രഹസ്യമൊഴിയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച രാത്രി ചാനലുകള്‍ പുറത്തുവിട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് റാന്നി മജിസ്ട്രേട്ടിന് നല്‍കിയ മൊഴി തിങ്കളാഴ്ചയാണ് ശ്രീധരന്‍നായരുടെ സ്വകാര്യഅന്യായത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(രണ്ട്)ക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിന് വൈകിട്ടാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സബ്സിഡിയുടെ കാര്യം ലക്ഷ്മിനായര്‍(സരിത) പറഞ്ഞിട്ടുണ്ടല്ലോയെന്നും അണക്കെട്ടില്‍ വെള്ളമില്ലാത്തത് അറിയാമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ടെന്നി ജോപ്പനും കൂടെയുണ്ടായിരുന്നു.
മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം, സരിത തന്നെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. മന്ത്രി ഉണ്ടായിരുന്നില്ല. എന്നാല്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായി സരിത നല്ല പരിചയഭാവം കാണിച്ചു. ഇവിടെനിന്നിറങ്ങിയ ശേഷം സരിത ഗണേശ്കുമാറിന്റെ ഓഫീസിലേക്ക് പോയി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവിയില്‍ ദൃശ്യങ്ങളുണ്ടാകുമെന്നും ശ്രീധരന്‍നായരുടെ മൊഴിയിലുണ്ട്. കൂടിക്കാഴ്ച നിശ്ചയിച്ച് സരിത ശ്രീധരന്‍നായര്‍ക്ക് അയച്ച ഇ-മെയില്‍ നേരത്തേ പുറത്തുവന്നിരുന്നു.
നിര്‍ണായകമായ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ പൊലീസ് നിര്‍ബന്ധിതരാകും. മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ശ്രീധരന്‍നായരെ പലപ്പോഴായി വിളിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ശ്രീധരന്‍നായര്‍ ഇതിന് വഴങ്ങിയില്ല. പിന്നീട് മറ്റുപല തരത്തിലും അദ്ദേഹത്തിനുമേല്‍ സമ്മര്‍ദം ഉണ്ടായെങ്കിലും പിന്മാറാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയും ഓഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് പണം കൈമാറിയതെന്ന് ശ്രീധരന്‍നായര്‍ പത്തനംതിട്ട കോടതിയില്‍ നല്‍കിയ സ്വകാര്യ പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് കൂട്ടിച്ചേര്‍ത്തതാണെന്ന് പ്രചരിപ്പിച്ചെങ്കിലും തിരുത്തലില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പേര് കൂട്ടിച്ചേര്‍ത്തതാണെന്ന് ശ്രീധരന്‍നായരുടെപേരില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും അത് വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശ്രീധരന്‍നായര്‍ വെളിപ്പെടുത്തുന്നു
(റിപ്പോര്‍ട്ടര്‍ ചാനലിന് തിങ്കളാഴ്ച രാത്രി നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം)
""2012 ജൂലൈ ഒമ്പതിന് രാത്രി എട്ടുമണിയ്ക്ക് മുഖ്യമന്ത്രിയുടെ അപ്പോയ്ന്‍മെന്റ് കിട്ടിയെന്നാണ് ലക്ഷ്മിനായര്‍ (സരിതനായര്‍) എന്നെ അറിയിച്ചത്. അഡ്വക്കറ്റ് അജിത്കുമാറിനൊപ്പമാണ് സെക്രട്ടറിയറ്റില്‍ എത്തിയത്. രാത്രി എങ്ങിനെ അകത്ത് കയറുമെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രശ്നവുമില്ലെന്ന് സരിത പറഞ്ഞു. വാഹനം സെക്രട്ടറിയറ്റ് ഗേറ്റില്‍ ഒരു പരിശോധനയുമില്ലാതെയാണ് കടത്തിവിട്ടത്. അവിടെ സരിത കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എംഎല്‍എയെക്കാള്‍ സ്വാധീനമുള്ള ആളാണ് സരിതയെന്ന് ഞാന്‍ അഡ്വക്കറ്റിനോട് പറഞ്ഞു.
ജോപ്പന്റെ മുറിയിലേക്കാണ് സരിത ആദ്യം കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്നവര്‍ എഴുന്നേറ്റു നിന്നാണ് സരിതയെ സ്വകീരിച്ചത്. മുഖ്യമന്ത്രിയുടെ മുറിയില്‍ ശെല്‍വരാജ് എംഎല്‍എ മാത്രമാണുണ്ടായിരുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അഡ്വക്കറ്റ് വേണ്ടെന്ന് ജോപ്പന്‍ പറഞ്ഞു. സരിതയും ഞാനും നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി എഴുന്നേറ്റ് അടുത്തേക്ക് വന്നു. ഇതാണ് കോന്നിയിലെ ക്രഷര്‍ ഉടമയെന്നും മൂന്ന് മെഗാവാട്ടിന്റെ പദ്ധതിക്ക് എംഒയു ഒപ്പിട്ടെന്നും സരിത പരിചയപ്പെടുത്തി. നിങ്ങളെപ്പോലുള്ളവര്‍ രംഗത്തുവന്നാലേ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനാവൂ എന്നും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടയില്‍ സരിത ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപയുടേതെന്നു പറഞ്ഞ് ഒരു ഡിഡി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അത് ജോപ്പനെ ഏല്‍പിച്ചു. ഇതിനിടയില്‍ ക്വാറി അസോസിയേഷന്റെ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. സരിതയും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കണ്ടതും അദ്ദേഹത്തിന്റെ വാക്കുകളുമാണ് സോളാര്‍ പദ്ധതിയില്‍ തന്റെ വിശ്വാസം വര്‍ധിപ്പിച്ചത്. 40 ലക്ഷമാണ് ചോദിച്ചത്. കൂടുതല്‍ ചോദിച്ചാല്‍ നല്‍കിപ്പോകുമായിരുന്നു.
മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ളതുപോലെയാണ് സരിത പെരുമാറിയത്. പിന്നീട് പല കോണ്‍ഗ്രസുകാരും എന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 40 ലക്ഷത്തില്‍ കൂടുതല്‍ തുക അവര്‍ വാഗ്ദാനം ചെയ്ത് എന്നെ സമീപിച്ചു. കോണ്‍ഗ്രസുകാര്‍ തന്നെയാണ് സമീപിച്ചത്. കള്ളപ്പണം വേണ്ടെന്നും ഡിഡി ആയോ അക്കൗണ്ടിലേക്കോ പണം നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പണം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് നോക്കിയത്. കള്ളപ്പണം ഒഴുക്കി കേസില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ശ്രമം.""
deshabhimani
No comments:
Post a Comment