Saturday, January 9, 2021

നിറഞ്ഞ സന്തോഷവും അഭിമാനവുമെന്ന്‌ മുഖ്യമന്ത്രി; ആദ്യം വൈറ്റില തുറന്നു;പിന്നെ കുണ്ടന്നൂരും

കൊച്ചി> സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില , കുണ്ടന്നൂർ ജങ്‌ഷനുകളിൽ  നിർമിച്ച മേൽപ്പാലങ്ങളിൽ വൈറ്റില മേൽപ്പാലം   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. 11 മണിയോടെ  കുണ്ടന്നൂർ മേൽപ്പാലവും തുറന്നു. രാവിലെ 9.30ന്‌ വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ മുഖ്യമന്ത്രി വൈറ്റില മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തത്‌. രണ്ട്‌ പാലത്തിനുസമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.ധനമന്ത്രി തോമസ്‌ ഐസക്‌ മുഖ്യാഥിതിയായി.

 ഏറെ സന്തോഷത്തോടെയും  അഭിമാനത്തോടെയുമാണ്‌ ഈ പാലങ്ങൾ നാടിനായി സമർപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ വിശ്വാസമർപ്പിച്ച സർക്കാരിന്റെ  പ്രതിനിധിയെന്ന നിലയിലും മുടങ്ങിക്കിടന്ന ഒരുപദ്ധതി സമയബന്ധിതമായി നാടിന്‌ സമർപ്പിക്കാനായതിലുമാണ്‌ സന്തോഷവും അഭിമാനവും. ഏറെ തിരക്കേറിയ ഗതാഗതകുരുക്കുള്ള ഒരു പ്രദേശമാണ്‌  വൈറ്റില. മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റിലയിൽ മേൽപ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണ്‌.

വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു‌ മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്‌.  78.36 കോടി രൂപയ്‌ക്ക്‌ കരാർ ഉറപ്പിച്ചതുകൊണ്ട്‌ 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു.

എൽഡിഎഫ്‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഇരുപാലങ്ങളും നിർമിച്ചത്‌. എസ്‌റ്റിമേറ്റ്‌ തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ്‌   ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്‌. ദേശീയപാത അതോറിറ്റിയിൽനിന്നു നിർമാണം ഏറ്റെടുത്തതുകൊണ്ട്‌ ടോൾ പിരിവ്‌ ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ്‌ മുൻ യുഡിഎഫ്‌ സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ്‌ ഇപ്പോൾ സാക്ഷാത്‌ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ കാണുന്നത്‌ നാടിന്റെ വികസനമാണ്‌ . അതിന്‌  അടിസ്‌ഥാന സൗകര്യമൊരുക്കണം.  അതിന്‌ പ്രധാനമായി വേണ്ടത്‌ പാലങ്ങളും  റോഡുകളുമാണ്‌. ജനങ്ങൾക്ക്‌ ഉപകരിക്കുന്ന   പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ പുതിയ കാലം പുതിയ നിർമ്മാണം എന്നതടിസ്‌ഥാനമാക്കിയാണ്‌ പൊതീമരാമത്ത്‌  വുകപ്പ്‌ പ്രവർത്തിക്കുന്നത്‌ അതിന്റെ  ഗുണം  കാണാനുണ്ട്‌. പ്രഖ്യാപനത്തിനൊപ്പം പൂർത്തീകരണത്തിനും ഈ സർക്കാർ പ്രാധാന്യം   നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നീതിപീഠത്തിൽ ഉന്നത സ്‌ഥാനം അലങ്കരിച്ചവർ  അഴിഞ്ഞാട്ടത്തിനും അഴിമതിക്കും  കുടപിടിക്കാൻ ഇറങ്ങരുതെന്നും  മുഖ്യമന്ത്രി പറഞ്ഞു. പാലത്തിനെതിരെ രംഗത്ത്‌ വന്ന വി ഫോർ കൊച്ചിക്കും അതിനെ  ന്യായീകരിച്ചവർക്കുമുള്ള  മറുപടിയായാണ്‌ മുഖ്യമന്ത്രി ഇത്‌ സൂചിപ്പിച്ചത്‌. ഉന്നത  സ്‌ഥാനത്തിരുന്നവർ ഉത്തരവാതിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്‌.  പ്രോത്‌സാഹനം കൊടുക്കേണ്ടത്‌ അരാചകത്വത്തിനും   അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത്‌ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുണ്ടന്നൂർ മേൽപ്പാലവും തുറന്നു; ഇനിയൊഴുകാം ഇതുവഴിയെ

കൊച്ചി> കുണ്ടന്നൂർ ജങ്‌ഷനിൽ നിർമ്മിച്ച മേൽപ്പാലവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. രാവിലെ വൈറ്റില മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തശേഷമാണ്‌ കുണ്ടന്നൂർ മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തത്‌. പൊതു മരാമത്ത്‌ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ഇരു പാലങ്ങൾക്കും  സമീപം ഉദ്‌ഘാടന വേദി സജ്ജീകരിച്ചിരുന്നു. മുഖമന്ത്രി വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ ഉദ്ഘാടനം നിർവ്വഹിച്ചത്‌.

ഉദ്‌ഘാടനചടങ്ങിന്‌ ശേഷം മന്ത്രി ജി സുധാകരൻ പാലത്തിലെത്തി നാടമുറിച്ച്‌ പാലം തുറന്നുകൊടുത്തു.തുടർന്ന്‌ മന്ത്രിയുടെ വാഹനവും പൊതുജനങ്ങളുടെ വാഹനവും പാലത്തിലൂടെ കടന്നുപോയി.

നേരത്തെ ഗതാഗത കുരുക്ക്‌ സ്‌ഥിരമായിരുന്ന ഇവിടെ ഇനിമുതൽ ആലപ്പുഴ ,ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ , എറണാകുളം ഭാഗത്തേക്കും സുഖമായി യാത്രചെയ്യാം.   ഭാരപരിശോധന വിജയകരമായി പൂർത്തിയാക്കിയാണ്‌ ഇരുപാലങ്ങളും തുറക്കുന്നത്‌. ഇരുഭാഗത്തേക്കുമായി ആറുവരി ഗതാഗതമാണ്‌ സാധ്യമാകുക.

കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമ്മാണം ആഭംഭിച്ചത്‌ 2018 മാർച്ച്‌ 20നാണ്‌. പദ്ധതിക്ക്‌ 88.77 കോടി രൂപയുടെ ഭരണാനുമതി നൽകി. എന്നാൽ 74.45 കോടി രൂപക്കാണ്‌ കരാർ ഉറപ്പിച്ചത്‌. റോഡ്‌സ്‌ ആൻറ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്പ്‌മെൻറ്‌ കോർപ്പറേഷനായിരുന്ന നിർമ്മാണചുമതല. മേൽനോട്ട ചുമതല പൊതുമരാമത്ത്‌ വകുപ്പിന്റെ  ദേശീയ വിഭാഗത്തിനും. 8.29 കോടിരൂപ ലാഭിച്ചാണ്‌ പണി പൂർത്തിയാക്കിയത്‌.

No comments:

Post a Comment