സീരിയലുകള്‍ കാണുന്ന ശീലം മന്ത്രി തിരുവഞ്ചൂരിന് പണ്ടേ ഇല്ല. അതുകൊണ്ടാവണം, നടി ശാലുമേനോനെക്കുറിച്ച് മന്ത്രി കേട്ടിട്ടേയില്ല. മൂന്നരക്കോടി രൂപ മുടക്കി ശാലു മാളിക പണിതതും പാലുകാച്ചിയതുമോ? അക്കാര്യം തിരുവഞ്ചൂര്‍ അറിഞ്ഞിട്ടേയില്ല. പക്ഷേ, മന്ത്രി നടിയുമൊത്ത് നില്‍ക്കുന്ന വിവിധ പോസുകളിലുള്ള കളര്‍ പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതിപക്ഷം ചോദ്യശരങ്ങളുതിര്‍ത്തപ്പോള്‍ പൂച്ച പുറത്തുചാടി. ശാലു നിര്‍ബന്ധിച്ചപ്പോള്‍ പാലുകാച്ചലിന് പോയതില്‍ എന്താണ് തെറ്റ്. പക്ഷേ ഞാനവിടെ രണ്ടേ രണ്ടു മിനുട്ടേ നിന്നുള്ളൂ. വീണിടത്ത് ഉരുളുകയായിരുന്നു തിരുഞ്ചൂര്‍. ശാലുവിനോട് കുശലം പറഞ്ഞതും കരിക്കുകുടിച്ചതും ബംഗ്ലാവും പരിസരവും കറങ്ങിനടന്നു കണ്ടതുമെല്ലാം രണ്ടുമിനുട്ടുകൊണ്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ തിരുവഞ്ചൂര്‍ ആവുന്നത്ര പാടുപെടുന്നുണ്ടായിരുന്നു. ചങ്ങനാശേരിയിലെ മൊബൈല്‍ ടവര്‍ സിഗ്നല്‍ കണ്ടില്ലേ, തിരുവല്ലയിലെ സിഗ്നല്‍ കണ്ടില്ലേ, എന്നൊക്കെ പറഞ്ഞ് ചില കടലാസുകളും ആഭ്യന്തരമന്ത്രി എടുത്തുകാണിക്കുന്നുണ്ടായിരുന്നു. ശാലുവിന്റെ വീട്ടില്‍പോയി കണ്ണടച്ചു പാല്‍ കുടിച്ചതിന്റെ ജാള്യത മുഴുവന്‍ തിരുവഞ്ചൂരിന്റെ മറുപടിയിലുണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ നിഴലായ ജോപ്പനെ കുടുക്കിയ പത്തനംതിട്ടയിലെ ക്വാറി ഉടമ ശ്രീധരന്‍ നായര്‍ റാന്നി മജിസ്‌ട്രേറ്റുമുമ്പാകെ നല്‍കിയ മൊഴിയാണ് ഇന്നലെ പ്രതിപക്ഷം ആയുധമാക്കിയത്. ജോപ്പന്‍ മുഖേന താന്‍ കണ്ടതും സംസാരിച്ചതുമെല്ലാം മുഖ്യമന്ത്രിയോടാണെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനിയും കടിച്ചുതൂങ്ങിക്കിടക്കാതെ രാജിവച്ചൊഴിഞ്ഞുകൂടേ എന്നായിരുന്നു അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ചോദിച്ചത്. അതിനു മുഖ്യമന്ത്രി നല്‍കിയ മറുപടി അദ്ദേഹത്തിന് കൂടുതല്‍ കുരുക്കായി.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായരെ ഡല്‍ഹിയില്‍ കണ്ടത് ഓര്‍ക്കുന്നില്ല. ഭാര്യയെ കൊന്നകേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണനോട് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ സംസാരിച്ചത് വീട്ടുവിശേഷം. ഈ മട്ടിലായിരുന്നു ശ്രീധരന്‍ നായരെ കണ്ടതിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ വിശദീകരണം. കരിങ്കല്‍ ക്വാറിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മാത്രമാണത്രെ ശ്രീധരന്‍ നായര്‍ ക്ലിഫ് ഹൗസില്‍ ചെന്നത്. ജോപ്പന്‍ മുഖേന സരിതാനായര്‍ക്ക് 40 ലക്ഷം നല്‍കിയ കാര്യം ശ്രീധരന്‍ നായര്‍ മിണ്ടിയിട്ടേയില്ലെന്നും സാരം. ഉമ്മന്‍ചാണ്ടിയുടെ മറുപടി കേട്ടവര്‍ക്കൊക്കെ തോന്നി, തിരുവഞ്ചൂരിനു പറ്റിയ മുഖ്യമന്ത്രി!
സരിത വിളിച്ച കോണ്‍ഗ്രസ് നേതാക്കളുടെ നമ്പറുകള്‍ ചോര്‍ത്തി പുറത്തുവിട്ട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രസിക്കുകയാണെന്നാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചത്. തന്നെ വെട്ടിലാക്കി ആളാവാന്‍ നോക്കുന്ന തിരുവഞ്ചൂരിനെതിരായ രേഖകള്‍ പുറത്തുവിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോടിയേരി പറഞ്ഞപ്പോഴും ഭരണപക്ഷനിര നിശബ്ദരായി കേട്ടിരുന്നതേയുള്ളൂ. 40 ലക്ഷത്തിന്റെ കച്ചവടം ഉറപ്പിച്ച ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഡുവിതരണം നടത്തിയകാര്യം ഇതിനിടെ സി ദിവാകരന്‍ ഓര്‍മ്മിപ്പിച്ചു.
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പണ്ടൊരു സിനിമയില്‍ പറയുന്ന ശ്രീനിവാസനെപ്പോലെയാണ് ചില മന്ത്രിമാര്‍. സരിതയെ കുറിച്ചും ശാലുവിനെക്കുറിച്ചും എന്തും പറഞ്ഞോളൂ, പക്ഷേ, തേക്കടിയെക്കുറിച്ച് ഒന്നും മിണ്ടരുത്. മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ചാടിയെഴുന്നേറ്റ അടൂര്‍ പ്രകാശിനെ ഇരുത്താനാണ് കോടിയേരി തേക്കടിക്കാര്യം എടുത്തിട്ടത്. പക്ഷേ അതേറ്റത് സ്വതവേ ഒതുങ്ങിക്കൂടി കഴിയുന്ന മന്ത്രി എ പി അനില്‍കുമാറിനും. ''തേക്കടി തടാകത്തിലൂടെ ഞാന്‍ രാത്രിയില്‍ ബോട്ട് യാത്രനടത്തിയത് വാസ്തവം'' പക്ഷേ ഞങ്ങള്‍ക്കൊപ്പം സരിതാനായരുണ്ടായിരുന്നല്ല. ഞാന്‍ ആ ടൈപ്പല്ല. വികാരാധീനനായാണ് മന്ത്രി വാക്കുകള്‍ മുഴുമിപ്പിച്ചത്.
പ്രതിപക്ഷത്തിനെതിരെ തുറുപ്പുചീട്ടുപോലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ കൊണ്ടുവന്ന പഴയൊരു പത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് കാറ്റുപോയ ബലൂണ്‍പോലെയായി. എല്‍ ഡി എഫിന്റെ ഭരണകാലത്ത് സരിതയെ സഹായിക്കാന്‍ നല്‍കിയ പരസ്യമാണതെന്ന് തിരുഞ്ചൂര്‍ പറഞ്ഞെങ്കിലും നിമിഷങ്ങള്‍ക്കകം പ്രതിപക്ഷം ആ ആരോപണം പൊളിച്ചടുക്കിക്കൊടുത്തു. തിരുവഞ്ചൂരിന് തെറ്റുപറ്റിയെങ്കില്‍ പരിശോധിച്ച് റൂളിംഗ് നല്‍കാമെന്ന് സ്പീക്കര്‍ പറഞ്ഞത് മന്ത്രിക്ക് തിരിച്ചടിയായി.
ഉമ്മന്‍ചാണ്ടിയെ കോടികളുടെ തട്ടിപ്പിന്റെ സൂത്രധാരനും പ്രമാണിയുമായാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്. അദ്ദേഹം ഒറ്റക്കാര്യമേ ചോദിച്ചുള്ളു. തട്ടിപ്പു കമ്പനിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഷെയര്‍ എത്ര? സുതാര്യഭരണത്തിന്റെ പൂച്ചു പുറത്തായെന്നും രാജന്‍ കേസില്‍ കരുണാകരന്‍ രാജിവച്ചത് മാതൃകയാക്കണമെന്നും മറ്റും പറഞ്ഞ് വി എസ് കത്തിക്കയറിയത് ഭരണപക്ഷനിരയെ വല്ലാതെ അസ്വസ്ഥരാക്കി. അവരുടെ ഇടപെടല്‍ പരിധിവിട്ടതോടെ ബാനറും പ്ലക്കാര്‍ഡുകളും ശാലു-തിരുവഞ്ചൂര്‍ ചിത്രങ്ങളുമായി വി എസ് സുനില്‍കുമാര്‍, വി ശിവന്‍കുട്ടി, കെ കെ ലതിക, ഇ എസ് ബിജിമോള്‍, ബാബു എം പാലിശേരി തുടങ്ങിയവര്‍ പ്രതിഷേധവുമായി സ്പീക്കറുടെ വേദിക്കരികിലേക്ക് നീങ്ങി.
ഇടയ്ക്ക് ഒരുമണിക്കൂറോളം നിര്‍ത്തിവച്ച സഭ പിന്നീട് ചേര്‍ന്നപ്പോഴും പ്രതിപക്ഷവീര്യം തിളച്ചുമറിയുകയായിരുന്നു. തിരുടാ, തിരുടാ തിരുവഞ്ചൂരേ എന്ന് അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങള്‍ നിലയുറപ്പിച്ചത് ഇഷ്ടപ്പെടാതെ മന്ത്രി കെ സി ജോസഫ് ഇതിനിടെ സി ദിവാകരനോട് ഭീഷണിസ്വരത്തില്‍ കയര്‍ത്തത് വീണ്ടും സഭാതലത്തെ പ്രക്ഷുബ്ധമാക്കി. ഒറ്റശ്വാസത്തില്‍ ബില്ലുകള്‍ പാസാക്കിക്കൊടുത്ത് സ്പീക്കര്‍ സഭാ നടപടികള്‍ അതോടെ അവസാനിപ്പിച്ചു.
ജി ബാബുരാജ് janayugom
No comments:
Post a Comment