Friday, December 6, 2013

ആധാറുമായി സഹകരിക്കുന്ന കമ്പനിക്ക് സിഐഎ ബന്ധം

ആധാര്‍ പദ്ധതിയുമായി സഹകരിക്കുന്ന യുഎസ് കമ്പനിക്ക് അമേരിക്കയുടെ എല്ലാ ചാര- രഹസ്യാന്വേഷണ ഏജന്‍സികളുമായും ബന്ധം. ന്യൂയോര്‍ക്ക് കേന്ദ്രമായ മോംഗോ ഡിബി എന്ന കമ്പനിയാണ് ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിക്ക് (യുഐഡിഎഐ) ആധാര്‍ വിവരശേഖരണത്തിനുള്ള സോഫ്റ്റ്വെയര്‍ നല്‍കുന്നത്. കുപ്രസിദ്ധ അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ നിക്ഷേപകസ്ഥാപനമായ ഇന്‍ക്യുടെല്ലില്‍നിന്ന് പണം ലഭിക്കുന്ന കമ്പനിയാണിത്. അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി, ആഭ്യന്തരസുരക്ഷ ശാസ്ത്ര- സാങ്കേതിക ഡയറക്ടറേറ്റ്, ദേശീയ ഭൗമശാസ്ത്ര രഹസ്യാന്വേഷണ ഏജന്‍സി എന്നിവയുമായും മോംഗോ ഡിബി സഹകരിക്കുന്നു.

2007ല്‍മാത്രം സ്ഥാപിതമായ മോംഗോ ഡിബി അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്. വിവരശേഖരണത്തിനുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിലാണ് കമ്പനിക്ക് വൈദഗ്ധ്യം. അമേരിക്ക മറ്റു രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വിക്കിലീക്സും എഡ്വേര്‍ഡ് സ്നോഡനും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം സംശയകരമാണ്. സിഐഎ ആഭ്യന്തരമായും രാജ്യാന്തരതലത്തിലും നടത്തുന്ന വിവരശേഖരണത്തിന് സഹായം നല്‍കണമെന്ന വ്യവസ്ഥയിലാണ് കമ്പനിക്ക് ഫണ്ട് നല്‍കുന്നതെന്ന് മോംഗോ ഡിബിയുടെ വെബ്സൈറ്റ് പറയുന്നു. രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളെ ഒഴിവാക്കിയാണ് മോംഗോ ഡിബിയുമായി കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചമുമ്പ് കരാര്‍ ഒപ്പിട്ടത്. ഇക്കാര്യം രഹസ്യമാക്കിവയ്ക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കേന്ദ്രം പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, ആധാര്‍സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ആധാര്‍ രജിസ്ട്രേഷന്‍ നടത്തണോ എന്നു പൗരന്മാര്‍ക്ക് സ്വയം തീരുമാനിക്കാമെന്നാണ് ആസൂത്രണ കമീഷന്‍ പറഞ്ഞത്. സര്‍ക്കാര്‍ സേവനങ്ങളും സബ്സിഡികളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതോടൊപ്പമാണ് ഈ വിശദീകരണം. പ്രതിദിനം 11 ലക്ഷം ആധാര്‍ നമ്പരാണ് നല്‍കുന്നത്. ഏതാനും മാസങ്ങള്‍ക്കകം ആധാര്‍ ലഭിച്ചവരുടെ എണ്ണം 60 കോടിയാകും. ആധാര്‍ എടുക്കണോ എന്ന് സ്വയം തീരുമാനിക്കാമെന്നും അതേസമയം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാമെന്നും വിശദീകരണത്തില്‍ തുടരുന്നു. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവടയക്കം പല രേഖകളും രാജ്യത്ത് നിലവിലിരിക്കെ ഇത്തരമൊരു തിരിച്ചറിയല്‍ സംവിധാനത്തിന്റെ ആവശ്യമെന്തെന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല.

ആധാറിലെ യുഎസ് ബന്ധം ആശങ്കാജനകം: പിബി

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി(യുഐഡിഎഐ) സിഐഎയ്ക്ക് നിക്ഷേപമുള്ള അമേരിക്കന്‍ കമ്പനിയുമായി പ്രവര്‍ത്തനബന്ധം പുലര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ആധാര്‍ രജിസ്ട്രേഷന്റെ വിവരശേഖരം കൈകാര്യംചെയ്യാനുള്ള സോഫ്റ്റ്വെയര്‍ നല്‍കുന്നത് മോംഗോ ഡിബി എന്ന അമേരിക്കന്‍ കമ്പനിയാണെന്ന് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഐഎയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്. വിദേശകമ്പനികളുമായുള്ള ബന്ധം ഉടന്‍ അവസാനിപ്പിക്കണം.ആധാര്‍ പദ്ധതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി, ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുംവരെ പദ്ധതി നിര്‍ത്തിവയ്ക്കണം.

ആധാറിനുവേണ്ടി എല്‍-1 ഐഡന്റിറ്റി സൊല്യൂഷന്‍സ് എന്ന അമേരിക്കന്‍ കമ്പനിയുമായും മറ്റൊരു ഫ്രഞ്ച് കമ്പനിയുമായും യുഐഡിഎഐ മുമ്പും കരാറുണ്ടാക്കിയിരുന്നു. മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരുടെയും വ്യക്തിഗതവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ആധാറിലൂടെ ഇത്തരം കമ്പനികള്‍ വഴി അമേരിക്കയ്ക്ക് ലഭ്യമാകും. ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ വഴി അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് എഡ്വേര്‍ഡ് സ്നോഡെന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചതാണ്. ഇന്ത്യന്‍ പൗരന്മാരുടെ നിര്‍ണായക വിവരങ്ങള്‍ ഈ ബന്ധത്തിലൂടെ കേന്ദ്രസര്‍ക്കാരും യുഐഡിഎഐയും വിട്ടുകൊടുക്കുകയാണ്. നിയമപരമായി സാധുതയില്ലാത്തതാണ് ആധാര്‍ വിവരശേഖരണം. സാമൂഹികസേവന പദ്ധതി ആനുകൂല്യവും സബ്സിഡികളും ലഭിക്കുന്നതിന് ആധാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നു-പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment