Saturday, January 16, 2021

ബജറ്റ് 2021 - മലപ്പുറം ജില്ല

 പാലത്തിലേറും
 പൊന്നാനിയുടെ പ്രതീക്ഷകൾ

ടൂറിസം രംഗത്തും ഗതാഗതരംഗത്തും പൊന്നാനിയെ കുതിപ്പിലേക്ക് നയിക്കുന്ന ഹൗറ മോഡൽ തൂക്കുപാലത്തിന് ചിറകേറുന്നു. ബജറ്റ് പ്രഖ്യാപനത്തിൽ പൊന്നാനിയുടെ തൂക്കുപാലവും ഇടംനേടി. സംസ്ഥാനത്ത് നടപ്പാക്കുന്ന പോസ്റ്റൽ കോറിഡോറിന്റെ ഭാഗമായാണ് അഴിമുഖത്ത് തൂക്കുപാലം നിർമിക്കുന്നത്.  252 കോടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.  പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്‌ പൂർത്തിയായി. സ്ഥലം ഏറ്റെടുക്കാൻ ജനപ്രതിനിധികളുടെയും ഭൂവുടമകളുടെയും യോഗംചേർന്നു. ടെൻഡർ നടപടികൾക്കായുള്ള അവസാനവട്ട ചർച്ചയിലാണ്. രണ്ട് മാസംകൊണ്ട് ടെൻഡർ പ്രക്രിയ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങും.  

ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന പൊന്നാനി അഴിമുഖത്തിന് കുറുകെയാണ് ഒരുകിലോമീറ്റർ കടൽപ്പാലം. പാലം വരുമ്പോൾ തീരദേശ റോഡുവഴി വരുന്നവർക്ക് ചമ്രവട്ടത്തേയ്ക്ക് പോകാതെ നേരിട്ട് ഭാരതപ്പുഴ കടക്കാം. ഇതിലൂടെ 15 കിലോമീറ്റർ ലാഭിക്കാം. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേയ്ക്ക് 40 കിലോമീറ്റർ കുറയുകയും ചെയ്യും.   ബോട്ടിന്റെ രൂപത്തിലുള്ള  ഇരുനില തൂക്കുപാലമാണ്  പൊന്നാനിയിൽ ഒരുങ്ങുക. ഒന്നര കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് പാതയിൽ നിർമിക്കുന്ന പാലത്തിന്റെ മുകൾഭാഗം വാഹനങ്ങൾക്ക് പോകാനും താഴെ സന്ദർശകർക്കായി  ബ്രിഡ്ജ് കഫേയുമുണ്ടാകും.  22 മീറ്ററാണ് പാലത്തിന്റെ വീതി. ആദ്യഘട്ടം  രണ്ട് വരിയോടുകൂടിയ പാലത്തി​ന്റെ 10 മീറ്റർ വാഹനങ്ങൾക്ക് കടന്നുപോവാനും ബാക്കിസ്ഥലത്ത്  സൈക്കിൾ ട്രാക്കും നടപ്പാതയും ഇരിപ്പിടവും ഒരുക്കും.

തീരത്ത്‌ ആഹ്ലാദ തിരയടി

ബജറ്റിൽ മനംനിറഞ്ഞ് തീരദേശം. ഏറെ ആശ്വാസം നൽകുന്ന പദ്ധതികളുടെ സന്തോഷത്തിലാണ്‌ മത്സ്യതൊഴിലാളികൾ. കടൽക്ഷോഭത്താൽ തകർന്ന വിവിധ ഭാഗങ്ങളിലെ കടൽഭിത്തി നിർമാണത്തിന് 109 കോടിയിൽ പൊന്നാനിക്കുമാത്രം 10 കോടി അനുവദിച്ചു. തീരദേശ റോഡുകളുടെയും ഹാർബറിന്റെയും പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ബജറ്റ്. മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിക്ക്  250 കോടിയാണ്  നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ കൂടുതൽ പേരെ പുനരധിവസിപ്പിക്കുന്ന ജില്ലയാണ് മലപ്പുറം–- 1806 പേരെ. ഇതിനകം 49 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായി.  167 പേർക്ക് ഭൂമി വില നിശ്ചയിച്ച് കഴിഞ്ഞു. സ്ഥലത്തിന് ആറ് ലക്ഷവും വീടിന് നാല് ലക്ഷവും ഉൾപ്പെടെ 10 ലക്ഷമാണ് നൽകുക.

മലയാള സർവകലാശാലയ്ക്ക്‌ സ്വന്തം കെട്ടിടം

മലയാള സർവകലാശാലയ്ക്ക് സ്ഥിരം ക്യാമ്പസ്‌ യാഥാർഥ്യത്തിലേക്ക്‌. എൽഡിഎഫ് സർക്കാരിന്റെ അഞ്ചാം ബജറ്റിൽ കെട്ടിട നിർമാണത്തിന് നാല്‌ കോടി അനുവദിച്ചു. വെട്ടം മാങ്ങാട്ടിരിയിലെ തിരൂർ പുഴയോരത്ത് സർവകലാശാലക്കായി ഏറ്റെടുത്ത പത്തര ഏക്കർ ഭൂമിയിലാണ് ക്യാമ്പസ് നിർമിക്കുക. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം ആരംഭിക്കും. സർക്കാർ ഏജൻസിയായ കോസ്റ്റ് ഫോർഡ് രൂപരേഖ തയ്യാറാക്കി.  അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, താമസ സൗകര്യസമുച്ചയം എന്നിവയുണ്ടാകും. പ്രകൃതി സംരക്ഷണത്തിന്‌ ഊന്നൽ നൽകിയാകും പ്രവൃത്തി.

എടക്കരയ്‌ക്ക്‌ ബൈപാസ്‌

എടക്കരയിലെ കുരുക്കഴിക്കാൻ ബൈപാസ്‌ വരുന്നു. നാല് കോടി രൂപ ഇതിനായി ബജറ്റിൽ അനുവദിച്ചു. സിഎൻജി റോഡിലെ കലാസാഗറിൽനിന്നാരംഭിക്കുന്ന റോഡ് മേനോൻപൊട്ടി വഴി കാറ്റാടി റോഡിൽ എത്തുന്നതാണ് പദ്ധതി. മൂന്ന് കിലോമീറ്റർ ദൂരമുള്ള പാതയ്‌ക്ക്‌ എട്ട്‌ മീറ്റർ വീതിയാണുള്ളത്. രണ്ട് കിലോമീറ്ററിൽ ഈ വീതിയിൽ സ്ഥലം വിട്ടുനൽകി മൺറോഡ് നിർമിച്ചു.  



ബൈപാസെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പി വി അൻവർ എംഎൽഎയായശേഷമാണ് നടപടി സ്വീകരിച്ചത്. എടക്കര, ചുങ്കത്തറ, മൂത്തേടം, പോത്ത്കല്ല്, വഴിക്കടവ് പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തിലാണ് ബൈപാസ് രൂപരേഖ. മലയോര ഹൈവേയോട് ബന്ധിപ്പിച്ചാണ്‌ പുതിയ പാത.

പുന്നപ്പുഴ കടക്കാൻ ചങ്ങാടം വേണ്ട

വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ പട്ടിക വർഗ കോളനിയിലേക്ക് പ്രളയം തകർത്ത പാലം നിർമിക്കാൻ നാലുകോടി ബജറ്റിൽ അനുവദിച്ചു. വനത്തിലൂടെ ഒഴുകുന്ന പുന്നപ്പുഴയിലെ നടപ്പാലമാണ് പ്രളയത്തിൽ തകർന്നത്. ഇരുമ്പ് പാലത്തിന് പകരം നാല് കോടിയുടെ കോൺക്രീറ്റ് പാലമാണ് നിർമിക്കുന്നത്.   ചോലനായ്ക്കർ വിഭാഗത്തിൽനിന്നുള്ള നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്തംഗം സി സുധീഷ്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പ്രഥമ നിവേദനംകൂടിയാണിത്. പി വി അൻവർ എംഎൽഎയും ഇതേ നിർദേശം സർക്കാരിന് സമർപ്പിച്ചു.   കാലവർഷം കനത്താൽ പുറംലോകം കടക്കാൻ കഴിയാതെ ഒറ്റപ്പെടുന്ന കോളനിയിലേക്കാണ് പുതിയ പാലം വരുന്നത്.   വനത്തിലൂടെ വഴിക്കടവ് ആനമറിയിൽനിന്ന് പുഞ്ചക്കൊല്ലിയിലേക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 98 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് റോഡ് നിർമിക്കാൻ നടപടി പൂർത്തീകരിച്ചിട്ടുണ്ട്.  റോഡും പാലവും യാഥാർഥ്യമാകുന്നതോടെ  കോളനിക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാവുന്നത്.

No comments:

Post a Comment