Sunday, January 10, 2021

1.16 ലക്ഷം പേർ സന്നിധാനത്തെത്തി; ആറു മാസത്തിനുള്ളില്‍ 40 കോടി ഉൾപ്പെടെ 70 കോടി സർക്കാർ സഹായം നൽകി

കോവിഡ്‌ പരിമിതികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനം കുറ്റമറ്റതാക്കാനായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു. മണ്ഡല- മകരവിളക്ക് കാലത്തെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്തെ തീര്‍ഥാടനമായതിനാല്‍ ഏറെ ശ്രമകരമായിരുന്നു മണ്ഡല-–-മകരവിളക്ക് കാലം. ദേവസ്വം ജീവനക്കാരുടെയും പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി പ്രതിസന്ധികളെ മറികടക്കാനായി. തീർഥാടകരെ നിയന്ത്രിച്ചിരുന്നതിനാല്‍ വരുമാനത്തിലും ഇത് പ്രതിഫലിച്ചു.

വെള്ളിയാഴ്ച വരെയുള്ള കണക്കുപ്രകാരം 1,16,706 പേരാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. 14,11,36,447 രൂപയാണ് മണ്ഡല-മകരവിളക്ക് കാലത്ത്‌ ഇതുവരെ ശബരിമലയിലെ വരുമാനം. തീര്‍ഥാടന കാലത്ത് ബോര്‍ഡ് വഹിക്കേണ്ടുന്ന ചെലവിനെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഇത്‌ ഒട്ടും പര്യാപ്തമല്ല. സര്‍ക്കാരിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ നല്‍കിയ 40 കോടി രൂപയുള്‍പ്പെടെ 70 കോടിയാണ് സര്‍ക്കാരില്‍നിന്ന്‌ ലഭിച്ചത്‌. 

മകരവിളക്ക് ദര്‍ശനത്തിന്‌ മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തുന്ന 5000 പേര്‍ക്ക് മാത്രമേ സന്നിധാനത്ത് സൗകര്യമുണ്ടാകൂ. മകരവിളക്ക് നാളില്‍ രാവിലെ 8.14ന് മകരസംക്രമ പൂജ നടക്കും. വൈകിട്ട് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതിയും നടത്തി 20ന് രാവിലെ തീര്‍ഥാടനത്തിന് സമാപനം കുറിച്ച് നട അടയ്ക്കുമെന്നും  പ്രസിഡന്റ് പറഞ്ഞു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദും പങ്കെടുത്തു.

No comments:

Post a Comment