Friday, January 1, 2021

'എസ്എഫ്ഐയെ നിങ്ങൾ വിടാത്തതല്ല, എസ്എഫ്ഐ നിങ്ങളെ വിടാത്തതാണ്'...ഒരു മുൻ എസ്എഫ്ഐക്കാരന്റെ കുറിപ്പ്

 സംഘടിതമായ രീതിയിൽ ഇന്ത്യയിൽ രൂപപ്പെട്ട വിദ്യാർത്ഥി കൂട്ടായ്മകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും പത്തിരുന്നൂറു കൊല്ലത്തെ പഴക്കവും സമ്പന്നമായ ചരിത്രവും ഉണ്ട്. 1820കളിൽ രാജാറാം മോഹൻറോയ് വലിയ മതപരിവർത്തനപ്രസ്ഥാനമായി ബ്രഹ്മസമാജത്തിന് രൂപം കൊടുത്ത പശ്ചാത്തലത്തിൽ ബംഗാളിൽ ഹിന്ദു കോളേജിലെ പ്രൊഫസറായിരുന്ന ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോ ‘യങ് ബംഗാൾ’ എന്നൊരു സ്വതന്ത്രചിന്താ ഗ്രൂപ്പ് തുടങ്ങി.  അതിലണി ചേർന്ന് വ്യവസ്ഥാപിത ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ആചാരങ്ങളെയും മാമൂലുകളെയും വെല്ലുവിളിച്ചു കൊണ്ട് പുരോഗമനപ്രവർത്തനങ്ങൾ തുടങ്ങിയതോടെ പ്രൊഫസറെ ഉൾപ്പെടെ കോളേജിൽ നിന്നു പുറത്താക്കി.

ബോംബെയിലും ഗുജറാത്തിലും ഒക്കെ സമാന കൂട്ടായ്മകൾ വെവ്വേറെയായി പിറവി കൊണ്ടു. എണ്ണൂറ്റി എൺപതുകളിൽ പഞ്ചാബ് - ലാഹോർ മേഖലകളിൽ ഖൽസാ ക്ലബുകൾ എന്ന പേരിൽ വിദ്യാർഥിക്കൂട്ടായ്മകൾ രൂപം കൊണ്ടു. ബ്രിട്ടീഷ് രാജ് പിടിമുറുക്കിയതോടെയും തദ്ദേശീയ പ്രതികരണങ്ങൾ ശക്തമായതോടെയും ദേശീയപ്രസ്ഥാനത്തിന്റെ ശക്തിപ്പെടലോടെയും രാജ്യവ്യാപകമായി  വിദ്യാർത്ഥികളും യുവജനങ്ങളും അവയുടെ ഭാഗമായി. അന്താരാഷ്ട്ര തലത്തിൽ രൂപം കൊണ്ട ഇടതു- പുരോഗമന- നവോത്ഥാന- സാമ്രാജ്യത്വവിരുദ്ധ ചിന്താസരണികളും വിദ്യാർത്ഥികൾക്ക് പ്രചോദനമായി. തൊള്ളായിരത്തി അഞ്ചിൽ ബംഗാൾ വിഭജനകാലത്ത് അക്കാദമികമായും ബൗദ്ധികമായും വളരെ സജീവമായിരുന്ന കൽക്കട്ടയിലെ കാമ്പസുകൾ കത്തി. ലോർഡ് കഴ്‌സന്റെ പ്രതിമയ്ക്കും വിദ്യാർത്ഥികൾ തീയിട്ടു.

അവിഭക്ത ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിസമരം 1920 ൽ ലാഹോറിലെ കിംഗ് എഡ്വേർഡ് മെഡിക്കൽ കോളേജിൽ ഇന്ത്യൻ - ഇംഗ്ലീഷ് വിദ്യാർത്ഥികൾ തമ്മിലുള്ള അക്കാദമിക് വിവേചനത്തിനെതിരെ നടന്നു. പതിനേഴിൽ  റഷ്യൻ വിപ്ലവം വഴി സോവിയറ്റ് സ്റ്റേറ്റ് രൂപപ്പെടുന്നു, ഇന്ത്യയിൽ ഗാന്ധിയൻ സമരമാർഗങ്ങളിൽ നിന്ന് അല്പം വഴിമാറി ഉശിരൻ വിദ്യാർത്ഥി -യുവജന സംരംഭങ്ങൾ രൂപം കൊള്ളുന്നു. ഇരുപതുകളുടെ അവസാനം ചന്ദ്രശേഖർ ആസാദ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനുമായും അതിന്റെ വകഭേദമായി ഭഗത്‌സിങ് നൗജവാൻ ഭാരത് സഭയുമായും വരുന്നു. മർദ്ദനങ്ങളും കൊടിയ പീഢനങ്ങളും പതിവാകുന്നു, കാരാഗൃഹ- തൂക്കുമരങ്ങളിൽ അടയാളങ്ങൾ പതിയുന്നു. ദേശീയപ്രസ്ഥാനത്തിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വിദ്യാർത്ഥികളുടെ പഠിപ്പുമുടക്കുകൾ, പ്രതിഷേധങ്ങൾ സമരങ്ങൾ ബഹിഷ്കരണങ്ങൾ. പൊതുസമരവേദികളിൽ വിദ്യാർഥിപങ്കാളിത്തം വർദ്ധിച്ചു വന്നു.

മുപ്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊള്ളുന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ചേരി ശക്‌തമാകുന്നു. ജിന്നയും നെഹ്രുവും ഒക്കെ ചേർന്ന് ഓൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷൻ ഉണ്ടാകുന്നു. (അന്തരിച്ച ബിജെപി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയും ഈ പ്രസ്ഥാനത്തിൽ അംഗമായിരുന്നു) അകാലി ദൾ പോലെ പ്രാദേശിക പാർട്ടികളുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ (ഓൾ ഇന്ത്യാ സിഖ് സ്റ്റുഡന്റസ് ഫെഡറേഷൻ) ഉണ്ടായി. സ്വാതന്ത്ര്യാനന്തരം എണ്ണമറ്റ മാതൃസംഘടനകൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും തലങ്ങും വിലങ്ങും വിദ്യാർത്ഥിവിഭാഗങ്ങൾ പിറവിയെടുത്തു. സ്വാതന്ത്ര്യാനന്തരം തൊള്ളായിരത്തി എഴുപത്തി ഒന്നിൽ ഇന്ദിരാ ഗാന്ധി മുൻകൈയെടുത്താണ് അത്രയും പ്രായമായ കോൺഗ്രസ്സിന് ദേശീയതലത്തിൽ ഒരു വിദ്യാർത്ഥി വിഭാഗം - കേരളത്തിലെ കെ എസ് യുവിനെയും ബംഗാളിലെ ഛത്ര പരിഷത്തിനേയും സംയോജിപ്പിച്ചുകൊണ്ട് ഉണ്ടാക്കുന്നത്. നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ - എൻ എസ് യു ഐ എന്നപേരിൽ. അൻപത്തി ഏഴിലായിരുന്നു കെ എസ് യുവിന്റെ പിറവി. അറുപതുകളിൽ ഹിന്ദിവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടിൽ കുട്ടികളുടെ ആത്മാഹുതി വരെ എത്തുന്ന തരത്തിലെ പ്രക്ഷോഭമായി. ഡിഎംകെയുടെയും ദ്രാവിഡ പ്രസ്ഥാനങ്ങളുടെയും വേരുറപ്പിക്കുന്ന സമരമായി അത് മാറി.  എഴുപത്തി മൂന്നിൽ ഗുജറാത്തിൽ ചിമൻഭായ് പട്ടേൽ മന്ത്രിസഭയെ പിരിച്ചുവിടേണ്ടി വരെ വന്ന വിദ്യാർത്ഥിപ്രക്ഷോഭം - നവനിർമാൺ ആന്തോളൻ - പടർന്നു പന്തലിച്ചത് ഒരു കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിനു 20 ശതമാനം ഫീസ് വർധിപ്പിച്ചതിൽ നിന്നായിരുന്നു. 

എഴുപത്തി നാലിൽ ജയപ്രകാശ് നാരായണൻ ബിഹാറിൽ നിന്ന് ഛത്രസംരക്ഷണ സമിതിയുമായി വരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളുമായി സകല നെറികേടിനെതിരെയും നോൺ വയലൻസ് മാർഗത്തിൽ തുടങ്ങിയ ആ നീക്കം ഹിന്ദി ബെൽറ്റിലാകെ ആവേശമായി കത്തിപ്പടർന്നു. ഉത്തരേന്ത്യയിലെ എണ്ണമറ്റ പിൽക്കാല സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ ആ ചൂളയിൽ നിന്നുയർന്നു വന്നു. ബംഗ്ലാദേശ് വിമോചനനത്തിന്റെ പശ്ചാത്തലത്തിൽ ഓൾ ആസാം സ്റ്റുഡന്റസ് യൂണിയൻ കുടിയേറ്റ വിഷയത്തിൽ വലിയസമരങ്ങൾക്ക് നേതൃത്വം കൊടുത്തു. അവരുടെ വിദ്യാർത്ഥി നേതാവ് പ്രഫുല്ലകുമാർ മൊഹന്ത മുപ്പത്തി അഞ്ചാം വയസ്സിൽ ആസാം മുഖ്യമന്ത്രി ആയി. തൊണ്ണൂറുകളിൽ മണ്ഡൽസമരം, സിമി പോലെയുള്ള ‘കടും സ്വത്വ’ വർഗീയ - വിദ്യാർത്ഥിക്കൂട്ടങ്ങളുടെ ഉദയം, നവലിബറൽ ദശകങ്ങളുടെ ആരംഭം, ജാദവ്പൂർ സർവകലാശാലാ സമരം, രോഹിത് വെമുലാ സമരം പൂനൈ ഫിലിംഇൻസ്റ്റിട്യൂട്ട് പ്രക്ഷോഭം ജെഎൻയു പ്രക്ഷോഭം പൗരത്വ ബിൽ പ്രതിഷേധം തുടങ്ങി സംഭവബഹുലമായ അര നൂറ്റാണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥി  സമൂഹത്തിന്റേതായി കടന്നു പോയത്. ഇന്ത്യൻ സാഹചര്യത്തിൽ അമ്പതുകളിൽ ഭാഷാടിസ്ഥാനത്തിൽ സ്റ്റേറ്റുകൾ രൂപീകരിക്കുന്നതിനായി പ്രക്ഷോഭങ്ങൾ മുതൽ ഇന്ന് ദില്ലിയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങളിൽ വരെ കുട്ടികളുടെ പങ്കാളിത്തവും കയ്യൊപ്പുമുണ്ട്.

സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ - എസ്എഫ്ഐ രൂപം കൊള്ളുന്നത് തൊള്ളായിരത്തി എഴുപതുകളിലാണ്. അറുപതുകളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പ്, ഓൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷന്റെ നയങ്ങൾ ഉശിരില്ലായ്മ ഒക്കെ ഒരുപാട് ഘടകങ്ങളെ  പ്ലാറ്റുഫോമിൽ നിന്ന് വിട്ടു പോകാനും പുതിയൊരു ഐക്യം രൂപപ്പെടുന്നതിനും മണ്ണൊരുക്കി.  തങ്ങളുടേതായ വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിക്കണമെന്ന സിപിഎം താല്പര്യം എന്നതിനോടൊപ്പം തന്നെ നിരവധി മൂർത്ത സാഹചര്യങ്ങൾ എസ്എഫ്ഐയുടെ രൂപീകരണത്തിലും വളർച്ചയിലും ഉണ്ട്.  

എഴുപതുകളിൽ അടിയന്തിരാവസ്ഥയും ജയപ്രകാശിന്റെ നേതൃത്വത്തിൽ വലിയ അനക്കം ഉണ്ടാക്കിയ സോഷ്യലിസ്റ്റ് വേവ് അലയടിക്കുമ്പോഴും എൺപതുകളിൽ കോൺഗ്രസ്സ്  ഇതര  പ്രാദേശിക എലീറ്റിസം - രാഷ്ട്രീയ പാർട്ടികളിലും സമൂഹത്തിലും ശക്തിപ്പെടുമ്പോഴും തൊണ്ണൂറുകളിൽ സോവിയറ്റ് ഈറയ്ക്ക് ശേഷം വന്ന ഉദാരവത്കരണ  പുതുസ്വഭാവം നമ്മെ പുൽകിയപ്പോഴും ആഴത്തിൽ പാശ്ചാത്യവത്കരിക്കപ്പെട്ട, കൊളോണിയൽ മട്ടും സ്വഭാവവും ഇന്നും പേറുന്ന ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ ഒരു ഇടതു വിദ്യാർത്ഥി പ്രസ്ഥാനം വേരു  പടർത്തി? കടും ദേശീയതയോ സാമ്പ്രദായിക - പാരമ്പര്യ ഭാരതീയ മൂല്യങ്ങളോ അടിസ്ഥാനമാക്കാതെ കേവല വിദ്യാർത്ഥി പ്രസ്ഥാനത്തിനപ്പുറം അതെങ്ങനെ വലിയ സാമൂഹിക സ്വാധീനമുള്ള എന്റിറ്റിയായി മാറി ?

നൂറ്റാണ്ടുകൾ നീണ്ട ഫ്യൂഡൽ- രാജ - കൊളോണിയൽ - അധിനിവേശ അവശിഷ്ടങ്ങൾ പേറുന്ന ഇന്ത്യൻ സാമൂഹ്യസാഹചര്യം അത്ര പെട്ടെന്ന്, ചെറിയ സമയം കൊണ്ട്  ആധുനിക ജനാധിപത്യ - പുരോഗമന മൂല്യങ്ങൾ ഉൾക്കൊണ്ടു പഠിച്ചെടുത്തു മുന്നേറുമെന്ന് സാമാന്യനിലയ്ക്ക് ചിന്തിക്കാനാവില്ല. വേറെവിടെയും പോലെ അക്കാദമിക - വിദ്യാഭ്യാസ രംഗത്ത് അത് വളരെ ദൃശ്യവുമാണ്. ആധുനിക സാങ്കേതിക - വിവരവിപ്ലവവും ജനകേന്ദ്രീകൃതമായ ക്ഷേമപ്രവർത്തനങ്ങളും ഒക്കെ സ്പീഡ് കൂട്ടുമെങ്കിലും ഒരു പക്ഷെ ഒരു നൂറ്റാണ്ടു കൂടിയെങ്കിലും എടുത്തേക്കും  നാമതിൽ  നിന്ന് മുക്തരാകാൻ.  വർഗ ബഹുജന സംഘടനകളുടെ പ്രസക്തി അവിടെയാണ്. ആ മുക്തി ആത്യന്തികമായി മുളപൊട്ടുന്ന ആദ്യ പൊതു ഇടം സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും ഹോസ്റ്റലുകളും തന്നെയാണ്. ഏറ്റവും ബൃഹത്തും സജീവമായതും ആയ  രാജ്യത്തിന്റെ ചെറുപതിപ്പുകൾ- ലിറ്റിൽ ഇന്ത്യകൾ. സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും അന്യരെ ഉൾക്കൊള്ളുന്ന ജനാധിപത്യ - സമത്വബോധത്തിന്റെയും പ്രഥമ പാഠങ്ങൾ നിങ്ങൾക്ക് ലഭിക്കുന്ന ആദ്യ ഇടങ്ങൾ നിങ്ങളുടെ വിദ്യാലയങ്ങളും പാഠശാലകളും തന്നെയാണ്. മതം - ജാതി - ലിംഗം - സമ്പത്ത് - സാമൂഹ്യപദവി തുടങ്ങിയ സകല വ്യത്യാസങ്ങളും ഇല്ലാതാകുന്ന ആ ഇടങ്ങളിലാണ് നല്ല പൊതുബോധമുള്ള മനുഷ്യനുണ്ടാവുക പൗരനുണ്ടാവുക. ഈ പൊതു ഇടങ്ങളിൽ നിന്ന് വിദ്യാർഥിപക്ഷത്തെ ഒരു ചങ്ങല പോലെ കൊരുത്തുണ്ടാക്കാൻ എസ്എഫ്ഐ എടുത്ത പണി തന്നെയാണ് ആ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. അതിനാൽ തന്നെ, എല്ലായിടത്തും ആപ്ലിക്കബിൾ ആയ, നല്ല വിദ്യാർത്ഥിയാവുക, അതിനുള്ള അരങ്ങൊരുക്കുക എന്ന ആശയത്തിൽ ഊന്നി വളർന്നത് കൊണ്ട് രാജസ്ഥാനിലും ഹിമാചലിലും ഒറീസയിലും കർണാടകയിലും നിങ്ങൾക്ക് എസ് എഫ് ഐയെ കാണാം. അതൊരു പാർട്ടി റിക്രൂട്ടിങ് പൂൾ എന്നതിനപ്പുറം അർത്ഥമുള്ള ഒരു സംവിധാനമായി പന്തലിച്ചതും അങ്ങിനെയാണ്. സകലനാടുകളിലും നഗരങ്ങളിലും ഭരണസാരഥ്യം കയ്യേൽക്കുന്ന ഇടതുപക്ഷത്തിന്റെ നവധീരനേതൃത്വം ഒരു ദിവസം രാവിലെ ഉണ്ടായി വരുന്നതല്ല. അധികാരത്തിൽ  ഇടതു പാർട്ടികൾ ഇല്ലാത്തയിടത്തും,  ദുരബലപ്പെടുമ്പോഴും എസ് എഫ് ഐ സാമൂഹിക സ്വാധീനമാകുന്നത് അതിന്റെ ബേസ് സങ്കുചിതമോ ഹ്രസ്വമോ ആയ ആശയപരിസരവും അതിന്റെ കേഡർമാർ സ്വാർത്ഥരായ സ്വത്വവാദികളും അല്ലാത്തത് കൊണ്ടാണ്.   

അവർ നന്നായി പണിയെടുത്തു. എന്ത് പണി ? 

സെലിഗ് ഹാരിസന്റെ ഇന്ത്യയുടെ ഏറ്റവും അപകടകരമായ ദശാബ്ദങ്ങൾ എന്ന പുസ്തകം പറയുന്നത് എഴുപതുകളിലെയും എണ്പതുകളിലേയും റാഡിക്കൽ രാഷ്ട്രീയ സാഹചര്യങ്ങളാണ്. ഇന്ത്യൻ സാമൂഹ്യരാഷ്ട്രീയ രംഗത്ത് പാരഡൈം ഷിഫ്റ്റുകൾ ഉണ്ടാകുന്ന അക്കാലങ്ങളിൽ അതിന്റെചാലകശക്തിയാകുന്നത് വിദ്യാർത്ഥിസമൂഹമാണെന്ന് ഹാരിസൺ നിരീക്ഷിക്കുന്നു. അത്തരമൊരു ട്രാന്സിഷണൽ ഘട്ടത്തിൽ ജനിക്കുന്ന പ്രസ്ഥാനം അനുഭവങ്ങളുടെയും വെല്ലുവിളികളുടേയും തീച്ചൂളയിൽ രൂപപ്പെട്ടതിനാൽ തന്നെ കരുത്തു കുറച്ചു കൂടിയതാവണം. തൊഴിലില്ലായ്‍മ, പട്ടിണി, മത - ജാതി വിവേചനം, സാമ്പത്തികഅസമത്വം, അരക്ഷിതാവസ്ഥ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളോട് ഇന്ത്യൻ വിദ്യാർത്ഥിയും സമൂഹവും മല്ലിടുന്ന കാലമാണ്. റിവിഷനിസവും ഇടതുപക്ഷ തീവ്രസാഹസികതാവാദവും മറ്റൊരുവശത്തും. സമൂഹമനസ്സിൽ വേരുപതിപ്പിച്ച് ജനസാമാന്യത്തെ കൂടി ബോദ്ധ്യപ്പെടുത്തി അതിന്റെ ഭാഗമായി കണ്ടുകൊണ്ട് ശ്രദ്ധിച്ചു സൂക്ഷിച്ചു പോരാടിയാണ് എസ്എഫ്ഐ തങ്ങളുടെ ബാല്യത്തെ അതിജീവിച്ചത് കായികമായും ബൗദ്ധികമായും ആ പോരാട്ടം കാമ്പസുകളിലും തെരുവുകളിലും നടന്നു.  തീയിൽ കുരുത്തത് വെയിലത്തെങ്ങനെ വാടാൻ ?  

ഏറ്റവും പ്രധാനപ്പെട്ടതായി, എല്ലാക്കാലത്തും, വെല്ലുവിളികൾ മുന്നിലിരിക്കെതന്നെ വിദ്യാർത്ഥി രാഷ്ട്രീയം കയ്യാളൽ എന്ന കേവല ലക്ഷ്യത്തിനപ്പുറം വിദ്യാർത്ഥികളെ രാഷ്ട്രീയവത്കരിക്കൽ എന്ന വലിയ സാമൂഹ്യധർമമാണ് എസ് എഫ് ഐ ചെയ്തു വച്ചത്. അതോ,   തങ്ങളുടെ ഏജ് ഓഫ് റിവോൾട്ടിൽ ഹ്യൂമൻ ഡൈനാമിറ്റുകൾ അയ കലപിലക്കൂട്ടങ്ങൾ മാത്രമായി, അടിപിടി വഴക്കാളികൾ ആയി തങ്ങളെ കുട്ടികളെ ചിത്രീകരിച്ചിട്ടും, രാഷ്ട്രീയക്കാർക്കായി ചുടുചോറു വാരുന്ന കുരങ്ങന്മാർ - വിറകുവെട്ടു വെള്ളം കോരികൾ എന്ന നിലയിലേക്ക് സമൂഹം കാണുന്ന, വലതു മാദ്ധ്യമങ്ങളും വിദ്യാഭ്യാസ മാനേജ്‌മെന്റുകളും മതവും മാലോകരും അങ്ങനെ ഒക്കെ അവതരിപ്പിച്ചിട്ടും എസ എഫ് ഐ കുട്ടികൾ ചെറുതും വലുതുമായി എണ്ണമറ്റ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾക്കൊപ്പം നിന്നതിനാൽ ഒരാൾക്ക് ഏറ്റം അമൂല്യമായ സ്വജീവൻ തന്നെ നഷ്ടപ്പെടുത്തുന്ന ധീരസമൂഹമായി മാറി. വിദ്യാർത്ഥികൾക്കിടയിൽ അരാഷ്ട്രീയവത്കരണത്തിന്റെ ഒളിയജണ്ടകൾ പ്രചരിപ്പിച്ചു മണ്ടത്തരം കാട്ടിയവർ പിന്നീട് എസ എഫ് ഐ പോലെയൊരു സാന്നിധ്യത്തിന്റെ അഭാവം ഇന്ന് പല സ്ഥലങ്ങളിലും കൊണ്ടറിയുന്നുമുണ്ട്.

ബസ് കൺസഷൻ സമരം മുതൽ ഭരണകൂടഭീകരതയ്ക്കെതിരെയുള്ള പോരാട്ടങ്ങൾ വരെ. തങ്ങൾക്ക് പഥ്യമുള്ള രാഷ്ട്രീയകക്ഷി ഭരിക്കുമ്പോഴും അവകാശങ്ങൾ അവതരിപ്പിച്ചു പൊരുതിനേടിയ സ്വഭാവംതന്നെയാണ് എസഎഫ്ഐയെ മുന്നോട്ടുനയിച്ചിട്ടുള്ളത്. സർഗാത്മകത കൈവിടാതെ , അതിനെ പരിപോഷിപ്പിച്ച്, വൈവിധ്യത്തെ പുൽകി,  തൊഴില്ലായ്മ - ജാതി  - മതം - അരാഷ്ട്രീയത  - സാമൂഹ്യ അരക്ഷിതാവസ്ഥ മാദ്ധ്യമങ്ങൾ - ശുഷ്കിച്ചു പോയ പൊതു ഇടങ്ങൾ - നവഉദാരവത്കരണം - വിദ്യാഭ്യാസം ഒരു കമ്മോഡിറ്റി എന്ന നിലയിൽ - റാഡിക്കലിസം, നക്സലിസം, വ്യവസായവത്കരണം - മധ്യവർഗത്തിന്റെ ശക്തിപ്പെടൽ, വർഗീയത, സ്വത്വവാദം- പ്രാദേശികരാഷ്ട്രീയസംഭവവികാസങ്ങൾ, ശക്തിപ്പെടുന്നഅവനവനിസം, അപരവത്കരണം, ഛിദ്രശക്തികൾ വികസ്വര രാഷ്ട്രത്തിന്റെ സാഹചര്യങ്ങൾ, കുടുംബബന്ധങ്ങൾ, സാമൂഹ്യസാംസ്‌കാരിക ടാബൂകൾ , മാമൂലുകൾ , പരിസ്ഥിതി, ആരോഗ്യം, കപടദേശീയത, ഭരണകൂട ഭീകരത എല്ലാ തരത്തിലുമുള്ള വിവേചനം, ഉന്നതവിദ്യാഭ്യാസത്തിനുള്ള ആക്സസ്, വിജ്ഞാന വിസ്ഫോടനം - ഇന്റർനെറ്റ് - സോഷ്യൽ മീഡിയ സ്ഫിയർ -  എന്നിങ്ങനെ ഒരു നവയുവ സമൂഹത്തിനു മുന്നിലുള്ള എല്ലാ വിഷയങ്ങളിലും എസ്എഫ്ഐ ഒരു വിദ്യാർത്ഥിപ്രസ്ഥാനം എന്ന നിലയിൽ ചിന്തിച്ചു, ഇടപെട്ടു പ്രവർത്തിച്ചു. റിസൾട്ട് ഉണ്ടാക്കി.  വിദ്യാർത്ഥി വിഭാഗങ്ങൾ ഇല്ലാത്തവർക്കും സമൂഹത്തിലെ എല്ലാ കുട്ടികൾക്കും നാവായി.  

 1901ൽ 100 ആൺകുട്ടികൾ സ്‌കൂളിൽ ചേരുമ്പോൾ 12 പെൺകുട്ടികൾക്ക് ആയിരുന്നു വിദ്യാഭ്യാസം ലഭിച്ചിരുന്നത്. അൻപതുകളോടെ അത് നാല്പതും എണ്പതുകളോടെ അറുപത്തിയഞ്ചും ഇന്ന് കേരളത്തിൽ എങ്കിലും അത് നൂറിലും നാമെത്തിച്ചു. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ വനിതകൾ അൻപതു ശതമാനം പദവികൾ കയ്യാളുന്നു. വിദ്യാർത്ഥി പരിസരത്തു നിന്ന് ഏറ്റവുംപ്രായം കുറഞ്ഞ നഗരാധ്യക്ഷ ഉണ്ടായി വരുന്നു. ഭിന്നലിംഗമനുഷ്യർക്ക് അംഗത്വം നൽകുന്ന ആദ്യ വിദ്യാർത്ഥിപ്രസ്ഥാനമായി എസഎഫ്ഐ മാറുന്നു. വർഗീയതെക്കെതിരെ നിലകൊണ്ടതിന് സ്വജീവൻ നഷ്ടപ്പെട്ട മിടുക്കനായ അഭിമന്യുവിന്റെ സ്മാരകം  ഒരു കേവലബലികുടീരമായല്ല. അത് ഒരു ഹാപ്പനിംഗ് സ്‌പേസ് ആയി, എണ്ണമറ്റ തലമുറകൾക്ക് പ്രത്യാശയായി ആവേശമായി ഉണ്ടാകുന്നു. ബസ് കൺസഷൻ വാങ്ങിയെടുക്കലിലും ഫീസിളവിനായുള്ള സമരങ്ങളിലും യുവജനോത്സവ നടത്തിപ്പിലും ഒതുങ്ങാതെ സെനറ്റുകളിൽ സിന്ഡിക്കേറ്റുകളിൽ സിലബസ് നിർണയങ്ങളിൽ ഗവേഷണരംഗത്ത് ഒക്കെ വിദ്യാഭ്യാസം എങ്ങിനെ വേണമെന്ന്, വിവേചനമില്ലാതെ സാർവത്രികമാക്കാൻ എന്ത് ചെയ്യണമെന്ന്, അതിന്റെ രീതിശാസ്ത്രങ്ങൾ എങ്ങനെ വേണമെന്ന് ഏറ്റവും പുതിയ ആശയങ്ങൾ വച്ചു. പ്രബുദ്ധസമൂഹത്തെ, വിദ്യാഭ്യാസ ആരോഗ്യമുള്ള സമൂഹത്തെ വാർക്കുന്നതിൽ നിർണായകശക്തിയായി. അവരിൽ ജനാധിപത്യബോധം ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് എന്തിനു ഊന്നൽ നൽകണമെന്ന പൊതുബോധ്യം ഉണ്ടാക്കി.

ശരിയാണ്, കാലാകാലങ്ങളിൽ പൊതുബോധത്തോടും സമൂഹത്തോടുമൊപ്പം അതിന്റെ പരിച്ഛേദമായ വിദ്യാർത്ഥി ഫെഡറേഷനിലും കലർപ്പും കല്ലിച്ചയുമുണ്ടായി. മോശം പ്രവണതകൾ വന്നു. ഡിജിറ്റൽ മുന്നേറ്റങ്ങളും - നവലിബറൽ  ദുഷിപ്പുകളും വേരാഴ്ത്തി. സ്വഭാവത്തെ സ്വാധീനിച്ചു. ഓരോതലമുറ പിന്നിടുമ്പോഴും ഇന്ത്യൻ വിദ്യാർത്ഥി നേരിടുന്ന, മുന്നിൽ കാണുന്ന സാഹചര്യങ്ങളിൽ മാറ്റമുണ്ടായി വെല്ലുവിളികളിൽ പ്രശ്നങ്ങളിൽ ഇടപെടലിന്റെ സ്വഭാവവും സാദ്ധ്യതകളും മാറി. അപ്പോൾ എസ എഫ് ഐ എന്ത് ചെയ്തു ? അവർ കാലത്തെ, മൂർത്ത സാഹചര്യങ്ങളെ, കാര്യകാരണങ്ങളെ റിവ്യൂ ചെയ്തു. ആന്തരികമായി നല്ല ചിട്ടയുള്ള സംഘടനാ വിദ്യാഭ്യാസം നടപ്പിലാക്കി. ടാക്റ്റിക്സ് രൂപപ്പെടുത്തി. ഉള്ളിലേക്ക് കടന്നു വന്ന കളകളെ ഒരുമിച്ചു നിന്നു പിഴുതെറിയാൻ കൂടി. എന്നിട്ടും തഴച്ചവയെ നല്ല കീടനാശിനി കലക്കിയടിച്ചു ഉണക്കി. സൂക്ഷിച്ചു ജാഗ്രതയോടെ കൈകാര്യം ചെയ്തു. പിഴവുകൾ അംഗീകരിച്ചു. തെറ്റുകൾ എന്തെന്ന് അന്വേഷിച്ചു, അവ പരിഹരിച്ചു, തിരുത്തി. ഒരു കേവല വിദ്യാർത്ഥി പ്രസ്ഥാനമായല്ല ഘടനാപരമായി സജീവമായ സാമൂഹ്യപ്രസ്ഥാനമായി അവർ മാറി. വിദ്യാർത്ഥികൾ എന്നത് സാമൂഹ്യരാഷ്ട്രീയ ഫാബ്രിക്കിന്റെ വ്യതിരിക്തമല്ലാത്ത, സ്വാധീനമാർന്ന ഭാഗമാണ് എന്ന ബോധം കുട്ടികളിലും സമൂഹത്തിലും രൂപപ്പെട്ടു.  ഹിഡൻ അജണ്ടകളോ പ്രീണന സമീപനമോ ഇല്ലാത്തതിനാൽ വിദ്യാർത്ഥിപക്ഷത്തു നില്ക്കാൻ അവർക്കു പറ്റി.

സജീവമായ സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനും നിഷ്ക്രിയ ഭരണനിർവഹണയുക്തിയെ ചെറുക്കുന്നതിനുമെല്ലാം  എല്ലാക്കാലത്തും പൊതുവേദികളും പൗരന്മാർക്ക് സജീവമായ രാഷ്ട്രീയ അഭിനേതാക്കളാകാൻ കഴിയുന്ന സ്ഥാപനങ്ങളും ആവശ്യമാണ്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറി ഏഴു പതിറ്റാണ്ടായിട്ടും ഇന്ത്യയിൽ വിദ്യാലയങ്ങൾ അല്ലാത്ത ബൃഹത്തായ പൊതു ഇടങ്ങൾ വിരളമാണ്. തങ്ങൾക്കു കൂടി ഒരു കൂട്ടായ ഉടമസ്ഥാവകാശം അനുഭവിക്കുന്നതിലും പങ്കിടൽ നിയന്ത്രിക്കുന്നതിലും നിരവധി നിയമങ്ങളുള്ള മത - ജാതി വേർതിരിവുകളാണ് അതിന് ഏറ്റവും വ്യക്തമായ കാരണം എന്നും പറയാം. പൊതുവിദ്യാലയങ്ങളിൽ നിന്നും പൊതുഗതാഗതത്തിൽ നിന്നും ഗേറ്റഡ് വസതികളിലേക്ക് പിന്മാറുന്ന സാഹചര്യവും  വർദ്ധിച്ചുവരികയാണ്. പൊതുചർച്ചയുടെ അനുയോജ്യമായ മേഖലയായ മീഡിയ, ശക്തമായ ചില സ്വകാര്യ മൂലധന - രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസൃതമായി പക്ഷം ചേർന്നും പ്രവർത്തിക്കുന്നു. തൊണ്ണൂറുകൾ മുതൽ സാർവത്രികമായ സ്വകാര്യവൽക്കരണം ഒരു സാമ്പത്തിക പ്രതിഭാസമല്ല, മറിച്ച് നമ്മുടെ രാഷ്ട്രീയ നിലനിൽപ്പിന്റെ അവസ്ഥയും കൂടിയായി മാറി. ഈ സാഹചര്യങ്ങളിൽ തന്നെയാണ് എസ് എഫ് ഐ പ്രസക്തമാകുന്നത്. ചെറുപ്പങ്ങളിൽ തന്നെ ആ പ്രസ്ഥാനം രൂപപ്പെടുത്തി കൊടുക്കുന്ന പൊതുബോധം. ആധുനിക സിവിക് മൂല്യങ്ങളും ജനാധിപത്യ ബോധവും ചവിട്ടിയരച്ച് ഏകശിലാത്മകമായ, മടങ്ങിപ്പോക്കിന്റെ രാഷ്ട്രം സ്ഥാപിക്കാൻ വെമ്പുന്ന ഫാഷിസ്റ്റ് നീക്കങ്ങൾ യാതൊരു മാനുഷിക മര്യാദയുമില്ലാതെ മുന്നിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും.

ന്യൂയോർക്കിലെ ന്യൂസ്‌കൂൾ സോഷ്യൽ റിസർച്ചിലെ പ്രൊഫ.സന്ദിപ്തോ ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നതിങ്ങനെയാണ് :   സർവകലാശാലകൾ തെരുവിലിറങ്ങുമ്പോൾ  തെരുവുകൾക്ക് സർവ്വകലാശാലകളാകാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി.

വ്യക്തിപരമായി, എനിക്ക് ആവേശവും ആർദ്രതയും നൊസ്റ്റാൾജിയയും പെരുകുന്ന ഓർമകളേക്കാൾ എസ്എഫ്ഐ പകർന്ന പാഠങ്ങളും മൂല്യങ്ങളും സ്വാധീനവുമാണ് മുന്നിൽ നിൽക്കുന്നത്. പൊട്ടിത്തെറിച്ചു വീഴുന്നിടത്തു നിന്ന് തഴച്ചു വളരാനുള്ള വലിയ പാഠങ്ങൾ പഠിച്ച വേദി എന്ന നിലയിൽ. വ്യക്തിയായും ഏതു സോഷ്യൽ യൂണിറ്റിയിലെയും ഒരു നല്ല കണ്ണിയായും ഏത് ചതുപ്പിലും പുതയാതെ പൂക്കാനായതിൽ. ഇംഗ്ളീഷ് സർവകലാശാലകളിലെ ഫീസ് വർദ്ധനയ്‌ക്കെതിരെ സെനറ്റിൽ ബഹളം വച്ചപ്പോഴും ടോറികളുടെ കെട്ടിടത്തിനു കല്ലെറിയാൻ പോയപ്പോഴും മധ്യയൂറോപ്പിൽ ക്രിമിയൻ കയ്യേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളിലും മധ്യപൂർവങ്ങളിലെ പോരാട്ടങ്ങളിലും ഐക്യപ്പെട്ടപ്പോഴും വെമുലയ്ക്കായി ഒച്ചയുയർത്താൻ പോയപ്പോഴുമെല്ലാം ഉള്ളിലെ എസ്എഫ്ഐയാണ് മറനീക്കി പുറത്തു വന്നിട്ടുള്ളത്. ജോലി സ്ഥലത്തെ ധനകാര്യകൈകാര്യത്തിലും ലോകത്തെവിടുത്തെ ഈവന്റ് - പ്രോജക്ട് മാനേജ്‌മെന്റിലും പഴയ യൂണിയൻ ഭാരവാഹിയും കമ്മറ്റിയിലെ കണക്കുവെപ്പും കൈയൊരുക്കവും തെളിഞ്ഞു വരും. നൊസ്റ്റാൾജിയകൾ അതിനുമപ്പുറത്ത് എത്രയോ ആഴവും പരപ്പുമുള്ളതാണ്. എത്രയെത്ര ഭൂഖണ്ഡാന്തര ഇടങ്ങളിൽ കണ്ടുമുട്ടപ്പെട്ട പ്രൊഫഷണലുകൾ, മാനേജ്‌മെന്റ് വിദഗ്ദ്ധർ, എഴുത്തുകാർ, കലാകാരന്മാർ, മിടുക്കർ, നേതാക്കൾ, ആൺ-പെൺ ; ഏതൊരാളും ‘തങ്ങളുടെ കാലത്തെ എസഎഫ്ഐ’ യിലെ ചെറുതും വലുതുമായ പങ്കാളിത്തം  താനെന്ന ജീവനിൽ ഉണ്ടാക്കിയ സ്വാധീനവും മാറ്റവും ഒരുക്കിത്തീർക്കലും കനത്ത സിവിക്  ബോധത്തിലേക്ക്, എസ്എഫ്ഐയിൽ നിന്ന് കിട്ടിയ ഞുണുക്കു വിദ്യകൾ യഥോചിതം പ്രയോഗിച്ച്, എങ്ങുമെവിടെയും ഫിറ്റാവാൻ പ്രാപ്തമായ പൂര്ണമനുഷ്യരിലേക്ക് തങ്ങളെ വാർത്തെടുത്ത അനുഭവപരിചയമായി കണ്ട കഥകളാണ്  പങ്കുവയ്ക്കുന്നത്.

ഈ നാട്ടിൽ നിന്നോ, ജനതയിൽ നിന്നോ, സമൂഹത്തിൽ നിന്നോ, വ്യവസ്ഥിതിയിൽ നിന്നോ, പങ്കു ചേർന്ന ഓരോ സഖാവിൽനിന്നും വേർതിരിച്ചു മാറ്റാൻ കഴിയാത്ത ഒരു എന്റിറ്റി  ആയി അമ്പതു വർഷങ്ങൾ കൊണ്ട് ഒരു വിദ്യാർത്ഥി പ്രസ്ഥാനം വന്‍‌മരം പോലെ പടർന്നു പന്തലിച്ചു നിൽക്കുകയാണ്. ഭരണകൂട വിരുദ്ധ ചേരിയിൽ ഉറച്ചു നിന്നു കൊണ്ട്,  അടിയന്തിരാവസ്ഥയും അനേകം വെല്ലുവിളികളും അതിജീവിച്ച്  അവകാശപ്പോരാട്ടങ്ങളുടെ മറുവാക്കായി മാറിയ ആ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നമ്മൾ പുറമെ കാണുന്നതിലും ആഴമുണ്ട്. അനുഭവവും അടിയുറപ്പുമുണ്ട്. അതിനാൽ തന്നെ പഴയ എസ്എഫ്ഐക്കാരൻ എന്ന ഒന്നില്ല. എസ്എഫ്ഐക്കാരൻ മാത്രമേയുള്ളൂ. എസ്എഫ്ഐയെ നിങ്ങൾ വിടാത്തതല്ല, എസ്എഫ്ഐ നിങ്ങളെ വിടാത്തതാണ്; വിട്ടു പോവാത്തതാണ്.

സ്റ്റുഡന്റസ് ഫെഡറേഷന് അഭിവാദ്യങ്ങൾ. ജീവിച്ചും മരിച്ചും അതിന്റെ ഭാഗമായ ഓരോ മർത്യജന്മത്തിനും. 

വി.എസ്.ശ്യാം

No comments:

Post a Comment