Saturday, January 9, 2021

ഫെഡറൽ ഘടന തകർക്കരുത്‌; ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽ : ഗവർണർ

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെ വിവിധ കോണുകളിൽനിന്ന്‌‌ വെല്ലുവിളി നേരിടുകയാണെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ  പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽനിന്നിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാനും അവതരിപ്പിക്കാനും സർക്കാർ എന്നും ശ്രമിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നതും കേരളമായിരുന്നു. യോജിച്ചുള്ള വികസനപ്രക്രിയയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തുല്യപങ്കാളിയാകണമെന്ന ഫെഡറൽ തത്വ കാഴ്‌ചപ്പാടിൽ കേരളം വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല.

കോവിഡിൽ ചേർത്തുപിടിച്ചു

അധികാരമേറ്റതുമുതൽ വ്യത്യസ്‌തങ്ങളായ വെല്ലുവിളികൾ നേരിട്ടാണ്‌ സർക്കാർ മുന്നോട്ടുപോയതെന്ന്‌ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ഇപ്പോൾ കോവിഡ്‌ പ്രതിസന്ധിയും കേരളത്തെ വരിഞ്ഞുമുറുക്കി.  സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കനത്ത ആഘാതമാണ്‌‌ കോവിഡ്‌ സൃഷ്ടിച്ചത്‌. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 12ശതമാനവും വിദേശ നിക്ഷേപമാണ്‌. ആറുലക്ഷത്തോളം പ്രവാസികളുടെ തിരിച്ചുവരവ്‌ വലിയ ആഘാതമാണ്‌ സൃഷ്ടിച്ചത്‌. 80,000 കോടി രൂപയുടെ നഷ്ടമാണ്‌‌ ഇതുവഴി കണക്കാക്കുന്നത്‌.

ആർക്കും വിശന്നില്ല

ആരും വിശന്നിരിക്കരുത്‌ എന്ന്‌ ഉറച്ച നിലപാട്‌ എടുത്ത സംസ്ഥാനമാണ്‌ കേരളം. സമൂഹ അടുക്കളകൾ ഒരുക്കി. അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷണവും നൽകി. കോവിഡിന്‌ സൗജന്യ ചികിത്സ നൽകുന്നതിനൊപ്പം മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യധാന്യക്കിറ്റ്‌ തുടരുന്നുമുണ്ട്‌.

അടച്ചിടൽ പ്രഖ്യാപിച്ച ഉടൻ 20,000കോടിരൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. ക്ഷേമപെൻഷുകൾ കൃത്യമായി വിതരണംചെയ്യുന്നതിന്‌ പുറമെ അത്‌ ലഭിക്കാത്ത ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക്‌ ആയിരം രൂപ വീതം നൽകി. 15ലക്ഷം കുടുംബങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌. 

2020 സെപ്‌തംബർ ഒന്നിന്‌ 100ദിന കർമപരിപാടി പ്രഖ്യാപിച്ചു. 50,000 തൊഴിലവസരം പ്രഖ്യാപിച്ചു. അതിന്‌ പുറമെ 1,16,440 തൊഴിലവസരം കൂടി സൃഷ്ടിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ 100ദിന പരിപാടിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേന്ദ്ര ഏജൻസികൾ വികസനം തടയുന്നു

ചില കേന്ദ്രസർക്കാർ ഏജൻസികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിക്കുകയും അത്‌ സംസ്ഥാനത്തിന്റെ വികസനത്തെ തന്നെ തടസ്സപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. സത്യസന്ധരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കാനും ഇതുവഴി കേന്ദ്രഏജൻസികൾ ശ്രമിച്ചു.

അടിസ്ഥാന സൗകര്യ വികസനം, സമഗ്രമായ  സാമ്പത്തികവളർച്ച എന്നിവയ്‌ക്ക്‌ ഊന്നൽ നൽകിയാണ്‌ സർക്കാർ ഇതുവരെ പ്രവർത്തിച്ചത്‌. കിഫ്‌ബിവഴി 56,000കോടിരൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു‌.  2016ൽ 600 രൂപയുണ്ടായിരുന്ന ക്ഷേമപെൻഷൻ 1500രൂപയാക്കി ഉയർത്താനും സർക്കാരിന്‌ സാധിച്ചു. ലൈഫിന്‌ കീഴിൽ രണ്ടരലക്ഷം കുടുംബത്തിന്‌ സുരക്ഷിത ഭവനമൊരുക്കി.  സംസ്ഥാനത്ത്‌ നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനും അതുവഴി ഒട്ടേറെ നിക്ഷേപങ്ങൾ  കൊണ്ടുവരാൻ കഴിഞ്ഞതായും ഗവർണർ പറഞ്ഞു.

എന്നും മുന്നിൽ

നിതി അയോഗിന്റെ സുസ്ഥിരവികസന പട്ടികയിൽ ഹാട്രിക്‌ നേട്ടവുമായി കേരളം മുന്നിലാണെന്ന്‌ ഗവർണർ  പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും ഒന്നാമതായിരുന്നു. രാജ്യത്ത്‌‌ മികച്ച ഭരണം നടത്തുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്‌ പബ്ലിക്‌ അഫയർ സെന്ററിന്റെ പബ്ലിക്‌ അഫയേഴ്‌സ്‌ ഇൻഡക്സിൽനിന്നാണ്‌.

ആരോഗ്യമേഖല നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടി. വികസിത രാജ്യങ്ങൾക്ക്‌ തുല്യമായി കുറഞ്ഞ  ശിശുമരണനിരക്കുള്ള ഏക സംസ്ഥാനം, 2019ലെ പ്രധാനമന്ത്രി സുരക്ഷിത്‌ മാതൃത്വ അഭിയാൻ അവാർഡ്‌, രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രം, 55 കുടുംബാരോഗ്യകേന്ദ്രത്തിന്‌ എൻക്യുഎസ്‌ അക്രഡിറ്റേഷൻ എന്നിവ നേടി.

2019ലെ എംപവർമെന്റ്‌ ഓഫ്‌ ദി ഡിഫറന്റലി ഏബിൾഡ്‌ ദേശീയ അവാർഡ്‌, ഉത്തരവാദിത്ത ടൂറിസത്തിനും ടൂറിസം മിഷനും വേൾഡ്‌ ട്രാവൽ മാർക്കറ്റ്‌, ഏഷ്യാ പസഫിക്‌ ട്രാവൽ അസോസിയേഷൻ അവാർഡ്‌, മികച്ച അർബൻ ബസ്‌ സർവീസിനുള്ള കേന്ദ്രമന്ത്രാലയ പുരസ്‌കാരം കൊച്ചി സ്‌മാർട്ട്‌ ബസ്‌ സർവീസിനും ലഭിച്ചു. നിതി അയോഗിന്റെ നാഷണൽ സ്‌കൂൾ എഡ്യുക്കേഷൻ ഇൻഡക്‌സിൽ പ്രഥമസ്ഥാനവും കേരളത്തിനാണെന്നും ഗവർണർ പറഞ്ഞു.

മഹാമാരിക്കാലത്തും നമ്മൾ ഉദാത്ത മാതൃക

ലോകം മുഴുവൻ വിറങ്ങലിച്ച്‌ നിന്നപ്പോഴും കോവിഡിന്‌ മുന്നിൽ അടിപതറാതെ പോരാടിയ നാടാണ്‌ കേരളമെന്ന്‌ ഗവർണർ പറഞ്ഞു.  പ്രതിരോധത്തിനും കരുതലിനും ലോകമാകമാനമുള്ള പ്രശംസ നേടാൻ കേരളത്തിനായി. രോഗം ബാധിച്ചവരിലെ മരണനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌, പ്രതിദിന റിപ്പോർട്ട്‌ ചെയ്യുന്ന കേസുകൾ എന്നിവ കുറച്ചുകൊണ്ടുവരാനും ഊർജിതശ്രമം തുടരുന്നു.

2020 ജനുവരിമുതൽ സംസ്ഥാനത്ത്‌ കോവിഡ്‌ കൺട്രോൾ റൂം, കോവിഡ്‌ വാർറൂമുകളും ഒരുക്കി.  കോവിഡ്‌ പ്രതിരോധ ബോധവൽക്കരണത്തിന്‌ മാത്രമായി ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനും ഇൻഫർമേഷൻ, എഡ്യുക്കേഷൻ കമ്യൂണിക്കേഷൻ, (ഐഇസി) പ്രചാരണപരിപാടിയും  ആരംഭിച്ച ഏക സംസ്ഥാനമാണ്‌ കേരളം.  വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച്‌ ബോധവൽക്കരണവും പ്രതിരോധവും നിർവഹിച്ചു.

പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ സുസ്ഥാപിത ഭരണസംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ കോർകമ്മിറ്റി, ചീഫ്‌സെക്രട്ടറി അധ്യക്ഷനായ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌, ആരോഗ്യകുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ ഗ്രൂപ്പ്‌ എന്നിവ ഇക്കാര്യത്തിൽ ഇടപെട്ടു. വാർഡ്‌ തലങ്ങളിൽ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമുകളും സജ്ജീകരിച്ചു. 

പരിശോധിക്കുക, ഐസൊലേറ്റ്‌ ചെയ്യുക, നിരീക്ഷിക്കുക എന്ന ഐസിഎംആർ പ്രോട്ടോകോളാണ്‌ കേരളം നടപ്പാക്കിയത്‌. ദിശ ഹെൽപ്‌ലൈൻ സംശയങ്ങൾക്ക്‌ മറുപടി നൽകി. ആവശ്യമുള്ളിടങ്ങളിലെല്ലാം പരിശോധന കിയോസ്‌കുകൾ ഒരുക്കി. രോഗികൾക്ക്‌ ഉന്നതനിലവാരത്തിലുള്ള ചികിത്സ സൗജന്യമായി നൽകി. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണമുൾപ്പെടെ എന്താവശ്യങ്ങളും നിർവഹിച്ചു നൽകി. കോവിഡ്‌ മുക്തർക്കായി പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകൾ ഒരുക്കി. 

20,000കോടിരൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. ക്ഷേമപെൻഷനുകൾ വർധിപ്പിച്ച്‌ നൽകിയും കുടിശ്ശിക തീർത്തുനൽകിയും ജനങ്ങൾക്കൊപ്പം സർക്കാർ നിന്നു. വിവിധ ക്ഷേമനിധി ബോർഡുകൾക്ക്‌ കീഴിൽ 31.68ലക്ഷം ഗുണഭോക്താക്കൾക്ക്‌ 355.59കോടിരൂപയുടെ സഹായം നൽകി. എല്ലാ കുടുംബങ്ങൾക്കും 300 കോടിരൂപയുടെ സൗജന്യ റേഷൻ വിതരണംചെയ്‌തു. സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും നൽകുന്നു.

പ്രവാസികൾക്ക്‌ ക്വാറന്റൈൻ സെന്ററുകളിലേക്ക്‌ പോകാൻ സൗജന്യയാത്രയുമായി കെഎസ്‌ആർടിസിയും ചേർന്നു. കുടുംബശ്രീ 4000കോടിയുടെ പാക്കേജുകൾ ഏറ്റെടുത്തു. അയൽക്കൂട്ടങ്ങൾക്ക്‌ സഹായഹസ്‌തം പദ്ധതിയിലൂടെ 2000കോടി നൽകുന്നു.

കർഷകസമരം മഹത്തായ ചെറുത്തുനിൽ‌പ്പെന്ന്‌ ഗവർണർ

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമം ഇടനിലക്കാർക്കും കോർപറേറ്റുകൾക്കും മാത്രമേ ഗുണകരമാകൂവെന്ന്‌ ‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഈ നിയമം നിയന്ത്രിത വിപണികളെ ഇല്ലാതാക്കും.  ഫലത്തിൽ മിനിമം താങ്ങുവില ഇല്ലാതാക്കുകയും  കോർപറേറ്റ്‌ ഇടനിലക്കാർക്ക്‌ അനുകൂലമായി വിലപേശൽ അധികാരം നൽകുകയും ചെയ്യും. ഈ  നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും.

കർഷകസമരം മഹത്തായ ചെറുത്തുനിൽപ്പാണ്. നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. വിലപേശൽശേഷി ഇല്ലാതാകും. പൂഴ്‌‌ത്തിവയ്‌പിന് കളമൊരുങ്ങുന്നതുമാണ് നിയമമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അവകാശം ഹനിക്കുന്ന നിയമനിർമാണങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്‌. അടിക്കടിയുള്ള ഇന്ധനവിലവർധന വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

‘നിങ്ങൾ ഒരുപാട്‌ മുദ്രാവാക്യം വിളിച്ചില്ലേ. നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇനി എന്നെ ശല്യപ്പെടുത്തരുത്‌’ : ക്ഷുഭിതനായി ഗവർണർ

നയപ്രഖ്യാപന പ്രസംഗം തുടർച്ചയായി തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തോട്‌ ക്ഷുഭിതനായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഗവർണർ എത്തിയതുമുതൽ നടുത്തളത്തിൽ ഇറങ്ങി സഭാനടപടികൾ അലങ്കോലപ്പെടുത്താനായിരുന്നു പ്രതിപക്ഷശ്രമം.

‘ഭരണഘടനാപരമായ കടമയാണ്‌ നിർവഹിക്കുന്നതെന്നും തടസ്സപ്പെടുത്തരുതെന്നും’ മൂന്നുതവണ പ്രസംഗം നിർത്തി പറഞ്ഞിട്ടും പ്രതിപക്ഷം  വകവയ്‌ക്കാതിരുന്നതാണ്‌ ഗവർണറെ പ്രകോപിപ്പിച്ചത്‌.

‘നിങ്ങൾ ഒരുപാട്‌ മുദ്രാവാക്യം വിളിച്ചില്ലേ. നിങ്ങളുടെ പ്രതിഷേധം  രേഖപ്പെടുത്തുകയും ചെയ്തു. ഇനി എന്നെ ശല്യപ്പെടുത്തരുത്‌’–- ഗവർണർ തന്റെ നീരസം പ്രകടമാക്കി. വീണ്ടും മുദ്രാവാക്യം വിളി തുടർന്ന പ്രതിപക്ഷം സഭ വിട്ടശേഷവും‌ ഗവർണർ പ്രസംഗം തുടർന്നു.

ബഹളംവച്ച്‌‌ പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌ പ്രതിപക്ഷം.  സമ്മേളനം ആരംഭിച്ചതുമുതൽ മുദ്രാവാക്യം വിളിയുമായി നടപടികൾ അലങ്കോലപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം.

ഗവർണർ എത്തിയിട്ടും ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. ‘സ്പീക്കർ രാജിവയ്‌ക്കുക’, ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയുക’ എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധം വകവയ്‌ക്കാതെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടർന്നു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി നടപടി തടയാൻ ശ്രമിച്ചു. പത്തുമിനിട്ടോളം ഇത്‌ നീണ്ടു.  തുടർന്ന്‌, പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നു. പ്രസംഗം പൂർത്തിയാക്കി ഗവർണർ മടങ്ങിയപ്പോഴും അവർ പ്രതിഷേധം തുടർന്നു.

പി സി ജോർജ്‌ ഇറങ്ങിപ്പോയി; രാജഗോപാൽ തുടർന്നു

പ്രതിപക്ഷത്തിന്‌ പിറകേ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌ പി സി ജോർജ്‌ എംഎൽഎയും. പ്രതിപക്ഷം ഇറങ്ങിപ്പോയി കുറച്ചുസമയംകൂടി സഭയിൽ തുടർന്ന പി സി, പിന്നീട്‌ ഒറ്റയ്‌ക്ക്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ബിജെപിക്കാരനായ ഗവർണർ എൽഡിഎഫിന്റെ രാഷ്ട്രീയനിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് ജോർജ് പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം, ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാൽ അവസാനംവരെ സഭയിൽ തുടർന്നു.

കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതിനെതിരായ പരാമർശവും കേന്ദ്ര കാർഷിക നയങ്ങൾക്കെതിരായ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാടും ഗവർണർ വായിച്ചപ്പോഴും രാജഗോപാൽ കേട്ടിരുന്നു.

പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷനിരയിൽ ബാക്കിയുണ്ടായിരുന്ന  രാജഗോപാലിനോടും മറ്റ്‌ ഭരണപക്ഷ എംഎൽഎമാരോടും കൈകൂപ്പി വിടചോദിച്ചാണ്‌ ഗവർണർ മടങ്ങിയത്‌.

No comments:

Post a Comment