Saturday, January 16, 2021

ബജറ്റ് 2021 - പത്തനംതിട്ട ജില്ല

 ജില്ലയിൽ 
വികസന തേരോട്ടം

സമാനതകളില്ലാത്ത വികസന  പദ്ധതികളുടെ പ്രഖ്യാപനം വഴി സംസ്ഥാന ബജറ്റ്‌ ജില്ലയുടെ ചരിത്രത്തെ തന്നെ മാറ്റിമറിക്കും.  അവികസിത മേഖലകളായ മലയോര പ്രദേശങ്ങളിൽപ്പോലും പുതിയ പദ്ധതികൾ  എത്തിപ്പെടുന്നുവെന്നതാണ്‌ ഡോ. തോമസ്‌ ഐസക്ക്‌ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകത. 

സമസ്‌ത മേഖലകളെയും സ്‌പർശിക്കുന്ന ബജറ്റ്‌ ജനങ്ങളുടെ വികസന മോഹങ്ങൾക്കൊപ്പം നിൽക്കുന്നതാണ്‌.  ക്ഷേമപെൻഷനുകളുടെ വർധനയും സൗജന്യ റേഷനും കിറ്റും കോവിഡ്‌ പ്രതിരോധ ചികിത്സയും ദുർബല വിഭാഗങ്ങളോടുള്ള സർക്കാരിന്റെ കരുതലാണ്‌ പ്രകടമാക്കുന്നത്‌. വിളകൾക്കുൾപ്പെടെയുള്ള വിലയിടിവിൽ തകർന്ന കാർഷിക മേഖലയ്‌ക്ക്‌ ഊർജം പകരുന്നതാണ്‌ റബറിന്റെ താങ്ങുവില വർധന.  

ജില്ലയുടെ ആരോഗ്യ മേഖലയ്‌ക്ക്‌ ശക്തമായ പിന്തുണയാണ്‌ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത്‌ ലാബ്‌ രണ്ടാം ഘട്ടത്തിനും കോന്നി മെഡിക്കൽ കോളേജ്‌ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കും ഫണ്ട്‌ അനുവദിച്ചതിലുടെ വ്യക്തമാകുന്നത്‌.  ശബരിമല തീർഥാടകർക്ക്‌ ഉൾപ്പെടെ വേഗം എത്തിപ്പെടാൻ കഴിയുന്നതാണ്‌ പത്തനംതിട്ട ജനറൽ ആശുപത്രിയും കോന്നി മെഡിക്കൽ കോളേജും. കോന്നി മെഡിക്കൽ കോളേജിൽ അടുത്ത മാസം കിടത്തി ചികിത്സ ആരംഭിക്കുകയാണ്‌. 

50 കോടി നിർമാണ ചെലവ്‌ വരുന്ന  പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം യുഡിഎഫ്‌ നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേടും ദുരഭിമാനവും കാരണം ധാരണാപത്രത്തിൽ ഒപ്പുവെയ്‌ക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്‌റ്റേഡിയം നിർമാണത്തിനുള്ള നിർദേശമാണ്‌ ബജറ്റിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. പ്രമാടത്ത്‌ സ്‌റ്റേഡിയത്തിന്‌ 10 കോടി നീക്കിവെച്ചതും യുവാക്കളുടെ കായിക സ്വപ്‌നങ്ങൾക്ക്‌  നിറം പകരും. 

മലയോര മേഖലയായ കോന്നിയിൽ ദീർഘകാലത്തെ വികസന ആവശ്യങ്ങൾ മുൻനിർത്തി അനുഭാവപൂർവമായ പരിഗണനയാണ്‌ ലഭിച്ചിരിക്കുന്നത്‌. കോന്നി ടൗണിൽ ഫ്‌‌ളൈ ഓവറിന്‌ 70 കോടിയും കോന്നി ബൈപ്പാസിന്‌ 40 കോടിയും കോടതിക്ക്‌ 10 കോടിയും അനുവദിച്ചിട്ടുണ്ട്‌. സാങ്കേതിക വിദ്യാഭ്യാസത്തിന്‌ മുൻഗണന നൽകി കലഞ്ഞൂരിൽ പോളി ടെക്‌നിക്ക്‌, വള്ളിക്കോട്‌ ഗവ. ഐടിഐ എന്നിവയ്‌ക്കും പണം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്‌. തണ്ണിത്തോട്ടിൽ മലഞ്ചരക്ക്‌ സുഗന്ധവ്യജ്ഞന സംസ്‌കരണ കേന്ദ്രം അനുവദിച്ചത്‌ കർഷർക്ക്‌ ആശ്വാസമാകും. 

വാട്ടർ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകളില്ലാത്ത ആറന്മുള മണ്ഡലത്തിലെ മുഴുവൻ കുടിവെള്ള പദ്ധതികൾക്കും പുതിയ പ്ലാന്റ്‌ ആരംഭിക്കാൻ 25 കോടി അനുവദിച്ചിട്ടുണ്ട്‌. കോഴഞ്ചേരി ബസ്‌സ്‌റ്റാൻഡ്‌ നവീകരണം ദീർഘനാളത്തെ ആവശ്യമായിരുന്നു. 10 കോടി രൂപയാണ്‌ ഇതിനായി നീക്കിവച്ചിരിക്കുന്നത്‌. സുഗതകുമാരിയുടെ തറവാട്‌ മ്യൂസിയമാക്കാനും വേലുത്തമ്പി ദളവ പഠന ഗവേഷണ കേന്ദ്രത്തിനും ബജറ്റിൽ പണം നീക്കിവെച്ചിട്ടുണ്ട്‌. 

സർവ മേഖലകളിലും വികസനത്തിന്റെ  തരഗം സൃഷ്ടിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റെന്ന്‌ നിഷ്‌പക്ഷ സമൂഹം സമ്മതിക്കുക തന്നെ ചെയ്യും. 

കോന്നി വികസനക്കുതിപ്പിൽ

മലയോര മേഖലയായ കോന്നിയിലെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനക്കുതിപ്പിന് ഉതകുന്ന പദ്ധതികൾക്കാണ് സംസ്ഥാന ബജറ്റിൽ ഇടം കിട്ടിയിരിക്കുന്നത്. നാടിന്റെ മുഖച്ചായ മാറ്റുന്ന പദ്ധതികൾക്ക് എൽഡിഎഫ് സർക്കാർ തുക വകയിരുത്തിയിട്ടുണ്ട്. 

ബൈപാസ്;40 ‌കോടി

കോന്നി ബൈപാസിന് 40 കോടി രൂപ അനുവദിച്ചു. കോന്നി ടൗണിലെ തിരക്ക് ഒഴിവാക്കാൻ ബൈപാസ് വേണമെന്നത് ദീർഘകാല ആവശ്യമാണ്. പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ടൗണിൽ എത്താതെ ബൈപാസ് വഴി പോകാനാകും.  

ടൗണിൽ ഫ്ലൈഓവറിന്‌ 
70 കോടി

കോന്നി ടൗണിൽ ഫ്‌ളൈ ഓവർ നിർമിക്കാനായി 70 കോടി രൂപ വകയിരുത്തി. പുനലൂർ-–- മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി കോന്നി സെൻട്രൽ ജങ്‌ഷൻ വലിയ നിലയിൽ വികസിക്കുകയാണ്. കോന്നി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് ആംബുലൻസും മറ്റും സെൻട്രൽ ജങ്‌ഷൻ കടന്നുപോകാനും മെഡിക്കൽ കോളേജ് യാത്ര അടക്കം സുഗമമാക്കാനും ഫ്ലൈഓവർ സഹായകമാകും.

കോന്നിയിൽ കോടതി 

കോന്നിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതി അനുവദിച്ചു. കോടതിയ്ക്കായി 10 കോടി ബജറ്റിൽ വകയിരുത്തി.

പ്രമാടം സ്റ്റേഡിയം 

പ്രമാടത്ത് ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാൻ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഉന്നത നിലവാരത്തിൽ നിർമിക്കുന്ന സ്റ്റേഡിയം സംസ്ഥാനത്തെ കായിക ഭൂപടത്തിൽ കോന്നിയ്ക്കും സ്ഥാനം നല്കും.

മറ്റു‌ പദ്ധതികളും അനുവദിച്ച തുകയും

കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്. 50 കോടി.

തണ്ണിത്തോട്ടിൽ മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം. രണ്ട്‌ കോടി രൂപ. കോന്നിയിൽ പി ഡബ്ല്യുഡി റസ്റ്റ് ഹൗസ് അനുവദിച്ചു. 10 കോടി രൂപ.  വള്ളിക്കോട് പഞ്ചായത്തിൽ ഗവ. ഐടിഐ. 25 കോടി. കോന്നി താലൂക്ക് ആശുപത്രിയിൽ പേവാർഡ്. അഞ്ച്‌ കോടി രൂപ.

ആറൻമുള ഇനിയും കുതിക്കും

നാലരവർഷം കൊണ്ട് 1280 കോടി രൂപയുടെ വികസന പ്രവൃത്തികൾ നടന്ന മണ്ഡലത്തിൽ വീണ്ടും കോടാനുകോടി രൂപയുടെ പദ്ധതികൾക്ക്‌ ബഡ്ജറ്റിൽ തുക വകയിരുത്തി. ആരോഗ്യം,റോഡ്, പാലം, കുടിവെള്ളം, സംസ്കാരം, സാഹിത്യം തുടങ്ങി സർവതല സ്പർശിയായ വികസന പദ്ധതികൾ. എല്ലാ രംഗങ്ങളേയും പരിപോഷിപ്പിക്കാൻ ആവശ്യമായ തുക മണ്ഡലത്തിനായി നീക്കിവച്ചു.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആരംഭിച്ച കാത്ത് ലാബിന്റെ രണ്ടാം ഘട്ടത്തിന് 10 കോടി രൂപ അനുവദിച്ചു.  രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ രാജ്യത്തെ തന്നെ മികച്ച സ്ഥാപനമായി ഇത്‌ മാറും.  നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ശുദ്ധജലം ഉറപ്പുവരുത്താൻ പദ്ധതികളുണ്ട്‌. മണ്ഡലത്തിലെ വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാന്റുകളില്ലാത്ത മുഴുവൻ കുടിവെള്ള പദ്ധതികളോടനുബന്ധിച്ചും പുതിയ പ്ലാന്റുകൾ ആരംഭിക്കും. 

കോഴിപ്പാലം കാരക്കാട് റോഡ് നവീകരണത്തിന് അഞ്ചു കോടിയും, ഇരവിപേരൂർ-പുത്തൻകാവ് റോഡ് ആറ്‌ കോടി രൂപയും നീക്കിവെച്ചു. ചെട്ടിമുക്ക് -ആറാട്ടുപുഴ റോഡിലെ തോട്ടപ്പുഴശ്ശേരി കോട്ടപ്പാലത്തിന് 3.5 കോടി രൂപ അനുവദിച്ചു.  പാലത്തോടൊപ്പം പരിസര പ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കും. കഴിഞ്ഞ ബജറ്റിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് 50 കോടി രൂപ അനുവദിച്ചെങ്കിലും മുൻസിപ്പാലിറ്റി ഭരിച്ച യുഡിഎഫ് നേതൃത്വം ധാരണാപത്രം ഒപ്പിടാതിരുന്നതുമൂലം പണി തുടങ്ങാനായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ജില്ലാ സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ടി എം  തോമസ്‌ ഐസക്‌ പറഞ്ഞു. 

കോഴഞ്ചേരി ബസ് സ്റ്റാന്റ്‌ നവീകരണത്തിന് 10 കോടി രൂപ, അനശ്വര കവയത്രി സുഗതകുമാരിയുടെ ചിരസ്മരണക്ക് ബഡ്ജറ്റിൽ രണ്ടു കോടിയും വകയിരുത്തി. ടീച്ചറിന്റെ തറവാട് സംരക്ഷിത സ്മാരകമാക്കാൻ നിലവിൽ 60 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.

മുത്തൂർ കവലയിൽ ഫ്‌ളൈഓവർ

നിയോജക മണ്ഡലത്തിലെ ഒമ്പത് റോഡുകളും ഒരുപാലവും നവീകരിക്കുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. എംസി റോഡിൽ മുത്തൂർ കവലയിൽ ഫ്‌ളൈഓവർ നിർമിക്കും. 

മന്നംകരച്ചിറ പാലം വീതികൂട്ടി നിർമാണം, കാഞ്ഞിരത്തുംമൂട്-ചാത്തങ്കരി-മണക്ക് ആശുപത്രി റോഡ്, പന്നായി -തേവേരി റോഡ്, കടപ്ര-വീയപുരം ലിങ്ക് ഹൈവേ, ഡക്ഫാം- ആലുംതുരുത്തി-കുത്തിയതോട്- ഇരമല്ലിക്കര റോഡ്, കാവനാൽ കടവ് റോഡ്, നടയ്ക്കൽ-മുണ്ടിയപ്പളളി-പുന്നിലം റോഡ്, മൂശാരിക്കവല-മാന്താനം റോഡ് എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.

No comments:

Post a Comment