Saturday, January 9, 2021

എല്ലായിടത്തും കുടുംബാരോഗ്യകേന്ദ്രം , തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌, കൃഷി‌ക്ക്‌ നൂറുമേനി, 20000 പട്ടയം ഉടൻ

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നത് 20-22-ൽ പൂർത്തീകരിക്കും. കോന്നി, ഇടുക്കി, വയനാട് കാസർകോട്‌ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ നിർമാണം വേഗത്തിലാക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും.

കണ്ണൂർ ജില്ലയിൽ ആയുർവേദ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനം ഉടൻ യാഥാർഥ്യമാക്കും. പൂജപ്പുരയിൽ പാരാസർജിക്കൽ- നേത്ര ചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടും വയോജന പരിപാലന കേന്ദ്രവും അടങ്ങുന്ന ആയുർവേദ സമുച്ചയവും തൃപ്പൂണിത്തുറയിൽ സർക്കാർ ആയുർവേദ കോളേജ്‌ അക്കാദമിക ബ്ലോക്ക് കെട്ടിടത്തിന്റെയും നിർമാണം തുടങ്ങും.

എംപാനൽ ആശുപത്രികളിലും ലാബുകളിലും ഇഎസ്ഐ ആശുപത്രികളിലുംആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. ഇൻഷ്വർ ചെയ്യപ്പെട്ടവർക്ക് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ഡ്രഗ് സ്റ്റോർ മാനേജ്മെന്റ് സിസ്റ്റം മുഖേന മരുന്നിന്റെ വിതരണം നിയന്ത്രിക്കും. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ‌ അനാമയം സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം ആരംഭിക്കും.

തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌

കോവിഡ്‌ പ്രതിസന്ധി അക്കാദമിക കാലയളവിനെ ബാധിക്കാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ് പ്രോഗ്രാം ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

2000 സ്കൂൾ വികസനം അമ്പത് ശതമാനത്തിലധികം പൂർത്തിയാക്കി. 3,74,274 ഡിജിറ്റൽ ഉപകരണം സ്കൂളുകൾക്ക് വിതരണം ചെയ്തു. സർക്കാർ–-എയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 12 വരെ സ്മാർട്ട് ക്ലാസ് മുറികളാക്കി. എൽപി–-യുപി സ്‌കൂളുകളിലും ഹൈടെക് ലാബ്‌ സ്ഥാപിച്ചു. സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ച്‌ "സ്കൂൾ ക്യാമ്പസ് തന്നെ ഒരു പാഠപുസ്തകം’ ആക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 

ഉന്നത വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസത്തിനുസമാനമായി  ഒരു സമഗ്ര പരിപാടി 2021-–-22-ൽ ആരംഭിക്കും. സർക്കാർ കോളേജുകളിൽ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്‌ത്‌ പുതിയ കെട്ടിടങ്ങൾ നിർമിക്കും. നിശ്ചിത കാലയളവിനുള്ളിൽ സർവകലാശാലകളെ രാജ്യത്തെ ഉന്നത റാങ്കിങ്ങിൽ വളരെ വേഗത്തിൽ എത്തിക്കും.

ശ്രീനാരായണ സ്കോളർഷിപ്

ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയിൽപ്പെടുന്ന വിധവകളുടെ മക്കളോ, മാതാപിതാക്കളെ നഷ്ടമായവരോ ആയ കോളേജ്‌ വിദ്യാർഥികൾക്ക്‌ ശ്രീനാരായണ ഗുരു നവോത്ഥാന സ്കോളർഷിപ് നൽകും.ഒരു ലക്ഷം രൂപവരെ വാർഷിക കുടുംബ വരുമാന പരിധിയിലുള്ള വിധവകളുടെ പെൺമക്കൾ, മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടികൾ എന്നിവർക്ക്‌ വിവാഹ ധനസഹായം നൽകും. -

‌കൃഷി‌ക്ക്‌ നൂറുമേനി

സുഭിക്ഷ കേരളത്തെ ബജറ്റ്‌ വിഹിതത്തോടെ സ്‌കീം ആക്കി മാറ്റുമെന്ന്‌ ഗവർണർ പറഞ്ഞു. യുവജനങ്ങളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും കൃഷി വായ്‌പ പലിശ സബ്‌സിഡിയും തുകയുടെ ഒരു ഭാഗവും നൽകും. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപ്പര്യം വർധിപ്പിക്കാൻ "കാർഷിക സഞ്ചയിക' പദ്ധതി നടപ്പാക്കും. സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മുഖേനെ മൂല്യവർധിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. കേന്ദ്രനയങ്ങളെ തുടർന്ന്‌ പ്രതിസന്ധിയിലായ കാർഷിക മേഖലയ്‌ക്ക് കൂടുതൽ ധനസഹായം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടും. റബർ കർഷകർക്കും‌ സഹായം നൽകണം.

മൃഗചികിത്സ വീട്ടിലേക്ക്‌

77 കോടി ചെലവിൽ മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതി ഉടൻ പൂർത്തിയാക്കും. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്‌ത‌ത കൈവരിക്കും. 24 ‌മണിക്കൂർ വാതിൽപ്പടി മൃഗചികിത്സ 77 താലൂക്കിലും ഉടൻ നടപ്പിലാകും. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിയമം നിർമിക്കും.

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ വീട്‌

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2022 ഓടെ വീട്‌ പൂർത്തിയാകും.‌ കിഫ്‌ബിയിലൂടെ തീരദേശത്തെ 46 സ്‌കൂളും 60 മാർക്കറ്റും നവീകരിക്കും. സമഗ്ര തീര സംരക്ഷണ പദ്ധതി നടപ്പാക്കും. പരപ്പനങ്ങാടി, ചെത്തി തുറമുഖം നിർമാണം ഉടൻ ആരംഭിക്കും. ഉൾനാടൻ മത്സ്യ കൃഷി വിപുലപ്പെടുത്തും. കേരള ബാങ്കിലൂടെ കാർഷിക സംസ്‌കരണ സംരംഭകർക്കും മറ്റ്‌ ചെറുകിട സംരംഭകർക്കും ധനസഹായം നൽകും.16 വനം വകുപ്പ്‌ ചെക്ക്‌ പോസ്റ്റിൽ വനവിഭവങ്ങൾ വിൽക്കും.

സന്നദ്ധസേനയിൽ 3.66 ലക്ഷം പേർ

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സാമൂഹ്യസന്നദ്ധ സേനയിൽ 2020 നവംബർ 16 വരെ 3.66 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. അവർക്കുള്ള ഇ –- സർട്ടിഫിക്കേഷൻ നൽകിവരികയാണ്‌. കേരള യുവജന നേതൃത്വ  അക്കാദമി സ്ഥാപിച്ച്‌  5600ൽ അധികം രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ്‌ വികസിപ്പിക്കാൻ കൺസ്ട്രക്‌ഷൻ കോർപറേഷനെ ചുമതലപ്പെടുത്തി.

കോടതി മുറി ഡിജിറ്റലാക്കും

മാതൃക ഡിജിറ്റൽ കോടതി മുറി, ഹൈക്കോടതിയിലെ ഭരണനിർവഹണ വകുപ്പിൽ  ഇ ഓഫീസ്‌, ബാർ കോഡ്‌ സിസ്റ്റം ഉപയോഗിച്ച്‌ ജുഡീഷ്യൽ ഫയലുകൾക്കായി ഫയൽ ട്രാക്കിങ് സിസ്റ്റം എന്നിവ നടപ്പാക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലാ കോടതി രേഖകളുടെ ഡിജിറ്റലൈസേഷൻ അടുത്ത ധനവർഷം നടപ്പാക്കും. എറണാകുളം ജില്ലാ കോടതി കോപ്ലക്‌സിലും 18 കോർട്‌ ഹാളിലും തിരുവനന്തപുരത്ത്‌ 31 കോർട്‌ ഹാളിലും സിസിടിവി, 60 കോടതിയിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം,  ജില്ലാ കോടതിയിൽ ഐടി ട്രെയിനിങ് ഹാൾ  എന്നിവ തയ്യാറാക്കും.

6659 പരാതി പരിഹരിച്ചു

2020 നവംബർ 14വരെ 140  പബ്ലിക്‌ അദാലത്ത്‌ വഴി  പരിഹരിച്ചത്‌  6659 പരാതി. ദേവസ്വം ബോർഡിന്റെ ഭൂമി  തിരിച്ചുപിടിക്കാൻ ദേവസ്വം  ട്രിബ്യൂണൽ രൂപീകരിക്കാനും അതിനായി  ബിൽ  അവതരിപ്പിക്കാനും ആലോചനയുണ്ട്‌.

ദേവസ്വം ബോർഡ്‌ നിയമനത്തിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നൽകി.

20000 പട്ടയം ഉടൻ

ഈ സാമ്പത്തികവർഷംമാത്രം 20000 പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ സർവേക്കും ഡിമാർക്കേഷനുമായി കണ്ടിന്യൂയിങ് ഓപ്പറേറ്റിങ് റഫറൻസ്‌ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ കെഎൽആർഎം ആരംഭിച്ചു. സമ്പൂർണ കംപ്യൂട്ടർ വൽക്കരണത്തിനുള്ള വില്ലേജ്‌ ഇൻഫർമേഷൻ സിസ്റ്റം തിരുവനന്തപുരത്ത്‌ വഞ്ചിയൂരും കോട്ടയത്ത്‌  കടുത്തുരുത്തിയിലും നടപ്പാക്കും.

കേരള ബിൽഡിങ് ടാസ്‌ക്‌ ഓൺലൈൻ, എച്ച്‌ആർഎംഎസ്‌, ലാൻഡ്‌ ആൻഡ്‌ ലാൻഡ്‌ അസൈൻമെന്റ്‌ സിസ്റ്റം സാമൂഹ്യ സുരക്ഷാ പെൻഷൻ റിലീഫ്‌ ലാൻഡ്‌ അക്വിസിഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം തുടങ്ങിയവ സംയോജിപ്പിച്ച്‌  സമഗ്ര റവന്യൂ പോർട്ടൽ നടപ്പാക്കും.

186 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌ ഫണ്ട്‌  നൽകി.  റീബിൽഡ്‌ കേരള വഴി 255 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌കൂടി അംഗീകാരം നൽകി‌. 117 എണ്ണം പൂർത്തിയാക്കി.

ട്രഷറിയിൽ ഐഎഫ്‌എംഎസ്‌ ഓഡിറ്റ്‌ പൂർത്തീകരിക്കും. സോഷ്യൽ ഓഡിറ്റിങ് ഏറ്റെടുക്കും. ജനറൽ ഇൻഷുറൻസ്‌ ഇരട്ടിയാക്കുകയും  ലൈഫ്‌ ഇൻഷുറൻസ്‌ മെച്ചപ്പെടുത്തുകയുമാണ്‌ അടുത്ത വർഷത്തെ പ്രധാന ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

സോളാർ ബോട്ടുകൾ

ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക്‌ റോറോ സർവീസ്‌ 2021ൽ ആരംഭിക്കും. ചരക്ക്‌ നീക്കത്തിനായി ബാർജ്‌ സർവീസ്‌ ആരംഭിക്കും. കൊച്ചിൻ വാട്ടർ മെട്രോ പദ്ധതിയിൽ 23 ബോട്ട്‌ നിർമാണമാരംഭിച്ചു.

തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയാക്കും.

കൊല്ലത്തെ മെക്കാനിക്കൽ എൻജിനിയറിങ്‌ വർക്ക്‌ഷോപ്പിനെ നവീകരിക്കും. അഴീക്കൽ ബേപ്പൂർ തുറമുഖങ്ങളെ ഘട്ടം ഘട്ടമായി വികസിപ്പിക്കും. അഴീക്കലിൽ മണൽ ശുദ്ധീകരണ പ്ലാന്റ്‌ സ്ഥാപിക്കും.

കുടുംബശ്രീ ബജറ്റ്‌ വിഹിതം ഉയർത്തും

സ്‌ത്രീകൾക്ക്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ ഗവർണർ പറഞ്ഞു. കുടുംബശ്രീയുടെ ബജറ്റ്‌ വിഹിതം ഉയർത്തും. കൂടുതൽ കുടുംബങ്ങളെയും യുവതികളെയും ഉൾപ്പെടുത്തി കുടുംബശ്രീ ശൃംഖല വിപുലമാക്കും. സ്‌ത്രീകൾക്കെതിരായ അതിക്രമം തടയാൻ ക്രൈം മാപ്പിങ്ങിനുള്ള

സമഗ്ര പരിപാടി കുടുംബശ്രീ നടപ്പാക്കും.

സാമൂഹ്യ പഠനമുറി പദ്ധതിക്ക്‌ കീഴിൽ 500 പുതിയ കമ്യൂണിറ്റി പഠന കേന്ദ്രംകൂടി. ഗോത്ര വിഭാഗത്തിലെ 15000 കുട്ടികൾക്കെങ്കിലും പ്രയോജനകരമാകുന്ന കേന്ദ്രങ്ങളെ വിവിധോദ്ദേശ്യ സാമൂഹ്യ കേന്ദ്രങ്ങളായി ഉയർത്തും.

കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാൻ കാസർകോട്‌ ജില്ലയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ തുടങ്ങും.

45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരെ ഫോണിൽ വിളിച്ചു

കോവിഡ്‌ കാലത്ത്‌ മുതിർന്ന പൗൻമാരുടെ  ക്ഷേമത്തിനായി ആരംഭിച്ച ഗ്രാന്റ്‌ കെയർ പ്രോജക്‌ട്‌ വിജയം. പദ്ധതി വഴി അങ്കണവാടി വർക്കർമാർ 45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരുമായി ഫോൺ മുഖേന കാര്യങ്ങൾ തിരക്കി. ടെലിമെഡിസിൻ സേവനം ലഭ്യമാക്കാൻ ഓരോ ജില്ലയിലും വയോക്ഷേമ കോൾസെന്റർ തുടങ്ങി.  അംഗപരിമിതർക്ക്‌ തൊഴിലവസരങ്ങൾക്കായി  കർമപഥം  പോർട്ടൽ ആരംഭിക്കും. വൈദഗ്‌ധ്യമുള്ള മേഖലയിൽ വിവരങ്ങൾ നൽകാൻ മുതിർന്ന പൗരൻമാർക്ക്‌ മാത്രമായി പോർട്ടൽ. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്‌ക്കായി ഐടി@ എൽഡേർലി പരിപാടി ആവിഷ്‌കരിക്കും.

വനിതാ കുറ്റവാളികളുടെയും മുൻ തടവുകാരുടെയും മാനസിക –- സാമൂഹ്യ  ക്ഷേമത്തിനായി പരിവർത്തനം പദ്ധതി. ട്രാൻസ്‌ജെൻഡറുകൾക്കായി സുകൃതം ഭവനപദ്ധതിയും കിരണം എന്ന  വെബ്‌പോർട്ടലും ആരംഭിക്കും.

അങ്കണവാടികളിൽ കിളിക്കൊഞ്ചൽ

കോവിഡ്‌കാലത്ത്‌ അങ്കണവാടിയിലെ പ്രീസ്കൂൾ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ കിളിക്കൊഞ്ചൽ പദ്ധതി നടപ്പാക്കി. അംഗീകൃത ക്ഷേമസ്ഥാപനങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റും അങ്കണവാടി കുട്ടികൾക്ക്‌ ടേക്ക്‌ ഹോം റേഷനും ഉറപ്പാക്കി.

ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ സ്‌റ്റേറ്റ്‌ നിർഭയ പോളിസി നടപ്പാക്കും. പോക്‌സോയെ അതിജീവിച്ച 200 പേർക്ക്‌ മാതൃകാഭവനം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ ആരംഭിച്ചു. 2020ൽ പത്തനംതിട്ട, ഇടുക്കി, കാസർകോട്‌ മൂന്ന്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻകൂടി സ്ഥാപിച്ചു. 27 ആധുനിക സൗകര്യങ്ങളുള്ള ജനകേന്ദ്രീകൃത ആപ്പും ഇ ചലാൻ സിസ്റ്റവും ആരംഭിച്ചു.

അഗ്നിരക്ഷാ വിഭാഗത്തിലെ ഹോം ഗാർഡ് നിയമനത്തിൽ 30 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കി. അടുത്തവർഷം 100 ഫയർ വുമണിനെ നിയമിക്കും. ബലാൽസംഗ–- പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ 28 ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി അനുവദിച്ചു. 20 എണ്ണം പ്രവർത്തനം തുടങ്ങി.

2021–- 22 വർഷത്തിൽ പൊലീസ്‌ വകുപ്പിൽ നിർമിതബുദ്ധി പദ്ധതികൾ ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെന്ററും വെർച്വൽ പൊലീസ്‌ സ്‌റ്റേഷനും തുടങ്ങും.

തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, തൃശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ ജില്ലാ പരിശീലന കേന്ദ്രം, കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശൂർ സിറ്റി, കോഴിക്കോട്‌ സിറ്റി എന്നിവിടങ്ങളിൽ പുതിയ ജില്ലാ കൺട്രോൾ റൂം, വലിയ  ദുരന്തങ്ങൾ നേരിടാൻ പതിയ സ്‌പെഷ്യൽ ടാക്‌സ്‌‌ ഫോഴ്‌സ്‌ എന്നിവ തുടങ്ങും.

കണ്ണൂരിൽ കൈത്തറി ഡൈയിങ് സെന്റർ

ഒന്നു‌മുതൽ ഏഴു‌വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും കൈത്തറി യൂണിഫോം നൽകും. ‌കണ്ണൂർ നാടുകാണി കിൻഫ്ര പാർക്കിൽ 26 കോടി ചെലവിൽ ഡിജിറ്റൽ പ്രിന്റിങ് സൗകര്യമുള്ള ഡൈയിങ് സെന്റർ ആരംഭിക്കും. കൈത്തറി മിത്ര പദ്ധതി ക്ലസ്‌റ്റർ മാതൃകയിൽ നടപ്പാക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസിലൂടെ  5000 പുതിയ തൊഴിൽ നൽകും.

പതിനായിരംപേർക്ക്‌ ഒരാൾ

പതിനായിരംപേർക്ക്‌ ഒരാൾ എന്ന രീതിയിൽ സന്നദ്ധ സേന രൂപീകരിച്ചു. മൂന്നരലക്ഷം അംഗങ്ങളെയാണ്‌ പ്രതീക്ഷിച്ചതെങ്കിൽ ഇതിലിപ്പോൾ മൂന്നേമുക്കാൽ ലക്ഷം അംഗങ്ങൾ സ്വയം സന്നദ്ധരായി എത്തി. കോവിഡ്‌ മഹാമാരിയിലും പ്രകൃതി ദുരന്തമേഖലകളിലും ഇവരുടെ കൈമെയ് ‌മറന്നുള്ള പ്രവർത്തനം വിലപ്പെട്ടതായിരുന്നു.

No comments:

Post a Comment