Tuesday, January 12, 2021

കാര്‍ഷിക നിയമങ്ങള്‍ക്ക് സ്‌റ്റേ; സമിതി രൂപീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി > കടുത്ത പ്രതിഷേധത്തിനിടയാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഭൂപീന്ദര്‍സിങ് മാന്‍, ഡോ.പ്രമോദ് ജോഷി, അനില്‍ ധാന്‍വത് എന്നിവരാണ് സമിതി അംഗങ്ങള്‍.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തങ്ങളുടെ അധികാരപരിധിയില്‍ നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രൂപീകരിക്കുന്ന സമിതി സംഘടനകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. പ്രശ്നം പരിഹരിക്കുന്നതിനാണ് നോക്കുന്നതെന്നും കോടതി പറഞ്ഞു.

അതേസമയം, സമിതിയെ വച്ചാല്‍ സഹകരിക്കില്ലെന്ന് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ എം എല്‍ ശര്‍മ കോടതിയെ അറിയിച്ചു. നിയമം പിന്‍വലിക്കാതെ മധ്യസ്ഥ സമിതി കൊണ്ട് കാര്യമില്ല. കര്‍ഷകരുടെ യഥാര്‍ഥപ്രശ്നങ്ങള്‍ ഇന്നലെ കോടതിക്കു മുന്നില്‍ വന്നിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും ശര്‍മ പറഞ്ഞു. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

No comments:

Post a Comment