Friday, January 8, 2021

മാറിയ കേരള രാഷ്ട്രീയം

തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് മാറുന്ന കേരള രാഷ്ട്രീയത്തെപ്പറ്റി എഴുതിയ പരമ്പരയിൽ മൂന്നു കാര്യം സൂചിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന്റെ മുന്നണി മാറ്റം എൽഡിഎഫിനെ ശക്തിപ്പെടുത്തുകയും യുഡിഎഫിനെ ദുർബലമാക്കുകയും ചെയ്തിരിക്കുന്നു. ഇതിൽനിന്ന്‌ രക്ഷപ്പെടുന്നതിനായി ഒരു വശത്ത് ബിജെപിയുമായി പരോക്ഷമായും മറുവശത്ത് ലീഗ് വഴി വെൽഫെയർ പാർടിയും എസ്ഡിപിഐയുമായി പ്രത്യക്ഷമായും ഉണ്ടാക്കുന്ന ധാരണ യുഡിഎഫിനെ ജനങ്ങളിൽനിന്ന്‌ കൂടുതൽ ഒറ്റപ്പെടുത്തും. യുഡിഎഫിന്റെ നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുക്കുക വഴി ലീ കോ ബി സഖ്യമായി മാറിയത് ആ മുന്നണിയെ തീവ്രവാദ മുന്നണിയാക്കി മാറ്റിയിരിക്കുന്നു.  ഈ മൂന്നു കാര്യത്തിന്റെ അടിസ്ഥാനത്തിൽ കേരള രാഷ്ട്രീയം മതനിരപേക്ഷ മുന്നണിയും തീവ്രവാദ മുന്നണിയും എന്ന രീതിയിലേക്ക് ധ്രുവീകരിക്കപ്പെട്ടിരിക്കുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി.

ഈ വിഭജനത്തിൽ കേരളം ഏതുമുന്നണിക്ക് ഒപ്പം നിലകൊള്ളുമെന്നതായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. നവോത്ഥാന പാരമ്പര്യം മുറുകെ പിടിച്ച് കേരളജനത മതനിരപേക്ഷ മുന്നണിക്ക് ചരിത്രവിജയമാണ് നൽകിയത്. യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന മതനിരപേക്ഷ വാദികൾ ആ മുന്നണിയെ കൈയൊഴിഞ്ഞു. മുസ്ലിം ജനവിഭാഗങ്ങളിൽ മഹാഭൂരിപക്ഷവും മത രാഷ്ട്രവാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ്. ഇസ്ലാമിക രാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ജനപിന്തുണയിൽ ദുർബലമായി തുടരുന്നത് ഇതിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗ് നേതൃത്വവും ഇവരുമായി ധാരണയുണ്ടാക്കാൻ ഇതിനുമുമ്പ് ധൈര്യം കാണിച്ചിരുന്നില്ല.

എന്നാൽ, ഏതുവിധേനയും കേരളത്തിൽ അധികാരത്തിൽ വരികയെന്ന ഒറ്റ അജൻഡ മാത്രമുള്ള മുസ്ലിംലീഗ് നേതൃത്വം വെൽഫെയർ പാർടിയുമായി ധാരണയുണ്ടാക്കി. കോൺഗ്രസ് നേതൃത്വം അതിനു വഴങ്ങിക്കൊടുത്തു. നേരത്തേ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷ നിലപാടുകളുള്ള മുസ്ലിം ജനവിഭാഗം ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ ശക്തമായ താക്കീതാണ് നൽകിയത്. അത് ബിജെപിയുമായുണ്ടാക്കിയ രഹസ്യധാരണയ്‌ക്കുകൂടി എതിരായ ജനവികാരത്തിന്റെ പ്രതിഫലനമായിരുന്നു.

ഇത് തിരിച്ചറിഞ്ഞ പ്രതികരണങ്ങളാണ് കെപിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കളിൽനിന്നുണ്ടായത്. എന്നാൽ, ഈ അനുഭവത്തിൽനിന്ന്‌ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് തയ്യാറല്ലെന്നതാണ് തുടർന്നുള്ള പ്രസ്താവനകൾ വ്യക്തമാക്കിയത്. വെൽഫെയർ പാർടി ബന്ധത്തിനെതിരെ ദുർബലമായെങ്കിലും എതിർപ്പ് പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന നിലപാട് ലീഗ് സ്വീകരിച്ചു. ഇനിയും 'വെൽഫെയർ പാർടിയുമായ ബന്ധം തുടരുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും ഇവരുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുകയും ചെയ്തു.

ഇത്രയും പ്രകടമായ ലീഗ് വിധേയത്വം കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനോട്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതോടെ മതനിരപേക്ഷ സമൂഹത്തിനു മുമ്പിൽ കോൺഗ്രസ് ഒന്നുകൂടി തുറന്നുകാട്ടപ്പെട്ടു. അതിന്റെ പരിഭ്രാന്തിയാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരുടെ ഹാലിളക്കത്തിൽ പ്രതിഫലിച്ചത്. മുസ്ലിംലീഗിനെ വിമർശിക്കുന്നത് മുസ്ലിം സമുദായത്തിനെതിരാണെന്നു വരുത്തിത്തീർക്കാനുള്ള വൃഥാ ശ്രമത്തിനാണ് ഇക്കൂട്ടർ തുനിഞ്ഞത്. ബിജെപിക്കെതിരെ പ്രതികരിക്കുന്നത് ഹിന്ദുക്കൾക്കും ഇന്ത്യക്കും എതിരാണെന്ന ആർഎസ്എസ് വാദത്തിന്റെ മറുപതിപ്പാണിത്.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും  എൽഡിഎഫിന്റെയും ധീരമായ ബിജെപിവിരുദ്ധ നിലപാടിന് ചെന്നിത്തലയുടെയും ലീഗിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കാൻ ധൈര്യം കാണിച്ചത് കേരളമാണ്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്നും ഡിറ്റെൻഷൻ സെന്ററുകൾ തുറക്കില്ലെന്നും പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാക്കിലും പ്രവൃത്തിയിലും മതനിരപേക്ഷ പ്രതിബദ്ധത മുറുകെ പിടിക്കുന്ന ഈ സർക്കാരിനെയാണ് ഓരോ പ്രതിസന്ധി ഘട്ടത്തിലും മതനിരപേക്ഷ  ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്നത്.

ബാബ്‌റി മസ്ജിദ് തകർക്കുന്നതിന് അധികാരത്തിലിരുന്ന് നിശ്ശബ്ദതയിലൂടെ പിന്തുണ നൽകിയ കോൺഗ്രസിനെ വിശ്വസിക്കാൻ ദശകങ്ങൾ കഴിഞ്ഞിട്ടും ഉത്തരേന്ത്യയിലെ ജനങ്ങൾ തയ്യാറായിട്ടില്ല.

എന്നാൽ, കോൺഗ്രസിന്റെ ചരിത്രവും വർത്തമാനവും വർഗീയവിധേയത്വത്തിന്റെതാണ്.  ബാബ്‌റി മസ്ജിദ് തകർക്കാൻ അദ്വാനി നടത്തിയ രഥയാത്രയെ തടഞ്ഞ വി പി സിങ്ങിനെ ബിജെപിയോടൊപ്പം ചേർന്ന് വോട്ട് ചെയ്ത് പുറത്താക്കിയ കോൺഗ്രസിനെ ചരിത്രം തുറന്നുകാണിക്കുന്നു. ബാബ്‌റി മസ്ജിദ് തകർക്കുന്നതിന് അധികാരത്തിലിരുന്ന് നിശ്ശബ്ദതയിലൂടെ പിന്തുണ നൽകിയ കോൺഗ്രസിനെ വിശ്വസിക്കാൻ ദശകങ്ങൾ കഴിഞ്ഞിട്ടും ഉത്തരേന്ത്യയിലെ ജനങ്ങൾ തയ്യാറായിട്ടില്ല. അന്ന്, അധികാരത്തിനു വേണ്ടിമാത്രം കോൺഗ്രസ് മുന്നണിയിൽ തുടർന്ന ലീഗിന്റെ സാമുദായികസ്നേഹം എത്ര കപടമാണെന്നതും നാട് കണ്ടതാണ്. 

ലീഗിന്റെയും കോൺഗ്രസിന്റെയും നിലപാട് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് എതിരും ബിജെപിക്ക് അനുകൂലവുമാണെന്ന് അനുഭവം വ്യക്തമാക്കിയതാണ്. ഇസ്ലാമിക രാഷ്ട്രവാദം ഉയർത്തുന്നവരാൽ നിയന്ത്രിക്കുന്ന മുന്നണിക്ക് ബിജെപിയെ എതിർക്കാൻ കഴിയില്ല. ഹിന്ദുത്വശക്തികൾക്കൊപ്പം വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരാണ് ഇക്കൂട്ടരും.

ഈ അവിശുദ്ധ കൂട്ടുകെട്ട് എത്രമാത്രം പരിതാപകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കൊടുങ്ങല്ലൂർ നഗരസഭ. ദേശീയ മുസ്ലിം എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി അധ്യക്ഷനുമായിരുന്ന അബ്ദുൾ റഹ്മാൻ സാഹിബിന്റെ ജന്മസ്ഥലമാണ് കൊടുങ്ങല്ലൂർ. അന്നത്തെ മുസ്ലിംലീഗിന്റെ വിഭജനവാദത്തെ എതിർത്ത് കേരളത്തിലെ മുസ്ലിം ജനവിഭാഗത്തെ ദേശീയധാരയിൽ നിലനിർത്താൻ ശ്രമിച്ച പ്രധാനിയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിൽ ബിജെപി ഒരു സീറ്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ യുഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നൂറംഗ കൗൺസിലിൽ കേവലം പത്ത് സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത് എന്നതും ചേർത്തുവായിക്കാം.  കോൺഗ്രസിന്റെ തകർച്ചയുടെ ആഴം വർധിപ്പിക്കാൻ മാത്രമേ ലീഗിന്റെ നേതൃത്വം സ്വീകരിക്കുകവഴി കഴിയുകയുള്ളൂ.

മത രാഷ്ട്രവാദക്കാരുമായ ധാരണ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാൻ എംപി സ്ഥാനം രാജിവയ്ക്കുന്നത്. നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്‌ നേതൃത്വം നൽകാനാണ് ജമാഅത്തെ ഇസ്ലാമികൂടി ചേർന്ന് കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയച്ചത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്രിമിനൽ നിയമമായ മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാതെ വിട്ടുനിന്ന്‌ വിധേയത്വം കാട്ടിയ ആളാണ് കുഞ്ഞാലിക്കുട്ടി, പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിശാല പ്രതിരോധത്തെ തകർക്കാൻ സമുദായ പ്രതിഷേധം മതിയെന്നു നിശ്ചയിച്ച ജമാഅത്തെ ഇസ്ലാമിക്ക് ഒപ്പം ലീഗിനെ കൂട്ടിക്കെട്ടിയതും  കുഞ്ഞാലിക്കുട്ടിതന്നെ. തുർക്കിയിലെ  ഹാദിയ സോഫിയ ദേവാലയത്തെ മുസ്ലിം പള്ളിയാക്കിയ നടപടിയെ പിന്തുണച്ച ലീഗിന്റെ നിലപാടിനെ നിശ്ശബ്ദം കോൺഗ്രസ് പിന്തുണച്ചതും പ്രസക്തം.  ദേശീയതലത്തിൽ മോഡി സർക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുമ്പോൾ നടത്തുന്ന ഈ ഒളിച്ചോട്ടം ആരെ സഹായിക്കാനാണെന്ന് എടുത്തുപറയേണ്ടതില്ല.

ഇസ്ലാമിക രാഷ്ട്രവാദികളുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ധാരണയുമുണ്ടാക്കില്ലെന്ന് പ്രഖ്യാപിക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യം മാറിയ കേരള രാഷ്ട്രീയത്തിൽ സവിശേഷ പ്രാധാന്യമുള്ളതാണ്. ഇവരുടെ പിന്തുണയോടെ ജയിച്ച സ്ഥാനങ്ങൾ രാജിവയ്ക്കാൻ തയ്യാറാണോ എന്നതും അനുബന്ധ ചോദ്യമാണ്. തങ്ങൾക്ക് ബന്ധമില്ലെന്നും ലീഗ് ധാരണയുണ്ടാക്കുന്നതാണെന്നും തൊടുന്യായം പറയുന്ന കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനുനേരെ പ്രസക്തമായ മറ്റൊരു ചോദ്യമുയരും. ഇസ്ലാമിക രാഷ്ട്രവാദികളുമായി കൈകോർക്കുന്നത്  മുസ്ലിംലീഗ് തുടർന്നാൽ അവരുമായ  സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസ് ധൈര്യം കാണിക്കുമോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് കോൺഗ്രസിന്റെ ഭാവി നിർണയിക്കുക. ഇരു വർഗീയതയുമായി കൈകോർക്കുന്ന നയം പിന്തുടരുകയാണെങ്കിൽ കോൺഗ്രസിൽ തുടരാൻ മതനിരപേക്ഷ വാദികൾക്ക് കഴിയാതെ വരും. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്ന് ഒഴുക്ക് ബിജെപിയിലേക്കായിരുന്നു.  കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നല്ലൊരു വിഭാഗം  ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.  ഇപ്പോൾ അണികളാണെങ്കിൽ നാളെയത് നേതാക്കളുമാകാം. മതനിരപേക്ഷ ചിന്താഗതിക്കാരായ മുസ്ലിം ലീഗിന്റെ അണികളും ഇതേ പാത പിന്തുടരും. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മാറിയ കേരളരാഷ്ട്രീയം മതനിരപേക്ഷ മുന്നണിയെ കൂടുതൽ വിപുലപ്പെടുത്തും. അത് വർധിത ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടർച്ചയിലേക്ക് നയിക്കും.

പി രാജീവ്‌

No comments:

Post a Comment