Saturday, January 2, 2021

10 പദ്ധതികൂടി ; വയോജനങ്ങൾക്ക്‌ സർക്കാർ സേവനം വീട്ടിൽ

 ക്ഷേമപെൻഷൻ വർധനയും ഭക്ഷ്യക്കിറ്റും അടക്കമുള്ള നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ചതിന്‌ പിന്നാലെ മലയാളികൾക്ക്‌ പുതുവർഷസമ്മാനമായി പത്തിന ജനകീയ പദ്ധതികളുമായി എൽഡിഎഫ്‌ സർക്കാർ. വയോജനങ്ങൾക്കുള്ള കരുതലാണ്‌ ഇതിൽ  പ്രധാനം. സേവനം കിട്ടുന്നതിനോ പ്രശ്‌നം സർക്കാരിനെ അറിയിക്കുന്നതിനോ ഉറ്റവർ അടുത്തില്ലാത്ത വയോജനങ്ങൾക്ക്‌ സേവനം വീട്ടിലെത്തിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ വയോജനങ്ങൾ‌ നേരിട്ട് എത്തേണ്ടാത്ത രീതിയിൽ ക്രമീകരണമുണ്ടാക്കും. ഇ–- മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, ക്ഷേമ പെൻഷനുള്ള അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.

ഓൺലൈനിൽ അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരുടെ വീടുകളിൽ പോയി പരാതി സ്വീകരിച്ച് അധികാരികൾക്ക് എത്തിക്കും. തുടർനടപടികൾ വിളിച്ച് അറിയിക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതിന്  സന്നദ്ധ സംഘടനകളുടെ സഹായം തേടും.  65 വയസ്സിൽക്കൂടുതൽ ഉള്ളവർ, മറ്റുള്ളവരുടെ സഹായം കിട്ടാതെ താമസിക്കുന്നവർ, കാഴ്‌ച–- കേൾവിക്കുറവുള്ളവർ,  ചലനശേഷിയില്ലാത്തവർ  തുടങ്ങിയവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങൾ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഇവർ വീടുകളിലെത്തി  സഹായം സംബന്ധിച്ച കാര്യങ്ങൾ തിരക്കും.  15ന് ഈ പരിപാടി തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളും കലക്ടർമാരും ഇതിന്‌ മേൽനോട്ടം വഹിക്കും.

പദ്ധതികൾ

വാർഷികവരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ള കുടുംബത്തിലെ മിടുക്കരായ 1000 ബിരുദ വിദ്യാർഥികൾക്ക്‌  മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ ധനസഹായ പദ്ധതിയിൽ ഒരുലക്ഷം രൂപ  വീതം നൽകും.

സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർഥികൾക്ക്‌  ‘എമിനന്റ്‌ സ്‌കോളേഴ്‌സ്‌ ഓൺലൈൻ’ പദ്ധതിയിലൂടെ വിവിധ മേഖലകളിലെ ആഗോളപ്രശസ്‌തരായ പ്രതിഭകളുമായി സംസാരിക്കാൻ അവസരമൊരുക്കും.

പൊതുരംഗത്തെയും സർക്കാർ സർവീസുകളിലെയും അഴിമതി ഇല്ലാതാക്കാൻ  അഴിമതിമുക്ത പൊതുസേവനം പദ്ധതി ആരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ രഹസ്യമായി അറിയിക്കാം.

കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാനും സ്‌ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കൗൺസലിങ് വിപുലമാക്കും

വിളർച്ച രോഗമുള്ള കുട്ടികളെ കണ്ടെത്തി പോഷകാഹാരം നൽകും.

പ്രകൃതി സൗഹൃദ നിർമാണം പ്രോൽസാഹിപ്പിക്കുന്നതിന്‌ ഒറ്റത്തവണ കെട്ടിട നികുതി‌ക്ക്‌ ഗ്രീൻ റിബേറ്റ്‌ ഏർപ്പെടുത്തും.

മുതിർന്നവർക്ക്‌ പ്രഭാതസവാരിക്കും കുട്ടികൾക്ക്‌ കളിക്കുന്നതിനും എല്ലാ വില്ലേജിലും പൊതു ഇടങ്ങൾ

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാർത്തകളും അപവാദപ്രചാരണങ്ങളും തിരിച്ചറിയാൻ ‘സത്യമേവ ജയതേ' എന്ന പേരിൽ ഡിജിറ്റൽ/മാധ്യമ സാക്ഷരതാ  പരിപാടി സംഘടിപ്പിക്കും.

തിരിച്ചെത്തിയ പ്രവാസികൾക്ക്‌ ആനുകൂല്യത്തിനുള്ള സർക്കാർ രേഖകൾ അപേക്ഷിച്ചാൽ 15 ദിവസത്തിനകം നൽകും.

ഉപരിപഠനത്തിന്‌ ഒരുലക്ഷം സഹായധനം

പണമില്ലാത്തതിനാൽ ലോകോത്തര കേന്ദ്രങ്ങളിൽ ഉന്നതവിദ്യാഭ്യാസം സാധ്യമാകാത്ത വിദ്യാർഥികൾക്ക്‌ ഒരുലക്ഷം രൂപ സഹായധനം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  വാർഷികവരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ, ബിരുദം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന ആയിരം പേർക്കാണ്‌ മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം സഹായം നൽകുക‌. തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. മാർക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും അർഹരെ കണ്ടെത്തുക.

ലോകോത്തര ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അപ്രാപ്യമാകുന്നത് നമ്മെ അലട്ടുന്ന പ്രശ്നമാണ്‌.   സ്വകാര്യവൽക്കരണ നയങ്ങളാണ്‌ മുഖ്യകാരണം. കേരളം ഇതിൽനിന്ന്‌ വിഭിന്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment