Wednesday, September 16, 2020

രാജിവെക്കേണ്ടത് വി മുരളീധരൻ; കോൺഗ്രസും ലീഗും ഒരു വാക്ക് പോലും മിണ്ടുന്നില്ല: എ എ റഹീം

 കൊച്ചി > സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടത് കേന്ദ്രസഹമന്ത്രി വി മുരളീധരനാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 21 തവണയാണ് നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയത്. ഇതിൽ കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായമുണ്ട്. തീവ്രവാദത്തിനുവേണ്ടിയണ് കള്ളക്കടത്ത് നടന്നത്. ഇതൊന്നും തുറന്നുപറയാനുള്ള ധൈര്യം കോൺഗ്രസിനും മുസ്ലിം ലീനും ഇല്ലെന്നും റഹീം ആരോപിച്ചു.

സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ് വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്. വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്‌ഐ ശക്തമാക്കും.

ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്‌കരിച്ച ഗൂഢപദ്ധതിയിൽ കോൺഗ്രസ്സും ലീഗും ഭാഗമാവുകയാണ്. മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ വരെ ശ്രമം നടന്നു. ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട. അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങൾ എന്ന് നാടിനറിയാമെന്നും റഹീം പറഞ്ഞു.

കേന്ദ്ര സഹമന്ത്രിയുടെ യാത്രയിൽ ദുരൂഹത ; സ്വന്തം വീടൊഴിവാക്കി രാജ്‌ഭവനിൽ തങ്ങിയതെന്തിന്‌

സ്വർണക്കടത്ത്‌ കേസിൽ അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതിന്‌ പിന്നാലെ കൊച്ചിയിലേക്കും അവിടെനിന്ന്‌ തിരുവനന്തപുരത്തുമെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ  യാത്രയിൽ ദുരൂഹത. തിരുവനന്തപുരത്തെ  വീട്‌ അടച്ചിട്ട്‌ കേന്ദ്രമന്ത്രി രാജ്‌ഭവനിൽ താമസിച്ചതാണ്‌ ഇന്റലിജൻസ്‌ വൃത്തങ്ങളിൽ സംശയം ജനിപ്പിച്ചിരിക്കുന്നത്‌.

ആഗസ്‌ത്‌ 27നാണ്‌ അനിൽ നമ്പ്യാരെ കൊച്ചിയിൽ വിളിച്ചുവരുത്തി കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌. അന്ന്‌ തന്നെ തിരക്കിട്ട്‌ മന്ത്രി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. 29ന്‌ രാത്രിയിൽ  എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വച്ച്‌  ചില ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ചയും നടത്തി ‌.

പിറ്റേന്ന്‌ രാത്രി തന്നെ തിരുവനന്തപുരത്തെത്തിയ മന്ത്രി ഉള്ളൂരിലെ വീട്ടിൽ താമസിക്കാതെ അന്നും പിറ്റേന്നും രാജ്‌ഭവനിലെ ഗസ്‌റ്റ്‌ഹൗസിലാണ്‌ കഴിഞ്ഞത്‌. സ്വന്തം വീട്‌ ഒഴിവാക്കി രാജ്‌ഭവൻ ഗസ്‌റ്റ്‌ഹൗസ്‌ തെരഞ്ഞെടുത്തതിന്‌ പിന്നിൽ മറ്റ്‌ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ്‌ ഇന്റലിജൻസ്‌ കേന്ദ്രങ്ങളുടെ സംശയം.

രാജ്‌ഭവനിലെ അതിഥി മന്ദിരത്തിൽ സാധാരണ കേന്ദ്രമന്ത്രിമാർ താമസിക്കാറില്ല.  ഇത്‌ യാത്ര ഔദ്യോഗികമാക്കി തെറ്റിദ്ധരിപ്പിക്കാനാണെന്നാണ്‌ ഇന്റലിജൻസ്‌ വൃത്തങ്ങൾ പറയുന്നത്‌.

എല്ലാം ചീറ്റി ; യുഡിഎഫ്‌ ബിജെപി ആരോപണം തള്ളി കേന്ദ്രം , ജലീലിന്‌ ഇഡിയുടെ ക്ലീൻ ചിറ്റ്‌

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന യുഡിഎഫ്‌–- ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ യുഡിഎഫ്‌ എംപിമാരായ അടൂർ പ്രകാശ്‌, കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ്‌ സംസ്ഥാന സർക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്‌. എന്നാൽ, മറുപടിയിൽ ഇവരുടെ ആരോപണം ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഡി കൈയോടെ തള്ളി. സ്വർണക്കടത്ത്‌ കേസിന്റെ വിശദാംശങ്ങൾ എന്താണ്‌, ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്ക്‌ എത്രത്തോളം, ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെ‌യാണ്‌ എന്നീ ചോദ്യങ്ങളാണ്‌  ചോദിച്ചത്‌. മറുപടിയിൽ എൻഐഎ അന്വേഷണം തുടരുന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന ആരോപണം പരാമർശിച്ചതുപോലുമില്ല.

ജലീലിന്‌ ഇഡിയുടെ ക്ലീൻ ചിറ്റ്‌

മന്ത്രി കെ ടി ജലീലിന്റെ മൊഴികൾ തൃപ്‌തികരമാണെന്നും ഇനി മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. യുഎഇ കോൺസുലേറ്റിൽനിന്ന്‌ എത്തിച്ച ഖുർആൻ വിതരണത്തെയും മന്ത്രിയുടെ സ്വത്തിനെയും കുറിച്ച്‌‌ അന്വേഷിക്കണമെന്ന പരാതിയിലാണ്‌  മൊഴിയെടുത്തത്‌‌‌. രണ്ടിലും മന്ത്രി നൽകിയ മൊഴിയും ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തമ്മിൽ പൊരുത്തക്കേടില്ലാത്തതിനാൽ വീണ്ടും മൊഴിയെടുക്കേണ്ടതില്ല എന്ന്‌ ഉദ്യോഗസ്ഥർ. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന്‌ പറഞ്ഞിട്ടില്ല

മന്ത്രി കെ ടി ജലീലിന്‌ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന്‌ യുഡിഎഫോ താനോ പറഞ്ഞിട്ടില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോയെന്നാണ്‌ അറിയേണ്ടതെന്നും ജലീലിന്റെ വസ്തുവകകളെപ്പറ്റി തങ്ങൾക്ക്‌ ഒരു ആരോപണവുമില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംബസികളിൽനിന്ന്‌ ഇത്തരം സഹായങ്ങൾ സ്വീകരിക്കാനാകുമോ, കോൺസുലേറ്റുമായി നേരിട്ട്‌ ബന്ധപ്പെടാമോ തുടങ്ങിയവയിലാണ്‌ സംശയം. മന്ത്രി പറയുന്നതല്ലാതെ ഇന്നുവരെ അതിലെന്താണെന്ന് ആർക്കും അറിയില്ല. അല്ലെങ്കിൽ ഇഡിയുടെ വക്താവ് പറയട്ടെയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ ചെന്നിത്തല പ്രതികരിച്ചു

ബിജെപി പ്രതിഷേധത്തിനിടയിൽ തമ്മിൽത്തല്ല്

ബിജെപിയുടെ അക്രമ സമരത്തിനിടയിൽ ചേരിതിരിഞ്ഞു തമ്മിൽത്തല്ലും. ശക്തികുളങ്ങരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിലാണ്‌ പ്രവർത്തകർ തമ്മിലടിച്ചത്. മന്ത്രി കെ ടി ജലീലിനെതിരെ പോർവിളിയുമായി ശക്തികുളങ്ങരയിലെ രണ്ടു മുതിർന്ന  ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ രാമൻകുളങ്ങരയിൽനിന്ന് ആരംഭിച്ച പ്രകടനം കാവനാട്ട്‌ എത്തിയപ്പോൾ ശക്തികുളങ്ങര നോർത്തിൽനിന്ന് പ്രത്യേകം പ്രകടനമായെത്തിയ ബിജെപി സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു. നോർത്തിൽനിന്ന്‌ എത്തിയ സംഘം മുതിർന്ന നേതാവിന്റെ മുണ്ട് വലിച്ചഴിക്കുകയും മർദിക്കുകയും ചെയ്തു. ശക്തികുളങ്ങര പൊലീസെത്തി ഇരുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു.

"വി മുരളീധരൻ രാജിവെക്കുക'; വെള്ളിയാഴ്ച്ച കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ്ണ

തിരുവനന്തപുരം > 'സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി മുരളീധരൻ രാജിവെക്കുക' എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളിയാഴ്ച്ച ധർണ്ണ നടത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയതോടെ ഇനിയും മന്ത്രിപദവിയിൽ തുടരാനുള്ള അർഹത വി മുരളീധരനില്ല. ആഭ്യന്തര മന്ത്രാലയവും എന്.ഐ.എയും നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്ണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവർത്തിച്ചുകൊണ്ടിരുന്ന വി മുരളീധരൻ അന്വേഷണത്തെ അട്ടിമറിക്കാന് ബോധപൂര്വ്വം നടത്തിയ ഇടപെടല് തന്നെയാണിതെന്ന് ഉറപ്പായി.

കൂടാതെ ബിജെപി അനുകൂല ചാനൽ മേധാവി അനിൽ നമ്പ്യാർ സ്വപ്ന സുരേഷിനോട്, സ്വർണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു. കേസ് പുറംലോകമറിയുന്നതിന് മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. മാത്രവുമല്ല, കോൺസുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയും തയ്യാറാക്കി നൽകാമെന്നും അനിൽ പറഞ്ഞതായാണ് മൊഴി പുറത്തുവന്നിട്ടുള്ളത്.

ഇത്തരത്തിൽ നയതന്ത്രപരമായ കത്തുകൾ തയ്യാറാക്കാൻ നയന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതു കൊണ്ടാകാം അനിൽ ഇത്തരമൊരു ഉപദേശം നൽകിയത്. മാത്രവുമല്ല ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനൽ മേധാവിയെത്തന്നെയാണ്. ഇതെല്ലാം വി മുരളീധരനിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ധർണ്ണ സംഘടിപ്പിക്കുക എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

No comments:

Post a Comment