Friday, January 8, 2021

തൊഴിൽ മന്ത്രാലയത്തെ വ്യവസായ വകുപ്പിൽ ലയിപ്പിക്കണം ; ആനന്ദബോസ്‌ കമീഷൻ നിർദേശം

കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ വാണിജ്യ മന്ത്രാലയത്തിന്‌ കീഴിലുള്ള വ്യവസായ വകുപ്പിൽ ലയിപ്പിക്കണമെന്ന്‌ അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം നിയോഗിച്ച ആനന്ദ ബോസ്‌ കമീഷൻ. എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹ്യസുരക്ഷ, തൊഴിൽ നഷ്ടമുണ്ടായാൽ അടിസ്ഥാന ജീവനവേതനം, തൊഴിലാളികൾക്കായി ദേശീയ രജിസ്‌ട്രേഷൻ എന്നീ നിർദേശങ്ങളും കമീഷൻ മുന്നോട്ടുവച്ചു‌.

അതിഥി–- കരാർ തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനുമായി കർമപദ്ധതി തയ്യാറാക്കാൻ തൊഴിൽമന്ത്രാലയത്തിന്‌ കീഴിലുള്ള കരാർ തൊഴിൽ ഉപദേശക ബോർഡാണ്‌ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ആനന്ദ ബോസിനെ 2020 മേയിൽ ഏകാംഗ കമീഷനായി നിയമിച്ചത്‌.

ട്രേഡ്‌യൂണിയൻ പ്രതിനിധികളടക്കം മൂവായിരത്തിലേറെ പേരുമായി കൂടിയാലോചന നടത്തിയാണ്‌ നിർദേശങ്ങൾ തയ്യാറാക്കിയതെന്ന് ആനന്ദ ബോസ്‌ പറഞ്ഞു. തൊഴിലാളികൾക്കായി ദേശീയ രജിസ്‌ട്രി എന്ന നിർദേശം ഇതിനോടകം നടപ്പായിട്ടുണ്ട്‌.

പ്രധാന നിർദേശങ്ങൾ:

●അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്‌ ലേബർ അതോറിറ്റി ഓഫ്‌ ഇന്ത്യയെ നോഡൽ ഏജൻസിയാക്കുക

●സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സാങ്കേതിക സംവിധാനം

●തൊഴിൽ രജിസ്‌ട്രേഷൻ സംവിധാനങ്ങളെ പഞ്ചായത്തുതലത്തിൽ വികേന്ദ്രീകരിക്കുക. പ്രത്യേക ഡിജിറ്റൽ തൊഴിൽ പോർട്ടൽ

●വിവരശേഖരണത്തിനായി പൊതു ഐടി സംവിധാനം

●തൊഴിലാളി എവിടെയാണ്‌ താമസം എന്നത്‌ കണക്കിലെടുക്കാതെ‌ കുടുംബത്തിലെ എല്ലാവർക്കും റേഷൻ ലഭ്യത ഉറപ്പാക്കൽ

●തൊഴിലാളികൾക്കായി പൊതുആരോഗ്യ സംവിധാനം മെച്ചപ്പെടുത്തൽ

●പങ്കാളിത്ത പെൻഷൻ പദ്ധതികളിൽ തൊഴിലാളികളെ ഉൾപ്പെടുത്താൻ സർക്കാരുകൾ മുൻകൈയെടുക്കൽ

●നഗരമേഖലകളിൽ കുറഞ്ഞ വരുമാനക്കാർക്കായി വീടുകൾ നിർമിക്കുന്നതിന്‌ സമഗ്രമായ നയരൂപീകരണം

●അതിഥിത്തൊഴിലാളികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിൽ ഹോസ്‌റ്റൽ സൗകര്യമൊരുക്കൽ

●അതിഥിത്തൊഴിലാളികളെ സഹായിക്കുന്നതിന്‌ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ

●അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക ഹെൽപ്പ്‌ലൈൻ

●പോസ്‌റ്റൽ ബാലറ്റിലൂടെയോ സമാനമായ മറ്റ്‌ സംവിധാനങ്ങളിലൂടെയോ വോട്ടവകാശം ഉറപ്പാക്കൽ. പ്രവാസി ഇന്ത്യക്കാർക്കായി ദേശീയതലത്തിൽ പ്രത്യേക പാർലമെന്റ്‌ മണ്ഡലങ്ങൾ. എംബസികളിൽ ഇവോട്ടിങ്‌ സംവിധാനം

●ബാലവേല നിർബന്ധമായും നിർത്തലാക്കൽ

● പ്രവാസികൾക്കായി പ്രത്യേക രജിസ്‌ട്രേഷൻ. പുതിയ സംരംഭങ്ങളിൽ പ്രവാസി നിക്ഷേപത്തിനായി പ്രത്യേക പദ്ധതി. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സാമ്പത്തികമേഖലകൾ

● പ്രവാസി ക്ഷേമത്തിനായി ദേശീയതലത്തിൽ ബോർഡ്‌. പ്രവാസികൾക്കായി ആഗോള ഗ്രാമങ്ങൾ.

●വിദേശ തൊഴിൽ ബ്യൂറോയ്‌ക്ക്‌ തുടക്കമിടുക. പ്രവാസികൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ്‌‌ പാക്കേജ്‌

No comments:

Post a Comment