Sunday, January 10, 2021

സ്വപ്‌നയെ വരെ മാപ്പുസാക്ഷിയാക്കാൻ കസ്‌റ്റംസ്‌ ; നുണക്കഥകളുടെ കുത്തൊഴുക്ക്‌ തുടരും

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ യഥാർഥ പ്രതികളെ കാണാമറയത്താക്കി, രാഷ്‌ട്രീയലക്ഷ്യത്തോടെ വീണ്ടും നുണക്കഥ മെനയാനൊരുങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ. തദ്ദേശ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ തയ്യാറാക്കിയ തിരക്കഥകൾ പാളിയതോടെ നിയമസഭാ തെരഞ്ഞെടുപ്പാണ്‌ അടുത്ത ഉന്നം. സ്‌പീക്കറെ ചോദ്യം ചെയ്യാൻ  നിയമോപദേശം തേടിയെന്ന വാർത്തകൾ അതിന്റെ മുന്നൊടിയാണ്‌.

കേസിലെ പ്രധാന പ്രതികളിൽ ഒരാളുൾപ്പെടെ അഞ്ചുപേരെ എൻഐഎ മാപ്പുസാക്ഷിയാക്കി. രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും മാപ്പുസാക്ഷിയാക്കാനാണ്‌ കസ്‌റ്റംസിന്റെ നീക്കം. മുപ്പതോളം പ്രതികളുള്ള കേസിൽ നാലുപേർക്കെതിരെമാത്രം കള്ളപ്പണം ഇടപാടിന്‌ കേസെടുത്ത ഇഡിയും രാഷ്‌ട്രീയലക്ഷ്യത്തോടെയാണ്‌ കരുക്കൾ നീക്കുന്നത്‌. ആദ്യം അന്വേഷണമാരംഭിച്ച എൻഐഎ ആറുമാസം പൂർത്തിയാകാനിരിക്കെയാണ്‌ ആദ്യ കുറ്റപത്രംപോലും സമർപ്പിച്ചത്‌.

സ്വർണക്കടത്തിലെ തീവ്രവാദബന്ധവും ദേശവിരുദ്ധ ഇടപാടുമാണ്‌ അന്വേഷണവിഷയം. ഇതുവരെ അറസ്‌റ്റ്‌ ചെയ്‌ത 25 പേർക്കെതിരെയും യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയെങ്കിലും സ്ഥാപിക്കാൻ തെളിവുകളില്ല. അതിന്‌ കോടതിയുടെ പഴിയും കേട്ടു. കേസിലെ പ്രധാനിയെന്ന്‌ ആദ്യം വിശേഷിപ്പിച്ച നാലാംപ്രതി സന്ദീപ്‌ നായരെ മാപ്പുസാക്ഷിയാക്കി മുഖംരക്ഷിക്കാനാണ്‌ ശ്രമം. കള്ളക്കടത്തിലെ പ്രധാനി മൂന്നാംപ്രതി ഫൈസൽ ഫരീദിനെ പിടികൂടിയിട്ടുമില്ല. യുഎഇ കോൺസുലേറ്റ്‌ ജനറലും അറ്റാഷെയും ഈജിപ്‌തുകാരനായ ഉദ്യോഗസ്ഥനും കള്ളക്കടത്തിലെ പ്രധാന കണ്ണികളാണെന്ന്‌ എൻഐഎതന്നെ കോടതിയെ അറിയിച്ചതാണ്‌. വിദേശത്തേക്ക്‌ കടന്ന അവരെ ചോദ്യം ചെയ്യാനായിട്ടില്ല. ദിവസങ്ങളോളം ചോദ്യംചെയ്‌ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ പ്രതിചേർക്കാനുമായില്ല.

കേസിലെ കസ്‌റ്റംസ്‌ അന്വേഷണം ആദ്യഘട്ടം വേഗത്തിലായിരുന്നു. സാധാരണ കള്ളക്കടത്ത്‌ കേസിനപ്പുറം യുഎഇ കോൺസുലേറ്റിനുള്ള ബന്ധമാണ്‌ പ്രത്യേകിച്ചുള്ളതെന്നായിരുന്നു കസ്‌റ്റംസിന്റെ പക്ഷം. പെട്ടെന്ന്‌ കഥമാറി. അന്വേഷണ ഉദ്യോഗസ്ഥർ പലരും തെറിച്ചു. പുതിയ മേധാവി വന്നു. എം ശിവശങ്കറെ കസ്‌റ്റഡിയിലെടുക്കാൻ കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റും മത്സരിച്ചു. അതിന്‌ പുതിയ കേസുംതട്ടിക്കൂട്ടി. സ്വർണക്കടത്തിലെ കള്ളപ്പണം അന്വേഷിക്കാനെത്തിയ ഇഡി, ഖുർആനും ഈന്തപ്പഴവും യൂണിടാക്‌ ഇടപാടും ഡോളർ കടത്തുമൊക്കെ വലിച്ചിഴച്ചു. ഇപ്പോഴും ആദ്യനാലു പ്രതികൾക്കെതിരെ മാത്രമാണ്‌ ഇഡി കേസെടുത്തത്‌. ഹവാല ബന്ധമുള്ള ഇരുപതോളം പ്രതികളെ കണ്ടമട്ടില്ല.

No comments:

Post a Comment