Tuesday, January 12, 2021

5 വർഷം; 4179 പ്രവാസി സ്റ്റാർട്ടപ് ; അനുവദിച്ചത് 220.37 കോടി രൂപ

നോർക്ക പ്രവാസി സ്റ്റാർട്ടപ് അഞ്ച് വർഷത്തിനിടെ കൈത്താങ്ങായത് 4,179 സംരംഭകർക്ക്. ഈ കാലയളവിൽ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാർട്ടപ് പദ്ധതികൾക്ക്‌ മാത്രമായി സർക്കാർ അനുവദിച്ചത്. 2019–-20  സാമ്പത്തികവർഷംമാത്രം 1043 പേർ പ്രവാസി സ്റ്റാർട്ടപ് പദ്ധതിയിൽ സംരംഭകരായി‌. ഇതിനായി 53.40 കോടി രൂപ അനുവദിച്ചു.

വിദേശത്തുനിന്ന്‌ മടങ്ങിയെത്തുന്ന, സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ  ഒരുക്കുന്നതിനായി നോർക്കയും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്. 

കേരള ബാങ്ക്, കനറാ ബാങ്ക്, ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റി തുടങ്ങി 16‌ ബാങ്കുകളുടെ സഹകരണത്തോടെയാണ്‌ പ്രവാസികൾക്ക് വായ്പ നൽകുന്നത്‌. 30 ലക്ഷം രൂപവരെ 15 ശതമാനം മൂലധന സബ്സിഡിയോടെ (പരമാവധി മൂന്നുലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം മൂന്നുശതമാനം പലിശ ഇളവുണ്ട്‌. വിദേശത്ത് കുറഞ്ഞത് രണ്ട് വർഷം ജോലിചെയ്ത് മടങ്ങിയെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കാണ്  സഹായം. 

എൽഡിഎഫ്‌ സർക്കാർ 2020 നവംബർവരെ 2895 സംരംഭങ്ങൾക്കായി 45.21 കോടി രൂപ സബ്‌സിഡി വിതരണം ചെയ്തു.ഒറ്റ ദിവസംകൊണ്ട് വായ്പ ലഭ്യമാക്കാൻ സഹായിക്കുന്ന ഫീൽഡ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും  http://norkapsp.startupmission.in/  എന്ന ലിങ്ക് സന്ദർശിക്കുക. വെബ്സൈറ്റ്‌: www.norkaroots.org

No comments:

Post a Comment