Friday, July 12, 2013

പ്രതിപക്ഷ ആവശ്യം കെ സി ജോസഫ് ശരിവെക്കുന്നു: കോടിയേരി

സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന മന്ത്രി കെ സി ജോസഫിന്റെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ആവശ്യം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ഇതല്ലാതെ മറ്റൊരു വഴിയും മുഖ്യമന്ത്രിയുടെ മുന്നിലില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ വെയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ്. വിദഗ്ധ സമിതിയില്‍ സിപിഐ എം നിര്‍ദ്ദേശിക്കുന്ന ഒരാളെ ഉള്‍പ്പെടുത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനുള്ള മറുപടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയും.

സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എം എം ഹസനാണെന്നും കോടിയേരി പറഞ്ഞു. ഫിറോസിന് അനുകൂലമായി മുന്‍പും ഹസന്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ഇതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഐ ജിയെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ കള്ളപ്പരാതി കൊടുപ്പിക്കാന്‍ ശ്രമിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഐ ജി ടി ജെ ജോസിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ടെലിഫോണ്‍ രേഖാചോര്‍ച്ചക്ക് പിന്നിലെന്ന് മൊഴിനല്‍കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഐ ജി പറയുന്നു. ഈ ഉന്നതന്‍ ആരെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

No comments:

Post a Comment