Saturday, January 9, 2021

വണ്ടികുനിയുമോ എന്ന് ചോദിച്ച കുപ്രചാരകര്‍ക്ക് തലകുനിക്കാം; മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി > കൊച്ചിയുടെ വികസനത്തിന് നാഴികക്കല്ലാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. നഗരത്തിന്റെ കുരുക്കില്‍ നിന്നും രക്ഷനേടാനുള്ള ജനത്തിന്റെ സ്വപ്‌നമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യക്ഷമമായി സാക്ഷാത്കരിച്ചത്. എന്നാല്‍ ഈ മേല്‍പ്പാലങ്ങളുടെ നിര്‍മാണഘട്ടത്തില്‍ തന്നെ പദ്ധതി തുരങ്കം വെയ്ക്കാന്‍ പല സാമൂഹ്യവിരുദ്ധ ശക്തികളും ശ്രമിച്ചിരുന്നു.

വൈറ്റില മേല്‍പ്പാലത്തിലൂടെ കണ്ടെയ്‌നര്‍ ലേറികള്‍ കടന്നുപോയാല്‍ കൊച്ചി മെട്രോയുടെ ഗര്‍ഡറില്‍ തട്ടുമെന്നായിരുന്നു പ്രധാന കുപ്രചരണം. 'മലയാള മനോരമ' അടക്കമുള്ള ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളില്‍ ചില നിക്ഷിപ്തതാല്‍പര്യക്കാരും ഈ കുപ്രചരണം അഴിച്ചുവിട്ടു. പാലത്തില്‍കൂടി കടന്നുപോകുന്ന ലോറികള്‍ തലകുനിയ്‌ക്കേണ്ടി വരുമോ എന്നൊക്കെയായിരുന്നു പരിഹാസം. ഇതിനുള്ള മറുപടി അപ്പപ്പോള്‍ തന്നെ പൊതുമരാമത്ത് വകുപ്പ് നല്‍കിയിരുന്നു.

മേല്‍പ്പാലവും മെട്രോപ്പാലവുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിര്‍മാണം. ഇന്ത്യയില്‍ നിയമവിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരാമവധി ഉയരം 4.7 മീറ്ററാണ്. ഇതുപ്രകാരം ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാലത്തിലൂടെ കടന്നുപോകാം.

ഐലന്‍ഡ് ഭാഗത്തുനിന്നുവരുന്ന ഭീമന്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നുപോകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ മധ്യഭാഗത്തെ ഉയരം 5.50 മീറ്ററില്‍നിന്ന് 6.50 മീറ്ററായി ഉയര്‍ത്തണമെന്ന ബിപിസിഎല്‍ അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് പൊതുമരാമത്തുവകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനായി നിലവിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി. 30 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍കൂടി അധികമായി നിര്‍മിച്ചു.

ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ചിത്രവും കുപ്രചാരകര്‍ക്കുള്ള മറുപടി കൂടിയാണ്. വൈറ്റില പാലത്തിനും മെട്രോയ്ക്കും ഇടയിലൂടെ കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്നതാണ് ചിത്രം. നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിച്ചര്‍ക്ക് തക്കതായ മറുപടി നല്‍കുന്ന ഈ ചിത്രം വൈറലായി കഴിഞ്ഞു. വികസനത്തിന് തുരങ്കം വെയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇനി തലകുനിയ്ക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ പറയുന്നത്.

എല്‍ഡിഎഫിന്റെ ഇച്ഛാശക്തി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തിളക്കമാര്‍ന്ന ഉദാഹരങ്ങളിലൊന്നായാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം പൂര്‍ത്തിയായത്. തൃപ്പൂണിത്തുറയില്‍നിന്ന് പശ്ചിമകൊച്ചിയിലേക്കും  കൊച്ചിയില്‍നിന്ന് തെക്കോട്ടും തിരിച്ചുമുള്ള ഗതാഗതം ഇനി സുഗമമാകും. പദ്ധതി തയ്യാറാക്കുകയോ പണം അനുവദിക്കുകയോ ചെയ്യാതെ പദ്ധതി പ്രഖ്യാപനം മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മാണത്തിനൊരുങ്ങിയപ്പോള്‍ അത് തടസ്സപ്പെടുത്താനായിരുന്നു യുഡിഎഫ് ശ്രമം. തടസ്സവാദങ്ങളെയും ചുവപ്പുനാടയുടെ കുരുക്കുകളെയും നിലയ്ക്കുനിര്‍ത്തി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്ര പദ്ധതി കൊണ്ടുവരികയായിരുന്നു. പാലങ്ങള്‍ക്ക് തറക്കല്ലിടാനൊരുങ്ങിയപ്പോള്‍ ചിലര്‍ അതിനെതിരെ കോടതിയില്‍ പോയി. ഇതേത്തുടര്‍ന്ന് തറക്കല്ലിടല്‍ മാറ്റിവയ്‌ക്കേണ്ടിവന്നു. വൈറ്റില മേല്‍പ്പാലത്തില്‍ തറക്കല്ലിട്ട ദിനം യുഡിഎഫ് കുണ്ടന്നൂരില്‍ കരിദിനം ആചരിച്ചു. കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മാണം ഉപേക്ഷിച്ചതായി വ്യാജപ്രചാരണവും നടത്തി.

തടസ്സങ്ങളെല്ലാം നിയമപരമായി ഒഴിവാക്കി, 2017ല്‍ മന്ത്രി ജി സുധാകരന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് തറക്കല്ലിട്ടു. നിര്‍മാണം പുരോഗമിക്കുമ്പോള്‍ അണ്ടര്‍ പാസേജ് തുറന്നുകൊടുക്കണമെന്ന വിചിത്രവാദവുമായി കോണ്‍ഗ്രസ് അക്രമസമരം നടത്തി. പാലത്തിന് ബലക്ഷയം വരുത്തുകയായിരുന്നു ലക്ഷ്യം. സര്‍ക്കാരിന്റെ പിന്തുണയില്‍ കരാറെടുത്ത മേരി മാതാ കമ്പനി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി.

പരിശോധന പലവിധം

കിഫ്ബി ധനസഹായത്തോടെ നിര്‍മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഗുണനിലവാരം വിവിധ പരിശോധനകളിലൂടെയാണ് ഉറപ്പാക്കിയത്. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും പരിശോധനകള്‍ നടന്നു. നിര്‍മാണത്തിനുപയോ?ഗിച്ച ഓരോ അസംസ്‌കൃത വസ്തുവിന്റെയും ഗുണനിലവാരം ഉറപ്പാക്കി.

നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി), സ്വതന്ത്ര ഏജന്‍സി, കിഫ്ബിയുടെ സാങ്കേതിക പരിശോധനാ വിഭാഗം എന്നിവ ഓരോഘട്ടത്തിലും പരിശോധിച്ചു. കമ്പി,സിമെന്റ്, മെറ്റല്‍, ടാര്‍ (ബിറ്റുമിന്‍), മണ്ണ്, വെള്ളം എന്നിവയുടെ ഗുണനിലവാരം കെആര്‍എഫ്ബി പരിശോധിച്ചു. ഗവ. എന്‍ജിനിയറിങ് കോളേജില്‍നിന്നുള്ള വിദഗ്ധരും ഗുണനിലവാരം ഉറപ്പാക്കി. നിര്‍മാണം പൂര്‍ത്തിയായശേഷം കോണ്‍ക്രീറ്റ്, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്നിവയുടെ ഗുണനിലവാരവും യഥാസമയം പരിശോധിച്ച് ഉറപ്പാക്കി.

No comments:

Post a Comment