൊപ്പം സ്വന്തം തടി രക്ഷിച്ചെടുക്കാനുമാണ് പത്രം ശ്രമിക്കുന്നതെന്ന് വ്യക്തം. ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ തട്ടിപ്പിന് വലവിരിച്ചവരും സഹായം ചെയ്തവരുമെല്ലാം ഉള്‍പ്പെടുമെന്നാണ് അവരുടെ ഭയം. മലയാള മനോരമ പ്രസിദ്ധീകരണമായ "വനിത"യുടെ "വീട്" മാഗസിനില്‍ സോളാര്‍ സംവിധാനത്തെക്കുറിച്ച് നല്‍കിയ ഫീച്ചര്‍ ആളുകളെ ആകര്‍ഷിക്കുന്നതായിരുന്നു. ടീം സോളാറിന്റെ പരസ്യമല്ല; ലേഖകന്‍ തയ്യാറാക്കിയ ഫീച്ചറായിരുന്നു അത്. അതുകൊണ്ടുതന്നെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന കുറ്റം സ്വയമേല്‍ക്കേണ്ടിവരും മനോരമയ്ക്ക്. ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ ഈ കൂട്ടുകച്ചവടം പുറത്താവുമെന്ന് അവര്‍ ഭയപ്പെടുന്നു.

2012 മേയിലാണ് "വീട്" മാഗസിനില്‍ സോളാര്‍ സംവിധാനത്തെക്കുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ സബ്സിഡിയും അത് ലഭിക്കാനുള്ള മാര്‍ഗവും പ്രമുഖ കമ്പനികളെക്കുറിച്ചും വിശദമാക്കി. ഫീച്ചറില്‍ പരിചയപ്പെടുത്തിയ മൂന്ന് കമ്പനികളിലൊന്ന് ടീം സോളാര്‍ ആയിരുന്നു. ഫീച്ചറിനൊടുവില്‍ കടപ്പാട് രേഖപ്പെടുത്തി നല്‍കിയ ഫോണ്‍നമ്പര്‍ 9656951100 തട്ടിപ്പിന്റെ മുഖ്യകണ്ണി ആര്‍ ബി നായരെന്ന ബിജു രാധാകൃഷ്ണന്റേതായിരുന്നു. ഫീച്ചറില്‍ പറഞ്ഞ മറ്റ് രണ്ടുനമ്പറുകളിക്കേ് ഫോണ്‍ ചെയ്ത പലര്‍ക്കും "നമ്പര്‍ നിലവിലില്ല" എന്ന മറുപടിയാണ് ലഭിച്ചത്. ബിജുവിനെ ഒരുതവണ വിളിച്ചാല്‍തന്നെ നേരിട്ടെത്തി ഇടപാടുകള്‍ ഉറപ്പിക്കുമായിരുന്നു. മനോരമയെ വിശ്വസിച്ചവര്‍ക്കെല്ലാം ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്തു. കണ്ണൂരില്‍ തട്ടിപ്പിനിരയായ ഡോക്ടര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍, തന്നെ കുടുക്കിയതില്‍ മനോരമയുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ഒഴികെ മറ്റേത്് അന്വേഷണം വന്നാലും ഭരണപക്ഷവും മുഖ്യമന്ത്രിയും തങ്ങളെ രക്ഷിക്കുമെന്ന് മനോരമയ്ക്ക് അറിയാം.

കുരുവിളയെ സരിത വിളിച്ചത് മുഖ്യമന്ത്രി ഒപ്പമുള്ളപ്പോള്‍

ന്യൂഡല്‍ഹി: പേഴ്സണല്‍ സ്റ്റാഫംഗങ്ങളും ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയും സരിതയുമായി ഫോണ്‍സംഭാഷണം നടത്തിയത് തന്റെ അസാന്നിധ്യത്തിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിയുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഒപ്പമുള്ളപ്പോഴാണ് കുരുവിളയെ പലപ്പോഴും സരിത വിളിച്ചതും കുരുവിള തിരിച്ചുവിളിച്ചതും. ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം കുരുവിളയുടെ ഫോണാണ് ഉമ്മന്‍ചാണ്ടി ഉപയോഗിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംശയാസ്പദമായ ഫോണ്‍വിളികള്‍.മാര്‍ച്ചില്‍ രണ്ടുവട്ടം ഉമ്മന്‍ചാണ്ടി സഹായിയായ കുരുവിളയ്ക്കൊപ്പം ഡല്‍ഹിയില്‍ വന്നുപോയിരുന്നു. കുരുവിളയും സരിതയുമായി കൂടുതല്‍ ഫോണ്‍വിളി നടന്നതും മാര്‍ച്ചില്‍തന്നെ. മാര്‍ച്ച് നാലിനും അഞ്ചിനും ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലുണ്ടായിരുന്നു. രണ്ടുദിവസം പൂര്‍ണമായും കുരുവിള മുഖ്യമന്ത്രിക്കൊപ്പമായിരുന്നു. മുഖ്യമന്ത്രി ഈ ദിവസങ്ങളില്‍ കേരളഹൗസിലെ 204-ാംനമ്പര്‍ വിഐപി മുറിയില്‍ താമസിച്ചപ്പോള്‍ കുരുവിള തൊട്ടടുത്ത വിഐപി മുറിയായ 203ലായിരുന്നു. മാര്‍ച്ച് നാലിന് രണ്ടുവട്ടം കുരുവിളയുടെ ഫോണിലേക്ക് സരിത വിളി ച്ചു. ഉമ്മന്‍ചാണ്ടി ഒപ്പമുള്ളപ്പോഴായിരുന്നു രണ്ട് കോളും.

മാര്‍ച്ച് 12നും 18നും കുരുവിളയുടെ ഫോണിലേക്ക് സരിത വിളിച്ചു. മാര്‍ച്ച് 12ന് നാലുവട്ടമാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. മാര്‍ച്ചില്‍ മുഖ്യമന്ത്രി നടത്തിയ രണ്ടാമത്തെ ഡല്‍ഹിയാത്രയ്ക്ക് തൊട്ടുമുമ്പാണ് ഈ ഫോണ്‍സംഭാഷണങ്ങളെന്നതും ശ്രദ്ധേയം. ഈ യാത്രയിലും കുരുവിള മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാര്‍ച്ച് 12ന് രാവിലെ പത്തുമണിക്കും ഒരുമണിക്കും ഇടയ്ക്കാണ് നാലുവട്ടം സരിതയും കുരുവിളയും സംസാരിച്ചത്. ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലാകുംമുമ്പ് പലവട്ടം സരിതയും കുരുവിളയും സംസാരിച്ചത് നേരത്തെ വെളിപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും കുരുവിളയും ഡല്‍ഹിയിലെത്തിയ ഘട്ടങ്ങളിലെല്ലാം സരിതയും ഡല്‍ഹിയിലെത്തിയിരുന്നു. വിജ്ഞാന്‍ഭവനില്‍വച്ച് മുഖ്യമന്ത്രി സരിതയുമായി നേരില്‍ സംസാരിക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പുപ്രതികള്‍ക്ക് കുരുവിളയുമായി അടുത്തബന്ധമുണ്ടെന്ന് ഇതിനോടകം തെളിഞ്ഞിട്ടും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. ഡല്‍ഹി ലീല ഹോട്ടലില്‍ ബിജു രാധാകൃഷ്ണനെ കുരുവിള ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ഗുരുതര ആക്ഷേപം ഉയര്‍ന്നിട്ടും തലസ്ഥാനത്തെത്തി വിശദമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
(എം പ്രശാന്ത്)

ജോപ്പന്റെ കേസില്‍ ഡിജിപിയെ ഒഴിവാക്കി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷയില്‍ ഹാജരാകുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലിയെ ഒഴിവാക്കി. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയാണ് ജോപ്പന്റെ ജാമ്യാപേക്ഷയില്‍ ഹാജരാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഡിജിപിയെ ഒഴിവാക്കിയതെന്ന ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി കേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ വെളിപ്പെടുത്തലുകളും രഹസ്യമൊഴിയും നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലിയാണ് ഹാജരാകുന്നത്. സരിതയ്ക്കും ബിജുവിനുമൊപ്പം പ്രതിയായ പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫിറോസിന്റെ ജാമ്യാപേക്ഷയിലും ഡിജിപിയാണ് ഹാജരാകുന്നത്. നേരത്തെ ടി പി ചന്ദ്രശേഖരന്‍ കേസിലും അഡ്വക്കറ്റ് ജനറലാണ് ജാമ്യാപേക്ഷയില്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ കോടതിയില്‍നിന്ന് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പ്രോസിക്യൂഷനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരാകുന്നതെന്നാണ് എജിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.

പൊരുതി ഭരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

തിരു: ഓരോ ഇഞ്ചും പൊരുതിയാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉമ്മന്‍ ചാണ്ടി. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയ ലേഖനത്തിലാണ് രാജിയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറയുന്നത്.

സോളാര്‍ തട്ടിപ്പില്‍ ഇതുവരെ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത് 10 കോടി രൂപയാണെന്നും പ്രതിപക്ഷ ഹര്‍ത്താലില്‍ 1000 കോടി രൂപ നഷ്ടമായി എന്നും പറഞ്ഞ് ആരംഭിക്കുന്ന ലേഖനത്തില്‍ തന്റെ ഓഫീസില്‍ നടന്ന തട്ടിപ്പിനെപ്പറ്റി ""സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായി എന്റെ ഓഫീസിലെ മൂന്നുജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല."" എന്നുമാത്രമാണ് മുഖ്യമന്ത്രി പറയുന്നത്.

തനിക്കെതിരെ പരാതിപ്പെട്ട ശ്രീധരന്‍ നായരെയും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു. ""40 ലക്ഷം രൂപ എന്നെ വിശ്വസി ച്ചാണ് ടീം സോളാറിനു നല്‍്കിയതെന്ന് ഒരു പരാതിക്കാരന്‍ പറയുന്നു. പണം നഷ്ടപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരുതവണയെങ്കിലും അദ്ദേഹത്തിന് എന്നോടു പറയാമായിരുന്നില്ലേ? എനിക്കൊരുകത്തോ, ഇമെയിലോ അയയ്ക്കാമായിരുന്നില്ലേ? അതിനുള്ള ധാര്‍മികാവകാശംഅദ്ദേഹത്തിനില്ലായിന്നുവെന്നു വ്യക്തം."-ലേഖനത്തില്‍ പറയുന്നു. തട്ടിപ്പു പദ്ധതികളുടെ സാധ്യതകള്‍ പഠിക്കാതെ എടു ത്തുചാടിയതാണ്തട്ടിപ്പില്‍പെട്ടവര്‍ക്ക് പറ്റിയ തെറ്റെന്നും മുഖ്യമന്ത്രി "കണ്ടെത്തു"ന്നു.

തനിക്ക് ലഭിച്ച പൊതുജനസേവനത്തിനുള്ള യു എന്‍ പുരസ്കാരത്തിനെതിരെ ബഹ്റിനില്‍പ്പോലും പ്രതിഷേധം ആസൂത്രണം ചെയ്യാന്‍ സിപിഐ എംശ്രമിച്ചു എന്ന ആരോപണവും മുഖ്യമന്ത്രി ലേഖനത്തില്‍ ഉന്നയിക്കുന്നു.

deshabhimani

No comments:

Post a Comment