Sunday, September 13, 2020

സെപ്തംബർ 17 മുതൽ 22 വരെ സിപിഐ എമ്മിന്റെ രാജ്യവ്യാപകപ്രതിഷേധം

 ന്യൂഡൽഹി > അടിയന്തരമായ നാല് ആവശ്യം ഉന്നയിച്ച് സെപ്തംബർ 17 മുതൽ 22 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ആഹ്വാനം ചെയ്തു.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ  അടുത്ത ആറ് മാസത്തേയ്ക്ക് ഓരോ മാസവും 7,500 രൂപ വീതം നിക്ഷേപിക്കണം. ആവശ്യക്കാരായ എല്ലാവർക്കും ഓരോ മാസവും 10 കിലോഗ്രാം വീതം വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം പ്രതിവർഷം  200 തൊഴിൽ ദിനമെങ്കിലും ഉയർന്ന വേതനത്തിൽ ലഭ്യമാക്കണം. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ നിയമം കൊണ്ടുവരണം. എല്ലാ തൊഴിൽരഹിതർക്കും വേതനം നൽകണം.

ഭരണഘടനയെ സംരക്ഷിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയും ചെയ്യണം. രാജ്യത്ത് വർഗീയധ്രുവീകരണം വളർത്തുന്ന നയങ്ങളാണ് ബിജെപി സർക്കാർ നടപ്പാക്കുന്നതെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജനങ്ങളുടെ ജനാധിപത്യഅവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും എതിരായി വലിയ ആക്രമണം നടക്കുന്നു. സ്ത്രീകൾ, ദളിതർ, ആദിവാസികൾ, പാർശ്വവൽക്കരിക്കപ്പട്ട വിഭാഗങ്ങൾ എന്നിവർക്കുനേരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നു. സ്വകാര്യവൽക്കരണം വഴി രാജ്യത്തിന്റെ ആസ്തി ദേശീയ--വിദേശ കുത്തകകൾക്ക് കൈമാറുന്നു. തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്നു. അംബാനിമാർക്കും അദാനിമാർക്കും മാത്രമാണ് മോഡിസർക്കാർ വഴി നേട്ടങ്ങൾ ലഭിക്കുന്നത് യെച്ചൂരി പറഞ്ഞു.

സ്വർണകള്ളക്കടത്ത് കേസ് കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നതെന്നും ശരിയായ അന്വേഷണം വഴി കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കട്ടേയെന്നും യെച്ചൂരി പ്രതികരിച്ചു.  ഇക്കാര്യം സംസ്ഥാന സർക്കാരും പാർടി സംസ്ഥാന ഘടകവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രക്ഷോഭത്തിൽ പങ്കെടുത്തു, അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്: യെച്ചൂരി

ന്യൂഡൽഹി > ഫെബ്രുവരിയിലുണ്ടായ വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ് ഡൽഹി പൊലീസ് ചെയ്യുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്--അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച് മുസ്ലിംന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത് അനുവദിക്കാൻ കഴിയില്ല. സർക്കാർ ഭീരുത്വപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ് ഡൽഹി പൊലീസ് നടപ്പാക്കുന്നത്. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്  കലാപം തുടങ്ങിയത്. കലാപാഹ്വാനം നൽകിയ കേന്ദ്രധനസഹമന്ത്രിക്കെതിരെ കേസില്ല.   കുറ്റപത്രത്തിൽനിന്ന് തന്റെ പേര് നീക്കിയതായി പൊലീസ് അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

No comments:

Post a Comment