Friday, December 6, 2013

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

ഇരുപതാം നൂറ്റാണ്ടിന്റെ വീരേതിഹാസം നെല്‍സണ്‍ മണ്ടേല അന്തരിച്ചു. 95 വയസായിരുന്നു. പ്രസിഡന്റ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടിവിയിലൂടെയാണ് മണ്ടേലയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വര്‍ണവിവേചനത്തിനെതിരെ കറുത്തവന്റെ വിമോചന പോരാട്ടം നയിച്ച മണ്ടേല ജീവിതത്തില്‍ നിന്ന് മറയുമ്പോള്‍ അസ്തമിക്കുന്നത് രണ്ടു നൂറ്റാണ്ടുകളെ ചരിത്രത്തില്‍ ജ്വലിപ്പിച്ച കറുത്ത സൂര്യന്‍.

കാരാഗൃഹഭിത്തികള്‍ക്ക് തടുക്കാനാകാത്ത സ്വാതന്ത്ര്യമോഹത്തിന്റെ പ്രതീകമായി, കാപ്പിരിയുടെ വിമോചന സ്വപ്നങ്ങളെ ചുകപ്പിച്ച മണ്ടേല 1994ല്‍ ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്റായത് കാലത്തിന്റെ മറ്റൊരു സൗഭാഗ്യം. 1993ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിലൂടെയും മണ്ടേല ആദരിക്കപ്പെട്ടു. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നശേഷം സ്ഥാനം ഒഴിഞ്ഞ് ജന്മഗ്രാമമായ ഖുനുവില്‍ വിശ്രമജീവിതം നയിക്കവെയാണ ലോകത്തോട് വിടപറഞ്ഞത്.

നെല്‍സണ്‍ റോലിഹ് ലാല മണ്ടേല എന്നാണ് മുഴുവന്‍ പേര്. 1962ല്‍ വെള്ളക്കാരുടെ ഭരണകൂടം ഒലിവര്‍ ടാംബോയോടൊപ്പം മണ്ടേലയെ അറസ്റ്റ് ചെയ്തതോടെ കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ ചരിത്രഗതി നിര്‍ണയിക്കപ്പെടുകയായിരുന്നു. ജീവപര്യന്തം തടവ്. 1982 വരെ റോബന്‍ ദ്വീപിലെ ജയിലറയിലായിരുന്നു. 1982ല്‍ കേപ് ടൗണിലെ വെളിച്ചം കടക്കാത്ത ജയിലിലേക്ക് മാറ്റപ്പെട്ടു. ലോകത്തില്‍ ഏറ്റവും അധികം ജയില്‍ശിക്ഷ അനുഭവിച്ച രാഷ്ട്രീയ തടവുകാരനാണ് മണ്ടേല. ഇരുപത്തേഴര വര്‍ഷത്തെ ജയില്‍വാസം. ലോകവ്യാപകമായ പ്രക്ഷോഭത്തിനൊടുവില്‍ 1990 ഫെബ്രുവരി 11ന് ദൈര്‍ഘ്യമേറിയ ജയില്‍വാസത്തിന് അവസാനമായി. 1994 മെയ് ഒമ്പതിന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു. അഞ്ചു വര്‍ഷത്തിനുശേഷം 81-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തില്‍നിന്ന് വിരമിച്ചു.

എ എന്‍ സി ദേശീയ നിര്‍വാഹക സമിതി അംഗം, ദേശീയ പ്രവര്‍ത്തക സമിതി അംഗം എന്നീ പദവികളും വഹിച്ചു. 1948ല്‍ ദക്ഷിണാഫ്രിക്കന്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായി. 1950ല്‍ സംഘടനയുടെ പ്രസിഡന്റായി. 1952ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ട്രാന്‍സ്വാള്‍ പ്രസിഡന്റായി. അതേവര്‍ഷം ഡെപ്യൂട്ടി നാഷണല്‍ പ്രസിഡന്റ് പദവിയിലെത്തിയ മണ്ടേല 1991ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി.

പതിനെട്ടാം വയസ്സില്‍ ഇവ്ലിനെ വിവാഹംചെയ്തു. 1950വരെ നീണ്ട വിവാഹജീവിതത്തില്‍ നാലു മക്കള്‍. 1958ല്‍ സഹപ്രവര്‍ത്തകയായ വിന്നിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ടുമക്കള്‍. 1992വരെ ആ ബന്ധം തുടര്‍ന്നു. 80-ാം പിറന്നാള്‍ ദിനത്തില്‍ മുന്‍ മൊസംബിക് പ്രസിഡന്റ് സമോറാ മാഷേലിന്റെ വിധവ ഗ്രേക്കയെ വിവാഹം കഴിച്ചു. അഞ്ചു ദശകങ്ങള്‍ നീണ്ട മണ്ടേലയുടെ സമരഭരിത ജീവിതം ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചു.

No comments:

Post a Comment