Monday, December 9, 2013

ഫോണ്‍ ഉപയോഗിച്ചത് തെളിഞ്ഞെന്ന് മനോരമയുടെ കള്ളക്കഥ

ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞെന്ന് മലയാള മനോരമ ഞായറാഴ്ച പ്രസിദ്ധീകരിച്ച മുഖ്യവാര്‍ത്ത കള്ളക്കഥയെന്ന് തെളിഞ്ഞു. ഒരു വര്‍ഷത്തിനിടെ പ്രതികള്‍ ജില്ലാ ജയിലിനുള്ളില്‍ ഉപയോഗിച്ചത് 60 മൊബൈല്‍ ഫോണുകളാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയെന്നായിരുന്നു മനോരമ വാര്‍ത്തയിലുള്ളത്. ഇങ്ങനെയൊരു വാര്‍ത്ത കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് കമീഷണര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. അന്വേഷണസംഘത്തിന് ഇത്തരത്തിലുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജയിലിനുള്ളിലെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍നിന്ന് കണ്ടെടുത്ത ഫോണ്‍ ചന്ദ്രശേഖരന്‍ കേസ് പ്രതികള്‍ ഉപയോഗിച്ചതാണെന്ന് തെളിഞ്ഞെന്ന പെരുംനുണയും മനോരമ തട്ടിവിട്ടിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച നമ്പറുകളുടെ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ലഭിച്ച ഐഎംഇഐ നമ്പറും ശനിയാഴ്ച കണ്ടെടുത്ത ഫോണിന്റെ ഐഎംഇഐ നമ്പറും ഒന്നാണെന്ന് തെളിഞ്ഞുവെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരുകോള്‍ ലിസ്റ്റും പൊലീസിന് കിട്ടിയിട്ടില്ല.

കേസ് വിചാരണ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ വിധിയെ സ്വാധീനിക്കാന്‍ മനോരമ ഇല്ലാക്കഥകള്‍ പടച്ചുവിടുകയാണ്. ആര്‍എംപി നേതാക്കളുമായും ആര്‍എംപിക്കാരായ പ്രോസിക്യൂഷന്‍ അഭിഭാഷകരുമായും ആലോചിച്ചാണ് ഓരോ ദിവസവും മനോരമയുടെ നുണ വാര്‍ത്തകള്‍. മനോരമ വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് കമീഷണറുടെ വെളിപ്പെടുത്തല്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍കൂട്ടിയുള്ള തിരക്കഥയ്ക്കനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം പൊളിയുന്നതിലുള്ള വേവലാതിയിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍.

പ്രോസിക്യൂഷന്റെ കള്ളക്കഥകള്‍ പ്രതിഭാഗം തുറന്നുകാട്ടുകയാണ്. ഇതില്‍ ആര്‍എംപി സംഘം വേവലാതിയിലാണ്. സെപ്റ്റിക് ടാങ്ക് പൈപ്പില്‍നിന്ന് കിട്ടിയ ഫോണ്‍ ചന്ദ്രശേഖരന്‍ കേസ് പ്രതികള്‍ ഉപയോഗിച്ചതാണെന്ന് "തെളിഞ്ഞ"തിനെത്തുടര്‍ന്ന് ജയിലിലെ മുഴുവന്‍ സെപ്റ്റിക് ടാങ്കുകളും ബയോഗ്യാസ് പ്ലാന്റും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചെന്ന നുണയും മനോരമയിലുണ്ട്. കസബ സിഐ എന്‍ ബിശ്വാസിനാണ് അന്വേഷണച്ചുമതല. ഞായറാഴ്ച ജയില്‍ ജീവനക്കാരില്‍നിന്ന് അദ്ദേഹം മൊഴിയെടുത്തു. സെപ്റ്റിക് ടാങ്കുകളും ബയോഗ്യാസ് പ്ലാന്റും വൃത്തിയാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ജയില്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണുണ്ടായതെന്ന് സിഐ പറഞ്ഞു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് സിസിടിവി ദൃശ്യങ്ങളില്‍ ഇല്ലെന്ന് ജയില്‍ ഡിജിപിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ് തന്നെ വ്യക്തമാക്കിയതാണ്.

No comments:

Post a Comment