Wednesday, December 11, 2013

യുഡിഎഫിനെ രക്ഷിക്കാന്‍ മാധ്യമങ്ങളുടെ കള്ളക്കഥ: പിണറായി

കാലിച്ചാനടുക്കം (കാസര്‍കോട്): അന്ത്യശ്വാസം വലിക്കുന്ന യുഡിഎഫിനെ രക്ഷിച്ചെടുക്കാന്‍ ചില വലതുപക്ഷ മാധ്യമങ്ങള്‍ അധാര്‍മികമായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏത്സമയവും വീഴുമെന്ന അവസ്ഥയാണ്. എങ്ങനെയെങ്കിലും പിടിച്ച് നിര്‍ത്താന്‍ പറ്റുമോയെന്ന ശ്രമത്തിന്റെ ഭാഗമായി യുഡിഎഫ് നേതാക്കള്‍ പടച്ചുണ്ടാക്കുന്ന കള്ളക്കഥകള്‍ ചില മാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെ പ്രചരിപ്പിക്കുകയാണ്. തന്റെ ഭര്‍ത്താവിനെ കാണാന്‍ എംഎല്‍എ കൂടിയായ കെ കെ ലതിക ജയിലില്‍ പോയത് വലിയ പാട്ടാക്കുന്ന മാധ്യമങ്ങള്‍ എന്തുതരം മാധ്യമ ധര്‍മമാണ് നിര്‍വഹിക്കുന്നതെന്നും പിണറായി ചോദിച്ചു.

കാലിച്ചാനടുക്കത്ത് സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസിന് നിര്‍മിച്ച പാട്യം ഗോപാലന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹനന്‍ മാസ്റ്റര്‍ ജയിലില്‍ കിടക്കുന്നത് രാഷ്ട്രീയ പകതീര്‍ക്കലിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് നേതാക്കളെ ജയിലില്‍ കിടത്തണമെന്ന വാശിയോടെ പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ക്കുന്നതുകൊണ്ടാണ് പുറത്തുവരാന്‍ പറ്റാത്തത്. തെറ്റൊന്നും ചെയ്തിട്ടല്ല. അദ്ദേഹത്തെ കാണാന്‍ ഭാര്യയും മകനും ജയിലില്‍ പോയത് വലിയ അപരാധമാണത്രെ. 10 മിനിറ്റേ സംസാരിച്ചുള്ളൂവെന്നതാണ് വലിയ സംഭവം. ജയില്‍ സന്ദര്‍ശിക്കുന്നവര്‍ ഇത്രസമയം കാണണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വരട്ട് ചൊറിവന്ന ചില മാധ്യമങ്ങളാണ് ഈ നെറികേട് പ്രചരിപ്പിക്കുന്നത്.

ഡിജിപി പറഞ്ഞത് എല്ലാവരും ഓര്‍ക്കണം. എംഎല്‍എ എന്ന നിലയില്‍ ലതികയ്ക്ക് കേരളത്തിലെ എല്ലാ തടവുകാരെയും കാണാനുള്ള അവകാശമുണ്ട്. ചന്ദ്രശേഖരന്‍ കേസില്‍ വിധി വരാനിരിക്കെ കോടതിയെ സ്വാധീനിക്കാനാണോ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന സംശയവും ഡിജിപി പ്രകടിപ്പിച്ചു. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ചേര്‍ന്ന് കള്ളക്കഥകള്‍ മെനയുന്നുവെന്നാണ് ഡിജിപി പറഞ്ഞതിന്റെ അര്‍ഥം. അത് ശരിവയ്ക്കുകയാണ് വലതുപക്ഷ മാധ്യമവാര്‍ത്തകള്‍. അന്ത്യശ്വാസം വലിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വെപ്രാളമാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഒരു ഭാഗത്ത് സ്വന്തം മുന്നണിയിലുള്ളവര്‍തന്നെ ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുന്നില്ല. മറുഭാഗത്ത് ജനവിരുദ്ധ ഭരണത്തിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധം. തറവേലകള്‍ കാണിച്ച് ഇതില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റുമോയെന്നാണ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും പിടിച്ചുനില്‍ക്കാന്‍ പറ്റില്ല- പിണറായി പറഞ്ഞു.

ലതികയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ല: പൊലീസ്

കോഴിക്കോട്: കെ കെ ലതിക എംഎല്‍എ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ ഉപയോഗിച്ചതായി ആരോപണമുള്ള മൊബൈല്‍ ഫോണുകള്‍ പുറത്തേക്ക് കടത്താനാണ് കെ കെ ലതിക ജയില്‍ സന്ദര്‍ശിച്ചതെന്ന സൂചന നല്‍കി മനോരമയില്‍ കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിഷേധവുമായി പൊലീസ് തന്നെ രംഗത്തെത്തിയത്. ലതിക ജില്ലാ ജയിലിലെത്തി ഭര്‍ത്താവ് പി മോഹനന് വസ്ത്രങ്ങള്‍ കൈമാറിയ ഡിസംബര്‍ രണ്ടിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. മോഹനന്‍ കൈവീശി നടന്നുവരുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. മുഖത്തും അസ്വാഭാവിക ഭാവമൊന്നും പ്രകടമല്ല. മുറിയില്‍വച്ച് ലതിക വസ്ത്രങ്ങള്‍ കൈമാറുക മാത്രമാണുണ്ടായത്. മോഹനന്‍ തിരിച്ച് നല്‍കുന്നതൊന്നും കണ്ടിട്ടില്ലെന്ന് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പൊലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

പി മോഹനന്‍ സെല്ലില്‍നിന്ന് ഇറങ്ങി ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയിലെത്തുന്നതുവരെയുള്ള ഒമ്പത് സിസിടിവി ദൃശ്യങ്ങളാണ് കസബ സിഐ എന്‍ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിച്ചത്. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഇതുവരെ തെളിയിച്ചിട്ടില്ല. കണ്ടെടുത്ത ഫോണുകളില്‍ ഫേസ്ബുക്ക് സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല. ഈ ഫോണ്‍ പ്രതികള്‍ ഉപയോഗിച്ചതിനും തെളിവില്ല. എന്നാല്‍, തെളിവുണ്ടെന്ന് തുടര്‍ച്ചയായി മനോരമയും മറ്റു മാധ്യമങ്ങളും പ്രചരിപ്പിക്കുകയാണ്.

പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ കോളുകളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചുവെന്ന മട്ടില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്കൊന്നും യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 60 ഫോണുകള്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയെന്ന മനോരമ വാര്‍ത്ത കണ്ട് ഞെട്ടിയെന്നായിരുന്നു കമീഷണര്‍ ദേശാഭിമാനിയോട് പറഞ്ഞത്. മനോരമ എഴുതുന്ന നുണ മറ്റു കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണ്.

ജയിലില്‍ മനുഷ്യാവകാശലംഘനത്തിന് മന്ത്രിയുടെ നിര്‍ദേശം: കോടിയേരി

കല്‍പ്പറ്റ: ജയിലുകളില്‍ അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത തരത്തിലുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തടവുകാരും മനുഷ്യരാണ്. ജയിലില്‍ കിടക്കുന്ന മോഹനന്‍മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ മനുഷ്യാവകാശം ലംഘിക്കാന്‍ ഏത് നിയമപ്രകാരമാണ് അഭ്യന്തരമന്ത്രി ഉത്തരവിട്ടതെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. വയനാട് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമന്ത്രി നിയമവിധേയമായേ പ്രവര്‍ത്തിക്കാവൂ. സിപിഐ എം നിരോധിക്കപ്പെട്ട സംഘടനയല്ല. ഭീകരപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടക്കുന്നവര്‍ക്ക് കിട്ടുന്ന സൗകര്യംപോലും മോഹനന് നിഷേധിച്ചത് ശരിയാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. കെ കെ ലതികക്ക് എംഎല്‍എയുടെ പാസ് പോരേ ജയില്‍ സന്ദര്‍ശിക്കാന്‍. യുഡിഎഫ് ഭരണം പരാജയമാണ്. സംസ്ഥാനത്ത് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ സംസ്ഥാനം വിടുകയാണ്. സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ച റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരളം വിടാന്‍ തീരുമാനിച്ചു. എന്നാല്‍ജനസമ്പര്‍ക്കവുമായി നടക്കുന്ന മുഖ്യമന്ത്രിക്ക് ഭരണം നോക്കാന്‍ സമയമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, മുഖ്യമന്ത്രിയെ നേരിട്ട് കണ്ടവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ ആനുകൂല്യങ്ങള്‍ അതേ കാറ്റഗറിയില്‍പ്പെട്ട എല്ലാവര്‍ക്കും ലഭ്യമാക്കണം. സ്വന്തം ഓഫീസ് പോലും ഭരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെങ്ങനെ നാട് ഭരിക്കാന്‍ കഴിയും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണം. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിക്കാന്‍ കെപിസിസി ഉപസമിതിയെ നിശ്ചയിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണ്. സംസ്ഥാനത്തെ എട്ട് കേന്ദ്ര മന്ത്രിമാരും 16 എംപിമാരും ജയന്തി നടരാജനെ കാണാന്‍ നേരിട്ട് പോകേണ്ടതിന് പകരം കമ്മറ്റിയെ വെച്ച് കബളിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനും ഒപ്പമുണ്ടായി.

വിചാരണത്തടവുകാര്‍ക്ക് ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനം: ജ. കെ ടി തോമസ്

ചങ്ങനാശേരി: വിചാരണത്തടവുകാര്‍ക്ക് ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദുകോളേജില്‍ മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തടവുകാരാണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനത്തിന് വിധേയരാവുന്നത്. സഞ്ചാരസ്വാതന്ത്ര്യം ഒഴിച്ച് മറ്റൊരു പൗരാവകാശവും തടവുകാര്‍ക്ക് നിഷേധിക്കാന്‍ പാടില്ല. വിചാരണത്തടവുകാര്‍ കുറ്റവാളികളല്ല. കുറ്റമാരോപിതര്‍ മാത്രമാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത് കടുത്ത നിയമലംഘനമാണ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതോ മറ്റ് തരത്തില്‍ ദുരുപയോഗം ചെയ്യുന്നതോ തടയാന്‍ നിരീക്ഷണസംവിധാനങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ജയിലുകളില്‍ ആയിരക്കണക്കിന് വിചാരണത്തടവുകാര്‍ ജാമ്യത്തില്‍ ഇറക്കാന്‍ ആളില്ലാത്തതിനാല്‍ ജീവിതകാലം മുഴുവന്‍ തടങ്കലില്‍ കിടക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളും മനുഷ്യാവകാശലംഘനത്തിന് വിധേയരാകുന്നു. ഏറ്റവും കൂടുതല്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഇന്ത്യയിലാണ്. ഇവിടെ നിയമങ്ങളില്ലാത്തതുകൊണ്ടല്ല, അത് നടപ്പാക്കാന്‍ തയ്യാറാവാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment