Thursday, January 14, 2021

കർഷകസമരവും സുപ്രീംകോടതി സ്‌റ്റേയും

കർഷകരുടെ ഡൽഹി ചലോ സമരം തുടങ്ങി  അമ്പതു ദിവസത്തോട്‌ അടുത്തിട്ടും കേന്ദ്ര സർക്കാരിന്‌ കർഷക സംഘടനകളുമായി ഫലപ്രദമായി സംവദിക്കാൻ കഴിയാത്തതിലാണ്‌ സുപ്രീംകോടതി പുതിയ കാർഷികനിയമം നടപ്പാക്കുന്നതിൽനിന്നും ‘തൽക്കാലത്തേക്ക്‌’ കേന്ദ്ര സർക്കാരിനെ വിലക്കിയത്‌. എട്ടു തവണ ഔദ്യോഗിക ചർച്ച നടത്തിയെങ്കിലും കർഷകർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽനിന്നും പിന്നോട്ടുപോകാൻ കർഷകസംഘടനകൾ തയ്യാറായില്ല. കർഷകരുടെ  രണ്ട്‌ പ്രധാന ആവശ്യം ഇവയായിരുന്നു. ഒന്ന്, 2020 സെപ്‌തംബർ 27ന്‌ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ജനവിരുദ്ധങ്ങളായ മൂന്നു കാർഷികനിയമവും പിൻവലിക്കണം. രണ്ട്‌, കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപനവും സംഭരണവും പാർലമെന്റിൽ കൊണ്ടുവന്ന്‌ നിയമമാക്കുക.

കർഷകരെ തൽക്കാലത്തേക്ക്‌ ‌ ആശ്വസിപ്പിക്കുന്നതിനുവേണ്ടി പുതിയ കാർഷികനയങ്ങൾ നടപ്പാക്കുന്നത്‌ വിദഗ്‌ധസമിതി റിപ്പോർട്ട്‌ വരുന്നതുവരെ നടപ്പാക്കരുതെന്ന്‌ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടെങ്കിലും കാർഷിക  ഉൽപ്പന്നങ്ങളുടെ താങ്ങുവിലയെ സംബന്ധിച്ച്‌ മൗനംപാലിച്ചു. അതിനുപുറമേ കാർഷികമേഖലയുടെ  കമ്പോളവൽക്കരണത്തെ അനുകൂലിക്കുകയും താങ്ങുവിലയെ എതിർക്കുകയും ചെയ്യുന്ന വിദഗ്‌ധരുടെ ഒരു കമ്മിറ്റിയെയും നിശ്ചയിച്ചു. പ്രസ്‌തുത സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കാർഷികനിയമങ്ങൾ നടപ്പാക്കണമോ വേണ്ടയോ എന്ന്‌ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്‌.

വിദഗ്‌ധസമിതിയിലെ അംഗങ്ങൾ അശോക്‌ ഗുലാത്തി (സാമ്പത്തികനയ വിദഗ്‌ധൻ), പി കെ ജോഷി (കാർഷികനയ വിദഗ്‌ധൻ), ഭൂപീന്ദർ സിങ്മാൻ  (ഭാരതീയ കിസാൻ യൂണിയൻ), അനിൽ ധാൻവത്‌ (സന്നദ്ധസംഘടനാ പ്രവർത്തകൻ) എന്നിവരാണ്‌. ഇവർ നാലു പേരും കാർഷിക മേഖലയിൽ ഉദാരവൽക്കരണം നടപ്പാക്കണമെന്ന്‌ വാശിയുള്ളവരാണെന്ന്‌ മാത്രമല്ല ഇതിനകംതന്നെ കർഷക സമരത്തിനെതിരെ ഗുലാത്തിയും ജോഷിയും നിരവധി ലേഖനം എഴുതുകയും ചെയ്‌തിട്ടുണ്ട്‌. 2015ൽ മോഡി സർക്കാർ പത്‌മഭൂഷൺ നൽകിയ ഗുലാത്തി പ്രധാനമന്ത്രിയുടെ ഉപദേശകസമിതി അഗവുമാണ്‌. എന്നാൽ, കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത്‌ വിലനിർണയ കമീഷൻ അംഗവുമായിരുന്നു. കാർഷികമേഖലയുടെ വികസനത്തിന്‌ താങ്ങുവില എടുത്തുകളയണമെന്ന്‌ വാദിക്കുന്ന ജോഷി കരാർകൃഷി സമ്പ്രദായത്തിന്‌ അനുകൂലമായി മാത്രം ഗവേഷണം നടത്തുന്നയാളാണ്‌. ഇന്റർനാഷനൽ ഫുഡ്‌ പോളിസി റിസർച്ചിന്റെ മുൻ ഡയറക്ടറുമാണ്‌. ഇവരെപ്പോലുള്ളവരാണ്‌ വിദഗ്‌ധസമിതി അംഗങ്ങളെങ്കിൽ റിപ്പോർട്ടിന്റെ കാര്യം എന്താകുമെന്ന്‌ ഈഹിക്കാവുന്നതേയുള്ളൂ. അതിനാലാണ്‌ കർഷകർ സഹകരിക്കില്ലെന്ന്‌ മുൻകൂട്ടി പറഞ്ഞത്‌.

കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു നിയമത്തിന്റെയും ലക്ഷ്യം കാർഷികമേഖലയിൽനിന്നും സർക്കാർ ഇടപെടൽ പൂർണമായി ഒഴിവാക്കി കമ്പോളാധിഷ്‌ഠിത വിപണി കൊണ്ടുവരിക എന്നതാണ്‌. ഇതിന്‌ തടസ്സമായി നിൽക്കുന്നത്‌ 86 ശതമാനം വരുന്ന കർഷകരും ചെറുകിട കർഷകരുമാണ്‌. ഇവരെ ഒഴിവാക്കാൻ വേണ്ടിയാണ്‌ ഒന്നാമത്തെ നിയമമായ ‘കാർഷിക ഉൽപ്പന്നങ്ങളുടെ കച്ചവടം വർധിപ്പിക്കുകയും അതിനുള്ള സൗകര്യമൊരുക്കലും’ കൊണ്ടുവന്നത്‌. കൃഷി സംസ്ഥാന വിഷയങ്ങളായതിനാലാണ്‌ സംസ്ഥാന സർക്കാരുകളും പ്രാദേശിക ഗവൺമെന്റുകളും നിയന്ത്രിക്കുന്നത്‌. ഇപ്പോഴത്തെ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൃഷിയും അനുബന്ധപ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിന്റെ നേരിട്ടുളള നിയന്ത്രണത്തിലാകും. അതിനാണ്‌ കച്ചവടവും വിനിമയവുമെന്ന രണ്ടു വാക്കുകൂടി ഉൾപ്പടുത്തിയത്‌. കച്ചവടവും വിനിമയവും കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണ്‌. പുതിയ കാർഷിക നിയമത്തിലൂടെ കാർഷിക കമ്പോളങ്ങൾ ഇല്ലാതാക്കുകയും അതുവഴി താങ്ങുവിലയും സംഭരണവും ഇല്ലാതാക്കാനുമാണ്‌ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്‌.

ഇത്തരത്തിലുള്ള നയം മുന്നോട്ടു വയ്‌ക്കുന്നതിൽ പ്രധാനിയാണ്‌ വിദഗ്‌ധസമിതി അംഗമായ അശോക്‌ ഗുലാത്തി.

പതിമൂന്നു കോടിയോളം വരുന്ന ചെറുകിട കർഷകർ കൃഷി ഒരുതരത്തിലും ലാഭകരമല്ലാതായി കൂലിപ്പണി ചെയ്യുന്നതിന്‌ തയ്യാറാകും. ഇവിടെയാണ്‌ പുതിയ കാർഷിക നിയമത്തിലെ രണ്ടാമത്തെ ഇനമായ ‘കാർഷികോൽപ്പന്നങ്ങളുടെ വില ഉറപ്പാക്കലും കർഷകരുടെ സേവനങ്ങൾ നൽകലും’  നിയമം പ്രസക്തമാകുന്നത്‌.  കരാർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്‌ ഈ നിയമം. കൃഷി ഉപേക്ഷിച്ച കർഷകരിൽനിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ വൻകിട കോർപറേറ്റുകൾ കൃഷിചെയ്യുന്നു. കർഷകർ കൂലിവേലക്കാരായി മാറിക്കൊണ്ട്‌ വ്യവസായികൾക്കുവേണ്ടി അവർ പറയുന്ന കൂലിക്ക്‌ ജോലി ചെയ്യണം. അതാണ്‌ രണ്ടാമത്തെ നിയമത്തിൽ കർഷകരുടെ സംരക്ഷണവും സേവനവുമെന്ന വാക്കുകൾകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കൃഷിക്കാർ സ്വന്തം ഭൂമിയിൽ ജോലിചെയ്യുമ്പോൾ അവരുടെ ഭക്ഷണ ആവശ്യത്തിനുള്ള വിളകളും കൃഷിചെയ്യുന്നു. അതാണ്‌ വൈവിധ്യത്തിനുള്ള പ്രാധന കാരണം. എന്നാൽ, കോർപറേറ്റുകൾ ആവശ്യപ്പെടുന്നത്‌ ഒരേ നീളവും വലുപ്പവും സ്വാദുമുള്ള വെള്ളരിക്കയും അരിയുമൊക്കെ കൃഷിചെയ്യണമെന്നാണ്‌. വിപണിയെ ലക്ഷ്യമിട്ടുള്ള ഉൽപ്പാദനത്തിൽ വൈവിധ്യങ്ങൾക്ക്‌ സ്ഥാനമില്ല. ഉൽപ്പന്നമെല്ലാം ഒരുപോലെ ആയിരിക്കണം.

വൻ വ്യവസായികൾ ഉൽപ്പാദിപ്പിച്ച കാർഷിക സാധനങ്ങൾ അവർക്ക്‌ ഇഷ്ടമുള്ള വിലയ്‌ക്കുവിൽക്കണമെങ്കിൽ കാർഷികവിളകളുടെ വില നിയന്ത്രണത്തിൽ സർക്കാർ ഇടപെടാൻ പാടില്ല. അതിനുവേണ്ടിയാണ്‌ കാർഷികനിയമത്തിലെ മൂന്നാമത്തെ ഇനമായ അവശ്യസാധന നിയമഭേദഗതി കൊണ്ടുവന്നത്‌. സവാള, തക്കാളി എന്നിവയുടെ വിലയിൽ നൂറു ശതമാനം വർധനയുണ്ടായാൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂ. അതായത്‌ കിലോക്ക്‌ 99 രൂപവരെ വിൽക്കുന്നതിന്‌ ഒരു തടസ്സവുമില്ല. കരാർ കൃഷിയുടെ അനുബന്ധ നിയമമാണിത്‌. അതിനുവേണ്ടി വാദിക്കുന്ന വിദഗ്‌ധനാണ്‌ സമിതി അംഗമായ പി കെ ജോഷി.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിലനിർണയസമിതിയെ കേന്ദ്ര സർക്കാരിന്‌ എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാം. വിലനിർണയ കമീഷൻ പാർലമെന്റ്‌ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിച്ചതല്ല എന്നതാണ്‌ കാരണം. 1960കളിൽ  ഇന്ത്യയിൽ കൊടിയ പട്ടിണി നിലനിന്നപ്പോൾ അമേരിക്ക ഇന്ത്യക്ക്‌ ഭക്ഷ്യധാന്യം നൽകാമെന്നു പറഞ്ഞപ്പോൾ അതിലെ ചതി മനസ്സിലാക്കി ഭക്ഷ്യക്ഷാമം നേരിടാൻ സൃഷ്ടിച്ച സ്ഥാപനങ്ങളാണ്‌ വിലനിർണയ കമീഷനും ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയും. 1966–-67ൽ ഗോതമ്പിന്‌ മാത്രമായിരുന്നു താങ്ങുവില ഉണ്ടായിരുന്നത്‌. ക്രമേണ അത്‌ വർധിപ്പിച്ചാണ്‌ ഇന്ന്‌ 23 ഇനത്തിന്‌ താങ്ങുവില പ്രഖ്യാപിച്ചത്‌. മഴയെ ആശ്രയിച്ച്‌ കൃഷി നടത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ മഴയുടെ വ്യത്യാസമനുസരിച്ച്‌ കാർഷികോൽപ്പാദനത്തിലും ഇടിവുവരാം. വിളവെടുപ്പ്‌ കഴിഞ്ഞാൽ കർഷകർ അവരുടെ ഉൽപ്പന്നമെല്ലാം വിപണിയിൽ ഒരുമിച്ചുകൊണ്ടുവന്നാൽ വിലയിടിവിനു കാരണമാകും. കർഷകന്‌ വീണ്ടും കൃഷിയിറക്കാനുള്ള ശേഷി നഷ്ടമാകും. ഇത്‌ മുന്നിൽക്കണ്ടാണ്‌ താങ്ങുവില പ്രഖ്യാപിച്ചത്‌. കമ്പോളവില താങ്ങുവിലയേക്കാൾ താഴുകയാണെങ്കിൽ താങ്ങുവില നൽകി സർക്കാർ സംഭരിക്കണം.

ഇന്ത്യയിൽ കൃഷിയുടെ ഭൂവിസ്‌തൃതിയും ഉൽപ്പാദനവും വർധിക്കുന്നതിൽ താങ്ങുവിലയ്‌ക്ക്‌ വലിയ സ്വാധീനമുണ്ടെന്നാണ്‌ ഇതുവരെയുള്ള പഠനമെല്ലാം വ്യക്തമാക്കിയിട്ടുള്ളത്‌. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച്‌ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ വർധനയുണ്ടാകാത്തതിനാലാണ്‌ 1991ൽ ഇന്ത്യയിൽ ഓരോ വ്യക്തിക്കും ദിവസം 510 ഗ്രാം ഭക്ഷ്യധാന്യം ലഭ്യമായിരുന്നത്‌ 2019 ആയപ്പോൾ 490 ഗ്രാമായി കുറഞ്ഞത്‌. നെല്ലിന്റെയും ഗോതമ്പിന്റെയും ഉൽപ്പാദനകേന്ദ്രങ്ങളിൽനിന്ന്‌ സർക്കാർ സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങളും പയർവർഗങ്ങളുമാണ്‌ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നത്‌. സംഭരണവും താങ്ങുവിലയും ഇല്ലാതാകുന്നതോടെ നമ്മുടെ പൊതുവിതരണകേന്ദ്രങ്ങളും ഇല്ലാതാകും.

അതുകൊണ്ടാണ്‌ ഡൽഹിയിലെ കർഷകസമരം ഇന്ത്യൻ ജനതയുടെ സമരമെന്നു പറയാൻ കാരണം. കർഷകസമരം വിജയിക്കേണ്ടത്‌ കർഷകരുടെ മാത്രം ആവശ്യമല്ല; താങ്ങുവിലയും സംഭരണവും എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും നടപ്പാക്കുന്നതുവരെയും അത്‌ പാർലമെന്റിൽ നിയമമാക്കുന്നതുവരെയും  കർഷകസമരം തുടരുകതന്നെ ചെയ്യും.

പ്രൊഫ. എസ്‌ മോഹനകുമാർ

(ജയ്‌പുരിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്റ്റഡീസ്‌ ഡയറക്ടറാണ്‌ ലേഖകൻ)


No comments:

Post a Comment