Thursday, July 11, 2013

പി ടി ചാക്കോയുടെ പീച്ചിയാത്രയും മുഖ്യമന്ത്രിയുടെ രാജി ആവശ്യവും

സോളാറും രണ്ടു സ്ത്രീകളും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഭരണകക്ഷി നേതാക്കളും ഒക്കെ ചേര്‍ന്ന് കേരള രാഷ്ട്രീയ മലീമസമാക്കുമ്പോള്‍ ചില പഴമക്കാര്‍ ഓര്‍ത്തുപോകുന്നത് ഒരു പഴയ കഥ.

സംസ്ഥാന രൂപീകരണത്തിനുശേഷം അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ എന്‍ എസ് എസ് ആചാര്യന്‍ മന്നത്തു പത്മനാഭന്റെയും കത്തോലിക്കാപ്പള്ളിയുടെയും കാര്‍മികത്വത്തില്‍ നടന്ന കുപ്രസിദ്ധമായ വിമോചന സമരത്തിലൂടെ താഴെയിറക്കിയതിനു പിന്നാലെ വന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും  പട്ടം താണുപിള്ളയുടെ പി എസ് പിക്കും മുസ്ലീം ലീഗിനും പങ്കാളിത്തമുള്ള കൂട്ടുകക്ഷി മന്ത്രിസഭയുണ്ടായി. മുക്കൂട്ടുമുന്നണി മന്ത്രിസഭ എന്ന് ജനങ്ങള്‍ അതിനെ പേരു വിളിച്ചു. കോണ്‍ഗ്രസ്-ലീഗ്-പിഎസ്പി കക്ഷികളുള്‍പ്പെടുന്നതിനാല്‍ 'കോലീപ്പീ മന്ത്രിസഭ' എന്നൊരു ഓമനപ്പേരും ജനങ്ങള്‍ ആ സര്‍ക്കാരിനിട്ടു. (ജയിച്ചു വന്നപ്പോള്‍ 11 അംഗങ്ങളുണ്ടായിരുന്ന മുസ്ലീംലീഗിനെ അധികാരത്തിന്റെ ഏഴയല്‍പക്കത്ത് കോണ്‍ഗ്രസ് അടുപ്പിച്ചില്ല. ലീഗിന് സഹിക്കാനായില്ല. അപ്പോള്‍, സ്പീക്കര്‍ സ്ഥാനം കൊടുത്തു. കെ പി സി സി പ്രസിഡണ്ടായിരുന്ന സി കെ ഗോവിന്ദന്‍നായരാണ് ലീഗിനിട്ടു പണി കൊടുത്തത്).

മുക്കൂട്ടുമന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു പി ടി ചാക്കോ. പീച്ചിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിന്റെ വാഹനം തൃശൂര്‍ വച്ച് ഒരപകടത്തില്‍പ്പെട്ടു. ആ സമയം പി ടി ചാക്കോയോടൊപ്പം ഔദ്യോഗിക വാഹനത്തില്‍ ഒരു വനിതയുമുണ്ടായിരുന്നു എന്ന ശ്രുതി പരന്നു. സംഗതി പുകിലായി. നിയമസഭയ്ക്കകത്തും പുറത്തും പ്രശ്‌നം കോളിളക്കമുണ്ടാക്കി. ആഭ്യന്തരമന്ത്രിയുടെ പീച്ചിയാത്ര എന്നാണ് സംഭവം പെരുമ നേടിയത്.

സങ്കീര്‍ണ്ണതയുടെ ഒരു ഘട്ടത്തില്‍, പത്മം എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക, ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ അപകട സമയത്ത് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തത് താനായിരുന്നു എന്ന പ്രസ്താവനയുമായി രംഗത്തെത്തി. കാര്യം അവിടംകൊണ്ട് തീര്‍ന്നില്ല. കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശാപമായ ഗ്രൂപ്പുകളിയും തൊഴുത്തില്‍ കുത്തും കുതികാല്‍വെട്ടും പാരവപ്പും അന്നുമുണ്ടായിരുന്നു.

കെ പി സി സി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പി ടി ചാക്കോയുടെ ചോരയ്ക്കായി നില്‍ക്കുകയായിരുന്നു. ഗോവിന്ദന്‍നായരുടെ വിശ്വസ്തനും  മാടായി എം എല്‍ എയുമായ പി ഗോപാലന്‍ 'പി ടി ചാക്കോ രാജിവയ്ക്കുംവരെ അല്ലെങ്കില്‍ മരണം വരെ' എന്ന മുദ്രാവാക്യവുമായി നിയമസഭാ മന്ദിരത്തിനു മുമ്പില്‍ നിരാഹാര സമരമാരംഭിച്ചു. ആ തക്കംനോക്കി, മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കെറുവുമായി നടന്ന തൃക്കടവൂര്‍ എം എല്‍ എ സി എം സ്റ്റീഫന്‍, ആഭ്യന്തരമന്ത്രി മാത്രമല്ല മന്ത്രിസഭതന്നെ രാജിവക്കണം  എന്നാവശ്യപ്പെട്ട് മറ്റൊരു സത്യഗ്രഹ സമര മുറ തുറന്നു.

പി ടി ചാക്കോ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചു. താമസംവിനാ അദ്ദേഹം മരണമടഞ്ഞു.

ഇന്ന്, ഒരു തട്ടിപ്പുകാരിക്ക് നിര്‍ബാധം തന്റെ ഇടപാട് നടത്താനുള്ള ഇടമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു. തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് തട്ടിപ്പിനിരയായ വ്യക്തി ആരോപിക്കുന്നു; പ്രസ്തുത 'മഹിളാരത്‌നവും' മുഖ്യമന്ത്രിയും താനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് കിട്ടുമെന്നു പറയുന്നു.

അപ്പോള്‍, തുണിക്കടകളിലും പച്ചക്കറികടകളിലും വരെ ഈ സംവിധാനമുള്ള ഇക്കാലത്ത് തന്റെ ഓഫീസില്‍ റിക്കാഡിംഗ് സംവിധാനമില്ലെന്നും തന്റെ ഓഫീസിലെ വെബ്ക്യാമറ 'ലൈവ്' ആണെന്നും സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നു!

യു ഡി എഫ് മന്ത്രിസഭയിലെ ഒരംഗവും, പെണ്‍വിഷയത്തില്‍ അതീവ തല്‍പ്പരനായ മുന്‍മന്ത്രിയും ചേര്‍ന്ന് സുന്ദരികളുമായി സുഖവാസകേന്ദ്രത്തിലേക്ക് പാതിരാവില്‍ ഉല്ലാസയാത്ര പോകുന്നു. മുന്‍മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സോളാര്‍ രത്‌നത്തെ പലവട്ടം താന്‍ കാറിലെത്തിച്ചിട്ടുണ്ടെന്ന് രത്‌നത്തിന്റെ ഡ്രൈവര്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു തട്ടിപ്പുകാരിയായ സീരിയല്‍ താരത്തെ കസ്റ്റഡിയിലെടുക്കാനെത്തുന്ന പൊലീസിനെ ആഭ്യന്തരമന്ത്രി വിലക്കി തിരിച്ചയക്കുന്നു. കേന്ദ്രമന്ത്രിയും മുന്‍മന്ത്രിയും ഭരണകക്ഷി നേതാക്കളും അടക്കമുള്ളവര്‍ക്ക് താരസുന്ദരിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണങ്ങളുയരുന്നു.

തന്റെ ഔദ്യോഗിക വാഹനത്തില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്റെ പേരിലുയര്‍ന്ന കോലാഹലത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞ 60 ലെ കോണ്‍ഗ്രസ് നേതാവിന്റെ ധാര്‍മ്മികതയെ പുച്ഛിക്കുന്നു. 'മഹത്തായ കോണ്‍ഗ്രസ് പാരമ്പര്യം' അവകാശപ്പെടുന്ന പുതിയ അവതാരങ്ങള്‍. പഴമക്കാര്‍ മൂക്കത്ത് വിരല്‍ വച്ചുപോകുന്നതില്‍ എന്തല്‍ഭുതം!

ബേബി ആലുവ ജനയുഗം

No comments:

Post a Comment