തൃശൂരിന് കുതിപ്പിൻ വഴി
ജില്ലയുടെ വ്യവസായകുതിപ്പിനായി ഇടനാഴികൾ. മെഡിക്കൽ സർവകലാശാലയിലും മെഡിക്കൽ കോളേജിലും നൂതന പദ്ധതികൾ. മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സാംസ്‌കാരിക ജില്ലയുടെ കുതിപ്പിനും വഴിതുറക്കും. ആരോഗ്യ രംഗത്ത് മെഡിക്കൽ കോളേജിന് വിപുലമായ പദ്ധതിയാണ് ബജറ്റ് സമ്മാനിക്കുന്നത്. മെഡിക്കൽ സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം പണിയുന്നതിന് പ്രത്യേകം പണം അനുവദിക്കും.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് 30 കോടി രൂപ വകയിരുത്തി. മംഗലാപുരം–- കൊച്ചി വ്യവസായ ഇടനാഴി, കൊച്ചി–- പാലക്കാട് വ്യവസായ ഇടനാഴി എന്നിവയ്‌ക്ക് പണം നീക്കിവച്ചതും തൃശൂരിന് ഗുണകരമാവും. സിൽവർ ലൈൻ ജില്ലയുടെ സഞ്ചാരവഴികൾക്ക് കരുത്തുപകരും വിധം നിരവധി പാലങ്ങളും റോഡുകളും പണിയാൻ ബജറ്റിൽ പണം നീക്കിവച്ചു. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വർധനയും ഏറെ ആശ്വാസമേകും. നെല്ലിന്റെ സംഭരണവില ഉയർത്തിയ നടപടി കോൾനിലങ്ങളിലുൾപ്പെടെ കാർഷികമേഖലയ്‌ക്ക് പുത്തനുണർവേകും. തീരദേശ മേഖലകളിലെ പുനരധിവാസ പദ്ധതിയും പ്രതീക്ഷയേകുന്നു. പുതിയ തൊഴിൽ സംരംഭങ്ങൾ യുവജനങ്ങൾക്കാകെ പ്രതീക്ഷയേകുന്നതാണ്.
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ഇനി മുതൽ ആരോഗ്യ സർവകലാശാലയ്‌ക്ക് കീഴിലുള്ള യൂണിവേഴ്സിറ്റി ക്യാമ്പസ് കോളേജായി അറിയപ്പെടും. വർഷങ്ങളായുള്ള ആവശ്യമാണ് ബജറ്റിൽ നിറവേറ്റിയത്. ഇതുവഴി ആരോഗ്യമേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴിയൊരുക്കും.ഇത് പഠന–-ചികിത്സാ മേഖലകളിൽ വലിയ മുന്നേറ്റത്തിന് സഹായകമാകും. ക്യാമ്പസ് കോളേജാകുന്നതോടെ മെഡിക്കൽ കോളേജിന്റെ ഭരണവും യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലാകും. ആറ് അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 150 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള തസ്തികകൾ മെഡിക്കൽ കോളേജിൽ ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പിൽ 4000 തസ്തികകൾ സൃഷ്ടിക്കുമ്പോൾ അത് ജില്ലയ്‌ക്കും സഹായമേകും.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സ്വന്തമായി ഡിപ്പാർട്ട്മെന്റുകളും ഗവേഷണവും നടത്തുന്ന ലോകോത്തര സ്ഥാപനമായി വികസിപ്പിക്കും. ഇവിടെ ആദ്യം സ്ഥാപിക്കുന്ന സ്കൂൾ ഓഫ് എപ്പിഡമോളജിക്കൽ സ്റ്റഡീസ് ഡോ. പൽപ്പുവിന്റെ പേരിൽ അറിയപ്പെടും.
സംസ്ഥാനത്ത് 36 റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കുന്നതിൽ ജില്ലയിലെ മേൽപ്പാലങ്ങളും ഉൾപ്പെടുന്നുണ്ട്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിലും തൃശൂർ ഉൾപ്പെടുന്നു. മലയോര ഹൈവേയുടെ 12 റീച്ചുകളുടെ പൂർത്തീകരണത്തിലും ജില്ലയുണ്ട്. കൂനമ്മാവിലെ 175 വർഷം പഴക്കമുള്ള ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്റെ ആസ്ഥാനം മ്യൂസിയമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. തൃശൂരിലെ ഹൈദരാലി കഥകളി അക്കാദമിക്ക് 50 ലക്ഷവും. തൃശൂരിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന് 25 ലക്ഷം രൂപയും അനുവദിച്ചു. കേരള ടൂറിസത്തിൽ ഹെറിറ്റേജ് സ്പൈസ് റൂട്ട് പ്രോജക്ടിൽ കൊടുങ്ങല്ലൂരിലെ മുസിരിസ് പദ്ധതിയും ഉൾപ്പെടുന്നു.
കൈത്തറി മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം കൂത്താമ്പുള്ളിയുൾപ്പെടെയുള്ള മേഖലയ്‌ക്ക് ശുഭപ്രതീക്ഷയാണ്. തീരമേഖലയിൽ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയും ലൈഫ് പദ്ധതിയും വഴി ജില്ലയിൽ ആയിരങ്ങൾക്ക് വീടൊരുങ്ങും.
തൃശൂർ ആസ്ഥാനമായ കെഎസ്‌എഫ്‌ഇ വഴിയാണ് പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നത്. പുതിയ ജനകീയ ചിട്ടികളും ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിൽ കുന്നംകുളം നഗരസഭയുടെ പ്രത്യേക പദ്ധതി സംസ്ഥാന മാതൃകയാക്കും. അമച്വർ–- പ്രൊഫഷണൽ നാടകപ്രവർത്തകർക്ക് ഫണ്ട് അനുവദിച്ചത് ജില്ലയിലെ നാടകപ്രവർത്തകർക്ക് പ്രതീക്ഷയേകുന്നു.
കൊടുങ്ങല്ലൂരിന് 212.2കോടി
ബജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിന് 212.2 കോടി രൂപയാണ് അനുവദിച്ചത്. അന്നമനട പഞ്ചായത്തിലെ പാൽപ്പുഴ സ്ലുയിസ് കം ബ്രിഡ്ജിന് 45കോടി. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ ഇൻഡോർ സ്റ്റേഡിയം പൂർത്തിയാക്കാൻ ആറു കോടി. കോണത്ത് കുന്ന് -പൂവത്തും കടവ് റോഡ് നവീകരണത്തിന് 4.7കോടി. മാള ഗവ. ഐടിഐ ഓഡിറ്റോറിയം നിർമിതിക്ക് ഒരു കോടി. പുത്തൻ ചിറ ആശുപത്രിക്വാർട്ടേഴ് സ് രണ്ട് കോടി. കൊശവർ കുന്ന് -മുട്ടിക്കൽ പാലം 10 കോടി. കുഴുർ -കുണ്ടൂർ റോഡ് 2.5കോടി. കൊടുങ്ങല്ലൂർ ഗവ. എൽ പി കെട്ടിടം 1.5 കോടി. ചെട്ടിപ്പറമ്പ് റോഡ് നാല് കോടി.
കരൂപ്പടന്ന പാലം നാല് കോടി. കൊടുങ്ങല്ലൂർ നഗരസഭ കുടി വെള്ള പദ്ധതി 75 കോടി. മാള ചുങ്കം -കൊമ്പത്തു കടവ് റോഡ് നാല് കോടി. കുഴുർ പോൾട്രി ഫാം നവീകരണം 15കോടി.
പൊയ്യ ചക്ക ഫാക്ടറി മൂന്ന് കോടി. പുത്തൻ ചിറ തെക്കും മുറി സ്കൂൾ കെട്ടിടം 1.5കോടി. കുഴൂർ ഗവ.ഹൈ സ്കൂൾ കെട്ടിടം രണ്ട് കോടി. മാള കമ്യൂണിറ്റി ആരോഗ്യ കേന്ദ്രം രണ്ട് കോടി. പൊയ്യ മണലിക്കാട് റോഡ് അഞ്ച് കോടി.
കരൂപ്പടന്ന, പുത്തൻ ചിറ വടക്കുംമുറി, മേലഡൂർ സ്കൂൾ കെട്ടിടങ്ങൾ ക്കും വകയിരുത്തിയിട്ടുണ്ട്. കൃഷി, പരമ്പരാഗത കയർ, മത്സ്യ മേഖല ഉൾപ്പെടെയുള്ള പദ്ധതി കൾ വലിയ വികസന മാറ്റങ്ങൾ ഉണ്ടാകുമെന്നും ടുറിസം, ഹെറി റ്റേജ് പദ്ധതി കൾക്ക് ഊന്നൽ നൽകിയത് അഭിമാനാർഹമെന്ന് വി ആർ സുനിൽ കുമാർ എംഎൽഎ പറഞ്ഞു.
No comments:
Post a Comment