പ്രതികളാക്കാന്‍ സിപിഐ എം നേതാക്കളുടെ പേരുകള്‍ മുല്ലപ്പള്ളി തന്നു എന്നാണ് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത്. അത് സഭാരേഖയിലുണ്ട്. ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പലവട്ടം ജനങ്ങള്‍ കണ്ടു. അതിനുമേല്‍ ഇനി എന്ത് അഭ്യാസം നടത്തിയാലും തിരുവഞ്ചൂരിന് പിന്മാറാനാകില്ല. മുല്ലപ്പള്ളിയുടെ അഭ്യര്‍ഥന പരിഗണിച്ച് ആ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍നിന്ന് സ്പീക്കര്‍ ഒഴിവാക്കിയാലും കാര്യമില്ല. ആരുടെയൊക്കെ പേരുകളാണ് മുല്ലപ്പള്ളി കൊടുത്തത്, ആരെയൊക്ക കള്ളത്തെളിവുണ്ടാക്കി ഉള്‍പ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്, എന്തൊക്കെ കൃത്രിമങ്ങളാണ് കേസില്‍ നടത്തിയത് എന്ന് തിരുവഞ്ചൂര്‍ എണ്ണിയെണ്ണിപ്പറഞ്ഞേ തീരൂ. സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കമോ ഗ്രൂപ്പുവഴക്കോ ആയി തള്ളിക്കളയേണ്ട പ്രശ്നമല്ലിത്. നാട്ടിലെ നിയമവ്യവസ്ഥയോടും നീതിപാലനത്തോടുമുള്ള അധികാര ഗര്‍വിന്റെ വെല്ലുവിളിയാണിത്. സിപിഐ എം നേതാക്കളെ കേസില്‍ കുടുക്കാനുള്ള അഭിനിവേശം പരസ്യപ്രസ്താവനകളിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍എംപി പിന്തുണ ഉറപ്പാക്കാനും സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാനും അതിലൂടെ അടുത്തവട്ടം വിജയിക്കാനുമുള്ള തന്ത്രംമാത്രമല്ല അത്. ഉള്ളിലുറഞ്ഞ കടുത്ത കമ്യൂണിസ്റ്റ് വിരോധത്തിന്റെ പ്രകടനവുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി സ്വന്തം പാര്‍ടിയില്‍തന്നെയുള്ള സംസ്ഥാനമന്ത്രിമാരോട് പത്രപ്രസ്താവനയിലൂടെ സംവദിക്കേണ്ടതില്ല. പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞാല്‍ മതിയാകും. കേന്ദ്രമന്ത്രിയുടെ അത്തരം നിര്‍ദേശങ്ങള്‍ യഥേഷ്ടം പ്രവഹിച്ചതിന് പുറമെയാണ് കേസ് ഏതുവഴിക്ക് പോകണം; ആരെല്ലാം പ്രതികളാകണം എന്ന പരസ്യപ്രസ്താവനകളും വന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതില്‍നിന്ന് ഭിന്നമായ നിലപാടല്ല സ്വീകരിച്ചത്. ചന്ദ്രശേഖരന്റെ കുടുംബത്തെ പലതവണ നേരില്‍ സന്ദര്‍ശിച്ചും ബന്ധപ്പെട്ടും കേസ് ഏതുവഴിക്ക് പോകണമെന്ന ഉപദേശം സ്വീകരിച്ച് പൊലീസ് സംഘത്തെ നയിക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്തത്. ഇടപെടലിന്റെ കടുപ്പത്തില്‍മാത്രമേ തിരുവഞ്ചൂരും മുല്ലപ്പള്ളിയും തമ്മില്‍ വ്യത്യാസമുള്ളൂ. ഒരേ പാര്‍ടിയില്‍പെട്ട കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കേസിന്റെ പേരില്‍ പരസ്യ യുദ്ധത്തിനിറങ്ങിയതില്‍നിന്നുതന്നെ അവര്‍ക്ക് അതിലുള്ള അമിത താല്‍പ്പര്യവും അധികാരത്തിന്റെ സാധ്യതകള്‍ എത്രമാത്രം അതിനായി ദുരുപയോഗിച്ചിട്ടുണ്ടാകുമെന്ന സൂചനയും വ്യക്തമാകുന്നു. രാഷ്ട്രീയനേട്ടത്തിനായി അധികാരം ദുര്‍വിനിയോഗംചെയ്തു എന്നാണ് സംശയാതീതമായി തെളിഞ്ഞിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കമ്യൂണിസ്റ്റ് വേട്ടയുടെ പാരമ്പര്യമുള്ള ചോമ്പാല്‍ സ്വദേശിയായ സാധാരണ കോണ്‍ഗ്രസുകാരനല്ല- രാജ്യം ഭരിക്കുന്ന മന്ത്രിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന പദവി, സംസ്ഥാന പൊലീസിനെ ഭീഷണിപ്പെടുത്താനും തെറ്റായ ദിശയിലേക്ക് നയിക്കാനും അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. അതിന് സാക്ഷി പറയുന്നത് സംസ്ഥാന ആഭ്യന്തരമന്ത്രിതന്നെ.
പറഞ്ഞതില്‍നിന്ന് തലയൂരാനും സഭാരേഖയില്‍നിന്ന് മാറ്റി കൂടുതല്‍ ചര്‍ച്ച ഒഴിവാക്കാനുമല്ല, നടന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നുപറയാനാണ് ഈ മന്ത്രിമാര്‍ തയ്യാറാകേണ്ടത്. മുല്ലപ്പള്ളി നല്‍കിയ സിപിഐ എം നേതാക്കളുടെ പേര് വെളിപ്പെടുത്താനുള്ള രാഷ്ട്രീയവും ധാര്‍മികവുമായ ബാധ്യത തിരുവഞ്ചൂരിനുണ്ട്. "വന്‍ സ്രാവുകള്‍" എന്ന് പലതവണ പറഞ്ഞത് ആരെയൊക്കെക്കുറിച്ചാണ്? ഏതൊക്കെ തലത്തിലാണ് പ്രതിചേര്‍ക്കാനുള്ളവരുടെ പട്ടിക തീരുമാനിച്ചത്? മുല്ലപ്പള്ളി രാമചന്ദ്രനല്ലാതെ മറ്റാരൊക്കെ കേസില്‍ ഇടപെട്ടു? പൊലീസ് തലവനെപ്പോലും പരസ്യമായി തിരുത്തി കേസില്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുണ്ടായ പ്രേരണ എവിടെനിന്നായിരുന്നു- ഇതൊക്കെ ജനങ്ങള്‍ അറിയണം.
രാഷ്ട്രീയ ശത്രുത തീര്‍ക്കാന്‍ ആരെയും കേസില്‍പെടുത്താനും പീഡിപ്പിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന പാരമ്പര്യത്തിനുടമകളായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, പൊലീസ് കൈയിലുണ്ടെന്ന അഹന്തയില്‍ കാട്ടിയ പേക്കൂത്താണ് ചന്ദ്രശേഖരന്‍ വധക്കേസന്വേഷണത്തില്‍ നിറഞ്ഞുകണ്ടത്. ആ രണ്ടുപേരും ഇപ്പോള്‍ മുഖാമുഖം നിന്ന് പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍, ജനങ്ങള്‍ വിഡ്ഢിച്ചിരി ചിരിച്ച് ഒഴിഞ്ഞുമാറുമെന്ന് കരുതരുത്. ഇത്തരം നികൃഷ്ട രാഷ്ട്രീയ ജന്മങ്ങള്‍ക്ക് ജനങ്ങള്‍ ചുട്ടമറുപടി കൊടുത്ത പാരമ്പര്യംമാത്രമേ കേരളചരിത്രത്തിലുള്ളൂ.
deshabhimani editorial
No comments:
Post a Comment