Friday, January 15, 2021

15 രൂപയ്‌ക്ക് 10 കിലോ വീതം അരി; കിറ്റ് വിതരണം തുടരും; സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും. ഇതിലൂടെ സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കും. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കും. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യകിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ ദൃശ്യമായെന്നും ഐസക് പറഞ്ഞു.

പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി; തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രവാസി തൊഴില്‍ പദ്ധതി

തിരുവനന്തപുരം> തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായനും ലഭ്യമാക്കും.

 പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏകോപിത പ്രവാസി തൊഴില്‍പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി; സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി

തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു.  മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് ആയിരം കോടി രൂപ നല്‍കുമെന്നും ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള്‍ നികത്തും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി അനുവദിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി മാറ്റിവെയ്ക്കും. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ വര്‍ധിപ്പിച്ചു. പ്രീപ്രൈമറി ആയമാര്‍ക്ക് 10 വര്‍ഷം വരെ 500 രൂപയും 10 വര്‍ഷത്തിനു മേല്‍ ആയിരം രൂപയും വേതനം വര്‍ധിപ്പിക്കും. സ്‌കൂളുകളിലെ സൈക്കോളജിസ്റ്റ് കൗണ്‍സിലറുടെ വേതനം 24,000 രൂപയാക്കി വര്‍ധിപ്പിച്ചു.

ആരോഗ്യ സര്‍വകലാശാല ഗവേഷണകേന്ദ്രത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും. തൃശൂര്‍ മെഡിക്കല്‍ കോളജിനെ ക്യാംപസ് മെഡിക്കല്‍ കോളജായി രൂപാന്തരപ്പെടുത്തും. ശ്രീനാരായണാ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കും സാങ്കേതിക സര്‍വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും. പിജിയുടേയും പികെവിയുടെയും സ്മാരകമായി ആലപ്പുഴ യുസി കോളജില്‍ ലൈബ്രറി ആരംഭിക്കും.

ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍; 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ കൂടി

തിരുവനന്തപുരം > അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

കോവിഡ് മഹാമാരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതി. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും.

വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കും.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതി. കെ- ഡിസ്‌ക് പുനഃസംഘടിപ്പിക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും.

വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ, കെഎസ്ഇ എന്നിവ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

സുഗതകുമാരി സ്‌മാരകം നിർമിക്കും; രണ്ട്‌ കോടി വകയിരുത്തി

തിരുവനന്തപുരം > കേരളത്തിന്റെ അഭിമാനമായ അന്തരിച്ച കവയത്രി സുഗതകുമാരിക്ക്‌ സ്‌മാരകം നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സുഗതകുമാരിയുടെ സ്‌മാരകം നിര്‍മിക്കാന്‍ രണ്ട് കോടി വകയിരുത്തി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിനെ മ്യൂസിയമായി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം പണിയും. ഇതിനായി അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും. കൂനന്‍മാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം അനുവദിച്ചു.

തൃശൂരില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ ശ്രീരാമകൃഷ്‌ണ മഠത്തിന് 25 ലക്ഷം അനുവദിച്ചു. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക് അക്കാദമിക്കും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മലയാളം മിഷന് നാല് കോടിയും നല്‍കും. നൂറ് ആര്‍ട്ട് ഹബ്ബുകളും തുടങ്ങും.

ബജറ്റ് ഇവിടെ വായിക്കാം

No comments:

Post a Comment