സോളാര്‍ തട്ടിപ്പിന്റെ പ്രശ്നങ്ങളാകെ കിടക്കുന്നത് സിസി ടിവിയിലാണെന്നുതോന്നും ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം കണ്ടാല്‍. മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ബന്ധമാണ്് തട്ടിപ്പുകാരായ സരിതാനായരും ബിജുരാധാകൃഷ്ണനും മുഖ്യമായി ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവിന്റെ ഒരു ഭാഗം മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍. 14 ദിവസംവരെ പഴക്കമുള്ള ദൃശ്യങ്ങളെ കിട്ടൂ എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊലീസ് അന്വേഷണസംഘം ഇങ്ങോട്ടുവരേണ്ടെന്ന പരോക്ഷ മുന്നറിയിപ്പ് നല്‍കുന്ന ഒരുതരം നീട്ടിയെറിയലാണ്. എഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണമാണ് നടക്കുന്നതെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് തെളിവെടുക്കാന്‍പോലും പ്രാപ്തി കാട്ടിയിട്ടില്ല. മുഖ്യമന്ത്രിയെ എത്രമാത്രം ഒഴിവാക്കാന്‍ നോക്കുന്നോ അത്രമാത്രം അന്വേഷണം അപഹാസ്യമാകും.
മാഞ്ഞ സിസി ടിവി ദൃശ്യങ്ങള്‍ ടിവി നിര്‍മിച്ച കമ്പനിയുടെ സഹായത്തോടെ പൊലീസിന് ശേഖരിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സോളാര്‍ തട്ടിപ്പ് നടന്നത്. "നിഷേധവൈഭവ"മുള്ള ഉമ്മന്‍ചാണ്ടിക്ക്, എന്തെല്ലാം കാര്യങ്ങള്‍ നിഷേധിച്ചോ അതെല്ലാം പിന്നീട് അംഗീകരിക്കേണ്ടിവന്നു. അത് സത്യസന്ധത കൊണ്ടല്ല, തെളിവിന്റെ പെരുമഴയില്‍ നില്‍ക്കള്ളിയില്ലാതെ വന്നതിനാലാണ്. ജോപ്പനെ കണ്ടല്ല, മുഖ്യമന്ത്രിയുടെ വാക്കുകേട്ട് വിശ്വസിച്ചാണ് സരിതയ്ക്ക് പണം കൊടുത്തതെന്ന് ശ്രീധരന്‍നായര്‍ പരാതിപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍നായരുടെ പണം തട്ടിയെടുത്തതിന്റെ സന്തോഷം പങ്കുവയ്ക്കാനായി സരിതയും ജോപ്പനും മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളാണ് ഉപയോഗിച്ചത്. ജോപ്പനെതിരെ പൊലീസ് കേസെടുത്തത് സരിതയെ കെട്ടിപ്പിടിച്ചതിനല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയതിനാണ്. ഇക്കാര്യത്തിന് ജോപ്പന്‍ അഴിയെണ്ണുമ്പോള്‍ തെളിവുകളുടെ കുത്തൊഴുക്കുണ്ടായിട്ടും മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ലെന്ന നിലപാട് പരിഹാസ്യമാണ്.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി പ്രധാന കുറ്റവാളിയാണ്. പ്രവാസി വ്യവസായി ടി സി മാത്യു സോളാര്‍ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേന്നുതന്നെ സരിത അക്കാര്യം തിരിച്ചുചോദിച്ച് ഭീഷണിപ്പെടുത്തി. അതില്‍ തെളിഞ്ഞത് തട്ടിപ്പുകാരിയും മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ്. ഈ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസിന് അന്വേഷിക്കാന്‍ ആകില്ല. എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായാലും അത്തരം സ്ഥിതിവിശേഷത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതെ ഒഴിവാക്കാനാകും ശ്രമിക്കുക. എന്നാല്‍, തെളിവുകളുടെ പെരുമഴ അദ്ദേഹത്തേയും ചോദ്യം ചെയ്യുന്നതിലേക്കാണ് എത്തിക്കുന്നത്. ഇതൊഴിവാക്കാനാണ് സിസി ടിവി അന്വേഷണം നടത്താമെന്ന് പറയുന്നത്. ഇതിനായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന രണ്ടുപേര്‍ ജി വിജയരാഘവനും അച്യുത് ശങ്കറുമാണ്. ഇവര്‍ രണ്ടുപേരും അവരുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. എന്നാല്‍, ഇതിലൊരാള്‍ മുഖ്യമന്ത്രി അധ്യക്ഷനായ ആസൂത്രണബോര്‍ഡംഗവും മറ്റെയാള്‍ കേരള സര്‍വകലാശാലയില്‍ ബയോ ഇര്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഡയറക്ടറുമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയെ ഒഴിവാക്കാനല്ലേ ശ്രമിക്കൂ. അറിഞ്ഞുകൊണ്ട് ഇതില്‍ തലവച്ചുകൊടുക്കണോയെന്ന് ഇരുവരും തീരുമാനിക്കേണ്ട കാര്യമാണ്. പൊലീസിന്റെ ഹൈടെക് സെല്ലിന് സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്താമെന്നിരിക്കെ മറ്റൊരു അന്വേഷണമെന്നുപറയുന്നത് മുഖ്യമന്ത്രിയുടെ പൊടിക്കൈയാണെന്ന് പിണറായി പറഞ്ഞു.
deshabhimani
No comments:
Post a Comment