Wednesday, January 13, 2021

ആലപ്പുഴ ബൈപാസ്‌: കേന്ദ്രവിഹിതം 185 കോടി, സംസ്ഥാന വിഹിതം 250 കോടി; ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തീയതി കാത്ത് കേരളം

ആലപ്പുഴ > അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമം കുറിച്ച് ആലപ്പുഴ ബൈപാസ്‌ തുറക്കാനൊരുങ്ങുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപാസ്, സംസ്ഥാന സർക്കാരിന്റെ പുതുവർഷ സമ്മാനമായി പ്രധാനമന്ത്രി ജനങ്ങൾക്ക് സമർപ്പിക്കും. അദ്ദേഹത്തിന്റെ ഉദ്ഘാടന തീയതിക്ക്‌ കാത്തിരിക്കുകയാണ്‌ കേരളം.  

ബൈപാസിൽ സ്ഥാപിച്ച വഴിവിളക്കുകൾക്കും സിഗ്നൽ ലൈറ്റുകൾക്കും കെഎസ്ഇബി ബുധനാഴ്‌ച വൈദ്യുതി കണക്ഷൻ നൽകും. കണക്ഷന്‌ പൊതുമരാമത്ത് അധിക‌ൃതർ ചൊവ്വാഴ്‌ച പണം കൈമാറി. ഒരു കണക്ഷൻ നൽകേണ്ടത് ആലപ്പുഴ നോർത്ത് സെക്ഷനാണ്. മൂന്നെണ്ണം ടൗൺ സെക്ഷനും നാലെണ്ണം  സൗത്ത് സെക്ഷനും. നഗരസഭാ സെക്രട്ടറിയുടെ അപേക്ഷയിൽ കെഎസ്‌ഇബി നടപടിക്രമങ്ങൾ പൂർത്തിയാക്കി. വൈദ്യുതി ലഭിക്കുന്നതോടെ  ഇതര ജോലികളും പൂർത്തിയാകും.

 ബൈപാസ് ഉദ്ഘാടനംചെയ്യാൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ളതായി അദ്ദേഹത്തിന്റെ ഓഫീസ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതോടെ തലമുറകൾ കാത്തിരുന്ന ആലപ്പുഴ ബൈപാസ് എന്ന സ്വപ്‌നം പൂവണിയും. 

 ചെലവ്‌ 370 കോടി 

 ആലപ്പുഴ ബൈപാസ്  നിർമാണത്തിന് ചെലവായ 370 കോടി രൂപയിൽ 185 കോടിയും ചെലവിട്ടത് കേരള സർക്കാരാണ്. കളർകോട് കൊമ്മാടി ജങ്ഷൻ നവീകരണത്തിനും വൈദ്യുതിവിളക്കുകൾ സ്ഥാപിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ചെലവിട്ട 65 കോടി രൂപ ഉൾപ്പെടെ  ബൈപാസ് നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ചെലവിട്ടത് 250 കോടി രൂപ.

 ഏഴര കിലോമീറ്റർ ബൈപാസ് നിർമാണത്തിന് വേണ്ടിവന്നത് അരനൂറ്റാണ്ട്.  പിണറായി സർക്കാർ അധികാരത്തിൽ വരുംവരെ  നിർമാണം നടന്നത് 13 ശതമാനം മാത്രം. പ്രധാനപ്പെട്ട റെയിൽവേ മേൽപ്പാലങ്ങൾ പോലും നിർമിക്കാനായിരുന്നില്ല. ഇതിനായി അനുമതിയും റെയിൽവേ നൽ കിയിരുന്നില്ല. പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യവും   മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലുകളുമാണ് 87 ശതമാനം ജോലികൾ കൂടി പൂർത്തീകരിച്ച് ബൈപാസ് റോഡ് ഗതാഗതത്തിന് സജ്ജമായതിന് പിന്നിൽ.

ബി സുശിൽകുമാർ

No comments:

Post a Comment