Monday, December 9, 2013

ക്യാമറ നീക്കാന്‍ ഉത്തരവില്ലെന്ന് മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട് ജയിലിലെ 91 നിരീക്ഷണ ക്യാമറകളില്‍ 37 എണ്ണം അഴിച്ചുമാറ്റിയത് സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശാനുസരണമാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്ക് അടിസ്ഥാനമായ കമീഷന്‍ ഉത്തരവ് രണ്ടാഴ്ചയ്ക്കകം കമീഷനില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാരിന് നോട്ടീസയച്ചു. ഇതു സംബന്ധിച്ച് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ കമീഷന്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജയില്‍ ഡിജിപിക്കും നോട്ടീസയച്ചു. ആഭ്യന്തരമന്ത്രിയുടെ അറിവിലേക്കായി പ്രൈവറ്റ് സെക്രട്ടറിക്കും നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ ജയിലുകളില്‍നിന്ന് ക്യാമറകള്‍ നീക്കണമെന്ന് ഒരു പരാതിയും കമീഷന് ലഭിച്ചിട്ടില്ല. കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ താനോ, കമീഷന്‍ അംഗങ്ങളായ ആര്‍ നടരാജനോ കെ ഇ ഗംഗാധരനോ ക്യാമറകള്‍ നീക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ല. കമീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ സാന്നിധ്യത്തിലാണ് ജയിലിലെ ക്യാമറകള്‍ നീക്കിയതെന്ന് ആഭ്യന്തരമന്ത്രിയെ ഉദ്ധരിച്ച് വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കെ ഇ ഗംഗാധരന്‍ അറിയിച്ചതായി ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. കമീഷന്റെ റെക്കോഡുകളിലും ഇത്തരമൊരു ഉത്തരവ് ഇല്ല. ഈ പശ്ചാത്തലത്തില്‍ കേസിന്റെ നമ്പരോ ഉത്തരവോ ഉടന്‍ നല്‍കണമെന്നും അത്തരമൊരു ഉത്തരവ് ഇല്ലെങ്കില്‍ ജനങ്ങള്‍ക്കുണ്ടായ സംശയം ദൂരീകരിക്കാന്‍ പത്ര, ദൃശ്യമാധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment