എന്താണ് ഹാഥ്‌രാസ് രാജ്യത്തോട് സന്ദേശിക്കുന്നത് ... ആര്‍ എസ് എസും പൊലീസും ചേര്‍ന്നുള്ള ക്രിമിനല്‍ വാഴ്ചയുടെ ഭീതിതവും അപമാനകരവുമായ വിവരങ്ങളാണ് ഓരോ നിമിഷവും ഹാഥ്‌രാസില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. ദേശീയനേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ഹാഥ്‌രാസിലേക്ക് കടത്തിവിടുന്നില്ല.
പൊലീസും ക്രിമിനല്‍ സംഘങ്ങളും അഴിഞ്ഞാടുന്ന സവര്‍ണ്ണ ജാതിഭീകരരുടെ റിപ്പബ്ലിക്കായി മാറിയിരിക്കുന്നു യു പി യും ഹാഥ്‌രാസും! ഭീകര വാഴ്ച്ചയാണവിടെ.ദളിതര്‍ക്കും സ്ത്രീകള്‍ക്കും മേല്‍ ബ്രാഹ്മണജാതി മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വം നടത്തുന്ന നരവേട്ടയാണവിടെ...
ഹാഥ്‌രാസ് സംഭവം യോഗി ആദിത്യനാഥന്റെ യുപിയില്‍ ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും സമാധാനമായി ജീവിക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്...
വാത്മീകി ജാതിയില്‍പെട്ട ഒരു പാവം പെണ്‍കുട്ടിയെ സവര്‍ണ ജാതിക്രിമിനലുകള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി... പൊലീസ് സഹായത്തോടെ ക്രിമിനലുകള്‍ മൃതദ്ദേഹം പോലും നിയമവിരുദ്ധമായി അടക്കം ചെയ്തു... കത്തിച്ചു കളഞ്ഞു... എന്നിട്ടിപ്പോള്‍ പ്രതിഷേധം പോലും അനുവദിക്കാതെ ആദിത്യനാഥിന്റെ ഫാസിസ്റ്റധികാരം രാജ്യത്തെ വെല്ലുവിളിക്കുന്നു.
ജാതിവര്‍ഗ്ഗീയ ക്രിമിനലുകളെ അഴിച്ചുവിട്ട് സ്ത്രീകളുടെയും അധ:സ്ഥിതരുടെയും ജീവിക്കാനുള്ള അവകാശത്തെയും തന്നെ ചോദ്യം ചെയ്യുന്നു...
അല്ലെങ്കില്‍ തന്നെ സ്ത്രീകളും ശൂദ്രരും നീചജന്മങ്ങളും സവര്‍ണ്ണ ജാതി പുരുഷന്മാരുടെ അടിമകളും ഭോഗവസ്തുക്കളും മാത്രമാണെന്ന് കരുതുന്ന ധര്‍മ്മശാസ്ത്രങ്ങളില്‍ അഭിരമിക്കുന്ന മനുവാദികള്‍ക്ക് എന്തു നീതി? എന്തു മനുഷ്യത്വം? പ്രാചീനതയുടെ കൂരിരുട്ടില്‍ ജീവിക്കുന്ന ഗുഹാജീവികളായ
നവബ്രാഹ്മണ്യത്തിന്റെ കാവിക്കോലങ്ങള്‍ ജനാധിപത്യത്തിന്റെ വഴികളിലൂടെ അധികാരം പിടിച്ച് മനുഷ്യത്വത്തെയും സ്ത്രീത്വത്തെയും പിച്ചിക്കീറുകയാണ് ... ക്രൂരതയെ ജീവിതമൂല്യവും ബലാത്സംഗവും ആക്രമണവും പതിവ് ശീലവുമാക്കിയ കശ്മലരുടെ രാജവാഴ്ചയാണ് യുപിയില്‍ ഇന്ന് നടക്കുന്നത് ...
സവര്‍ണ്ണ ജാതി വിഭാഗങ്ങള്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും നിരന്തരം ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.കുഞ്ഞുങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും യു പി യില്‍ ഭയപ്പാടില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത് ... ആന്റി റോമിയോസ് ക്വാഡുകള്‍ ... ന്യൂനപക്ഷങ്ങളുടെ രക്തം മണത്തു നടക്കുന്ന ഗോരക്ഷാസേനകള്‍ ...
സപ്തംബര്‍ 14 ന് നടന്ന ഈ സംഭവത്തില്‍ യുപി പൊലീസ് ആണ് മുഖ്യപ്രതിയെന്ന കാര്യമാണ് ജനാധിപത്യ വിശ്വാസികളെ അസ്വസ്ഥരാക്കുന്നതും ഭയപ്പെടുത്തുന്നതും.ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് പൊലീസ് നീതി നിഷേധിക്കുകയും ഭീകരത സൃഷ്ടിക്കുകയുമാണുണ്ടായിരിക്കുന്നത്.അവരുടെ പരാതി മുഖവിലയ്ക്ക് എടുത്തില്ലായെന്നതും കുടുംബത്തെയാകെ ബന്ധിയാക്കുകയും ചെയ്തുവെന്നതും ഞെട്ടിപ്പിക്കുന്നതാണ്.
ഒടുവില്‍ മൃതദേഹത്തിനും പോലും നീതി ലഭിച്ചില്ലായെന്നത് എന്താണ് സൂചിപ്പിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം നിരസിച്ച പൊലീസ് പുലര്‍ച്ചെ ആരും ഇല്ലാത്ത സമയം നോക്കി മൃതദേഹം കത്തിച്ചു കളയുകയുയാണുണ്ടായത്...
ഹാത്രയും യു പി യും ഇന്ത്യയെന്ന ജനാധിപത്യരാജ്യത്ത് തന്നെയാണോയെന്ന സന്ദേഹമാണ് പലരും ഉയര്‍ത്തുന്നത്. മോഡിയും ആദിത്യനാഥും പള്ളി പൊളിച്ച് രാമായണത്തിലെ രാമന് ക്ഷേത്രം പണിയുകയും രാമനെ സൃഷ്ടിച്ച രാമായണ കര്‍ത്താവായ വാത്മീകിയുടെ വംശത്തെ കൊന്നു തിന്നുകയാണ് ...
രത്‌നാകരനെന്ന കാട്ടാളനിലാണ് ഇന്നും മോഡിയും ആദിത്യനാഥും ജീവിക്കുന്നത് ... മാനിഷാദ പാടിയെ വാത്മീകിയെ അവര്‍ക്ക് ഭയമാണ്... അവര്‍ക്ക് അങ്ങനെയൊരു മഹിര്‍ഷിയെയും അയാളുടെ മര്യാദ പുരുഷോത്തമനായ രാമനെയും അറിയാനുമാവില്ല ....
ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടുന്ന യുപിയില്‍ ദളിത് പിന്നോക്ക പീഡനം തുടര്‍ക്കഥയാവുകയാണ്.
എന്നാല്‍ യാതൊരു മനസാക്ഷി കുത്തുമില്ലാതെ ഇരകളാകുന്നവരെയും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെയും വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന ഭീകരവാദികളാണ് യോഗിയും സംഘവും
ഹാഥ്‌രാസിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസ് വാദം .
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലും പൊലീസ് ന്യായവും വാദവും!
പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നത് കുറ്റവാളികളെ രക്ഷിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയെയാണ് മറനീക്കി പുറത്തുകൊണ്ട് വന്നിരിക്കുന്നത്.
കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായി ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതിഷേധക്കാരെ വേട്ടയാടാനാണ് പൊലീസിനെ ഇറക്കി ആദിത്യനാഥ് സര്‍ക്കാര്‍ നോക്കുന്നത്.പ്രതിഷേധക്കാര്‍ ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് യു പി എഡിജിപി ഭീഷണി മുഴക്കിയിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കുടുംബത്തെ ബന്ധിയാക്കുകയും മറ്റാരുമായി കാണുന്നത് തടയുകയും ചെയ്തു.
ബൂല്‍ഗാര്‍ഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചിട്ടു.മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ലാത്ത ഹാഥ്‌രാസിലെ ഭീകരതക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്...
ഹിന്ദുരാഷ്ട്രം ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കരുതി വെച്ചിരിക്കുന്നതെന്താണെന്ന് കൂടിയാണ് ഹാഥ് രാസില്‍ നിന്നും നാമറിയേണ്ടത്.... സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ക്രൂരവും ഭീകരവുമായ സവര്‍ണ്ണാധികാരത്തിന്റെ തേര്‍വാഴ്ചയും ഭീകരതയുമാണ്ഹാഥ്ര സാക്ഷ്യപ്പെടുത്തുന്നത് ... കാമവെറിയന്മാരുടെ ആസക്തികള്‍ക്കും ബ്രാഹ്മണ ജാതിവെറിക്കും ഇരയായിത്തീരുന്ന പെണ്‍കുട്ടികളുടെ ദീനരോദനങ്ങളാണ് ഇന്നവിടെ പ്രതിഷേധമായുയരുന്നത് ...
രാജ്യമതേറ്റെടുത്ത പറ്റൂ...
കെ ടി കുഞ്ഞിക്കണ്ണന്‍

No comments:
Post a Comment