Tuesday, December 17, 2013

വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ വിപുല പ്രചാരണം

വിലക്കയറ്റത്തിനും അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിപുലമായ പ്രചാരണപ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാനഘടകങ്ങളോടും സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. ഭക്ഷ്യസുരക്ഷ, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങളും ഉയര്‍ത്തും. ഓരോ സംസ്ഥാനത്തെയും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രാദേശികതലത്തില്‍ ഏറ്റെടുക്കണമെന്നും അഗര്‍ത്തലയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറക്കിയ കമ്യൂണിക്കെ നിര്‍ദേശിച്ചു.

വര്‍ഗീയതയ്ക്കെതിരെ ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്റെ തുടര്‍ച്ചയായി വിപുലമായ തോതില്‍ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ അണിനിരത്തി രാജ്യമെങ്ങും വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷനും റാലിയും സംഘടിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. അസം, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ടി മത്സരിക്കേണ്ട സീറ്റുകള്‍ തീരുമാനിച്ചു.

ചില മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി ധാരണയ്ക്കും സീറ്റ് പങ്കിടലിനുമുള്ള നീക്കം തുടരുകയാണ്. തെരഞ്ഞെടുപ്പിന് സംഘടനാപരമായി തയ്യാറെടുക്കാന്‍ സംസ്ഥാനകമ്മിറ്റികള്‍ക്ക് നിദേശം നല്‍കി. രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് നേരിട്ടത്. കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹിയിലും രാജസ്ഥാനിലും അവര്‍ തുടച്ചുനീക്കപ്പെട്ടു. വിലക്കയറ്റം, ഉന്നതതല അഴിമതി, മറ്റ് ജനവിരുദ്ധനയങ്ങള്‍ എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസിനോടും കേന്ദ്രസര്‍ക്കാരിന്റെ നിരാശാജനകമായ പ്രകടനത്തോടുമുള്ള രോഷമാണ് ജനവിധിയില്‍ പ്രകടമായത്. മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച ബിജെപിക്ക് ഇതിന്റെ നേട്ടം ലഭിച്ചു.

ബിജെപി 10 വര്‍ഷം ഭരിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അഴിമതിയും ദുര്‍ഭരണവും പ്രകടമായിരുന്നിട്ടും ജനങ്ങള്‍ കോണ്‍ഗ്രസിനെ സ്വീകാര്യമായ ബദലായി കണ്ടില്ല. കോണ്‍ഗ്രസിനും ബിജെപിക്കും പകരം പ്രായോഗിക ബദലുണ്ടെങ്കില്‍ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം. 28 സീറ്റില്‍ ആംആദ്മി പാര്‍ടിയുടെ വിജയം ഇതാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും പ്രധാന എതിരാളികളായി ധ്രുവീകരണം നിലനിന്ന നാല് സംസ്ഥാനങ്ങളാണ് ഇവ. കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും തമ്മിലോ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലോ മത്സരം നടക്കുന്ന ഭൂരിപക്ഷം വരുന്ന മറ്റ് സംസ്ഥാനങ്ങളിലും ത്രികോണ മത്സരങ്ങള്‍ നടക്കുന്ന ചിലയിടങ്ങളിലും സ്ഥിതി ഇതല്ല. അതുകൊണ്ട് ബിജെപിയുടെ ജയം ദേശീയ സ്വഭാവമുള്ളതല്ല. അതിനാല്‍ ജനങ്ങളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ ഗുണഭോക്താക്കള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളായിരിക്കും-കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment