Monday, January 4, 2021

കോവിഷീൽഡിനും കോവാക്‌സിനും അനുമതി ; അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗം

കോവിഡിന്‌ എതിരായ രണ്ട്‌ വാക്‌സിനുകൾക്ക്‌ രാജ്യത്ത്‌ അടിയന്തര ഉപയോഗത്തിന്‌ അനുമതി. കോവിഷീൽഡിനും കോവാക്‌സിനും അടിയന്തരസാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന്‌ അനുമതി നൽകിയതായി‌ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ (ഡിസിജിഐ) പ്രഖ്യാപിച്ചു. ഇരുവാക്‌സിനും ഉപാധികളോടെ അനുമതി നൽകാമെന്ന‌ വിദഗ്‌ധസമിതി ശുപാർശ അംഗീകരിച്ചതായി ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഡോ. വി ജി സോമാനി അറിയിച്ചു.

രണ്ട്‌ വാക്‌സിനും 110 ശതമാനം സുരക്ഷിതമാണ്.  ചെറിയ പനിയോ വേദനയോ അലർജിയോ പോലെയുള്ള പാർശ്വഫലം ഏത്‌ വാക്‌സിനുമുണ്ടാകും. വന്ധ്യത ഉണ്ടാകുമെന്ന പ്രചാരണം അസംബന്ധമാണെന്നും- അദ്ദേഹം പറഞ്ഞു. ഓക്‌സ്‌ഫഡ്‌ സർവകലാശാലയും ബഹുരാഷ്ട്ര മരുന്ന്‌ കമ്പനി ആസ്‌ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യൻ പതിപ്പാണ്‌ കോവിഷീൽഡ്‌. പുണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌.

ഹൈദരാബാദിലെ ഭാരത്‌ ബയോടെക്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയുടെയും സഹായത്തോടെയാണ്‌ കോവാക്‌സിൻ വികസിപ്പിച്ചത്‌. പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന വാക്‌സിന്‍ രാജ്യത്ത്‌  800 പേരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തി. മൂന്നാംഘട്ട പരീക്ഷണത്തിനായി 22,500 പേർക്ക്‌ കുത്തിവച്ചു‌.  അതിനിടെ കോവാക്‌സിൻ രാജ്യത്ത്‌ തൽക്കാലം ഉപയോഗിക്കാൻ സാധ്യതയില്ലെന്നും മുഖ്യവാക്‌സിനുള്ള ‘ബാക്ക്‌അപ്പ്‌’ എന്ന നിലയിലാവും ഉപയോ​ഗിക്കുകയെന്നും എയിംസ് ഡൽഹി‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ പ്രതികരിച്ചു.

കോവാക്‌സിൻ തൽക്കാലം ഉപയോഗിക്കില്ലെന്ന്‌ എയിംസ്‌ മേധാവി

ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിൻ രാജ്യത്ത്‌ തൽക്കാലം ഉപയോഗിക്കാൻ സാധ്യതയില്ലെന്ന്‌ എയിംസ് ഡൽഹി‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ. ‘കോവിഷീൽഡ്‌ തന്നെയാകും മുഖ്യ വാക്‌സിൻ. മുഖ്യവാക്‌സിന്‌ പിന്തുണ നൽകുന്ന ‘ബാക്ക്‌അപ്പ്‌’ എന്ന നിലയിൽ കോവാക്‌സിൻ ഉപയോഗിക്കാനാണ് സാധ്യത’–- രൺദീപ്‌ ഗുലേറിയ പ്രതികരിച്ചു. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന്‌ മുമ്പ്‌ കോവാക്‌സിന്‌ അനുമതി നൽകിയത് വിവാദമായതോടെയാണ് പ്രതികരണം.

‘‘ആദ്യ ആഴ്‌ചകളിൽ കോവിഷീൽഡ്‌ തന്നെയായിരിക്കും കുത്തിവയ്‌ക്കുക. സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ അഞ്ച്‌ കോടിയിലധികം ഡോസുകൾ ഇതിനോടകം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്‌. ഈ സമയത്തിനുള്ളിൽ ഭാരത്‌ ബയോടെക്‌ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കും. ഡോസിന്റെയും മറ്റും കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്തും. അതിനു‌ശേഷം ആ വാക്‌സിനും വ്യാപകമായി ഉപയോഗിക്കാൻ കഴിയും’’–- ഡോ. ഗുലേറിയ വിശദീകരിച്ചു.

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ വ്യാപകമായാൽ പ്രയോഗിക്കാനുള്ള അധികസാധ്യതയെന്ന നിലയിലാണ്‌ കോവാക്‌സിനും അനുമതി നൽകിയതെന്ന്‌ ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.

തിരക്കിട്ട്‌ അനുമതി നൽകിയതിൽ ആശങ്ക:‌ കോൺഗ്രസ്‌

മൂന്ന്‌ ഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ച്‌ കോൺഗ്രസ്‌. നിർബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച്‌ ആരോഗ്യമന്ത്രാലയം വിശദീകരണം നൽകണമെന്ന്‌ പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻ കൂടിയായ കോൺഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശർമ ആവശ്യപ്പെട്ടു. ഡ്രഗ്‌സ്‌ കൺട്രോളർ ജനറലിന്റെ പ്രസ്‌താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്‌. കോവാക്‌സിന്റെ രാജ്യാന്തര പരീക്ഷണഫലം കേന്ദ്രം വെളിപ്പെടുത്തണം.

മൂന്ന്‌ ഘട്ടപരീക്ഷണം പൂർത്തീകരിക്കാതെ കോവാക്‌സിന്‌ അനുമതി നൽകിയത്‌ അപക്വവും അപകടകരവുമാണെന്ന്‌ ശശി തരൂർ എംപി പറഞ്ഞു. നടപടിക്രമം പാലിക്കാതെ വാക്‌സിന്‌ അനുമതി നൽകിയതിൽ ആശങ്കയുണ്ടെന്ന്‌ ജയ്‌റാം രമേശും പറഞ്ഞു.

സൈഡസ്‌ കാഡില വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി

കാഡിലാ ഹെൽത്ത്‌ കെയർ ലിമിറ്റഡ്‌ (സൈഡസ്‌ കാഡില) തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്‌ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്‌ സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അനുമതി നൽകി.

 സബ്‌ജക്‌റ്റ്‌ എക്‌സ്‌പെർട്ട്‌ കമ്മിറ്റി നൽകിയ ശുപാർശ സിഡിഎസ്‌സിഒ അംഗീകരിച്ചു. കാഡില വികസിപ്പിച്ച വാക്‌സിന്റെ ഒന്ന്‌, രണ്ട്‌ ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത്‌ പുരോഗമിക്കുകയാണ്‌. 26,000ത്തോളം പേരെ പങ്കെടുപ്പിച്ചുള്ള മൂന്നാംഘട്ട പരീക്ഷണത്തിനാണ്‌ കമ്പനി അനുമതി തേടിയത്‌. അനുമതി നൽകാൻ തീരുമാനിച്ചതായി ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ അറിയിച്ചു.

എം അഖിൽ 

കുറുക്കുവഴി നല്ലതല്ല; ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കും: യെച്ചൂരി

ന്യൂഡൽഹി > രാഷ്ട്രീയനേട്ടത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ കോവിഡ്‌ വാക്‌സിന്‌ അനുമതി നൽകുന്നത്‌ ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്‌ത്രീയവും സുരക്ഷിതവുമായ വാക്‌സിനേഷൻ യത്‌നങ്ങൾ നടപ്പാക്കിയ പാരമ്പര്യമാണ്‌ ഇന്ത്യക്കുള്ളത്‌. ‌ഇതിൽ മുറുകെപ്പിടിക്കണം.

മഹാമാരിയുടെ കടന്നാക്രമണത്തിൽനിന്ന്‌ മോചനം നേടാൻ വാക്‌സിനായി കാത്തിരിക്കുകയാണ്‌ ജനങ്ങൾ. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച രണ്ട്‌ വാക്‌സിന്റെയും പരീക്ഷണങ്ങളുടെയും അനുമതി നൽകാൻ തീരുമാനമായതിന്റെയും നടപടിക്രമങ്ങൾ വിശദാംശങ്ങൾ സഹിതം വെളിപ്പെടുത്തണം.

No comments:

Post a Comment