രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ കൊപ്ര സംഭരണം സര്‍ക്കാര്‍ അട്ടിമറിച്ചു. 35 ലക്ഷത്തോളം കേരകര്‍ഷകരാണ് ദുരിതത്തിലായത്. ഇതര സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ കയറുമ്പോള്‍ തേങ്ങയ്ക്കും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയിടിയുകയാണ്. ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊപ്രയുടെ പുതിയ സംഭരണവില പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അല്‍പ്പംപോലും സംഭരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതോടെ കര്‍ഷകരില്‍നിന്ന് ഇടനിലക്കാര്‍ തേങ്ങയും കൊപ്രയും കൈയടക്കുകയും ചെയ്തു.
കൊപ്രയുടെ കഴിഞ്ഞവര്‍ഷത്തെ താങ്ങുവിലയായ ക്വിന്റലിന് 5100 രൂപയില്‍നിന്ന് 5250 രൂപയായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍ യഥാസമയം സംഭരണം ആരംഭിക്കാഞ്ഞതിനാല്‍ വിപണിയില്‍ കഴിഞ്ഞവര്‍ഷത്തെ താങ്ങുവിലപോലും ലഭിക്കാത്ത സ്ഥിതിയാണ്. ഫെബ്രുവരിയില്‍ താങ്ങുവില പ്രഖ്യാപിക്കുമ്പോള്‍ വിപണി വില കൊപ്രയ്ക്ക് ക്വിന്റലിന് 4750 രൂപയും വെളിച്ചെണ്ണയ്ക്ക്് 6800 രൂപയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊപ്ര 4700 രൂപയിലും വെളിച്ചെണ്ണ 6700 രൂപയിലുമെത്തി. കഴിഞ്ഞദിവസങ്ങളില്‍ 6950 രൂപ വരെ ഉയര്‍ന്ന വെളിച്ചെണ്ണയാണ് വീണ്ടും വിലത്തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. നിലവിലെ താങ്ങുവിലപ്രകാരം വെളിച്ചെണ്ണയ്ക്ക് കുറഞ്ഞത് 7500 രൂപയെങ്കിലും ലഭിക്കണം.
സംഭരണം ആരംഭിക്കാന്‍ സൊസൈറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അധികമാരും കൊപ്ര നല്‍കുന്നില്ലെന്നാണ് സംഭരണ ഏജന്‍സിയായ മാര്‍ക്കറ്റ്ഫെഡിന്റെ ചെയര്‍മാന്‍ വി സത്യശീലന്‍ പറയുന്നത്. സംഭരണത്തിന് കാലതാമസം നേരിട്ടതിനാല്‍ കിട്ടിയ വിലയ്ക്ക് ഇടനിലക്കാര്‍ക്കും മില്ലുകാര്‍ക്കും കര്‍ഷകര്‍ക്ക് കൊപ്ര വില്‍ക്കേണ്ടിവന്നുവെന്നാണ് സൂചന. ആറ് ലക്ഷത്തോളം ടണ്‍ കൊപ്ര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തുനിന്ന് കഴിഞ്ഞതവണ കേവലം 17,951 ടണ്‍ കൊപ്ര മാത്രമാണ് സംഭരിച്ചത്. ഇത്തവണ ഇതുപോലും സംഭരിക്കാന്‍ ഇടയില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രി ജി സുധാകരന്‍ എടുത്ത തീവ്രനടപടികള്‍ സ്വീകരിക്കാന്‍ ഇപ്പോഴുള്ളവര്‍ തയ്യാറാകാത്തതും സംഭരണം കുറച്ചതായി സത്യശീലന്‍ പറയുന്നു. ഭരണത്തിലെ വീഴ്ചതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്്. തങ്ങളുടെ ഉല്‍പ്പന്നമാണെന്ന് കൃഷിക്കാര്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും സംഭരണത്തിന് വിഘാതമാണെന്ന് ആക്ഷേപമുണ്ട്. നേരത്തെ കൊപ്രസംഭരണം കേരളത്തില്‍ മാത്രമായിരുന്നപ്പോള്‍ തമിഴ്നാട് കൊപ്ര ഇവിടെയെത്തിച്ച് പണം തട്ടിയിരുന്നു. ഇപ്പോള്‍ അവിടെയും സംഭരണമുള്ളപ്പോള്‍ തമിഴ്നാട്ടില്‍നിന്നും മറ്റുമുള്ള കൊപ്ര ഇങ്ങോട്ടു വരാന്‍ സാധ്യത കുറവാണെന്നും നിബന്ധന പിന്‍വലിക്കണമെന്നും ഒരുവിഭാഗം പറയുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയാല്‍ ഗുണം ഇടനിലക്കാര്‍ക്കായിരിക്കുമെന്ന ആക്ഷേപവുമുണ്ട്. കൊപ്ര പൊതുമാര്‍ക്കറ്റില്‍ നിന്നുതന്നെ സംഭരിക്കാന്‍ തയ്യാറാകണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
(ഷഫീഖ് അമരാവതി)
deshabhimani
No comments:
Post a Comment