Tuesday, January 12, 2021

സുപ്രീംകോടതി നിയോഗിച്ച സമിതി അംഗങ്ങളെല്ലാം കര്‍ഷക നിയമങ്ങളുടെ പ്രചാരകര്‍

കൊച്ചി > കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗങ്ങളെല്ലാം ഈ നിയമങ്ങളുടെ പ്രചാരകര്‍. വിവാദ നിയമങ്ങളെ അനുകൂലിച്ച് ലേഖനങ്ങള്‍ എഴുതുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തവരാണ് സമിതി അംഗങ്ങളായ നാല് പേരും. ഇവരുമായുള്ള ചര്‍ച്ചയ്ക്ക് എന്ത് പ്രസക്തിയെന്നാണ് കര്‍ഷകരുടെ ചോദ്യം.

അറിയപ്പെടുന്ന നവലിബറല്‍ സാമ്പത്തിക വിദഗ്ധനാണ് സമിതി അംഗമായ ഡോ.അശോക് ഗുലാത്തി. 'കാര്‍ഷിക നിയമങ്ങള്‍ ശരിയായ ദിശയിലാകുന്നത് എന്തുകൊണ്ട്' എന്ന ലേഖനം 'ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ ഇദ്ദേഹം എഴുതുകയും ചെയ്തിട്ടുണ്ട്.  

കാര്‍ഷിക നിയമത്തില്‍ ഒരു  തരത്തിലും വെള്ളം വെള്ളം ചേര്‍ക്കരുത് എന്ന് നിലപാടെടുത്ത ആളാണ് സമിതിയംഗമായ ഡോ. പി കെ ജോഷി. 

കാര്‍ഷിക നിയമം കൃഷിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ഇവ പിന്‍വലിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നുമാണ് സമിതി അംഗമായ അനില്‍ ഖന്‍വാദ് പ്രസ്താവിച്ചിട്ടുള്ളത്. 

മുന്‍ രാജ്യസഭാ അംഗമായ ഭൂപീന്ദര്‍ സിംഗ് മന്‍ കര്‍ഷക നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവാണ്. ഇദ്ദേഹത്തെയും സുപ്രീംകോടതി പ്രത്യേക സമിതിയില്‍ ഉള്‍പ്പെടുത്തി.

നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കണം; സമിതിയുടെ ഉദ്ദേശമെന്ത്? യെച്ചൂരി

ന്യൂഡല്‍ഹി > കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ തൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെന്റ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ആദ്യം കര്‍ഷകരുമായി ചര്‍ച്ച നടത്തണം. അതില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. കോടതി നിയോഗിച്ച സമിതിയുടെ ഉദ്ദേശം വ്യക്തമല്ല. സ്വാമിനാഥന്‍ കമീഷന്റെ നിര്‍ദേശങ്ങള്‍ ഇപ്പോഴും പാലിച്ചിട്ടില്ല. നിലവിലെ നിയമം പാര്‍ലമെന്റ് പിന്‍വലിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു.

കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചു. എന്നാല്‍ സമിതിയുമായി സഹകരിക്കില്ലെന്നും സമിതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

സമിതിയിലെ അംഗങ്ങളെല്ലാം നിയമത്തെ അനുകൂലിക്കുന്നവര്‍; നിയമം പിന്‍വലിക്കേണ്ടത് കേന്ദ്രം: മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം > കര്‍ഷക നിയമത്തില്‍ സുപ്രീംകോടതിയുടെ വിധി സമരം പിന്‍വലിക്കാന്‍ പര്യാപ്തമുള്ളതല്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി തീരുമാനം സംശയാസ്പദമാണ്. കോടതി നിശ്ചയിച്ച സമിതിയിലെ നാല് അംഗങ്ങളും കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ഒരു വിധി കൊണ്ട് കോടതിക്ക് മാറ്റാനാകില്ല. കോടതിയല്ല, സര്‍ക്കാരാണ് നിയമം പിന്‍വലിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്നത് വളരെ അപൂര്‍വമാണ്. സര്‍ക്കാര്‍ എടുത്തിട്ടുള്ള നയപരമായ തീരുമാനത്തെ സ്റ്റേ കൊണ്ടുമാത്രം സുപ്രീംകോടതിക്ക് മറികടക്കാനാകില്ല. ഒരു കമ്മിറ്റി വെച്ച് കര്‍ഷക സമരത്തിന്റെ മുനയൊടിക്കാനുള്ള് ശ്രമം ഉണ്ടാകാന്‍ പാടില്ല. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി മാറുമോ എന്ന സംശയം ഉണ്ടാകാന്‍ ഒരിക്കലും പാടില്ലാത്തതാണ്. പക്ഷേ, ഈ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്  പരോക്ഷമായും പ്രത്യക്ഷമായും കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. നിയമത്തിന്റെ പക്ഷം പിടിക്കുന്നവരുമായി ചേര്‍ന്ന് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുക എന്ന് പറയുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റേ എന്നത് സമരം നിര്‍ത്തിവെക്കനുള്ളതിന് മതിയായ കാരണമായി തോന്നിയിട്ടില്ല. എട്ട് തവണ ചര്‍ച്ച നടത്തിയിട്ടും കര്‍ഷകര്‍ എടുത്തിട്ടുള്ള തീരുമാനം ഈ നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ്. നിയമം പിന്‍വലിക്കേണ്ടത് കോടതയില്ല, സര്‍ക്കാരാണ്.

മൂന്ന് നിയമങ്ങളും കേരളത്തെയും രൂക്ഷമായി ബാധിക്കുന്നതാണ്. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് പോലും ചര്‍ച്ച ചെയ്യാന്‍ അനുവാദം കൊടുക്കാതെ ധൃതിപിടിച്ച് പാസാക്കി എടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢതാല്‍പര്യമാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയത്തില്‍ നയപരമായ തീരുമാനമെടുത്ത് ആ നയം കൈക്കൊള്ളണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി,

No comments:

Post a Comment