തട്ടിപ്പുസംഘമായ ടീം സോളാറില്‍നിന്ന് തന്റെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു തവണ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. 2011 ആഗസ്ത് എട്ടിന് ചെക്ക് കിട്ടിയതായി മുഖ്യമന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2012 ജൂലൈ ഏഴിന് രണ്ടു ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ടീം സോളാര്‍ കമ്പനി പ്രതിനിധികളില്‍നിന്ന് അദ്ദേഹം 25 ലക്ഷത്തിന്റെ ചെക്ക് സ്വീകരിക്കുന്ന ഫോട്ടോ സരിതയും സംഘവും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ ഫോട്ടോയും ഉപയോഗിച്ചു. സരിതയും ബിജു രാധാകൃഷ്ണനും പിടിയിലായതോടെ വെളിച്ചത്തുവന്ന പല തട്ടിപ്പുകളില്‍ ഒന്ന് ഇതായിരുന്നു.
സരിതയുടെ സ്ഥാപനത്തെക്കുറിച്ചറിയില്ലെന്ന മുഖ്യമന്ത്രിയുടെ കള്ളം തുറന്നുകാട്ടി ഫോട്ടോ പുറത്തുവന്നു. അതോടെ മുഖ്യമന്ത്രി സ്വരം മാറ്റി. നിയമസഭയില്‍ ഇതുസംബന്ധിച്ച് അദ്ദേഹം വിശദീകരണവും നല്‍കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് മാത്യു ടി തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോഴാണ് 2011ലെ ചെക്കിന്റെ കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളില്‍നിന്ന്: ""25 ലക്ഷം രൂപയുടെ ചെക്ക് എന്നത് അതിശയോക്തിപരമായ വാര്‍ത്തയുടെ ഒരു ഭാഗമാണ്. 25 ഇല്ല, വെറും രണ്ട് ലക്ഷമേ ഉള്ളൂ. അത് പണം മാറി കിട്ടിയിട്ടില്ല. അത് വണ്ടിച്ചെക്കായാണ് വന്നത്. സിഎംഡിആര്‍എഫില്‍ സംഭാവനയായി ലഭിക്കുന്ന ചെക്ക് മടങ്ങിവന്നാല്‍ കേസ് കൊടുക്കാന്‍ സാധ്യത കുറവാണ് എന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. അവര്‍ക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. ചെക്ക് മടങ്ങി, രൂപ അയക്കണമെന്നും അവരെ അറിയിച്ചു.
ഇവിടെ ഉന്നയിച്ച സാഹചര്യത്തില്‍ ഡൊണേഷന്‍ ആണെങ്കിലും നിയമപരമായ നടപടി എടുക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുന്നതാണ്"" തന്നെ മുഖ്യമന്ത്രിയുടെ അടുത്ത് കൊണ്ടുപോയപ്പോള്‍ സരിത രണ്ടു ലക്ഷം രൂപയുടേതെന്നു പറഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറിയതായി ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഇത് നിഷേധിച്ചെങ്കിലും ടീം സോളാറിന്റെ പേരില്‍ ജൂലൈ പത്തിന് രണ്ടു ലക്ഷം രൂപയുടെ ചെക്ക് ധനകാര്യ ഫണ്ട്സ് വിഭാഗത്തിലേക്ക് കൈമാറിയെന്ന് സമ്മതിച്ചു. നിയമസഭയില്‍ ചൊവ്വാഴ്ചയാണ് എ കെ ബാലന്റെ ചോദ്യത്തിന് മറുപടിയായി 2012 ജൂലൈയില്‍ രണ്ടു ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇതോടെ ശ്രീധരന്‍നായര്‍ കാണാന്‍ വന്നപ്പോള്‍ സരിത ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞതിനൊപ്പം 2011ല്‍ വാങ്ങിയ ചെക്ക് എങ്ങോട്ടുപോയെന്ന ചോദ്യവുമുയര്‍ന്നു.
മുഖ്യമന്ത്രിയെ ഓഫീസിലെത്തി സരിത രണ്ടു തവണ കണ്ടു: ഡ്രൈവര്‍
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സരിത രണ്ടു തവണ ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നതായി സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. സരിത തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് വ്യക്തമാക്കുന്നതാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍. തന്നെ പുറത്തു നിര്‍ത്തിയ ശേഷമാണ് സരിത മുഖ്യമന്ത്രിയെ കണ്ടതെന്നും ശ്രീജിത്ത് പറഞ്ഞു.
ആദ്യ തവണ 45 മിനിറ്റോളം സരിത മുഖ്യമന്ത്രിയുടെ മുറിയില്‍ ചെലവഴിച്ചു. രണ്ടാം തവണ മുഖ്യമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തോമസ് കുരുവിള സരിതയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തി. ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേരുണ്ടായിരുന്നു. പകല്‍ 11ന് ഫോര്‍ച്യൂണര്‍ കാറിലാണ് അവര്‍ വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറ് പറഞ്ഞിട്ട് രണ്ടു പേര്‍ വരുന്നുണ്ടെന്നും അവരെ കൂട്ടിക്കൊണ്ടു വരണമെന്നും സരിത തന്നോട് പറഞ്ഞു. ഇതനുസരിച്ച് താനും മറ്റൊരു ഡ്രൈവറും കൂടിയാണ് റോഡില്‍നിന്ന് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് ടിവിയില്‍ പടം വന്നതോടെയാണ് അന്ന് വന്നത് തോമസ് കുരുവിളയാണെന്ന് മനസിലായത്-ശ്രീജിത്ത് പറഞ്ഞു. മൂവാറ്റുപുഴക്കാരായ അവര്‍ എന്തോ ബിസിനസിന്റെ കാര്യത്തിന് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വന്നതെന്നും സരിത പറഞ്ഞു. ഇവര്‍ പോയ ശേഷം ജോപ്പന്‍ സരിതയെ വിളിച്ചിരുന്നു. അതിനടുത്ത ദിവസം ജോപ്പന്‍ സരിത താമസിക്കുന്ന സ്ഥലത്ത് വന്നു. ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ട ദിവസം സന്തോഷ് എന്ന ഡ്രൈവറാണ് സരിതയെ കൊണ്ടുപോയതെന്നും ശ്രീജിത്ത് പറഞ്ഞു.
ബിജുവിന്റെ കനറ ബാങ്ക് അക്കൗണ്ട് അമേരിക്കന്‍ കമ്പനിയുടെ പേരില്‍
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ കനറ ബാങ്ക് എറണാകുളം ബാനര്‍ജി റോഡ് ശാഖയില്‍ കറന്റ് അക്കൗണ്ട് എടുത്തത് അമേരിക്ക ആസ്ഥാനമായി ഊര്‍ജരംഗത്ത് പ്രവര്‍ത്തിക്കുന്ന വെസ്റ്റ് വിന്‍ഡ് കോര്‍പറേറ്റ്സ് എന്ന കമ്പനിയുടെ പേരില്‍. 2010 ഒക്ടോബര്‍ 27നാണ് 0805201002789 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നത്. 43/676 ഫൈറസ് എസ്റ്റേറ്റ്, സെമിത്തേരി മുക്ക്, ചിറ്റൂര്‍ റോഡ്, എറണാകുളം, കൊച്ചി എന്നാണ് നല്‍കിയ വിലാസം. ഇവിടെ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും ഓഫീസ് നടത്തുമ്പോഴാണ് വെസ്റ്റ് വിന്‍ഡ് കോര്‍പറേറ്റ്സിന്റെ പേരില്‍ അക്കൗണ്ട് തുറന്നത്. അക്കൗണ്ട് ഇപ്പോഴും റദ്ദാക്കിയിട്ടില്ല. നോമിനിയായി സരിത എസ് നായരെയാണ് വച്ചത്. ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഹാജരാക്കിയാണ് കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നത്.
തട്ടിപ്പില്‍ കുരുങ്ങുന്ന ഇരകളോട് പണം ഈ അക്കൗണ്ടില്‍ അടയ്ക്കാനാണ് ബിജുവും സരിതയും നിര്‍ദേശിച്ചിരുന്നത്. അമ്പലപ്പുഴ പ്ലാക്കുടി ലെയ്ന്‍ പ്ലാക്കുടി ഇല്ലത്ത് പി നാരായണന്‍ നമ്പൂതിരിയുടേതടക്കം പലരുടെയും പണം ഈ അക്കൗണ്ടിലൂടെയാണ് തട്ടിയെടുത്തത്. 2010 ഡിസംബര്‍ 14നാണ് നാലരലക്ഷം രൂപ നാരായണന്‍ നമ്പൂതിരി ഫണ്ട് ട്രാന്‍സ്ഫര്‍വഴി നല്‍കിയത്. ഇതില്‍ നാലുലക്ഷം രൂപ അന്നും 20,000 രൂപ പിറ്റേന്നുമായി പിന്‍വലിച്ചു. അക്കൗണ്ടില്‍ പണം വന്നാല്‍ അത് ഉടന്‍ പിന്‍വലിക്കുകയായിരുന്നു സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും രീതി.
തമിഴ്നാട്ടിലെ മുപ്പന്തലില്‍ കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്നു പറഞ്ഞാണ് ബിജു രാധാകൃഷ്ണനും സരിതയും പണം തട്ടിയെടുത്തതെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞു. യന്ത്രം സ്ഥാപിക്കാന്‍ കാലതാമസം വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ നല്‍കിയില്ല. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയില്ല. ഇതേത്തുടര്‍ന്ന് ഐജിക്ക് പരാതി നല്‍കിയെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞു. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം ശേഖരിച്ചു. എസ്ബിടി കലൂര്‍ ശാഖയിലും സരിതയും ബിജുവും ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സിന്റെ പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്ന് പണം തട്ടിയിരുന്നു.
(അഞ്ജുനാഥ്)
ബിജുവിനൊപ്പം നടി ഉത്തരയും
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനൊപ്പം ചലച്ചിത്ര നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിമാനയാത്ര ചെയ്തതിന്റെ രേഖകള്‍ പുറത്ത്. 2012 ആഗസ്ത് 16നാണ് ബിജു രാധാകൃഷ്ണനും ഉത്തര ഉണ്ണിയും ഒരുമിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തത്. 2012 സെപ്തംബര്‍ ആറിനും ഉത്തര ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ടീം സോളാറിന്റെ ചില പരസ്യങ്ങളില്‍ ഉത്തര അഭിനയിച്ചതായി വിവരമുണ്ട്. ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ടീം സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. ബിജു രാധാകൃഷ്ണനൊപ്പമുള്ള യാത്രയുടെ വിശദാംശങ്ങള്‍ പുറത്തായതോടെ ഇത് നീക്കി. അംബാസഡറാക്കിയതിന് സരിതയ്ക്കും ബിജുവിനും നന്ദി പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു.
ബിജുവിനും സരിതയ്ക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്റ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരുടെ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തായത്. ടിക്കറ്റ് ബുക്ക് ചെയ്തശേഷം സരിതയും ബിജുവും പണം നല്‍കാതെ കബളിപ്പിച്ചതിനെത്തുടര്‍ന്നാണ് ട്രാവല്‍ ഏജന്റ് പൊലീസില്‍ പരാതി നല്‍കിയത്. സൗത്ത് പൊലീസ് ഇത് സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറി. ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് ചെന്നൈയില്‍ ആരെയെങ്കിലും കാണാനായിരുന്നോ എന്നതാകും അന്വേഷിക്കുക. ഉത്തര ഉണ്ണിയെ പ്രത്യേക സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത വകയില്‍ ബിജുവും സരിതയും ഒന്നേമുക്കാല്‍ലക്ഷം രൂപയോളമാണ് ട്രാവല്‍ ഏജന്റിന് നല്‍കാനുള്ളത്. രവിപുരത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് ടിക്കറ്റ് എടുത്തിരുന്നത്. ബിജു രാധാകൃഷ്ണനാണ് ഉത്തര ഉണ്ണിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെന്ന് ട്രാവല്‍ ഏജന്റ് പറഞ്ഞു. ലെനിന്‍ രാജേന്ദ്രന്റെ "ഇടവപ്പാതി"യാണ് ഉത്തരയുടെ ആദ്യ മലയാള ചിത്രം. ഇത് പുറത്തിറങ്ങിയിട്ടില്ല. തമിഴിലും അഭിനയിക്കുന്നുണ്ട്.
തന്നെ വിലക്കാന്‍ പാര്‍ട്ടി തയ്യാറാകില്ല: പി സി ജോര്‍ജ്
കൊച്ചി: പ്രസ്താവനകള്‍ പാടില്ലെന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്നും അതിനുള്ള ആംപിയര്‍ ആര്‍ക്കുമില്ലെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. തന്നെ നിശബ്ദനാക്കാന്‍ പാര്‍ടി തയ്യാറാകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പറയാനുള്ളത് അധികം താമസിയാതെ പറയും. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനല്ല, കോടാനുകോടി രൂപ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. അഴിമതി നടത്താനുള്ള സാഹചര്യം ഒഴിവാക്കിയേ പറ്റു.
കെ എം മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വധാ യോഗ്യതയുള്ള ആളാണ്. പ്രതിപക്ഷത്തിന്റെ അഭിപ്രായത്തില്‍ സന്തോഷം തോന്നുന്നു. യുഡിഎഫ് ആ തീരുമാനം എടുത്താല്‍ കേരള കോണ്‍ഗ്രസ് എം അത് സന്തോഷത്തോടെ സ്വീകരിക്കും. എല്‍ഡിഎഫ് അല്ല, യുഡിഎഫ് ആണ് അത് തീരുമാനിക്കേണ്ടതെന്നും പി സി ജോര്‍ജ് പറഞ്ഞു.
ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചാല്‍ എംപിയോ എംഎല്‍എയോ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമാണ്. ഈ വിധി ജുഡീഷ്യല്‍ ആക്ടീവിസം മാത്രമല്ല, ജുഡീഷ്യല്‍ ടെററിസവുമാണ്. ജുഡീഷ്യറിയുടെ മൂലക്കല്ല് ഇളക്കുന്ന, ഇന്ത്യന്‍ ന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന വിധിയാണിത്. മജിസ്ടേട്ട് കോടതി ശിക്ഷിച്ച് സ്ഥാനം പോയ എംഎല്‍എ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീല്‍ പോയി കീഴ്ക്കോടതി വിധി തെറ്റെന്ന് വന്നാല്‍ സ്ഥാനം എങ്ങിനെ തിരിച്ചു കൊടുക്കും.
deshbhimani
No comments:
Post a Comment