Sunday, January 10, 2021

ശബരി പാത : ജീവൻവയ്‌ക്കുന്നത്‌ 25 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിക്ക്‌

ശബരിമലയുടെ വികസനത്തിന്‌ അനിവാര്യമായ അങ്കമാലി–- -ശബരി റെയിൽപാതയുടെ ചെലവിന്റെ പകുതിയും സംസ്ഥാന സർക്കാർ വഹിക്കും. 111 കിലോമീറ്ററുള്ള പാതയ്‌ക്ക്‌ 2815 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. കാൽനൂറ്റാണ്ടായി അനിശ്‌ചിതത്വത്തിൽ കിടന്ന പദ്ധതിയാണ്‌ ജീവൻവയ്‌ക്കുന്നത്‌.

1998 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ സൗകര്യവും സംസ്ഥാന വികസനവും മുന്നിൽക്കണ്ടാണ്  പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ,  റെയിൽവേ താൽപ്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് പലമടങ്ങായി. എട്ട്‌  കിലോമീറ്റർ ദൂരം മാത്രമാണ്‌ ഇപ്പോൾ പൂർത്തിയായത്‌. നിർമാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവേ എടുത്തു. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവേയുടെ ചെലവിൽത്തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചെങ്കിലും ഫലം കണ്ടില്ല.

ഭൂവുടമകൾക്കും രക്ഷയാകും

പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കാലടി മുതൽ തൊടുപുഴ മണക്കാട്‌, കരിങ്കുന്നം വരെയുള്ള  68 കിലോമീറ്റർ സ്ഥലത്ത്‌ 20വർഷം‌ മുമ്പുതന്നെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരിന്നു. മൂന്നും അഞ്ചും സെന്റുള്ള 900ത്തോളം പേരുടെ ഭൂമിയും വീടുമാണ്‌ ഇങ്ങിനെ അനിശ്‌ചിതത്വത്തിലായത്‌.  ഇവർക്ക്‌ ഭൂമി വിൽക്കാനോ ഈട്‌ വയ്‌ക്കാനോ കഴിയാത്ത അവസ്ഥയാണ്‌. എൽഡിഎഫ്‌ സർക്കാർ തീരുമാനം ഇവർക്കും രക്ഷയാകും.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ജോയ്‌സ്‌ജോർജ്‌ എംപിയുടെ നേതൃത്വത്തിൽ കാലടി മുതൽ തൊടുപുഴ വരെ നടന്ന പദയാത്രയും പ്രക്ഷോഭവുമാണ്‌ പദ്ധതിയെ വീണ്ടും ജനശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്‌. ‌ പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ആദ്യബജറ്റിൽ തന്നെ ഇതിനായി തുക വകകൊള്ളിച്ചു.

നടത്തിപ്പ്‌ റെയിൽവേ ഏറ്റെടുക്കണം

പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേതന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയോടെയാണ് പകുതി ചെലവു വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴിയും നടപ്പാക്കാം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവേയും പങ്കിടണം. ഈ പാത കൊല്ലം  ജില്ലയിലെ പുനലൂർവരെ ദീർഘിപ്പിച്ചാൽ പിന്നീട്‌ തമിഴ്നാട്ടിലേക്ക് നീട്ടാൻ കഴിയും.

വീരവാദം മുഴക്കാൻ കേന്ദ്രം പദ്ധതി നടപ്പാക്കാൻ പിണറായി സർക്കാർ

കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അനാസ്ഥയിൽ മരവിച്ചുപോയ വികസനസ്വപ്നത്തിന്‌ വീണ്ടും ജീവൻ വയ്‌ക്കുന്നു. മലയോരജനതയുടെയും ശബരിമല തീർഥാടകരുടെയും ചിരകാലാഭിലാഷമായ ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാൻ പിണറായി സർക്കാർ എടുത്ത ധീരമായ ചുവടുവയ്‌പ്‌ കേരളം ആവേശത്തോടെ നെഞ്ചേറ്റുന്നു‌. ചെലവ്‌ പ്രതീക്ഷിക്കുന്ന 2815 കോടി രൂപയിൽ പകുതിയും സംസ്ഥാന സർക്കാർ ചെലവാക്കുമെന്ന് പ്രഖ്യാപിച്ചതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക്‌ നീങ്ങുകയാണ്‌.

1997–-98ലെ റെയിൽബജറ്റിൽ മന്ത്രി രാംവിലാസ്‌ പസ്വാൻ 517 കോടി രൂപ ചെലവ് പ്രതീക്ഷിച്ച്‌ പ്രഖ്യാപിച്ച പദ്ധതിയാണ്‌ അങ്കമാലി–-ശബരി റെയിൽപ്പാത. കേന്ദ്രസർക്കാർ പൂർണമായും ചെലവുവഹിച്ച്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച പദ്ധതിയാണിത്‌. കേന്ദ്രത്തിൽ കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ മാറിമാറി വന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്‌ സർക്കാരുകൾ ഒരുമിച്ച് ഭരിച്ചിട്ടും പദ്ധതി നടപ്പാക്കാൻ ശ്രമമുണ്ടായില്ല. കേന്ദ്രത്തിൽ ബിജെപി വന്നപ്പോൾ, കേരളത്തിൽനിന്ന്‌ ഒ രാജഗോപാൽ റെയിൽ സഹമന്ത്രിയായി. എന്നിട്ടും ശബരിമല തീർഥാടകർക്കടക്കം ഗുണമുള്ള പദ്ധതി അനങ്ങിയില്ല.  

ശബരിമലയിലേക്കുള്ള റെയിൽപ്പാതയായതിനാൽ കേന്ദ്രം പദ്ധതിചെലവ്‌ വഹിക്കുമെന്ന്‌ പ്രധാനമന്ത്രി പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഒന്നും ചെയ്‌തില്ല. ഉയർന്ന വിലമൂലം സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞ്‌ കേന്ദ്രമന്ത്രിമാർ ചോദ്യങ്ങളിൽനിന്ന്‌ രക്ഷപ്പെട്ടു‌. അങ്കമാലി–-കാലടി റെയിൽവേ ലൈൻ വലിച്ചതും കാലടിയിൽ സ്‌റ്റേഷനും പ്ലാറ്റ്‌ഫോമും നിർമിച്ചതും മാത്രമാണ്‌ 22 വർഷത്തിനിടെ നടന്നത്‌. അതിനിടയിൽ സ്ഥലവില ഉയർന്നു. പദ്ധതിചെലവ്‌ 1556 കോടിയായി പുതുക്കി. ഇപ്പോൾ 2815 കോടി രൂപയുമായി. ദേശീയപാതവികസനം എളുപ്പമാക്കാൻ, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പകുതിവില സംസ്ഥാനം നൽകുമെന്ന്‌ പ്രഖ്യാപിച്ചതുപോലെ ഇപ്പോൾ അങ്കമാലി–-ശബരി പാതയ്‌ക്കും എൽഡിഎഫ്‌ സർക്കാർ പകുതി ചെലവ്‌ വഹിക്കാമെന്ന് പ്രഖ്യാപിക്കുകയാണ്‌.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയും കോട്ടയം, ഇടുക്കി ജില്ലകളിലെ കാർഷികമേഖലയും റെയിൽവേ ഭൂപടത്തിൽ എത്തുന്നതോടെ മധ്യകേരളത്തിലെ വികസനമുന്നേറ്റത്തിന്‌ പുതിയ ദൂരവും വേഗവും കൈവരും. എരുമേലിവരെ റെയിൽപ്പാത എത്തുന്നതോടെ ശബരിമലയ്‌ക്കുള്ള റെയിൽയാത്ര സുഗമമാകും. കോട്ടയം, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും ഗുണകരമാകും.

കേരളത്തിന്റെ സ്വപ്നപദ്ധതി തകർക്കാൻ ശ്രമിച്ചത്‌ കേന്ദ്രം

ശബരി റെയിൽപ്പാതയ്‌ക്കായി പദ്ധതി ആവിഷ്കരിച്ചപ്പോൾ ഇല്ലാതിരുന്ന നിബന്ധന പിന്നീട്‌ ഉന്നയിച്ച കേന്ദ്രസർക്കാർ ശ്രമിച്ചത്‌ കേരളത്തിന്റെ ചിരകാല പ്രതീക്ഷ ഇല്ലാതാക്കാൻ. പദ്ധതിക്ക്‌ സ്ഥലമെടുക്കുന്നതിനൊപ്പം നിർമാണച്ചെലവിന്റെ പകുതികൂടി വഹിക്കണമെന്ന നിബന്ധന വർഷങ്ങൾക്കുശേഷമാണ്‌ കേന്ദ്രം മുന്നോട്ടുവച്ചത്‌. അപ്പോഴേക്കും സംസ്ഥാനത്തെ സ്ഥലവില ഉയർന്നു. പാതയുടെ നിർമാണച്ചെലവ്‌ അഞ്ചിരട്ടി വർധിച്ചു. കഴിഞ്ഞവർഷത്തെ കേന്ദ്ര റെയിൽവേ ബജറ്റിൽ ഒരു കോടിരൂപ മാത്രമാണ്‌ പദ്ധതിക്കായി നീക്കിയത്‌.

ശബരിമല തീർഥാടനത്തിന്‌ ഏറെ പ്രയോജനമാകുന്ന ശബരി റെയിൽപ്പാത 1997–-98ലെ റെയിൽവേ ബജറ്റിലാണ്‌ പ്രഖ്യാപിച്ചത്‌. അങ്കമാലിമുതൽ എരുമേലിവരെ 116 കിലോമീറ്റർ റെയിൽപ്പാത നിർമാണത്തിന്‌ 517 കോടി രൂപയാണ്‌ അന്ന്‌ കണക്കാക്കിയത്‌. ഭൂമി കൈമാറണമെന്ന നിബന്ധന മാത്രമാണ്‌ അപ്പോഴുണ്ടായിരുന്നത്‌. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 416 ഹെക്‌ടർ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടിയിരുന്നത്‌. അതിനുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചു. രണ്ട്‌ തഹസിൽദാർമാരെ നിയോഗിച്ചു. അങ്കമാലിമുതൽ കാലടിവരെ 24.4 ഹെക്‌ടർ ഭൂമി ഏറ്റെടുത്ത്‌ കൈമാറി. കാലടി റെയിൽവേ സ്‌റ്റേഷന്റെയും പ്ലാറ്റ്‌ഫോമിന്റെയും നിർമാണം പൂർത്തിയാക്കി. പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ, അശമന്നൂർ, രായമംഗലം, ചേലാമറ്റം, എരമല്ലൂർ, മുളവൂർ, വെള്ളൂർക്കുന്നം, മൂവാറ്റുപുഴ, കോതമംഗലം, മഞ്ഞള്ളൂർ വില്ലേജുകളിൽ ഭൂമിയുടെ സർവേ പൂർത്തിയാക്കി. എന്നാൽ, കല്ലിടൽപോലും റെയിൽവേ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

സ്ഥലമേറ്റെടുക്കാൻ മൂവാറ്റുപുഴയിൽ തുടങ്ങിയ ഓഫീസ്‌ റെയിൽവേ പണം അനുവദിക്കാതായതോടെ 2015ൽ അടച്ചുപൂട്ടി.

ഈ സാഹചര്യത്തിലാണ്‌ പുതിയ നിബന്ധന‌. ഭൂമി സൗജന്യമായി നൽകുന്നതോടൊപ്പം നിർമാണച്ചെലവിന്റെ പകുതി വഹിക്കണമെന്നായിരുന്നു ആവശ്യം. റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനവും. മുഴുവൻ ചെലവും റെയിൽവേ വഹിക്കുമെന്നായിരുന്നു 1997–-98ലെ കേന്ദ്ര റെയിൽ ബജറ്റ്‌ പ്രഖ്യാപനം. സംസ്ഥാന സർക്കാർ സഹകരിക്കാത്തതിനാലാണ്‌ പദ്ധതി നടപ്പാകാത്തതെന്ന ആരോപണമാണ്‌ കേന്ദ്ര സർക്കാർ ഉയർത്തിയത്‌.

2005 ആകുമ്പോൾ നിർമാണച്ചെലവ്‌ 1,234 കോടിയും 2011ൽ‌ 1,566 കോടിയുമായി ഉയർന്നു. നിലവിൽ 2,815 കോടി രൂപയാണ്‌ കണക്കാക്കുന്നത്‌. 2019–-20ലെ റെയിൽ ബജറ്റിൽ ഒരുകോടി രൂപമാത്രം പദ്ധതിക്കായി നീക്കിയതും കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തിന്‌ തെളിവാണ്‌.

ഇടുക്കിയിലേക്കും ട്രെയിൻ ചൂളം വിളിച്ചെത്തുന്നു ; കാലടിയിൽ സ‌്റ്റേഷൻ റെഡി

ഇടുക്കിയിലെ തൊടുപുഴ, മണക്കാട‌്, കരിങ്കുന്നം വില്ലേജുകളിലായി എട്ടു കിലോമീറ്ററിലൂടെയാണ‌് നിർദിഷ്ട ശബരി റെയിൽപാത കടന്നുപോവുക. തൊടുപുഴയിൽ മണക്കാട‌്﹣-തൊടുപുഴ റോഡും കോലാനി﹣- വെങ്ങല്ലൂർ ബൈപാസും സന്ധിക്കുന്നിടത്ത‌് റെയിൽപാത ഫ്ലൈ ഓവറിലൂടെ കടന്നുപോകും. ഇവിടെനിന്ന‌് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക‌് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും റെയിൽപ്പാത ടണലിലൂടെയാണ‌് കടന്നുപോകുക. നെല്ലാപ്പാറയിൽ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ടണൽ പൂർത്തീകരിക്കും. കുറിഞ്ഞിക്ക‌് സമീപമാണ‌് ടണൽ അവസാനിക്കുന്നത‌്. തൊടുപുഴയും കരിങ്കുന്നവും കഴിഞ്ഞാൽ രാമപുരത്താണ‌് അടുത്ത സ‌്റ്റേഷൻ.

പാലായിൽ ചെത്തിമറ്റത്തായിരുന്നു ആദ്യം റെയിൽവേ സ‌്റ്റേഷൻ പറഞ്ഞിരുന്നത‌്. പിന്നീട‌് ഭരണങ്ങാനമായി. ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ‌് റെയിൽവെ സ‌്റ്റേഷനുകൾ പിന്നിട്ട‌് എരുമേലിയിൽ ശബരിപാത അവസാനിക്കും. പിഴക‌് വരെ സ്ഥലമേറ്റെടുക്കാൻ 2006ലാണ‌് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നത‌്. റെയിൽവേ കല്ലിട്ട‌് സ്ഥലവും അടയാളപ്പെടുത്തി. ഇവിടെവരെ റെയിൽവേയും റവന്യൂ വിഭാഗവും ചേർന്ന‌് പരിശോധന പൂർത്തീകരിച്ചിട്ടുണ്ട‌്.

ശബരിമല, ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രം, രാമപുരം പള്ളി, എരുമേലി വാവരുപള്ളി എന്നിങ്ങനെ സംസ്ഥാനത്തെ പ്രധാന തീർഥാടന ടൂറിസം സർക്യൂട്ടാണിത‌്. എരുമേലയിൽനിന്ന‌് പുനലൂർക്ക‌് പാതയെ ബന്ധിപ്പിക്കാം. കൊല്ലം﹣ചെങ്കോട്ട റെയിൽവേ ലൈനുമായി ചേർന്ന‌് സർവേ പൂർത്തിയാക്കിയിട്ടുണ്ട‌്. മധുര, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ‌എളുപ്പ മാർഗവുമാകും. അന്തിനാടുനിന്ന‌് 15 കിലോമീറ്റർ ദൈർഘ്യത്തിൽ ഏറ്റുമാനൂർക്ക‌് ശബരിപാത ബന്ധിപ്പിച്ചാൽ തിരുവനന്തപുരം പാതയിലേക്കും വഴിതുറക്കും

ജോയ്‌സ‌് ജോർജ‌് എംപിയായിരിക്കെ നടത്തിയ  ഇടപെടലിൽ ബജറ്റ‌് വിഹിതമായി ശബരിപാതക്ക‌് 380 കോടിരൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള രണ്ട‌് ഓഫീസുകൾ പുനഃസ്ഥാപിക്കുകയും ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ‌്തതും ജോയ്‌സ‌് ജോർജിന്റെ ഇടപെടലിലൂടെയാണ‌്. വീതികുറഞ്ഞ അലൈൻമെന്റ‌് അനുസരിച്ച‌് കല്ലിട്ട‌് തിരിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌.

ആകെ 25 സ്റ്റേഷനുകൾ

ശബരി റെയിൽ പദ്ധതിയിൽ 25 റെയിൽവേ സ്‌റ്റേഷനുകളാണ്‌ വിഭാവനം ചെയ്യുന്നത്‌. ആകെയുള്ള 111 കിലോമീറ്ററിൽ അങ്കമാലിമുതൽ കാലടിവരെ എട്ടു കിലോമീറ്ററാണ്‌ നിർമാണം നടന്നത്‌. കാലടിയിൽ സ്റ്റേഷനും നിർമിച്ചു.

പദ്ധതിയുടെ ആദ്യഘട്ടം പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ഈരാറ്റുപേട്ട, പെൻകുന്നം, എരുമേലി എന്നിവിടങ്ങളിലാണ്‌ സ്റ്റേഷനുകൾ നിർമിക്കുക. രണ്ടാംഘട്ടം റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലും സ്റ്റേഷൻ നിർമിക്കും. മൂന്നാംഘട്ടം അഞ്ചൽ, കടക്കൽ, പാലോട്‌, നെടുമങ്ങാട്‌, നേമം എന്നിവിടങ്ങളിലാണ്‌ സ്റ്റേഷൻ നിർമാണം.

കെ എസ്‌ ഷൈജു 

No comments:

Post a Comment