Saturday, July 13, 2013

ഐജിക്കെതിരെ നടപടിക്ക് നീക്കം, പൊലീസില്‍ ഭിന്നത രൂക്ഷം

സരിത നായരുടെ ഫോണ്‍ പട്ടിക അടങ്ങിയ സിഡി ചോര്‍ന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലില്‍. സിഡി ചോര്‍ച്ചയെക്കുറിച്ച് മുഖ്യമന്ത്രി നിര്‍ദേശിച്ചപ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തരമന്ത്രി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ എഡിജിപി പ്രേരിപ്പിച്ചെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ ഐജി ടി ജെ ജോസ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഐജിക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രഹസ്യനീക്കം തുടങ്ങി. ഈ സാഹചര്യത്തിലാണ് പൊലീസ് തലപ്പത്തെ ചേരിതിരിവ് ശക്തമായത്.

എഡിജിപി, ഐജി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇരുവിഭാഗമായി നിലയുറപ്പിച്ചിരിക്കയാണ്. സരിത നായര്‍ വിളിക്കുകയും അങ്ങോട്ടുവിളിക്കുകയും ചെയ്ത മന്ത്രിമാരുടെയും മറ്റും വിവരങ്ങളടങ്ങിയ രണ്ട് സിഡിയാണ് ചോര്‍ന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇതേക്കുറിച്ച് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ അന്വേഷിക്കുകയാണ്. ഐജി ടി ജെ ജോസ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ സിഡിയാണ് ചോര്‍ന്നതെന്ന ആരോപണത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോള്‍ ഐജിയോട് വിശദീകരണം തേടി. സൈബര്‍ സെല്ലില്‍ അന്വേഷണം നടക്കുന്ന ഒരു കേസിന്റെ ആവശ്യത്തിനായി ഫോണ്‍വിവരം ശേഖരിച്ചെന്നും സോളാര്‍ തട്ടിപ്പുമായി ഇതിനു ബന്ധമില്ലെന്നും ഐജി വിശദീകരണം നല്‍കിയെങ്കിലും ക്രൈംബ്രാഞ്ച് എഡിജിപി തള്ളി.

സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എഡിജിപി എ ഹേമചന്ദ്രനും സിഡി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ടി ജെ ജോസാണെന്ന നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ സിഡിയാണ് ചോര്‍ന്നതെന്ന നിഗമനത്തില്‍ ജോസിനെതിരെ നടപടിയെടുക്കണമെന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടു. ഇതിനിടെയാണ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് ചോര്‍ത്തലിനു പിന്നിലെന്ന് എഴുതിക്കൊടുത്തില്ലെങ്കില്‍ കേസെടുത്ത് അറസ്റ്റുചെയ്യുമെന്ന് ഐജിയെ എഡിജിപി ഭീഷണിപ്പെടുത്തിയത്. ഐജി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിവരിച്ചു. എഡിജിപിയുടെ ഭീഷണിയെക്കുറിച്ചും ഐജി മുഖ്യമന്ത്രിയോടു പറഞ്ഞെങ്കിലും എഴുതിക്കൊടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കയാണ്. ഈ വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് സിഡി ചോര്‍ച്ചയെ കുറിച്ച് ആഭ്യന്തരമന്ത്രി തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചത്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ നടത്തുന്ന അന്വേഷണം വഴി തിരിച്ചുവിടാനാണ് ആഭ്യന്തരമന്ത്രിയുടെ ശ്രമം.

ടി ജെ ജോസിനെതിരെ റിപ്പോര്‍ട്ട് വാങ്ങി നടപടിയെടുക്കാനാണ് നീക്കം. ജോസിനെതിരെ നടപടിയുണ്ടായാല്‍, തന്നെ ഭീഷണിപ്പെടുത്തിയ എഡിജിപിയുടെ പേരുവിവരം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനും സരിത നായരുമായി നടത്തിയ ഫോണ്‍ വിളിയുടെ വിവരം ചോര്‍ന്നത് ഐജി ടി ജെ ജോസിന്റെ ഓഫീസില്‍ നിന്നാണെന്നാണ് പൊലീസ് തലപ്പത്തെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. ഇതിലുള്ള പകരംവീട്ടാന്‍ മന്ത്രിമാരെയും ഒരു കേന്ദ്രമന്ത്രിയെയും രമേശ് ചെന്നിത്തലയെയും എംഎല്‍എമാരെയും സരിത ഫോണില്‍ വിളിച്ചത് പുറത്തുവിട്ടു. ഇത് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നാണെന്ന് എതിര്‍പക്ഷം ആരോപിച്ചു. ഈ വിവാദത്തിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സരിതയുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ സിഡി മൂന്ന് എഡിജിപിമാരുടെയും നാല് ഐജിമാരുടെയും പക്കലുണ്ട്. അവരില്‍ ആരെങ്കിലും ചോര്‍ത്തിയിരിക്കാമെന്നാണ് എതിര്‍വിഭാഗം പറയുന്നത്.
(കെ ശ്രീകണ്ഠന്‍)

deshabhimani

No comments:

Post a Comment