Friday, January 8, 2021

ശുഭപ്രതീക്ഷയോടെ 2021ലേക്ക്‌ - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

കൊഴിഞ്ഞുപോയ 2020നെ വിശേഷിപ്പിക്കാൻ അനുസ്‌ ഹോറിബിലിസ്‌ എന്ന ലാറ്റിൻ വാക്കാണ്‌ (ഭയാനകമായ വർഷം) ഏറ്റവും അനുയോജ്യം. 2020നെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്‌ തെറ്റാകില്ല. അത്രയും ഭയാനകമായിരുന്നു അവസാനിച്ച വർഷം. മുമ്പെങ്ങും ഇത്രയും ഭയാനകമായ ഒരു വർഷം കടന്നുപോയിട്ടില്ല. ലോക മഹാമാരി–- കൊറോണ വൈറസ്‌ സൃഷ്ടിച്ച മഹാമാരിയെ താരതമ്യപ്പെടുത്താവുന്നത്‌ ഒരു നൂറ്റാണ്ടുമുമ്പ്‌ പടർന്നുപിടിച്ച ‘സ്‌പാനീഷ്‌ ഫ്‌ളു’വുമായി മാത്രമാണ്‌. അത്‌ 1918–-19ൽ ലോകമാകെ സംഹാര താണ്ഡവമാടുകയായിരുന്നു. കോവിഡ്‌–-19 മഹാമാരി 2020 അവസാനത്തോടെ ലോകത്താകെ 8.1 കോടി ജനങ്ങളെ രോഗാതുരരാക്കി. 18 ലക്ഷം പേരുടെ ജീവൻ കവർന്നു. രോഗം ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളും രോഗം ഭേദമായവരും അഭിമുഖീകരിക്കുന്ന തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങൾ വലിയതോതിൽ വിഷമം സൃഷ്ടിക്കുകയാണ്‌.

വ്യാപകമായ തോതിൽ പടർന്നുപിടിച്ച രോഗം നിയന്ത്രിക്കാൻ ഭൂരിഭാഗം രാജ്യവും അടച്ചുപൂട്ടലുകളും മറ്റു കർശന നടപടികളും സ്വീകരിച്ചു. ഇത്‌ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ലോകത്താകെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഉൽപ്പാദനമേഖലകൾ അടച്ചിട്ടതിലൂടെ ഉൽപ്പാദനത്തിൽ വൻഇടിവുണ്ടായി. കോടിക്കണക്കിനാളുകൾ തൊഴിൽരഹിതരായി, പട്ടിണിയിലും ദാരിദ്ര്യത്തിലും അമർന്നു. ഈ സാമ്പത്തിക മാന്ദ്യത്തിനിടയിലും സമ്പന്നർ കൂടുതൽ സമ്പന്നരായി. ധന  കോർപറേഷനുകളുടെ ലാഭം കുതിച്ചുയർന്നു.

ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. അമേരിക്ക കഴിഞ്ഞാൽ കോവിഡ്‌ രോഗികളുടെ കാര്യത്തിൽ നമ്മൾ രണ്ടാം സ്ഥാനത്താണ്‌. ഒരു കോടിയിലേറെപ്പേർ രോഗബാധിതരായി. ഒന്നരലക്ഷംപേർ വൈറസ്‌ ബാധിച്ചുമരിച്ചു. ആസൂത്രണമില്ലാതെയും സൂക്ഷ്‌മതയില്ലാതെയും പൊടുന്നനെ മോഡി സർക്കാർ അടച്ചുപൂട്ടൽ അടിച്ചേൽപ്പിച്ചതോടെ സമ്പദ്‌വ്യവസ്ഥ അഗാധമായ പ്രതിസന്ധിയിലാണ്‌. സമ്പദ്‌വ്യവസ്ഥയുടെ തകർച്ച ദശലക്ഷക്കണക്കിനു കുടിയേറ്റത്തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകാൻ നിർബന്ധിതരാക്കി. പട്ടിണിയും രോഗവും പേറിയായിരുന്നു കുടിയേറ്റത്തൊഴിലാളികളുടെ പലായനം. നിർദയമായ സർക്കാർ വരുത്തിവച്ചതാണ്‌ ഈ വൻദുരിതം.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഏപ്രിൽ–- ജൂൺ പാദത്തിൽ 29.9 ശതമാനമായി ഇടിഞ്ഞു. ജൂലൈ–-സെപ്‌തംബർ പാദത്തിൽ ഇടിവ്‌ 7.5 ശതമാനമായി. നെഗറ്റീവ്‌ വളർച്ച നിരക്കിലാണ്‌ രാജ്യം. സംഘടിതമേഖലയിൽ ലക്ഷങ്ങൾക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിതമേഖലയിൽ തൊഴിൽ നഷ്ടം ഇതിന്റെ എത്രയോ ഇരട്ടിയാണ്‌. ഏപ്രിലിൽ തൊഴിലില്ലായ്‌മ നിരക്ക്‌ 24 ശതമാനമെന്ന ഞെട്ടിപ്പിക്കുന്ന രീതിയിലേക്ക്‌ കുതിച്ചുയർന്നു. സമ്പദ്‌മേഖല പൂർണമായും തുറന്നെങ്കിലും ഡിസംബറിൽ തൊഴിലില്ലായ്‌മ 8.5 ശതമാനമെന്ന ഉയർന്ന നിരക്കിലാണ്‌.

മഹാമാരിയും സ്വേച്ഛാധിപത്യ സർക്കാരും ജനങ്ങളുടെ ജീവിതത്തെ തകർത്തുകളഞ്ഞു. രാജ്യത്ത്‌ പട്ടിണി വ്യാപകമായി. 2020ലെ ലോക പട്ടിണി സൂചികപ്രകാരം 107 രാജ്യത്തിൽ ഇന്ത്യയുടെ സ്ഥാനം 94ലേക്ക്‌ താഴ്‌ന്നു. എഫ്‌സിഐ ഗോഡൗണുകളിൽ ഏഴു കോടി ടൺ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴാണ്‌ ഇത്‌. ലോകത്തെ മറ്റ്‌ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെപ്പോലെ കോവിഡ്‌‌ പ്രതിസന്ധിയെ മോഡി സർക്കാരും അതിന്റെ സ്വേച്ഛാധിപത്യ സ്വഭാവം ശക്തിപ്പെടുത്താനാണ്‌ ഉപയോഗിച്ചത്‌. 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ്‌ പ്രഖ്യാപിച്ചതായി ഊറ്റംകൊള്ളുന്ന സർക്കാർ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആവശ്യമായ സഹായം എത്തിക്കുന്നതിൽ നിഷേധാത്മകമായ സമീപനമാണ്‌ സ്വീകരിച്ചത്‌. വലിയ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും യഥാർഥത്തിൽ സർക്കാർ ചെലവഴിക്കുന്നത്‌ 2.5 ലക്ഷം കോടി രൂപയിൽ താഴെ മാത്രമാണ്‌. അതായത്‌ ജിഡിപിയുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രം. സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉത്തേജനം നൽകുന്നതിനായി വാങ്ങൽ ശേഷി വർധിപ്പിക്കാൻ ജനങ്ങളുടെ കൈയിൽ പണം എത്തിക്കണമെന്ന നവഉദാരവൽക്കരണ, സാമ്പത്തിക വിദഗ്‌ധരുടെ ഉപദേശംപോലും നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. പൊതുപണം ഉപയോഗിച്ച്‌ ലാഭം വർധിപ്പിച്ച്‌ കോർപറേറ്റുകൾക്ക്‌ തടിച്ചുകൊഴുക്കാൻ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജിലൂടെ‌. 2019 ഡിസംബറിൽ രാജ്യത്ത്‌ 80 ശതകോടീശ്വരന്മാരാണ്‌ ഉണ്ടായിരുന്നത്‌‌ (ഡോളർ അടിസ്ഥാനമാക്കി). കോവിഡ്‌ കാലത്ത്‌ ശതകോടീശ്വരന്മാർ 90 ആയി ഉയർന്നു. ഇക്കാലയളവിൽ മുകേഷ്‌ അംബാനിയുടെ സമ്പാദ്യം 6.43 ലക്ഷം കോടി രൂപയായി ഉയർന്നു (37.2 ശതമാനത്തിന്റെ വർധന). അദാനിയുടെ സ്വത്ത് 113 ശതമാനം വർധിച്ച്‌ 3.03 ലക്ഷം കോടിയായി.

കോവിഡിന്റെ മറവിൽ പാർലമെന്ററി ജനാധിപത്യത്തെ ക്ഷീണിപ്പിക്കാനുള്ള അവസരവുമാക്കി. പാർലമെന്റിനെ നോക്കുകുത്തിയാക്കി ഓർഡിനൻസിലൂടെ നിയമനിർമാണം നടത്തുന്നത്‌ ശക്തിപ്പെടുത്തി. ചർച്ചയില്ലാതെ തിടുക്കപ്പെട്ടു കൊണ്ടുവന്ന മൂന്നു കാർഷിക നിയമവും മൂന്ന്‌ തൊഴിൽ നിയമവും കർഷകരും തൊഴിലാളികളും അനുഭവിച്ചിരുന്ന അവകാശങ്ങളുടെ കടയ്‌ക്കൽ കത്തിവയ്‌ക്കലായിരുന്നു. കോർപറേറ്റുകൾക്കും അന്താരാഷ്ട്ര ധനമൂലധനത്തിനും നേട്ടമുണ്ടാക്കാനാണ്‌ കാർഷിക, തൊഴിൽ നിയമങ്ങൾക്ക്‌ രൂപംകൊടുത്തത്‌. തൊഴിലാളികളുടെ എതിർപ്പ്‌ വകവയ്‌ക്കാതെ ധാതുനിയമങ്ങൾ ഭേദഗതി ചെയ്‌തു. കൽക്കരിയുടെയും മറ്റു ധാതുക്കളുടെയും ഖനനത്തിന്‌ സ്വകാര്യ കമ്പനികൾക്ക്‌ യഥേഷ്ടം അനുമതി നൽകാനാണ്‌ നിയമത്തിൽ ഭേദഗതി വരുത്തിയത്‌. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ ചട്ടങ്ങളുടെ കരട്‌ പരിഷ്കരിച്ചത്‌ സ്വകാര്യ ഖനനമേഖലയെ സഹായിക്കാനാണ്‌. തദ്ദേശ ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എതിർപ്പും കണക്കിലെടുക്കാതെ വൻകിട പദ്ധതികൾക്ക്‌ അനുമതി നൽകാനാണ്‌ ഇത്‌. വനമേഖലയിൽ താമസിക്കുന്ന ആദിവാസികളെ ഇത്‌ പ്രതികൂലമായി ബാധിക്കും.

ജനാധിപത്യ അവകാശങ്ങൾക്കുനേരെ വലിയ തോതിലുള്ള കടന്നാക്രമണങ്ങൾക്കും മഹാമാരി കാലം വേദിയായി. നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), രാജ്യദ്രോഹനിയമത്തിലെ വ്യവസ്ഥകളും ഉപയോഗിക്കുന്നത്‌ വ്യാപകമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികളും ഗവേഷകരും ഉൾപ്പെടെ നിരവധിപേരെ യുഎപിഎ ചുമത്തി ജയിലിൽ അടച്ചു. വടക്ക്‌–-കിഴക്കൻ ഡൽഹിയിലെ വർഗീയ ലഹളയുമായി ബന്ധപ്പെട്ട്‌ നിരപരാധികൾക്കെതിരെ യുഎപിഎയും രാജ്യദ്രോഹവും ചാർത്തി ജയിലിലിട്ടു. ഇതരവിശ്വാസികൾ തമ്മിലുള്ള വിവാഹം തടയുകയെന്ന ലക്ഷ്യത്തോടെ യുപിയിലും മധ്യപ്രദേശിലും ‘ലൗവ്‌ ജിഹാദ്‌’ ഓർഡിനൻസ്‌ നടപ്പാക്കി. കശ്‌മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും നിഷേധിക്കുന്നത്‌ തുടരുകയാണ്‌. നിരവധി രാഷ്ട്രീയപ്രവർത്തകർ ഇപ്പോഴും ജയിലിലാണ്‌. 4 ജി സേവനംപോലും കശ്മീർ ജനതയ്‌ക്ക്‌ നിഷേധിക്കുന്നു.

ഫെഡറൽ തത്ത്വങ്ങൾ അട്ടിമറിച്ച്‌ അധികാരകേന്ദ്രീകരണത്തിനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത്‌‌ എല്ലാ മേഖലയിലും കേന്ദ്രം കൈകടത്തുന്നു. സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരം നിഷേധിച്ചു. കാർഷിക, തൊഴിൽ, വൈദ്യുതി മേഖലയിൽ നിയമനിർമാണത്തിനുള്ള അവകാശം മറികടന്നുപോലും കേന്ദ്രം നിയമം നിർമിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ മറികടന്ന്‌ ഗവർണർമാർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. വിഭവങ്ങൾ സംസ്ഥാനങ്ങൾക്ക്‌ കൈമാറുന്നതിന്‌ ഭരണഘടനാതീതമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നു. അമേരിക്കയുമായുള്ള സൈനികബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്‌ ഹിന്ദുത്വശക്തികളും അമേരിക്കൻ സാമ്രാജ്യത്വവും തമ്മിലുള്ള അച്ചുതണ്ട്‌ രൂപപ്പെടുത്തിയിരിക്കയാണ്‌. ദുരന്തകാലത്തും ‘ക്വാഡ്‌’പോലുള്ള സൈനികസഖ്യത്തിന്‌ രൂപംകൊടുക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

2020 ഒരു ഭയാനകമായ വർഷമായിരുന്നെങ്കിലും ഇരുണ്ട കാർമേഘങ്ങൾക്കിടയിൽ പ്രതീക്ഷയുടെ ഒരു പ്രകാശകിരണം കാണുന്നുണ്ട്‌. പോയ വർഷത്തിന്റെ തുടക്കത്തിൽ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (എൻആർസി) രാജ്യത്താകെ ശക്തമായ പ്രതിഷേധം പടരുകയായിരുന്നു. 2019 ഡിസംബറിൽ ആരംഭിച്ച പോരാട്ടം തുടർന്നുള്ള മൂന്നു മാസത്തിൽ രാജ്യമാകെ പടർന്നു ശക്തിപ്പെട്ടു. ഹിന്ദുത്വ അജൻഡയ്‌ക്കെതിരെയുള്ള ആദ്യത്തെ വലിയ ജനകീയ മുന്നേറ്റമായിരുന്നു ഈ പോരാട്ടം. സിഎഎ, എൻആർസി എന്നിവയിലൂടെ ഇന്ത്യൻ പൗരത്വത്തെ പുനർനിർവചിച്ച്‌ മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനാണ്‌ ലക്ഷ്യമിടുന്നത്‌. മഹാമാരിയും അടച്ചിടലും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ ദേശവ്യാപകമായ പ്രക്ഷോഭം അവസാനിപ്പിക്കേണ്ടിവന്നു.

2020ന്റെ അവസാനം രണ്ടു മാസത്തിൽ രണ്ടാം ജനകീയമുന്നേറ്റത്തിനാണ്‌ രാജ്യം സാക്ഷ്യംവഹിച്ചത്‌. ഇത്തവണ കർഷകരാണ്‌ കാർഷിക നിയമങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്‌. കർഷകർ നവംബർ 26ന്‌ ‘ഡൽഹി ചലോ’ മാർച്ച്‌ തുടങ്ങി. അന്നേ ദിവസം രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കി. കർഷകസമരം പുതുവർഷത്തിലും ശക്തമായി തുടരുകയാണ്‌. മോഡി സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല, ഹിന്ദുത്വ അജൻഡയ്‌ക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പിന്റെ പുതുയുഗപ്പിറവിക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌ ഈ രണ്ടു ജനകീയ പ്രക്ഷോഭങ്ങളിലൂടെ. ഇങ്ങനെ പുതുവർഷത്തിന്‌ ശുഭപ്രതീക്ഷയോടെയാണ്‌ ആരംഭം. ഈവർഷം പകുതിയോടെ പ്രതിരോധ കുത്തിവയ്‌പ്പിലൂടെ കോവിഡ്‌ –-19നെ നിയന്ത്രിക്കാൻ കഴിയും. തുടർന്ന്‌ ജനവിരുദ്ധ ഭരണത്തിനെതിരെ വ്യാപകവും ശക്തവുമായ ചെറുത്തുനിൽപ്പ്‌ വളർത്തിയെടുക്കാനുള്ള സാധ്യത ഉയർന്നുവരും.

പ്രകാശ്‌ കാരാട്ട്‌ 

No comments:

Post a Comment