Thursday, January 14, 2021

കർഷകപ്രക്ഷോഭം : കോടതി ഉത്തരവില്‍‌ ദുരുദ്ദേശ്യം, പക്ഷപാതം : പീപ്പിൾസ്‌ ഡെമോക്രസി

കാർഷിക നിയമങ്ങൾക്കെതിരായ കർഷകപ്രക്ഷോഭ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണെന്ന്‌ സിപിഐ എം മുഖപത്രമായ പീപ്പിൾസ്‌ ഡെമോക്രസി. പ്രക്ഷോഭത്തിന്റെ വരുംനാളുകൾ ഏറെ നിർണായകമാണെന്നും എല്ലാ ജനാധിപത്യ ശക്തികളും പ്രക്ഷോഭത്തിന്‌ പിന്തുണ അറിയിച്ച്‌ വലിയതോതിൽ രംഗത്തുവരണമെന്നും പീപ്പിൾസ്‌ ഡെമോക്രസി മുഖപ്രസംഗത്തിൽ പറഞ്ഞു.

ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ച്‌ മൂന്ന്‌ കാർഷിക നിയമങ്ങളും നടപ്പാക്കുന്നത്‌ ഇനിയൊരുത്തരവ്‌ വരെ തടഞ്ഞിരിക്കുകയാണ്‌. ചില വിഭാഗങ്ങൾ കോടതി ഇടപെടലിനെ പ്രശംസിക്കും വിധം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഉത്തരവിനായി. പ്രക്ഷോഭത്തിലുള്ള കർഷകരും കോടതിയിൽ ഹർജി സമർപ്പിച്ചവരും ഉന്നയിക്കുന്ന ഗൗരവമുള്ള വിഷയങ്ങളിൽ കൂടുതൽ വാദംകേൾക്കലുമായി ബന്ധപ്പെടുത്തിയല്ല ഇപ്പോഴത്തെ സ്‌റ്റേ ഉത്തരവ്‌. മറിച്ച്‌ ഒരു ‘വിദഗ്‌ധ സമിതി’യെ നിയമിച്ചുള്ളതാണ്‌. രണ്ടുമാസത്തിനകം റിപ്പോർട്ടുനൽകാനാണ്‌ നിർദേശം.

ഹർജിക്കാരാരും സമിതി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കർഷകരും സമിതി രൂപീകരണമെന്ന വാഗ്‌ദാനം തള്ളി‌. കാർഷിക നിയമങ്ങളെ പിന്തുണച്ച നാലുപേരെ‌ സമിതിയിൽ ഉൾപ്പെടുത്തി‌. കാർഷിക മേഖലയിൽ നവലിബറൽ നയം നടപ്പാക്കാൻ മുൻകൈയെടുക്കുന്ന വ്യക്തിയാണ്‌ സമിതിയംഗമായ അശോക്‌ ഗുലാത്തി. സമിതിയിലെ ‘വിദഗ്‌ധരെ’ തീരുമാനിക്കുന്നതിന്‌ കോടതി സർക്കാരിനെ ആശ്രയിച്ചു. സമിതിയിലുള്ള രണ്ട്‌ കർഷകപ്രതിനിധികളും പുതിയ നിയമങ്ങളെ പിന്തുണയ്‌ക്കുന്നവരാണ്‌. സമിതിയിൽ തങ്ങളെ പ്രതിനിധീകരിച്ച്‌ ആരുവേണമെന്ന്‌ കർഷകസംഘടനകളോട്‌ ആരായാൻ കോടതി മെനക്കെട്ടില്ല.  സമിതിറിപ്പോർട്ട്‌ ഏതുവിധമായിരിക്കുമെന്ന്‌ വ്യക്തമാണ്‌. റിപ്പോർട്ട്‌ കോടതി അംഗീകരിക്കുകയും സ്‌റ്റേ അവസാനിക്കുകയും ചെയ്യും.

സമരം അവസാനിപ്പിക്കാൻ ഉത്തരവ്‌ ധാരാളമെന്ന്‌ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ കോടതി നടത്തുന്നത്‌. സമരത്തിൽ ഖലിസ്ഥാനികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന അസാധാരണമായ നിഗമനം വാദത്തിനിടെ എജി നടത്തി. ഇത്‌ വിശദീകരിച്ച്‌ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സമരത്തിൽ ദേശവിരുദ്ധര്‍ സജീവമാണെന്ന നിലപാടിലൂടെ സമരത്തെ അടിച്ചമർത്താന്‍ സർക്കാരിന്‌ ആയുധം നല്‍കുന്നതാണ്‌ കോടതിസമീപനം. സമിതിയെ നിരാകരിച്ച്, പ്രക്ഷോഭം തുടരാനുമുള്ള തീരുമാനമാണ്‌ കർഷകസംഘടനകൾ എടുക്കേണ്ടത്. സമരത്തിന്‌ കൂടുതൽ കരുത്തുപകരേണ്ട ഘട്ടമാണിതെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.

No comments:

Post a Comment