Wednesday, September 16, 2020

‘യുപിഎസ്‌സി ജിഹാദ്‌’ ; സുദർശൻ ടിവി പരിപാടിക്ക്‌ വിലക്ക്‌

 സിവിൽസർവീസിലേക്ക്‌ മുസ്ലീങ്ങൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത്‌ ‘യുപിഎസ്‌സി ജിഹാദാണെന്ന്‌’ ആരോപിച്ച സുദർശൻ ടിവിയുടെ പരിപാടിക്ക്‌ സംപ്രേഷണവിലക്ക്‌ ഏർപ്പെടുത്തി സുപ്രീംകോടതി. സുദർശൻ ടിവിയുടെ ‘ബിന്ദാസ്‌‌ ബോൽ’ പരിപാടി പ്രഥമദൃഷ്ട്യാ മുസ്ലിം വിഭാഗത്തെ അധിക്ഷേപിച്ചതായി‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതു‌വരെ പരിപാടിയുടെ  എപ്പിസോഡുകൾ സംപ്രേഷണം ചെയ്യരുതെന്ന്‌ ജസ്‌റ്റിസുമാരായ കെ എം ജോസഫ്‌, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിട്ടു.

ഭരണഘടന അവകാശങ്ങളുടെ സംരക്ഷകരായ സുപ്രീംകോടതിക്ക്‌ ഏതെങ്കിലും സമുദായത്തെ  അധിക്ഷേപിക്കാനുള്ള നീക്കം കണ്ടുനിൽക്കാനാകില്ലെന്ന്‌ -ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു. ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്ക്‌ ആവശ്യമായ നിലവാരം നിശ്ചയിക്കുന്നതിന്‌ വിദഗ്‌ധസമിതി രൂപീകരിക്കാൻ ആലോചിക്കുന്നതായും സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. ഈ വിഷയം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ലെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പ്രതികരിച്ചു. വ്യാഴാഴ്ച കേസ്‌ വീണ്ടും പരിഗണിക്കും.

ചർച്ചകളിൽ അവതാരകർ മാത്രമാകരുത്‌: ജസ്‌റ്റിസ്‌ കെ എം ജോസഫ്‌

മാധ്യമങ്ങൾക്ക്‌ ഇവിടെ പ്രത്യേക അധികാരങ്ങൾ ഇല്ലെന്ന്‌ ജസ്‌റ്റിസ്‌  കെ എം ജോസഫ്. അമേരിക്കൻ ഭരണഘടനയിലും മറ്റും മാധ്യമങ്ങൾക്ക്‌ പ്രത്യേക അധികാരങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. എന്നാൽ, ഇവിടെ മാധ്യമപ്രവർത്തകർക്ക്‌ സാധാരണ പൗരന്മാർക്കുള്ള അധികാരങ്ങളും അവകാശങ്ങളുംമാത്രമാണുള്ളത്‌. ചില ചാനൽ ചർച്ചകളിൽ അവതാരകർമാത്രമാണ്‌ സംസാരിക്കാറുള്ളത്‌. ചർച്ചയിൽ പങ്കെടുക്കുന്നവർക്ക്‌ സംസാരിക്കാൻ അവസരം നൽകാറില്ല. ചിലപ്പോൾ മൈക്ക്‌ ഓഫാക്കുന്നതും കാണാറുണ്ട്‌. 

ചാനലുകളുടെ ഉടമകൾ ആരാണെന്ന കാര്യം പൊതുജനങ്ങൾക്ക്‌ അറിയാൻ അവസരം നൽകണമെന്നും ജസ്‌റ്റിസ്‌ ജോസഫ്‌ പറഞ്ഞു.

 എം അഖിൽ 

No comments:

Post a Comment