സ്വർണക്കടത്ത് കേസിൽ പ്രധാനി എന്ന് അന്വേഷണ ഏജൻസികൾ ആവർത്തിച്ച് വ്യക്തമാക്കിയ അഞ്ചാംപ്രതി കെ ടി റമീസിന് ജാമ്യം ലഭിച്ചത് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ. അറസ്‌റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാൻ കസ്‌റ്റംസിന് കഴിയാത്തതാണ് ജാമ്യം കിട്ടാൻ കാരണം. ആദ്യഘട്ടത്തിൽ അതിവേഗം അന്വേഷണം മുന്നോട്ടുനീക്കിയ കസ്‌റ്റംസിൽ അടിക്കടിയുണ്ടായ സ്ഥലം മാറ്റവും അനധികൃത ഇടപെടലുമാണ് കുറ്റപത്രം വൈകിപ്പിച്ചത്.
കേസിൽ ആദ്യം പിടിയിലായ സരിത്തും സ്വപ്‌ന സുരേഷും സന്ദീപ് നായരും നൽകിയ മൊഴിയിലൂടെയാണ് കസ്‌റ്റംസിന് പെരിന്തൽമണ്ണ സ്വദേശി റമീസിനെക്കുറിച്ചുള്ള വിവരം കിട്ടിയത്. കുറ്റവാളികൾ ഉൾപ്പെട്ട വലിയ സംഘം എപ്പോഴും റമീസിനൊപ്പം ഉണ്ടായിരുന്നെന്നും കള്ളക്കടത്ത് ആസൂത്രണം ചെയ്യാനും നയതന്ത്ര ബാഗേജിൽ എത്തുന്ന സ്വർണം ആവശ്യക്കാർക്ക് കൈമാറാനും നേതൃത്വം നൽകിയത് റമീസാണെന്നുമാണ് മറ്റു പ്രതികൾ മൊഴിനൽകിയത്. വിദേശത്തും ഇയാൾക്ക് അധോലോകബന്ധങ്ങൾ ഉള്ളതായും മറ്റു പ്രതികൾ പറഞ്ഞു. ലോക്ക്‌ഡൗൺ മുതലാക്കി കൂടുതൽ സ്വർണം എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും റമീസാണെന്ന് മൊഴിയുണ്ട്. തുടർന്ന് ജൂലൈ 12നാണ് കസ്‌റ്റംസ് റമീസിനെ അറസ്‌റ്റ് ചെയ്‌തത്.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ചാക്കീരി അഹമ്മദുകുട്ടിയുടെ കൊച്ചുമകനുമാണ് റമീസ്. കസ്‌റ്റംസ് സ്വർണം പിടികൂടുമ്പോൾ റമീസ് തിരുവനന്തപുരത്തുണ്ടായിരുന്നു. സരിത്തും സ്വപ്‌നയും സന്ദീപ് നായരുമായി കൂടിക്കാഴ്‌ച നടത്തി ബാഗേജ് വിട്ടുകിട്ടാനുള്ള നീക്കങ്ങൾ നടത്തിയത് റമീസാണ്. എൻഐഎ കേസെടുത്തതിനെ തുടർന്ന് ജൂലൈ 27ന് അറസ്‌റ്റ് രേഖപ്പെടുത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കള്ളക്കടത്ത് കേസിലെ പ്രധാനിയെന്നാണ് റമീസിനെ വിശേഷിപ്പിച്ചത്.
സ്വർണക്കടത്ത് കേസിലെ അന്വേഷണം അതിവേഗം പൂർത്തിയാകുന്നതിന്റെ സൂചനകളാണ് ആദ്യഘട്ടത്തിൽ കസ്‌റ്റംസ് നൽകിയിരുന്നത്. വിദേശത്തുള്ള പ്രതികളെക്കൂടി ചോദ്യംചെയ്‌താൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് അന്വേഷണത്തിന് നേതൃത്വം നൽകിയ ജോയിന്റ് കമീഷണറെ രാഷ്ട്രീയ കാരണങ്ങളാൽ നാഗ്‌പുരിലേക്ക് സ്ഥലംമാറ്റിയത്. തുടർന്ന് അന്വേഷണസംഘത്തിലെ രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ പ്രിവന്റീവ് വിഭാഗത്തിലെ എട്ടുപേരെ സ്ഥലംമാറ്റി.
ഏറ്റവും ഒടുവിൽ അസിസ്‌റ്റന്റ് കമീഷണറെ മറ്റൊരു വിഭാഗത്തിലേക്കും നിയോഗിച്ചു. ജോയിന്റ് കമീഷണറുടെ സ്ഥലംമാറ്റത്തോടെതന്നെ അതൃപ്‌തിയിലായിരുന്നു കസ്‌റ്റംസ് സംഘം. സ്വപ്‌നയുടെ മൊഴി ചോർന്നതിന്റെ പേരിൽ കസ്‌റ്റംസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്‌തതോടെ അന്വേഷണസംഘം കടുത്തസമ്മർദത്തിലായി. അന്വേഷണസംഘത്തിലെ പ്രധാനികൾ പലരും ഇപ്പോഴും സ്ഥലംമാറ്റ ഭീഷണിയിലാണെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപി നേതാവ് കോടികൾ കൈപ്പറ്റി ; ഇടനിലക്കാരനായത് പ്രമുഖ ജ്വല്ലറി ഉടമ
സ്വർണക്കടത്ത് കേസുകൾ അട്ടിമറിക്കാൻ ബിജെപി സംസ്ഥാന നേതാവ് ജ്വല്ലറി ഉടമകളിൽനിന്ന് കോടികൾ കൈപ്പറ്റിയെന്ന് പരാതി. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഡെപ്യൂട്ടി കമീഷണറും സ്വർണക്കടത്തിന്റെ അന്വേഷണം, ഏകോപനം എന്നീ ചുമതലകളുമുള്ള ഡോ. എൻ എസ് രാജിയെ മാറ്റാൻ ജ്വല്ലറി ഉടമകളിൽനിന്ന് കോഴവാങ്ങിയെന്നാണ് ആരോപണം. സ്വർണക്കടത്ത് ലോബിയിൽ ഉൾപ്പെടുന്ന ജ്വല്ലറി ഉടമകളിൽ നിന്നാണ് പിരിച്ചത്. പത്തുലക്ഷം മുതൽ മുകളിലേക്കുള്ള തുകയാണ് വിവിധ ജ്വല്ലറിക്കാർ നൽകിയത്.
ബിജെപി–-ആർഎസ്‌എസ് ആഭിമുഖ്യമുള്ള പ്രമുഖ ജ്വല്ലറി ഉടമ ഇടനിലക്കാരനായി. ചില ജ്വല്ലറിക്കാർ നേതാക്കളെ കോഴവിവരം ധരിപ്പിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണിവർ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്‌റ്റംസ് ഇന്റലിജന്റ്‌സിന്റെയും കാർഗോ വിഭാഗത്തിന്റെയും ചുമതലയും ഡോ. രാജിക്കാണ്. നിരന്തര പരിശോധന നടത്തി പലവട്ടം സ്വർണം പിടിച്ചതോടെയാണ് സ്വർണക്കടത്തുലോബി ബിജെപി സംസ്ഥാനനേതാവിനെ സമീപിച്ചത്. ഡോ. രാജിയെ സ്ഥലം മാറ്റാമെന്ന ഉറപ്പിൽ വൻതുക കൈമാറി.
നയതന്ത്രബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ ബിജെപി താൽപ്പര്യത്തിന് വഴങ്ങാത്ത രണ്ട് ഉദ്യോഗസ്ഥരെ നേരത്തെ ചുമതലയിൽനിന്ന് നീക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെടൽ ഉണ്ടായെന്ന കെ സുരേന്ദ്രന്റെ ആക്ഷേപം നിഷേധിച്ച കസ്‌റ്റംസ് ജോ. കമീഷണർ അനീഷ് രാജനെയാണ് ആദ്യം മാറ്റിയത്. ജനം ടിവി തലവൻ അനിൽ നമ്പ്യാരെ ചോദ്യംചെയ്‌തതിന് പിന്നാലെ അസി. കമീഷണർ എൻ എസ് ദേവിനെയും നീക്കി. ദേവിന് പകരക്കാരിയായാണ് സ്വർണക്കടത്ത് അന്വേഷണത്തിൽ ഡോ. രാജി വന്നത്.
ഇഡിയിൽ തിരക്കഥ റെഡി ; രാഷ്‌ട്രീയ ആയുധമാക്കുകയാണെന്ന് കൊച്ചി യൂണിറ്റ് ; എതിരാളികളുടെ പ്രതിച്ഛായ തകർക്കാൻ അഡീ. സോളിസിറ്റർ ജനറൽ നിർദേശം
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് വെറും കസ്‌റ്റംസ് കേസ് മാത്രമാണെന്നും അതിൽ തീവ്രവാദവും സർക്കാർ ഇടപെടലും ആരോപിച്ച് ഡയറക്‌ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റിനെ രാഷ്‌ട്രീയ ആയുധമാക്കുകയാണെന്നും ഇഡിയുടെ കൊച്ചി യൂണിറ്റ്. മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചതുപോലെ സംസ്ഥാന സർക്കാരുമായി ബന്ധമുള്ള പല ഉന്നതരെയും ഇഡിയിൽ വിളിച്ചുവരുത്താനുള്ള തിരക്കഥ മുകളിൽ തയ്യാറാകുന്നുണ്ട്. സ്വർണക്കടത്ത് കേസിന്റെ മേൽനോട്ടം വഹിക്കുന്ന അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇത്തരം രാഷ്‌ട്രീയനീക്കങ്ങൾക്ക് സാഹചര്യം ഒരുക്കുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ച കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
മന്ത്രി കെ ടി ജലീലിനെതിരെ കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഉയർന്നത്. മുകളിൽനിന്നുള്ള നിർദേശപ്രകാരം ഇഡി മൊഴിയെടുത്തു. പ്രത്യേകിച്ച് ഒരു വിവരവും കിട്ടിയില്ല. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാർത്തയെക്കുറിച്ച് കൊച്ചി യൂണിറ്റിന് അറിയില്ല. സ്വർണക്കടത്ത് കേസിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന നാടകങ്ങൾ എന്താണെന്ന് കൊച്ചി യൂണിറ്റിന് അറിയാം. പക്ഷേ, നിസ്സഹായരാണ്. കേസിന്റെ തുടക്കത്തിൽത്തന്നെ പുതിയ അഭിഭാഷകനെ നിയോഗിച്ചിരുന്നു.
അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ചാർജ് ഷീറ്റ് കൊടുക്കുമ്പോൾ ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടാറുണ്ട്. ഇവിടെ അതുണ്ടാകുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യേണ്ട പലരെയും ഇഡി ചോദ്യം ചെയ്‌തിട്ടില്ല. കസ്‌റ്റംസ് ചോദ്യം ചെയ്‌ത അനിൽ നമ്പ്യാർ ഇഡിയുടെ പട്ടികയിൽ വരാത്തത് രാഷ്‌ട്രീയ പക്ഷപാതിത്വം കൊണ്ടുമാത്രമാണ്. എന്നാൽ, ഈ കേസുമായി പുലബന്ധംപോലുമില്ലാത്ത ചിലരെ രാഷ്‌ട്രീയനേട്ടത്തിനായി ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നു. എതിരാളികളുടെ പ്രതിച്ഛായ തകർക്കൽ മാത്രമാണ് ഉദ്ദേശ്യം. രാഷ്‌ട്രീയനേതൃത്വത്തിന്റെ ആവശ്യപ്രകാരം അഡീഷണൽ സോളിസിറ്റർ ജനറലാണ് അതിനുള്ള സാഹചര്യം ഒരുക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയപക്ഷം എല്ലാവർക്കും അറിയാവുന്നതാണ്.
സ്വർണക്കടത്ത് കേസിൽ തുടക്കംമുതൽ വലിയ രാഷ്‌ട്രീയ ഇടപെടലുണ്ട്. കസ്‌റ്റംസ് നിയമത്തിലെ 135–-ാംവകുപ്പുപ്രകാരമുള്ള കേസും അനധികൃത സ്വത്തുസമ്പാദനത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ എൻഫോഴ്‌സ് കേസുമാണ് നിലനിൽക്കുക. എൻഐഎ അന്വേഷണം പാതിവഴിയിലാണ്. അതേസമയം, മറ്റു രണ്ട് ഏജൻസികളിലും ഇടപെട്ട് അന്വേഷണം വഴിതെറ്റിക്കാനുള്ള നിരന്തരശ്രമം തുടരുകയും ചെയ്യുന്നു–- ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരേന്ദ്രന്റെ പരാക്രമങ്ങൾ ഒറ്റപ്പെടലിൽനിന്ന് രക്ഷനേടാൻ ; ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ പ്രസിഡന്റാണ് സുരേന്ദ്രനെന്ന് മുതിർന്ന നേതാക്കൾ
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കാണിക്കുന്ന പരാക്രമങ്ങൾ ബിജെപിയിലെ ആഭ്യന്തര പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാനുള്ള തന്ത്രം. സുരേന്ദ്രനും മുരളീധരനും ബിജെപിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷം പി കെ കൃഷ്‌ണദാസ് വിഭാഗവും ആർഎസ്‌എസിലെ ഒരു വിഭാഗവും കടുത്ത നിസ്സഹകരണത്തിലാണ്. എതിർപ്പ് അവഗണിച്ചാണ് വി മുരളീധരൻ കേന്ദ്രനേതൃത്വത്തിൽ സമ്മർദം ചെലുത്തി സുരേന്ദ്രനെ പ്രസിഡന്റാക്കിയത്. ഇതിനാൽ, വലിയവിഭാഗം സുരേന്ദ്രൻ, മുരളീധരൻ വിഭാഗവുമായി സഹകരിക്കുന്നില്ല.
സ്വർണ്ണക്കടത്തിൽ വി മുരളീധരൻ പ്രതിരോധത്തിലായപ്പോൾ പ്രമുഖനേതാക്കൾ പോലും ന്യായീകരിച്ചില്ല. സ്വർണം കൊണ്ടുവന്നത് നയതന്ത്രബാഗേജിലല്ലെന്ന മുരളീധരന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിയതോടെ കേരളത്തിലെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. ഇതോടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കേന്ദ്രത്തിന് പരാതി നൽകി.
സുരേന്ദ്രൻ മാത്രമാണ് മുരളീധരന് വേണ്ടി രംഗത്തുവരുന്നത്. അണികളിൽ പ്രതികരണം ഉണ്ടാക്കാൻ കഴിയാത്തതിനെ തുടർന്നാണ് അക്രമസമരവുമായി ഇറങ്ങിയത്. അക്രമം നടത്തി പൊലീസ് നടപടിയുണ്ടായാൽ അതിന്റെ പേരിൽ സംസ്ഥാനത്താകെ കലാപം പടർത്താനാണ് സുരേന്ദ്രനും മുരളീധരനും പദ്ധതിയിട്ടിരിക്കുന്നത്.
സുരേന്ദ്രൻ സഹഭാരവാഹികളെ നിശ്ചയിച്ചതും വിഭാഗീയമായാണ്. മുതിർന്ന പലരെയും തഴഞ്ഞ് തന്നെ അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി. ഇതിനെത്തുടർന്ന് എ എൻ രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ ചുമതല ഏറ്റില്ല. പിന്നീട് കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് അനുരഞ്‌ജനമുണ്ടാക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തിട്ടില്ല. മുതിർന്ന നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി എം വേലായുധൻ, പി കെ കൃഷ്‌ണദാസ്, എൻ ശിവരാജൻ തുടങ്ങിയവർ സുരേന്ദ്രൻ–-മുരളീധരൻ സംഘവുമായി അകൽച്ചയിലാണ്.
ബിജെപിയുടെ ചരിത്രത്തിൽ ഇത്രയും ദുർബലനായ പ്രസിഡന്റ് ഉണ്ടായിട്ടില്ല എന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വി മുരളീധരൻ പറയുന്നതിനപ്പുറം സ്വന്തമായ നിലപാട് സുരേന്ദ്രനില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിലെ മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ ആർഎസ്‌എസിലും അമർഷമുണ്ട്. വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കാത്തിരിക്കുന്നത് മുൻവർഷങ്ങളെക്കാൾ കനത്ത പരാജയമായിരിക്കുമെന്ന് സംഘപരിവാറിലെ മുതിർന്ന നേതാക്കൾതന്നെ പറയുന്നു
No comments:
Post a Comment