തിരുവനന്തപുരം > രാജ്യത്ത് മതനിരപേക്ഷതയ്‌ക്കായുള്ള പോരാട്ടത്തിൽ എസ്‌എഫ്‌ഐയുടെ പങ്ക് നിസ്‌തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുത്തരിക്കണ്ടം നായനാർ പാർക്കിൽ എസ്‌എഫ്‌ഐ അമ്പതാം വാർഷികം ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സന്ദിഗ്‌ധ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് വിദ്യാർഥികളുടെ മഹാ പ്രസ്ഥാനം അരനൂറ്റാണ്ട് പിന്നിടുന്നത്. എസ്‌എഫ്‌ഐ പതാകയിൽ ആലേഖനംചെയ്‌ത സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും തകർത്തെറിയാനാണ് സ്ഥാപിതതാൽപ്പര്യങ്ങളുള്ള രാഷ്‌ട്രീയ ശക്തികൾ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവം തകർക്കാനുള്ള ശ്രമം അതിഹീനമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. സോഷ്യലിസത്തെ മുതലാളിമാർക്കായി ബലികൊടുത്തു. മുതലാളിത്തത്തിനായി എല്ലാം അടിയറ വയ്‌ക്കുകയാണ്. മഹാമാരിയുടെ മറവിൽ രാജ്യത്തെ വിൽപ്പനയ്‌ക്കുവയ്‌ക്കുന്നു. ഇതിനെതിരായ പോരാട്ടം വർധിതവീര്യത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ട കാലമാണിത്.
കാർഷികമേഖലയെ കോർപറേറ്റ് ശക്തികൾക്ക് അടിയറ വയ്‌ക്കുന്നതിനെതിരെ കർഷകർ പോരാട്ടത്തിന്റെ പാതയിലാണ്. രാജ്യമൊന്നാകെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിലകൊള്ളുകയാണ്. ഈ പോരാട്ടത്തിൽ വിദ്യാർഥിസമൂഹത്തിനും വലിയ പങ്ക് വഹിക്കാനുണ്ട്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിൽ എസ്‌എഫ്‌ഐയുടെ പങ്ക് ചെറുതല്ല. ഈ നാടിന്റെ ഇടതുപക്ഷ ഘടനയെ തകർക്കാനുള്ള ശ്രമങ്ങളെ എസ്‌എഫ്‌ഐ ത്യാഗോജ്വലമായി ചെറുത്തുനിന്നു. ഇതിനിടയിൽ നിരവധി പേർക്ക് ശാരീരികാക്രമണങ്ങൾ നേരിടേണ്ടിവന്നു. നിരവധി പേർ രക്തസാക്ഷികളായി.
വിദ്യാഭ്യാസരംഗത്തെ വരേണ്യവൽക്കരണത്തിനെതിരെ അതിശക്തമായ പോരാട്ടം എസ്‌എഫ്ഐ നയിച്ചു. പോരാട്ടങ്ങൾക്കൊപ്പം വിദ്യാഭ്യാസരംഗത്ത് ബദലുകൾ ഉയർത്തിക്കാട്ടാനും എസ്‌എഫ്‌ഐക്ക് കഴിഞ്ഞു. രാഷ്‌ട്രീയ പാർടികൾക്ക് പ്രവർത്തകരെ സംഭാവന ചെയ്യുന്ന സംവിധാനമല്ല വിദ്യാർഥി സംഘടന എന്ന് എസ്‌എഫ്‌ഐ തെളിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വലിയൊരു തലമുറയെ സൃഷ്‌ടിക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. എസ്‌എഫ്‌ഐയിലൂടെ രംഗത്തുവന്നവർ പൊതുപ്രവർത്തനത്തിൽ ഇതര രാഷ്‌ട്രീയ പ്രവർത്തകർക്ക് മാതൃകയായി- മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനൊപ്പം മോഡിയെയും നേരിടേണ്ട അവസ്ഥ: എം എ ബേബി
കോവിഡ് മഹാമാരിക്കൊപ്പം മോഡിയെയും നേരിടേണ്ട ഗതികേടിലാണ് ജനങ്ങളെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എസ്‌എഫ്‌ഐ അമ്പതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മുൻ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ബേബി.
പാർലമെന്ററി, ജനാധിപത്യ സംവിധാനങ്ങളെയാകെ കേന്ദ്ര സർക്കാർ തകർത്തെറിയുകയാണ്. കൊടും ശൈത്യത്തെയും അവഗണിച്ച് ഡൽഹിയിൽ കർഷകർ സമരം ചെയ്യുന്നു. കാർഷിക ബില്ലുകൾ ചർച്ചചെയ്യാൻ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തന്നെ വേണ്ടെന്നുവച്ചിരിക്കുകയാണ് കേന്ദ്രം–-ബേബി ചൂണ്ടിക്കാട്ടി.
ഹിന്ദുത്വം മേധാവിത്വം നേടാൻ ശ്രമിക്കുന്നു: വിജയരാഘവൻ
രാജ്യത്തെ ക്യാമ്പസുകളിൽ മേധാവിത്വം നേടാനാണ് തീവ്ര ഹിന്ദുത്വം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ഈ അജൻഡയിൽനിന്നുകൊണ്ടാണ് സർവകലാശാലകളെ അവർ ശത്രുപക്ഷത്ത് കാണുന്നത്. ഇതാണ് ഗവേഷണ സ്ഥാപനങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് കാരണം. ഇതിനോട് ഏറ്റുമുട്ടിക്കൊണ്ടേ വിദ്യാർഥി പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവു.
കാലം വലിയ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന കാലമാണിതെന്നും വിജയരാഘവൻ പറഞ്ഞു. എസ്‌എഫ്‌ഐ അമ്പതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മുൻ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ അദ്ദേഹം. കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുകയാണ്. ഇന്നത്തെ ദേശീയ രാഷ്‌ട്രീയത്തിൽ ഹിന്ദുത്വത്തിന്റെ മുഖ്യതാൽപ്പര്യമാണിത്–- വിജയരാഘവൻ പറഞ്ഞു.
എസ്‌എഫ്‌ഐ രൂപീകരണം ചരിത്രത്തിന്റെ അനിവാര്യത: എം വി ഗോവിന്ദൻ
കണ്ണൂർ: എസ്‌എഫ്‌ഐ രൂപീകരണം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ. എസ്‌എഫ്‌ഐ രൂപീകരിച്ചിരുന്നില്ലെങ്കിൽ പൊരുതുന്ന വിദ്യാർഥി സംഘടന ഉണ്ടാകുമായിരുന്നില്ല. ചരിത്രദൗത്യം ഏറ്റെടുക്കാനായിരുന്നു എസ്‌എഫ്‌ഐയുടെ പിറവി.
ഓരോ ഇഞ്ചും പൊരുതിയാണ് സംഘടന മുന്നേറിയത്. എസ്‌എഫ്‌ഐ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഭാരവാഹികളുടെ സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പ്രസ്ഥാനത്തെ ഇന്ത്യയുടെ മുഖ്യധാരയിലെത്തിക്കുന്നതിൽ എസ്‌എഫ്ഐയുടെ പങ്ക് വളരെ വലുതാണ്. സമൂഹത്തിന്റെ പുരോഗമന പരിഛേദമാകാൻ സംഘടനയ്‌ക്ക് കഴിഞ്ഞു. പാവപ്പെട്ട മനുഷ്യരുടെ പക്ഷത്തു നിന്നാണ് വിദ്യാർഥി പ്രസ്ഥാനം പ്രവർത്തിക്കേണ്ടതെന്ന ദിശാബോധം എസ്‌എഫ്‌ഐക്കുണ്ടായിരുന്നു. ഭൂമിയുടെ ഏതുകോണിലും എസ്‌എഫ്‌ഐ വികാരം കൊണ്ടുനടക്കുന്നവരുണ്ട്.
നിരവധി സംസ്ഥാനങ്ങളിൽ ഇടതുപക്ഷത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിൽ ഈ സംഘടനയുടെ പ്രവർത്തനമുണ്ട്. രാഷ്‌ട്രീയ നേതൃത്വത്തെ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സാമൂഹ്യജീവിതത്തിൽ ഇടപെടാനും രാഷ്‌ട്രീയ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കാനുമായി. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്താനും എസ്എഫ്‌ഐക്കായെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
കോവിഡിന്റെ മറവില്‍ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നു: മയൂഖ് ബിശ്വാസ്
തിരുവനന്തപുരം > മഹാമാരിയുടെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളാണ് കൈക്കൊള്ളുന്നതെന്ന് എസ്എഫ്ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അതിന്റെ ഭാഗമാണ്. ഇതിനെതിരായ പോരാട്ടങ്ങള്‍ക്ക് ജീവവായുവാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. നാടിന്റെ ഭാവിയിലേക്കുള്ള നിഷേപമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ചെയ്യുന്നത്. എസ്എഫ്ഐ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മയൂഖ്.
ഗവേഷണ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് തുക നല്‍കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ പ്രതിമകള്‍ക്കും വന്‍കിട സമുച്ചയങ്ങള്‍ക്കും പണമത്രയും ചെലവഴിക്കുന്നു. ഭക്ഷണത്തിന് വകയില്ലാതെ കൊച്ചുകുട്ടികള്‍ പഠനം നിര്‍ത്തി ജോലിക്കുപോകുന്ന രാജ്യത്താണ് കേരളം ബദലുകള്‍ തീര്‍ക്കുന്നത്--മയൂഖ് ബിശ്വാസ് പറഞ്ഞു.
No comments:
Post a Comment