ക്രിമിനല്‍ കേസില്‍ കോടതി കുറ്റക്കാരായി വിധിക്കുന്ന എംപിമാരും എംഎല്‍എമാരും വിധി വരുന്ന ഘട്ടത്തില്‍ തന്നെ അയോഗ്യരാക്കപ്പെടുമെന്ന് സുപ്രീംകോടതി. മേല്‍ക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലാണെന്ന കാരണം കൊണ്ടുമാത്രം തല്‍സ്ഥാനത്ത് തുടരാനാകില്ലെന്ന് ജസ്റ്റിസുമാരായ എ കെ പട്നായിക്ക്, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു. സിറ്റിങ് എംപിമാരും എംഎല്‍എമാരും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മൂന്നുമാസം വരെ ഇളവ് നല്‍കിയും അപ്പീല്‍ മേല്‍കോടതി സ്വീകരിച്ചാല്‍ വിധി വരുന്നത് വരെയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ 8(4) വകുപ്പ് ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ഉത്തരവ്. നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് 8(4) വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ആറുവര്‍ഷം കൂടി മല്‍സരിക്കാന്‍ വിലക്കുണ്ട്. ജനപ്രതിനിധികള്‍ക്ക് മാത്രമായി ഇളവ് ഭരണഘടനാ വിരുദ്ധമാണെന്നും കീഴ്ക്കോടതി ഉത്തരവിടുന്ന ഘട്ടത്തില്‍ തന്നെ അയോഗ്യത പ്രാബല്യത്തില്‍ വരുമെന്നും ജസ്റ്റിസ് പട്നായിക്ക് ഉത്തരവില്‍ പറഞ്ഞു. കീഴ്ക്കോടതി വിധിക്കെതിരെ നിലവില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
ജനപ്രാതിനിധ്യ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിച്ചുള്ള ഉത്തരവിലാണ് 8(4) വകുപ്പ് അസാധുവാക്കിയത്. അഭിഭാഷകയായ ലില്ലി തോമസും സര്‍ക്കാരേതര സംഘടനയായ ലോക്പ്രഹരിയുമാണ് കോടതിയെ സമീപിച്ചത്. കോടതി വിധി വിശദമായി പഠിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയപാര്‍ടികളുമായും കൂടിയാലോചിച്ച് അനന്തരനടപടികള്‍ തീരുമാനിക്കുമെന്നും നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിധി വിശദമായി പഠിക്കേണ്ടതുണ്ടെന്ന നിലപാടാണ് ഇടതുപക്ഷ പാര്‍ടികള്‍ക്കും കോണ്‍ഗ്രസിനും ബിജെപിക്കും. നിലവില്‍ 162 എംപിമാര്‍ ക്രിമിനല്‍ക്കേസ് പ്രതികളാണ്. ഇതില്‍ ഭൂരിഭാഗവും വിവിധ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്തതിന് കേസില്‍പ്പെട്ടവരാണ്. 76 പേര്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികള്‍. രാജ്യത്താകെ 1460 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്.
deshabhimani
No comments:
Post a Comment