Thursday, July 4, 2013

മൊറാലിസിനെ ചുറ്റിച്ച് സ്നോഡെന്‍ വേട്ട

അമേരിക്കയുടെ നോട്ടപ്പുള്ളിയായ എഡ്വേഡ് സ്നോഡെനുവേണ്ടി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ വിമാനത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ "വട്ടംകറക്കി". മോസ്കോയില്‍നിന്ന് മടങ്ങുകയായിരുന്ന മൊറാലിസിന്റെ വിമാനത്തില്‍ സ്നോഡെന്‍ ഉണ്ടെന്ന അമേരിക്കയുടെ സംശയമാണ് ഒരു രാഷ്ട്രത്തലവനെ അപമാനിക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങിയ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിമാനത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തയില്‍ പ്രവേശനം നിഷേധിച്ചു. ഒടുവില്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഇറങ്ങിയ മൊറാലിസിന് മണിക്കൂറുകളോളം അവിടെ തങ്ങേണ്ടിവന്നു. ഇതിനിടെ, വിയന്നയിലെ സ്പെയിന്‍ സ്ഥാനപതി മൊറലിസിനൊപ്പം കാപ്പികുടിക്കാനെന്ന പേരില്‍ വിമാനത്തില്‍ പരിശോധന നടത്താനും ശ്രമിച്ചു. പൊലീസിനെ പിന്നീട് വിമാനം പരിശോധിക്കാന്‍ അനുവദിച്ചെന്നും സ്നോഡെന്‍ ഇല്ലെന്ന വിവരം സ്പെയിന്‍ അധികൃതര്‍ക്ക് കൈമാറിയെന്നും ഓസ്ട്രിയന്‍ വിദേശമന്ത്രി മൈക്കല്‍ സ്പിന്‍ഡ്ലെഗ്ഗര്‍ പറഞ്ഞു.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിന് ഇത്തരത്തില്‍ വഴി നിഷേധിക്കപ്പെട്ട സംഭവം സമീപകാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അമേരിക്കയുടെ നിര്‍ദേശത്തിനുവഴങ്ങി ഒരു രാഷ്ട്രത്തലവനെ അപമാനിക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ലോകമാസകലം വ്യാപക പ്രതിഷേധമുയര്‍ന്നു. ഒരു രാജ്യത്തിന്റെ നേതാവിനെ ഇത്തരത്തില്‍ അപമാനിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് സെക്രട്ടറി ജനറല്‍ ജോസ് മിഗ്വേല്‍ ഇന്‍സുല്‍സ പറഞ്ഞു. ഔദ്യോഗികമായി ലാറ്റിനമേരിക്കയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ യൂണിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നാഷന്‍സിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഇക്വഡോറും അര്‍ജന്റീനയും ആവശ്യപ്പെട്ടു. മൊറാലിസ് സാമ്രാജ്യത്വത്തിന്റെ ബന്ദിയായെന്ന് ബൊളീവിയന്‍ വൈസ്പ്രസിഡന്റ് അല്‍വാരോ ഗാര്‍സിയ ലിനേറ പറഞ്ഞു. അമേരിക്കയുടെ ഉത്തവനുസരിച്ചാണ് അദ്ദേഹത്തെ തടഞ്ഞുവച്ചതെന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. "ഞാനൊരു ക്രിമിനലല്ല, എന്റെ വിമാനം പരിശോധിക്കേണ്ട ആവശ്യമെന്താണ്? പ്രസിഡന്റിനോടല്ല അവര്‍ തെറ്റുചെയ്തത്. ഒരു രാജ്യത്തിനെതിരായ കുറ്റകൃത്യമാണിത്. ലാറ്റിനമേരിക്ക മുഴുവനാണ് അപമാനിക്കപ്പെട്ടത്"- വിയന്നയില്‍നിന്ന് മടക്കയാത്രയ്ക്ക് മുമ്പ് മൊറാലിസ് പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെന്നും ഇതിനെ തള്ളിപ്പറയാന്‍ യുഎന്‍ സെക്രട്ടറി ജനറലിനെ സമീപിക്കുമെന്നും ബൊളീവിയയുടെ യുഎന്‍ പ്രതിനിധി സാചാ ലോറന്റി പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ, വിമാനത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന വാദവുമായി ഫ്രാന്‍സും സ്പെയിനും രംഗത്തെത്തി. സ്നോഡെന്‍ ഇല്ലെന്ന് ഉറപ്പായശേഷം വിയന്നയില്‍നിന്നുള്ള മടക്കയാത്രയ്ക്ക് സ്പെയിന്‍ അനുമതി നല്‍കുകയുംചെയ്തു. അമേരിക്കയുടെ ആഗോള "പ്രിസം"ചാരപ്പണിയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞ സ്നോഡെന്‍ ഹോങ്കോങ്ങില്‍നിന്ന് കടന്നശേഷം ഒരാഴ്ചയിലേറെയായി മോസ്കോ വിമാനത്താവളത്തിലാണ്. ഇന്ത്യയടക്കമുള്ള അമേരിക്കന്‍ പക്ഷക്കാര്‍ അഭയം നിഷേധിച്ച സ്നോഡെന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇക്വഡോറും വെനസ്വേലയും ബൊളീവിയയും അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ്. എന്നാല്‍, അതത് രാജ്യങ്ങളില്‍ എത്തിയശേഷമേ അഭയനടപടികള്‍ പൂര്‍ത്തിയാക്കാനാകൂ. അഭയത്തിന് ഉപാധികള്‍ മുന്നോട്ടുവച്ചതിനാല്‍ റഷ്യക്ക് നല്‍കിയ അപേക്ഷ സ്നോഡെന്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്രയുംവേഗം സ്നോഡെന്‍ റഷ്യ വിടാനാണ് ശ്രമിക്കുന്നതെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. റഷ്യന്‍ തലസ്ഥാനത്ത് വാതക ഉല്‍പ്പാദക രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മൊറാലിസ് സ്നോഡെനെ ഒപ്പം കൂട്ടിയേക്കുമെന്ന് സംശയിച്ചതാണ് അപമാനകരമായ സംഭവങ്ങള്‍ക്ക് വഴിവച്ചത്.

deshabhimani

No comments:

Post a Comment