Wednesday, July 3, 2013

നീറ്റ ജലാറ്റിന്‍: മലിനീകരണം തടഞ്ഞില്ലെങ്കില്‍ ഡിവൈഎഫ്ഐ പ്രക്ഷോഭം

കാതികുടം നീറ്റ ജലാറ്റിന്‍ കമ്പനിയുടെ വായു ജല മലിനീകരണം തടയാന്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ബഹുജന സമരത്തിന് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ്. കമ്പനിയുടെ വായുജല മലിനീകരണം തടയാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കമ്പനി മാനേജ്മെന്റ് തയ്യാറാകണം. കമ്പനിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കണം. ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ദേശിച്ച 16 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരും മോണിറ്ററിങ് കമ്മിറ്റിയും ജാഗ്രത കാണിക്കണമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ കൂട്ടായ്മയില്‍ ബ്ലോക്ക് പ്രസിഡന്റ് പി എസ് സന്തോഷ് അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, ബ്ലോക്ക് സെക്രട്ടറി ഇ എ ജയതിലകന്‍, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടി കെ സതീശന്‍, സിപിഐ എം കാടുകുറ്റി ലോക്കല്‍ സെക്രട്ടറി സി ഡി പോള്‍സണ്‍, അന്നമനട ലോക്കല്‍ സെക്രട്ടറി വി വി ജയരാമന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment