Saturday, January 9, 2021

നാണക്കേടിന്റെ പങ്കുപറ്റി മോഡിയും - സംഘപരിവാർ അനുകൂലികൾ ട്രംപിന്റെ വിജയത്തിനായി പ്രാർഥനകളും ഹോമങ്ങളും നടത്തി

 ‘വീണ്ടും ട്രംപ്‌ സർക്കാർ’ എന്ന്‌ മുദ്രാവാക്യം ഉയർത്തുകയും ‘എന്റെയും ഇന്ത്യയുടെയും സുഹൃത്ത്‌’ എന്ന്‌ ട്രംപിനെ വിശേഷിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്ക നേരിടുന്ന നാണക്കേടിന്‌ ഭാഗിക ഉത്തരവാദി‌.

ഉദാരവൽക്കരണനയങ്ങൾ രണ്ട്‌ രാജ്യത്തും സാമൂഹ്യ–-സാമ്പത്തിക മേഖലകളിൽ സൃഷ്ടിച്ച കുഴപ്പങ്ങൾ മുതലെടുത്താണ്‌ മോഡി ഇന്ത്യയിലും ട്രംപ്‌ അമേരിക്കയിലും അധികാരത്തിൽ വന്നത്‌. ബിജെപി മതവർഗീയതയും ട്രംപും‌ റിപ്പബ്ലിക്കന്മാരും, വംശീയതയും ഇളക്കിവിട്ടു. ഭിന്നിപ്പ്‌ സൃഷ്ടിച്ചും വിദ്വേഷത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുമാണ്‌ ഇരുവരും ഭരിച്ചത്‌. ജനാധിപത്യം, സഹിഷ്‌ണുത, സംവാദം എന്നിവയോട്‌  പുച്ഛമാണെന്ന്‌ ബിജെപിയും റിപ്പബ്ലിക്കന്മാരും പലതവണ തെളിയിച്ചു. ജനവിധിയിൽ തോൽക്കുന്ന സംസ്ഥാനങ്ങളിൽ പണമൊഴുക്കി അധികാരം പിടിക്കുന്ന ബിജെപി ശൈലി ട്രംപിസത്തിന്റെ തനിപ്പകർപ്പ്‌. ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള നിയമനിർമാണങ്ങൾ നടപ്പാക്കാനും കോർപറേറ്റുകൾക്ക്‌ ശിങ്കിടിപ്പണി ചെയ്യാനും മോഡിസർക്കാരും ട്രംപ്‌ സർക്കാരും മത്സരിച്ചു.

വർഗീയതയുടെ തേരോട്ടത്തിൽ വീണ്ടും അധികാരം പിടിക്കാൻ മോഡിക്ക്‌ കഴിഞ്ഞു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തീവ്രവംശീയതയിൽ കേന്ദ്രീകരിച്ചാണ്‌ റിപ്പബ്ലിക്കന്മാർ പ്രചാരണം നടത്തിയത്‌. കമല ഹാരിസിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം വംശീയത ആളിക്കത്തിക്കാനുള്ള സുവർണാവസരമാക്കി. ട്രംപും റിപ്പബ്ലിക്കന്മാരും ജനാധിപത്യത്തെ കുഴിച്ചുമൂടുമെന്ന്‌ മനസ്സിലാക്കാനുള്ള വിവേകം അമേരിക്കയിലെ ഭൂരിപക്ഷം വോട്ടർമാരും പ്രകടിപ്പിച്ചു.

ഇന്ത്യയിലാകട്ടെ, സംഘപരിവാർ അനുകൂലികൾ ട്രംപിന്റെ വിജയത്തിനായി പ്രാർഥനകളും ഹോമങ്ങളും നടത്തി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ട്രംപ്‌ സർക്കാരുമായി  ഇന്ത്യ നിർണായക പ്രതിരോധകരാറുകൾ ഒപ്പിട്ടു. വീണ്ടും ട്രംപ്‌ വരുമെന്ന്‌ ഉറപ്പിച്ച നിലയിലായിരുന്നു മോഡിയും കൂട്ടരും. അധികാരം നഷ്ടപ്പെട്ടാൽ സ്വേച്ഛാധിപതികൾ എന്തും ചെയ്യുമെന്നും ട്രംപിസം കാട്ടിത്തരുന്നു. ‌ ട്രംപ് അനുകൂലികളുടെ പെരുമാറ്റവും ഇന്ത്യക്കും‌ ‌ ഗുണപാഠം.

യുഎസ്‌ കോൺഗ്രസ് അം​ഗങ്ങള്‍ പറയുന്നു ട്രംപിനെ പുറത്താക്കണം; സ്വയം മാപ്പ്‌ നൽകി രക്ഷപ്പെടാൻ ട്രംപ്‌

വാഷിങ്‌ടൺ: സ്ഥാനമൊഴിയാൻ രണ്ടാഴ്‌ചമാത്രം ശേഷിക്കെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ പുറത്താക്കണമെന്ന്‌ യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾ. ക്യാപിറ്റോൾ ആക്രമണത്തിന്‌ പിന്നാലെ സ്വന്തം പാർടി പ്രതിനിധികൾപോലും ട്രംപിനെതിരെ തിരിഞ്ഞു.  ട്രംപിനെ നീക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിന്‌ റിപ്പബ്ലിക്കന്മാരും പിന്തുണ നൽകി. ട്രംപിനെ നീക്കിയില്ലെങ്കിൽ രണ്ടാം ഇംപീച്ച്‌മെന്റിലേക്ക്‌ നീങ്ങുമെന്ന്‌ പ്രതിനിധിസഭ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. ക്യാപിറ്റോൾ ആക്രമിച്ച്‌ കലാപം സൃഷ്ടിക്കാനുള്ള ട്രംപ്‌ അനുകൂലികളുടെ ശ്രമത്തെ തള്ളിപ്പറയാൻപോലും തയ്യാറാകാതിരുന്നതാണ്‌ ട്രംപ് സംഘത്തിലെ  ഉദ്യോഗസ്ഥരെപ്പോലും ചൊടിപ്പിച്ചു‌. ചില മുതിർന്ന ഉദ്യോഗസ്ഥർ പ്രസിഡന്റിനെ പുറത്താക്കാനുള്ള അധികാരം നൽകുന്ന യുഎസ്‌ ഭരണഘടനയുടെ 25–-ാം ഭേദഗതിയുടെ നാലാം വിഭാഗം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചർച്ച നടത്തി.

ട്രംപിനെ നീക്കി നിലവിലെ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസിനെ അധികാരം ഏൽപ്പിക്കുന്ന നടപടിയെക്കുറിച്ച് വൈറ്റ്‌ ഹൗസിൽ‌ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്‌. പല വകുപ്പുകളിലൂടെയും ട്രംപിനെ നീക്കാനുള്ള ചർച്ചകൾ നടന്നു. പരസ്യമായും ക്യാബിനറ്റ്‌ അംഗങ്ങൾ പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും പലരും ഈ നീക്കത്തിന്‌ അനുകൂലമാണ്‌. വരും ദിവസങ്ങളിൽ ട്രംപ്‌ കൂടുതൽ വിനാശകരമായ നടപടികളിലേക്ക്‌ നീങ്ങുമെന്ന ഭയവും ഇവരിലുണ്ട്‌.

ട്രംപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസിന്റെയടക്കം ക്യാബിനറ്റിലെ മറ്റു അംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന്‌ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു.  ഇനി ട്രംപിനെ ഒരു തീരുമാനവും എടുക്കാൻ അനുവദിക്കരുതെന്നും ക്യാബിനറ്റ്‌ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ്‌ ഇടപെടുമെന്നും പെലോസി പറഞ്ഞു.

ട്രംപിനെ നീക്കം ചെയ്യണമെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചങ്ക്‌ ഷുമറും ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കെതിരായ ഒരു കലാപത്തിനാണ്‌ പ്രസിഡന്റ് ‌പ്രേരിപ്പിച്ചത്. ഇനി ഒരു ദിവസംപോലും ട്രംപ്‌ പദവി വഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് സഭയ്ക്ക് വേഗത്തിൽ വോട്ട് ചെയ്യാമെങ്കിലും, അടുത്ത 13 ദിവസത്തിനുള്ളിൽ കോൺഗ്രസിന് പ്രസിഡന്റിനെ നീക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണ്‌. റിപ്പബ്ലിക്കന്മാർക്കാണ്‌‌ നിലവിൽ സെനറ്റിൽ ഭൂരിപക്ഷം. എന്നാൽ, റിപ്പബ്ലിക്കൻ പ്രതിനിധിയായ ആദം കിൻ‌സിംഗർ അടക്കമുള്ളവർ ട്രംപിനെ നീക്കണമെന്ന്‌ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. 2019ൽ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ്‌ സെനറ്റ്‌ വോട്ടിനിട്ട്‌ തള്ളുകയായിരുന്നു.

സ്വയം മാപ്പ്‌ നൽകി രക്ഷപ്പെടാൻ ട്രംപ്‌

രാജ്യത്തിനെതിരെ കലാപത്തിന്‌ ആഹ്വാനം നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്നതിനിടെ അധികാരം ദുരുപയോഗം ചെയ്യാനൊരുങ്ങി ഡോണൾഡ്‌ ട്രംപ്‌. നിലവിലെ പ്രശ്‌നങ്ങളിൽ നടപടി നേരിടാതിരിക്കാൻ പ്രസിഡന്റ്‌ മാപ്പ്‌ നൽകുന്നവരുടെ കൂട്ടത്തിൽ സ്വയം മാപ്പ്‌ നൽകാനാണ്‌ ട്രംപിന്റെ നീക്കം. ഇതിനെക്കുറിച്ച്‌ വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും നിയമവിദഗ്ധരോടും ചര്‍ച്ച നടത്തി.

അധികാരം കൈമാറുന്നതിന്റെ തലേദിവസമായ ജനുവരി 19ന്‌ മാപ്പ്‌ പ്രഖ്യാപിക്കും. ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, മുതിർന്ന ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ, പേഴ്‌സണൽ ചീഫ് ജോൺ മക്ഇൻടി, സോഷ്യൽ മീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ എന്നിവരടക്കം നിരവധി പേർക്ക്‌ മാപ്പ്‌ നൽകും. ട്രംപിന്റ മകൾ ഇവാക, മരുമകൻ ജരേഡ്‌ കൂഷ്‌നർ എന്നിവരും പരിഗണനയിലുണ്ട്‌. ട്രംപിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുകൾ, സഹായികൾ എന്നിവർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചേക്കും.

അധികാരത്തിലേറിയതു‌മുതൽ സ്വയം മാപ്പുനല്‍കാനുളള അധികാരത്തെക്കുറിച്ച് ട്രംപ് ചർച്ച നടത്തിയിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്നും ട്രംപ് ട്വീറ്റും ചെയ്തിരുന്നു. അതേസമയം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരം തന്റെ വേണ്ടപ്പെട്ടവര്‍ക്കായി ആവശ്യാനുസരണം ഉപയോഗിച്ചിരുന്നു. പൊതുമാപ്പ് ലഭിച്ചവർക്കു‌മുമ്പ്‌ ചെയ്‌ത ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയിൽനിന്ന്‌ രക്ഷപ്പെടാനാകും.

പരിഹസിച്ച്‌ ചൈനീസ് മാധ്യമം; ‘മനോഹര കാഴ്‌ച’

ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയെ പരിഹസിച്ച്‌ ചൈനീസ് മാധ്യമം. 2019ൽ ഹോങ്കോങ്ങിൽ ഉണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയാണ്‌ ഗ്ലോബൽ ടൈംസ് പരിഹസിച്ചത്‌.

2019 ജൂലൈയിൽ ഹോങ്കോങ്ങിലെ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ പ്രതിഷേധക്കാർ ആക്രമിച്ചതും ക്യാപിറ്റോളിലെ പ്രതിനിധി സഭയിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ച് കയറിയ ചിത്രങ്ങളും വച്ചായിരുന്നു പ്രതികരണം.

‘ഒരിക്കൽ നാൻസി പെലോസി ഹോങ്കോങ് പ്രക്ഷോഭത്തെ കാണാൻ മനോഹരമായ കാഴ്ചയെന്നാണ്‌ വിശേഷിപ്പിച്ചത്. ക്യാപിറ്റോളിലെ സംഭവത്തിൽ അവർക്ക് ഇതേ അഭിപ്രായം തന്നെയാണോയെന്ന്‌ യുഎസ് സ്‌പീക്കർ നാൻസി പെലോസിയെ പരാമർശിച്ച് ഗ്ലോബൽ ടൈംസ് ചോദിച്ചു.

ട്രംപ്‌ സംഘത്തിൽ കൂട്ടരാജി

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച്‌  ട്രംപിന്റെ സംഘത്തിലെ നിരവധി പേർ രാജിവച്ചു.  ക്യാബിനറ്റ് അംഗമായ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവച്ചത്‌.ട്രംപ് അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നീക്കം നാല് പേർ കൊല്ലപ്പെടാൻ ഇടയാക്കി.  ഭരണനേട്ടങ്ങൾ ആഘോഷിക്കേണ്ട വേളയിൽ അക്രമകാരികൾ സൃഷ്ടിച്ച പ്രശ്‌നത്തിന് മറുപടി പറയേണ്ടിവരികയാണ് ചെയ്തതെന്നും ബെറ്റ്‌സി പറഞ്ഞു.ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഇലനി കാവോ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ മാത്യൂ പോട്ടിംഗർ, മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്റ്റെഫാനി ഗ്രിഷാം എന്നിവരും രാജി നൽകി‌.

ക്യാപിറ്റോൾ പൊലീസ്‌ തലവൻ രാജിവച്ചു

ആക്രമണ സംഭവങ്ങൾക്കു പിന്നാലെ ക്യാപിറ്റോൾ പൊലീസ്‌ മേധാവി സ്റ്റീഫൻ സൻഡ് രാജിവച്ചു. ‌ 16ന്‌ സ്ഥാനമൊഴിയും. ‌ സ്‌പീക്കർ നാൻസി പെലോസി രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ്‌ പടിയിറക്കം. ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ കോൺഗ്രസ്‌ ചേരുന്നതു തടഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമത്തെ നേരിടാൻ ആവശ്യമായ മുൻകരുതൽ ക്യാപിറ്റോൾ പൊലീസ്‌ സ്വീകരിച്ചിരുന്നില്ലെന്ന്‌ വലിയ വിമർശം ഉയർന്നു. ആക്രമണം ഉണ്ടാക്കുമെന്ന്‌ വിവരം ലഭിച്ചിട്ടും പൊലീസ്‌ അലംഭാവം കാണിച്ചു. കറുത്ത വർഗക്കാരുടെ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന പൊലീസ്‌ ട്രംപിന്‌ അനുകൂലമായി നിലകൊണ്ടുവെന്നും വിമർശമുണ്ട്‌.

യു‌എസ് ക്യാപിറ്റോളിനെതിരായ ആക്രമണം വാഷിങ്‌ടൺ ഡി‌സിയിലെ തന്റെ 30 വർഷത്തെ പൊലീസ്‌ ജോലിക്കിടയിൽ താൻ അനുഭവിച്ചതിൽനിന്ന്‌ വ്യത്യസ്തമായിരുന്നുവെന്ന്‌ സ്റ്റീഫൻ പറഞ്ഞു. ഉദ്യോഗസ്ഥർ കലാപകാരികളെ നേരിട്ട രീതി വീരോചിതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ബനാന റിപ്പബ്ലിക്’ ആയി: മൈക്ക് പോംപിയോ

ട്രംപിനെതിരെ കടുത്ത നിലപാടുമായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്പോംപിയോ. ക്യാപിറ്റോൾ ആക്രമണത്തിന്റെ പേരിൽ ലോകത്തിന്‌ മുന്നിൽ അമേരിക്ക നാണംകെട്ടതിനു പിന്നാലെയാണ്‌ പോംപിയോയുടെ പ്രതികരണം. ക്യാപിറ്റോൾ ആക്രമണം അമേരിക്കയെ ഒരു ബനാന റിപ്പബ്ലിക് ആക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട അക്രമം അധികാരത്തിന്റെ വിനിയോഗം നിർണയിക്കുന്ന ഇടമാണ്‌ ബനാന റിപ്പബ്ലിക്‌. അമേരിക്കയിൽ നിയമപാലകർ ജനക്കൂട്ടത്തിന്റെ അക്രമം തടയുന്നു. അതിലൂടെ ജനങ്ങളുടെ പ്രതിനിധികൾക്ക് നിയമവാഴ്ചയ്ക്കും ഭരണഘടനയ്‌ക്കും സർക്കാരിനും അനുസൃതമായി അധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് ട്രംപിന്റെ കടുത്ത വിശ്വസ്‌തനായിരുന്ന‌ പോംപിയോ ട്വീറ്റ്‌ ചെയ്‌തു.

‘ഈ ദിവസം ഒരു ഓര്‍മപ്പെടുത്തലാണ്’ : ജോ ബൈഡന്‍

ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനെതിരെ രൂക്ഷവിമര്‍ശവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ‘ഈ ദിവസം ഒരു ഓര്‍മപ്പെടുത്തലാണ്, ജനാധിപത്യം ദുര്‍ബലമായിരിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മപ്പെടുത്തല്‍. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസ്സുള്ള ജനങ്ങള്‍ വേണം. ഉറച്ചുനില്‍ക്കാന്‍ ധൈര്യമുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പ്പര്യത്തിനുമല്ലാതെ ജനങ്ങളുടെ നന്മയ്‌ക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണം അത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തു. 

സമാനതകളില്ലാത്ത കൈയേറ്റമാണ് അമേരിക്കന്‍ ജനാധിപത്യത്തിന് നേര്‍ക്കിപ്പോള്‍ നടക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു.

ജനാധിപത്യത്തിന്‌ എതിരായ ഭയാനക ആക്രമണം ; ട്രംപിനെ തള്ളി ലോകനേതാക്കള്‍

ഭരണം നഷ്ടപ്പെടുന്നത്‌ സഹിക്കാനാകാതെ അനുയായികളെ ഇറക്കി കലാപം സംഘടിപ്പിച്ച  ഡോണൾഡ്‌ ട്രംപിനെ തള്ളിപ്പറഞ്ഞ്‌ അമേരിക്കയുടെ സുഹൃദ്‌രാജ്യ തലവൻമാരടക്കമുള്ള ലോകനേതാക്കൾ. അമേരിക്കയിൽ നടന്നത്‌ ജനാധിപത്യത്തിന്‌ എതിരായ ഭയാനക ആക്രമണവുമാണെന്നും സമാധാനപരമായ അധികാരക്കൈമാറ്റം നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അക്രമത്തെ അപലപിച്ച  ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ ‘മാനക്കേടുണ്ടാക്കുന്ന സംഭവ’മാണിതെന്ന്‌ വിശേഷിപ്പിച്ചു. ലോകത്താകെ ജനാധിപത്യത്തിനായി നിലകൊള്ളുന്ന അമേരിക്ക അവിടെ സമാധാനപരവും ക്രമപ്രകാരവുമായ അധികാരകൈമാറ്റം ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന്‌ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന്‌ ബ്രിട്ടനിലെ പ്രതിപക്ഷനേതാവ്‌ കിയർ സ്‌റ്റാർമർ പ്രതികരിച്ചു. കാപിറ്റോളിൽ നടന്നത്‌ അങ്ങേയറ്റം ഭയാനകമാണെന്ന്‌ സ്‌കോട്ട്‌ലൻഡ്‌ മന്ത്രി നിക്കോള സ്‌റ്റർജിയോൺ പറഞ്ഞു. അമേരിക്കൻ ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്നും പുതിയ പ്രസിഡന്റ്‌ ജോ ബൈഡൻ അക്രമങ്ങൾ അതിജീവിക്കുമെന്നും സ്‌പാനിഷ്‌ പ്രധാനമന്ത്രി പെദ്‌റോ സാൻജസ്‌  പറഞ്ഞു.

ഉൽക്കണ്ഠയുണ്ടാക്കുന്ന ആക്രമണമാണ്‌ ജനാധിപത്യത്തിന്‌ എതിരെ നടന്നതെന്ന്‌ ഫ്രഞ്ച്‌ വിദേശമന്ത്രി യാങ്‌ യേവസ്‌ ലെ ഡ്രിയാൻ പറഞ്ഞു. ട്രംപും അനുയായികളും അമേരിക്കൻ ജനതയുടെ വിധിയെഴുത്ത്‌ ഉൾക്കൊള്ളണമെന്നും ജനാധിപത്യത്തിനെതിരായ അക്രമം നിർത്തണമെന്നും ജർമൻ വിദേശമന്ത്രി ഹീക്കോ മാസ്‌ തുറന്നടിച്ചു.

അധികാരക്കൈമാറ്റം സമാധാനപരമാകണമെന്ന്‌ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്‌ ചാൾസ്‌ മിഷേലും യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഉർസുല വോൺ ദെർ ലെയനും ആവശ്യപ്പെട്ടു.  തെരഞ്ഞെടുപ്പ്‌ ഫലത്തെ ബഹുമാനിക്കണമെന്ന്‌ അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബർഗ്‌ പറഞ്ഞു.

ജനാധിപത്യത്തിനെതിരായ അക്രമത്തിൽ അങ്ങേയറ്റം അസ്വസ്ഥത തോന്നുതായി ക്യാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കി. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുമേൽ ആൾക്കൂട്ടം ആക്രമിക്കപ്പെടരുതെന്ന്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജസിൻഡ ആൻഡേൺ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസൺ, തുർക്കി വിദേശമന്ത്രാലയം, വെനസ്വേലൻ വിദേശമന്ത്രാലയം, അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫർണാണ്ടസ്‌, ചിലി പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ പിനേര, ജപ്പാൻ കാബിനറ്റ്‌ സെക്രട്ടറി കറ്റ്‌സുനോബു കറ്റോ, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക്‌ ബൈനിമരാമ, സിംഗപ്പുർ മന്ത്രി ടിയോ ചീ ഹീൻ തുടങ്ങി നിരവധി നേതാക്കളും അക്രമത്തെ അപലപിച്ചു.

എല്ലാ മുൻ പ്രസിഡന്റുമാരും ട്രംപിനെതിരെ

അമേരിക്കയിൽ ജീവിച്ചിരിക്കുന്ന മുഴുവൻ മുൻ പ്രസിഡന്റുമാരും ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ അപലപിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയുടെ മുൻ പ്രസിഡന്റുമാരും ശക്തമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പിനുശേഷമുള്ള ചില രാഷ്ട്ര നേതാക്കളുടെ പെരുമാറ്റം ഭയപ്പെടുത്തുന്നതായി റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ജോർജ്‌ ഡബ്ല്യു ബുഷ്‌ പറഞ്ഞു.  അക്രമം രാഷ്ട്രത്തിനേറ്റ പ്രഹരമാണെന്ന്‌ മുൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൻ പ്രതികരിച്ചു. ദേശീയ ദുരന്തമാണ്‌ ഉണ്ടായതെന്ന്‌ 96 വയസ്സുള്ള മുൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ പറഞ്ഞു.

നിയമപരമായി നടന്ന തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ നിരന്തരം കള്ളംപറയുന്ന ട്രംപിനെയും റിപ്പബ്ലിക്കൻ നേതാക്കളെയും മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമ കുറ്റപ്പെടുത്തി.

ട്രംപിനെ നീക്കാൻ ചർച്ച

ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കാനുള്ള ‌ സാധ്യതകൾ  മന്ത്രിസഭാംഗങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ട്‌. യുഎസ്‌ ഭരണഘടനയുടെ 25–-ാം ഭേദഗതി പ്രയോഗിക്കുന്ന കാര്യമാണ്‌ ചർച്ച ചെയ്തത്‌. പ്രസിഡന്റ്‌  സ്ഥാനത്തിരിക്കുന്നയാൾ യോഗ്യനല്ലെന്ന്‌ വന്നാൽ വൈസ്‌ പ്രസിഡന്റിനും അംഗങ്ങൾക്കും  അയാളെ നീക്കം ചെയ്യാൻ  അധികാരം നൽകുന്ന ഭേദഗതിയാണിത്‌. വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസാണ്‌ ഇതിനായുള്ള വോട്ടെടുപ്പിൽ മന്ത്രിസഭയെ നയിക്കേണ്ടത്‌.  ട്രംപിനെ നീക്കണമെന്നാവശ്യപ്പെട്ട്‌ ഹൗസ്‌ ജുഡീഷ്യറി കമ്മിറ്റിയിലുള്ള ഡെമോക്രാറ്റുകൾ മൈക്ക്‌ പെൻസിന്‌ കത്ത്‌  നൽകി.

No comments:

Post a Comment