Thursday, July 11, 2013

എം വി ജയരാജനെതിരായ കേസ് തള്ളി

പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജനെതിരെ കണ്ണൂര്‍ പൊലീസ് സ്വമേധയാ എടുത്ത കേസ് കോടതി തള്ളി. കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കോഴിക്കോട് അസിസ്റ്റന്റ് കമീഷണറായിരുന്ന രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എസ്എഫ്ഐ നടത്തിയ കൂട്ടായ്മയുടെ ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിനിടയാക്കിയത്. "യൂണിഫോം അഴിച്ചാല്‍ ഞാനും താങ്കളും ഒരുപോലെയാണ്" എന്നുതുടങ്ങിയ വാചകങ്ങള്‍ക്കെതിരെ കേരള പൊലീസ് ആക്ട് 117ഇ, ഐപിസി 116, 117 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തകന്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടയും വിധം പ്രവര്‍ത്തിച്ചു എന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ജയരാജനുവേണ്ടി ഹാജരായ അഡ്വ. ബി പി ശശീന്ദ്രന്‍ വാദിച്ചു. പ്രസംഗത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന് ദേഹോപദ്രവമോ,മറ്റോ ഏല്‍ക്കാത്തതിനാല്‍ ഐപിസി പ്രകാരമുള്ള കുറ്റാരോപണവും ബാധകമല്ല. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കെ കൃഷ്ണകുമാറാണ് കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. 2011 ഒക്ടോബര്‍ 19നാണ് കേസിന് ആസ്പദമായ സംഭവം.

deshabhimani

No comments:

Post a Comment